UPDATES

പ്രളയം 2019

‘ഞങ്ങള് റെഡിയാ… എങ്ങോട്ട് പോണമെന്നു മാത്രം പറഞ്ഞാല്‍ മതി’; മറ്റെന്തിനേക്കാളും വിശ്വാസമുണ്ട് മലയാളിക്ക് ഈ വാക്കുകളില്‍

സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായാണ് മത്സ്യത്തൊഴിലാളികളെയും വള്ളങ്ങളും സജ്ജമാക്കി എറണാകുളം

‘ഞങ്ങള് റെഡിയാ… എങ്ങോട്ട് പോണമെന്നു മാത്രം പറഞ്ഞാല്‍ മതി’; വീണ്ടുമൊരു പ്രളയഭീതി കേരളത്തെ മുക്കുമ്പോള്‍ ഈ വാക്കുകളില്‍ മറ്റെന്തിനേക്കാളും വിശ്വാസം കാണും മലയാളിക്ക്. കാരണം, ആ പറയുന്നവര്‍ വേറെയാരുമല്ല, മത്സ്യത്തൊഴിലാളികളാണ്; കേരളത്തിന്റെ സ്വന്തം സൈന്യം.

കനത്ത മഴ തുടരുകയാണെങ്കിലും കഴിഞ്ഞ തവണത്തെ പോലെ കാര്യങ്ങള്‍ അപകടകരമായി മാറിയിട്ടില്ല എറണാകുളത്ത്. എങ്കിലും, ഏതു സാഹചര്യവും നേരിടാന്‍ സുസജ്ജമായിരിക്കുകയാണ് ജില്ല ഭരണകൂടത്തിന്റെ കീഴില്‍ വിവിധ വകുപ്പുകള്‍. ഏതപകടവും കടന്നു ചെന്ന് മനുഷ്യജീവനുകളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ആത്മവിശ്വാസവും ഉറപ്പും പറയുമ്പോള്‍, അതിനവരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം മത്സ്യത്തൊഴിലാളികളാണ്.

അതേ, ഇത്തവണയും അവര്‍ എത്തിയിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും എങ്ങോട്ടു പോകണമെങ്കിലും തയ്യാറായി.

സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായാണ് മത്സ്യത്തൊഴിലാളികളെയും വള്ളങ്ങളും സജ്ജമാക്കിയിരിക്കുന്നത്. വടക്കന്‍ പറവൂര്‍, ഏലൂര്‍, ആലുവ, തൃക്കാക്കര ഫയര്‍ സ്റ്റേഷനുകളിലായാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൃക്കാക്കര ഫയര്‍ ആന്‍ഡ് റസ്ക്യു സ്റ്റേഷനില്‍ അഞ്ചു വഞ്ചികളുമായി 23 മത്സ്യത്തൊഴിലാളികളാണ് ഇപ്പോഴുള്ളത്. വെള്ളിയാഴ്ച വൈകിട്ടോടെ വൈപ്പിനില്‍ നിന്നാണ് ഇവര്‍ എത്തിയിരിക്കുന്നത്. നിലവില്‍ വെള്ളപ്പൊക്കത്തിന്റെ ഭീതി ജില്ലയില്‍ ഒരിടത്തും ഇല്ല. അപകടസാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും മുന്‍കരുതല്‍ നടപടിയായി ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുമുണ്ട്. മഴ ശക്തമായി തുടരുകയും പുഴകളിലും ഡാമുകളിലും ജലനിരപ്പ് ഉയരുകയും ചെയ്താല്‍ സ്ഥിതി വ്യത്യാസപ്പെടാം. ആ ഭയം യാഥാര്‍ത്ഥ്യമായാല്‍ ഒരു ജീവന്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്, കഴിഞ്ഞ വര്‍ഷത്തെ അനുഭവവും മുന്‍നിര്‍ത്തിയാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ എഡിഒ ഫിഷറീസ് വകുപ്പിനെ ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ സേവനം ലഭ്യമാക്കിയത്. ഫിഷറീസ് വകുപ്പില്‍ നിന്നും വിളിച്ചറിയിച്ചതിനെ തുടര്‍ന്നായിരുന്നു 23 മത്സ്യത്തൊഴിലാളികളും വഞ്ചികളുമായി തൃക്കാക്കരയില്‍ എത്തുന്നത്. വൈപ്പിനിലെ ചാപ്പ കടപ്പുറത്ത് ഉള്ളവരാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഒരു ഫൈബര്‍ ബോട്ട് അടക്കം അഞ്ചു വള്ളങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.

ഞങ്ങള്‍ കാലേകൂട്ടി തന്നെ തയ്യാറായിരുന്നു. മഴ വലുതാകന്‍ തുടങ്ങിയപ്പോഴേ പന്തികേട് തോന്നിയതാ…റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ കഴിഞ്ഞ തവണത്തെ പോലെ തന്നെയാണ് പോക്കെന്നു മനസിലായി; മത്സ്യത്തൊഴിലാളി സംഘത്തിലെ തമ്പിയുടെ വാക്കുകള്‍. കേരളം പ്രളയഭീതിയിലേക്ക് വന്നു തുടങ്ങിയപ്പോഴെ അവര്‍ ഒരുങ്ങിയിരുന്നുവെന്ന് മനസിലാക്കാന്‍ ആ വാക്കുകള്‍ മതി.

കഴിഞ്ഞ തവണയും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരാണ് ഞങ്ങള്‍. ഒരുപാട് ജീവിക്കാന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. ഇത്തവണയും കാര്യങ്ങള്‍ മോശമാകുമെന്ന് മനസിലായപ്പോഴെ എല്ലാവരും റെഡിയായി. ഒരു ജീവന്‍ എങ്കിലും രക്ഷിക്കാന്‍ പറ്റിയാല്‍ അത്രയും ചെയ്യണമെന്ന് ഓരോരുത്തരും തീരുമാനിച്ചു. ഒരാളെ പോലും നിര്‍ബന്ധിച്ചിട്ടല്ല വന്നത്. നമുക്ക് ഇറങ്ങണ്ടേ എന്ന് ഓരോരുത്തരും ഇങ്ങോട്ട് വന്ന് പറയുകയായിരുന്നു. പിന്നല്ലാതെ എന്നു പറഞ്ഞ് ഞങ്ങള് ഇങ്ങ് പോന്നതാണ്. ഇനിയും വരാന്‍ റെഡിയായി ആളുകള്‍ നിക്കണുണ്ട്. ഒരു ഫോണ്‍ മതി…പറന്നെത്തിക്കോളും..വള്ളമൊക്കെ റെഡിയാക്കി വച്ചിരിക്കയാണെന്ന്…നമ്മള് തോക്കില്ല…കഴിഞ്ഞ തവണ തോറ്റാ…? ഇത്തവണേം തോക്കില്ല… തമ്പിയുടെ വാക്കുകളില്‍ വല്ലാത്തൊരു ആത്മവിശ്വാസമാണ്. അതിനു കാരണവുമുണ്ട്.

കഴിഞ്ഞ തവണ പോയപ്പോള്‍, ഞങ്ങള് ഇറങ്ങി തുടങ്ങണതേയുണ്ടായിരുന്നുള്ളൂ. കുത്തിയതോട് ഭാഗത്ത് വച്ചാണ്, ഒരു കൊച്ച് ഒഴുക്കിപ്പെട്ട്, അതിനെ രക്ഷിക്കാന്‍ വേണ്ടി അമ്മ ചാടിയിറങ്ങി…കൊച്ചിനെ കിട്ടി…പക്ഷേ അമ്മ പോയി… നെഞ്ച് കലങ്ങിപ്പോയി സാറേ… നമ്മടെ വീട്ടിലൊരെണ്ണാണ് ഇങ്ങനെ പോണതെങ്കീ സഹിക്കോ… അപ്പം തീരുമാനിച്ചതാ, നമ്മള്‍ ചത്താലും വേണ്ടിലാ…ഇനിയൊരാളും നമ്മടെ മുന്നില്‍ വച്ച് ഭൂമീന്ന് പോകരുതെന്ന്… പിന്നെ ഒന്നും നോക്കിയില്ല…വെള്ളോം മഴേം ഒന്നും നോക്കിയില്ല.. ശര്‍മ എംഎല്‍എയും സതീശന്‍ എംഎല്‍എയുമൊക്കെ പറഞ്ഞാണ് ഞങ്ങള്‍ ഇറങ്ങുന്നത്. വണ്ടിയേല്‍ വള്ളേം കെട്ടിവച്ച് പോയി. ചെല്ലാന്‍ പറഞ്ഞിടത്തൊക്കെ എത്താന്‍ പറ്റാത്ത അവസ്ഥ…ആദ്യമൊക്കെ പല തവണയും തിരിച്ചു പോരേണ്ടി വന്നാരുന്നെങ്കിലും പിന്നെയങ്ങ് രണ്ടും കല്‍പ്പിച്ചു പോയി. പിഴലയിലും മാഞ്ഞാലിയിലും കാപ്പനാടും ആലുവയിലും ഇടയാറിലും കമ്പിനിപ്പടിയിലും പാനായിക്കുളത്തും കുത്തിയതോട്ടിലുമൊക്കെ പോയി. ഒത്തിരിപ്പേരെ രക്ഷിക്കാന്‍ പറ്റി. മനുഷ്യര് മരുന്നും ഭക്ഷണമൊന്നും ഇല്ലാതെ കുടുങ്ങി കിടക്കുകയാണ്. അതൊക്കെ കണ്ടിട്ട് എങ്ങനെ തിരിച്ചു പോരാനാണ്. പ്രായമുള്ളവരും കൊച്ചുങ്ങളും പെണ്ണുങ്ങളുമൊക്കെയാണ്. അതങ്ങളുടെ കരച്ചിലും രക്ഷിക്കാനുള്ള നിലവിളിയുമൊക്കെ കേട്ടിട്ടും വിട്ടിട്ടു പോന്നാല്‍,ഞങ്ങള് പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? ഒരു മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ പറ്റിയാല്‍ അതിനേക്കാള്‍ പുണ്യമെന്താണ്?

കടലില്‍ പോണവരാണ് ഞങ്ങള്‍. അങ്ങോട്ട് പോണത് ഇങ്ങോട്ട് തിരിച്ചുവരുമെന്ന ഉറപ്പിലൊന്നുമല്ല. എന്നു കരുതി പേടിച്ചിരിക്കാന്‍ പറ്റുമോ? ഇതല്ലാതെ ജീവിക്കാന്‍ വേറെന്താണ് മാര്‍ഗം. നമ്മള കടലില്‍ പോയില്ലേ ദാരിദ്ര്യമാണ്. ഭാര്യേം പിള്ളേരും പട്ടിണി കിടക്കും. കടലില്‍ വച്ച് എന്തേലും അപകടം വന്നാല്‍ നമ്മള് മാത്രമാണ് നമ്മളെ രക്ഷിക്കാനുള്ളത്. അങ്ങനെ കിട്ടിയൊരു ധൈര്യമുണ്ട് മത്സ്യത്തൊഴിലാളിക്ക്. ആ ധൈര്യമാണ് ഞങ്ങള് കാണിക്കണത്. ജീവന്റ വിലേം ജീവിതത്തിന്റെ വിലേം ഞങ്ങക്ക് നന്നായി അറിയാം. ഞങ്ങടെ ആരുടേും വലിയ വീടുകളൊന്നുമല്ല. അതുപോലും ഉണ്ടാക്കാന്‍ പെട്ട പാട് വലുതാണ്. പ്രളയകാലത്ത് ഓരോ വീടും നശിച്ചു പോണ കണ്ടപ്പോള്‍ നെഞ്ചു പൊട്ടിപ്പോയി.

ഒരു പ്രതിഫലവും ആഗ്രഹിച്ചിട്ടില്ല കഴിഞ്ഞ തവണ ഇറങ്ങിയത്. ഇത്തവണയും ഒന്നും ആഗ്രഹിച്ചിട്ടില്ല. എന്ന് ഇവിടെ നിന്നും തിരിച്ചു പോകാണെന്ന് അറിയില്ല. അതുവരെ നമ്മടെ വീട് പട്ടിണിയാകും. സര്‍ക്കര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഇവിടെ കൊണ്ടുവന്നിരിക്കുന്ന വള്ളങ്ങള്‍ ഞങ്ങളുടെ തൊഴിലുപകരണങ്ങളാണ്. കഴിഞ്ഞ തവണ പോയപ്പോള്‍ ഞങ്ങളില്‍ പലര്‍ക്കും അപകടം പറ്റിയാരുന്നു. വള്ളത്തിന് കേടുപാടുകള്‍ വന്നാരുന്നു. ഒരു യമഹയ്ക്ക് ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിനു മുകളില്‍ വില വരും. ഒരു ഫൈബര്‍ ബോട്ടിന് ഒരുലക്ഷത്തി അറുപതിനായിരത്തിനു മുകളിലാകും. മറ്റേ വള്ളങ്ങള്‍ക്കാണെങ്കില്‍ ഒരു ലക്ഷത്തി പതിനയ്യായിരത്തിനു മുകളിലും. രണ്ടു മാസം മുന്നേയാണ് ഞാനൊരു യമഹ വാങ്ങിയത്. യമഹയ്ക്കും വള്ളത്തിനുമൊക്കെ വല്ലോം പറ്റിയാല്‍ ഞങ്ങടെ ഇടപാട് തീരും. പക്ഷേ, ഇപ്പം അതേക്കുറിച്ചൊന്നും ഞങ്ങള് നോക്കണില്ല. ആളുകളുടെ ജീവനേക്കാള്‍ വലുതല്ലല്ലാ വള്ളം. നഷ്ടങ്ങള്‍ കഴിഞ്ഞ തവണയും ഉണ്ടിയിട്ടുണ്ട്. സര്‍ക്കാര്‍ സഹായിച്ചായിരുന്നു. പക്ഷേ ഞങ്ങടെ കൈയീന്നും കാശ് കുറേ പോയി. കണക്ക് പറയാന്‍ പറ്റുമോ? നമ്മള് കാശിന് വേണ്ടി പോയതല്ലല്ലാ…സ്വന്തം ഇഷ്ടത്തിനു പോയതല്ലേ… നാളെ ഞങ്ങള് കടലില്‍ പോയിട്ട് തിരിച്ചു വന്നില്ലേ…കാശ് കൊണ്ട് കാര്യമുണ്ടാ….?

അവനവന്റെ ജീവനും ജീവിതവും മറന്ന് അന്യന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഇറങ്ങി തിരിച്ചിരിക്കുന്ന 23 പേര്‍ക്കും പറയാനുള്ളതാണ് തമ്പി പറഞ്ഞത്. വലിയൊരു അപകടം മുന്നില്‍ കണ്ട് എന്തിനും തയ്യാറായി നില്‍ക്കുന്ന തമ്പിയുടെ പ്രായം എത്രയാണെന്നറിയാമോ? 61 വയസ്! ഈ കൂട്ടത്തില്‍ ഉള്ളവരില്‍ ഭൂരിഭാഗം പേരും അമ്പതു വയസിനു മേലുള്ളവരാണ്.

“കുടുംബത്തിന്റെ പ്രാരാബ്ദം ഏറ്റെടുക്കേണ്ടി വന്നപ്പോള്‍ പതിനഞ്ചാമത്തെ വയസില്‍ കടലില്‍ ഇറങ്ങിയവനാണ് ഞാന്‍. പത്തുനാല്‍പ്പത്തിയഞ്ചു വര്‍ഷത്തിലേറെയായി കടലുമായി മല്ലിടുന്നു. ഞാന്‍ മാത്രമല്ല, ഞങ്ങളോരുരുത്തരും. പ്രായത്തെക്കുറിച്ചൊന്നും ഞങ്ങള് ആലോചിക്കാറില്ല. വീണു പോണവരെ മുന്നോട്ടു തുഴയാനാണ് ശീലിച്ചത്. ഞങ്ങള് എന്തിനും റെഡിയാണ്…” തമ്പി പറഞ്ഞു നിര്‍ത്തി.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍