UPDATES

പ്രളയം 2019

നാളെ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌, മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം; ഒമ്പത്‌ ജില്ലകളില്‍ അവധി

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 86 ആയി

കനത്ത മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഒമ്പത്‌ ജില്ലകള്‍ക്ക് വിദ്യാഭ്യാസ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം. ബുധനാഴ്ച മലപ്പുറത്തും കോഴിക്കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

20 സെന്റി മീറ്ററിലധികം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് നെയ്യാര്‍ അണക്കെട്ട് തുറന്നിരുന്നു. രാവിലെ നാല് കവാടങ്ങളും ഒരിഞ്ച് വീതമാണ് തുറന്നത്. മഴ പെയ്താല്‍ അണക്കെട്ട് പെട്ടെന്ന് തുറക്കുന്നത് ഒഴിവാക്കാനാണ് ഇതെന്ന് കളക്ടര്‍ അറിയിച്ചു. 82.02 മീറ്ററാണ് ഇവിടുത്തെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷി 84.75 മീറ്ററാണ്. നേരിയ തോതില്‍ മാത്രം വെള്ളം തുറന്നുവിടുന്നതിനാല്‍ തീരവാസികള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അരുവിക്കര ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് രാവിലെ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു.

അതേസമയം നാളെ ഒമ്പത്‌ ജില്ലകളില്‍ വിദ്യാഭ്യാസ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തിലാണ് ഇത്. എറണാകുളം, കോഴിക്കോട്, വയനാട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകള്‍ക്കാണ് അവധി. വയനാട്ടില്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഒഴികെയുള്ള സ്‌കൂളുകള്‍ക്കാണ് അവധി. കണ്ണൂര്‍ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകളെ അവധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.

അതേസമയം സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 86 ആയി. 61 പേരെ കാണാതായിട്ടുണ്ട്. 34 പേര്‍ക്ക് പരിക്കേറ്റു. 11,142 വീടുകള്‍ ഭാഗീകമായും 1057 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 1243 ദുരിതാശ്വാസ ക്യാമ്പുകളിലായി 68,098 കുടുംബങ്ങളിലെ 2,24,506 പേരാണ് താമസിക്കുന്നത്.

തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത്. ഇവിടുത്തെ 257 ക്യാമ്പുകളിലായി 16,050 കുടുംബങ്ങളിലെ 48,523 പേര്‍ താമസിക്കുന്നുണ്ട്. തൃശൂരില്‍ 219 വീടുകള്‍ ഭാഗീകമായും 22 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. എട്ട് പേരാണ് ഇവിടെ മരിച്ചത്. ആരെയും കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ക്യാമ്പുകള്‍ മാത്രമുള്ള കാസറഗോഡാണ് ഏറ്റവും കുറവ് ക്യാമ്പുകള്‍. നാല് കുടുംബങ്ങളിലെ 18 പേര്‍ ഇവിടെയുണ്ട്. 358 വീടുകള്‍ ജില്ലയില്‍ ഭാഗീകമായും 31 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. രണ്ട് പേരാണ് ഇവിടെ മരിച്ചത്.

535 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന വയനാട്ടിലാണ് ഏറ്റവുമധികം നാശനഷ്ടം ഉണ്ടായിരിക്കുന്നത്. 5434 വീടുകള്‍ ഭാഗീകമായും ഇവിടെ തകര്‍ന്നു. ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഏഴ് പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. 12 പേരാണ് ഇതുവരെ മരിച്ചതായി ഇന്ന് മൂന്ന് വരെയുള്ള ഔദ്യോഗിക രേഖകള്‍ പറയുന്നത്. 196 ക്യാമ്പുകളിലായി 10,077 കുടുംബങ്ങളിലെ 35,878 പേരാണുള്ളത്.

29 പേര്‍ മരിച്ച മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും 53 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. 165 ക്യാമ്പുകളിലായി 11,129 കുടുംബങ്ങളിലെ 38,446 പേരാണ് മലപ്പുറത്ത് താമസിക്കുന്നത്.

also read:മഴക്കോട്ടിട്ട് ബൈക്കിലിരിക്കുന്ന രീതിയില്‍ പ്രിയദര്‍ശന്റെ മൃതദേഹം: കവളപ്പാറയിലേത് നടക്കുന്ന കാഴ്ചകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍