UPDATES

പ്രളയം 2019

അട്ടപ്പാടിയിലെ പ്രളയദുരിതത്തിൽ സോഷ്യൽ മീഡിയ വഴി സഹായം ആവശ്യപ്പെട്ട ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുക്കുമെന്ന് ഭീഷണി, ‘സംഘി’യാക്കാനും കയ്യേറ്റ ലോബിയുടെ ആസൂത്രിത ശ്രമം

‘ഒൻപതോളം ഊരുകളിലെ കുടുംബങ്ങൾ ഒറ്റപ്പെട്ടിട്ടും ഭക്ഷണം ഇല്ലാതായെന്നു പറഞ്ഞിട്ടും മൂന്ന് ദിവസമായി. ഇതുവരെ സർക്കാരോ, പട്ടികവർഗ്ഗ വകുപ്പോ ഇവിടെ ഭക്ഷണ സാധനങ്ങൾ എത്തിച്ചിട്ടില്ല’

കടുത്ത പ്രളയത്തിൽ ഒറ്റപ്പെട്ടു പോയ അട്ടപ്പാടിയിലെ പ്രാക്തന ഗോത്രവർഗക്കാരായ കുറുമ്പരുടെ ആനവായ്, തുടുക്കി, കടുകുമണ്ണ, ഗലസി, മുരുഗള, കിണറ്റുകര, താഴെ തുടുക്കി തുടങ്ങിയ വിദൂര ഗ്രാമങ്ങളിൽ ഭക്ഷണസാധനങ്ങളുടെ അപര്യാപ്തത ഉണ്ടെന്നും ചുമതലപ്പെട്ട പട്ടികജാതി-പട്ടികവർഗ വകുപ്പിന്റെ സഹായം എത്തുന്നില്ലെന്നും അടിയന്തരമായി ഭക്ഷ്യവസ്തുക്കൾ ആവശ്യമുണ്ടെന്നും പറഞ്ഞ് സോഷ്യൽ മീഡിയയിലൂടെ സഹായം ചോദിച്ച പ്രദേശത്തുകാരനായ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാനും നുണയനായും സർക്കാരിനെ കരിവാരിത്തേക്കുന്ന സംഘപരിവാർ പ്രവർത്തകനായും ചിത്രീകരിക്കാനും പ്രദേശത്തെ കയ്യേറ്റ-കുടിയേറ്റ ലോബിയുടെ ആസൂത്രിത ശ്രമമെന്ന് ആരോപണം. ഗോട്ടിയാർകണ്ടി ഊരിലെ കുറുമ്പ വിഭാഗക്കാരനായ ലിങ്കന്റെ മകൻ ഇരുപത്തിരണ്ടു വയസ്സുകാരൻ സുരേഷാണ് പ്രചാരണക്കാരുടെ ഇര.

സുരേഷ് സംഘ്പരിവാറുകാരൻ ആണെന്നും ഇല്ലാത്ത നുണ പടച്ചുണ്ടാക്കി സർക്കാരിനെ അപമാനിക്കുകയാണ് എന്നും അട്ടപ്പാടിയിലെ ആദിവാസികൾ ഒരു ദുരന്തവും നേരിടുന്നില്ലെന്നും യുവാവിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് അട്ടപ്പാടി സ്വദേശിയായ ബേസിൽ പി. ദാസ് എന്നയാളുടെ പേരിൽ പ്രത്യക്ഷപ്പെടുകയും നിരവധിയാളുകൾ അത് ഷെയർ ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് സഹായമാവശ്യപ്പെട്ട് സുരേഷ് തൻ്റെ പോസ്റ്റിൽ കൊടുത്ത കോൺടാക്ട് നമ്പറിൽ തെറിവിളികളുടെ പ്രവാഹമായിരുന്നു. പോലീസിൽ നിന്നാണ് എന്നും കേസ് എടുത്തിട്ടുണ്ട് എന്നും പറഞ്ഞുള്ള വിളികളും ഉണ്ടായി എന്ന് സുരേഷ് അഴിമുഖത്തോടു പറഞ്ഞു. ഭയചകിതനായ സുരേഷ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഫോൺ ഓഫാക്കി വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നു.

വനത്താൽ ചുറ്റപ്പെട്ട പ്രാക്തനഗോത്രവിഭാഗ കോളനിയിൽ നിന്നും പട്ടിണിയേയും പിന്നോക്കാവസ്ഥയെയും എതിരിട്ട് മുന്നോട്ടു വന്ന സുരേഷ് തൃശൂർ കേരള വർമ്മ കോളജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദം നേടിയിട്ട് അധികമായില്ല. ബിരുദാനന്തര ബിരുദത്തിന് ചേരാനുള്ള പരിശ്രമങ്ങളിലാണിപ്പോള്‍. ഇപ്പോള്‍ സോഷ്യൽ മീഡിയ വഴിയുള്ള ആസൂത്രിതമായ ആക്രമണത്തിലും ഒറ്റപ്പെടുത്തലിലും പകച്ചു നിൽക്കുകയാണ് സുരേഷ്.

“സുരേഷ് സംഘിയല്ല. ആദിവാസി ഗോത്രമഹാസഭയുമായും ആദിശക്തി സമ്മർ സ്‌കൂളുമായും ആദിവാസി മുന്നേറ്റങ്ങളുമായും മാത്രമേ അവനു ബന്ധമുള്ളൂ. സംഘികളുമായി ബന്ധമില്ലെന്ന് മാത്രമല്ല, അവരുടെ ഐഡിയോളജിക്ക് എതിരുമാണ്. എനിക്ക് കഴിഞ്ഞ മൂന്നു വർഷമായി അവനെ അറിയാം. കേരളീയം മാസിക നൽകിയ ‘ഭൂമി കയ്യേറ്റവും വിഭവക്കൊള്ളയും എങ്ങനെയാണ് അട്ടപ്പാടിയിലെ ആദിവാസികളെ സാമൂഹികമായും പാരിസ്ഥിതികമായും പുറംന്തള്ളിയത്’ എന്ന പ്രബന്ധത്തിനു ഫെല്ലോഷിപ്പ് കിട്ടിയ മിടുക്കനാണ് സുരേഷ്,” യുവാവുമായി അടുത്ത ബന്ധം പുലർത്തുന്ന ദളിത്-ആദിവാസി മേഖലകളിലെ സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ കെ. സന്തോഷ് കുമാർ അഴിമുഖത്തോട് പറഞ്ഞു.

നുണപ്രചാരണം സന്തോഷും സുരേഷും സോഷ്യൽ മീഡിയയിൽ തന്നെ തുറന്നു കാട്ടിയപ്പോൾ നുണ പ്രചരിപ്പിച്ചവർ പ്രതിരോധത്തിലായിരിക്കുകയാണ്. ആവർത്തിച്ച് ശ്രമിച്ചിട്ടും ബേസിൽ പി. ദാസോ വിഷയത്തിൽ ആദിവാസി വിരുദ്ധ പ്രചാരണം അഴിച്ചു വിട്ടവരോ ഫോണിൽ പ്രതികരണത്തിന് ലഭ്യമായിട്ടില്ല. ഇവരെ ടാഗ് ചെയ്ത് ഫേസ്ബുക്കിൽ ആളുകൾ പ്രതികരണം ചോദിച്ചിട്ടും മറുപടിയില്ല. പട്ടികവർഗ വകുപ്പിന് കീഴിലെ ഐടിഡിപി ഇവിടുത്തുകാർക്കായി ഭക്ഷണ സാധനങ്ങളുടെ കിറ്റുകൾ തയ്യാറാക്കി എത്തിച്ചിട്ടും കഴിഞ്ഞ മൂന്നു ദിവസമായി വിതരണം വൈകിപ്പിക്കുകയാണ് എന്നും ആദിവാസികൾ ദുരിതത്തിലാണ് എന്നും, സുരേഷ് പറഞ്ഞത് സത്യമാണ് എന്നുമുള്ള ആനവായ്‌ ഊര് മണ്ണൂക്കാരൻ നെഞ്ചൻ, തുടുക്കി ഒന്നാം വാർഡ്‌ മെമ്പർ ആശ, താഴെ തുടുക്കി നിവാസി കാളി എന്നിവരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്.

അതേസമയം, നെഗറ്റിവ് പബ്ലിസിറ്റിയാണെങ്കിലും അതുകൊണ്ട് ഗുണമുണ്ടായി എന്ന് സുരേഷ് അഴിമുഖത്തോടു പ്രതികരിച്ചു. അതുകൊണ്ടാണ് ഊരുകളില്‍ ഭക്ഷണ സാമഗ്രികള്‍ അടക്കം എത്തിയത്. ആലപ്പുഴയിൽ നിന്നും റാന്നിയിൽ നിന്നുമെല്ലാം ദുരിതാശ്വാസ സാമഗ്രികൾ ഞായറാഴ്ച കുറുമ്പ ഊരുകളിൽ എത്തുകയും ആളുകൾക്കിടയിൽ വിതരണം ചെയ്യപ്പെടുകയും ചെയ്തു. പക്ഷെ തനിക്കെതിരെ പോലീസ് കേസ് വരുമോയെന്ന പേടിയിലാണ് സുരേഷ്. “ഞങ്ങൾ ആദിവാസികളെ നുണ പറയുന്നവരായും എത്ര കിട്ടിയാലും പോരാത്തവരായും വംശീയമായി ഇവിടുത്തെ കയ്യേറ്റ-കുടിയേറ്റ ലോബി ചിത്രീകരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇവിടെ പട്ടിണി മരണങ്ങൾ ഇല്ല എന്നും പോഷകാഹാരക്കുറവ് ഇല്ലെന്നും, ആദിവാസികൾക്കുള്ള സഹായങ്ങൾ നിർത്തണമെന്നും ഇവർ പതിവായി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. ഇപ്പോൾ എന്നെ സംഘി ആക്കി ഒറ്റപ്പെടുത്തി അപമാനിക്കാനാണ് ശ്രമം. ആദിവാസികൾക്ക് ഭക്ഷണം വേണം എന്ന് പറഞ്ഞത് മാത്രമാണ് ഞാൻ ചെയ്ത തെറ്റ്,” സുരേഷ് പറയുന്നു.

“ഒൻപതോളം ഊരുകളിലെ കുടുംബങ്ങൾ ഒറ്റപ്പെട്ടിട്ടും ഭക്ഷണം ഇല്ലാതായെന്നു പറഞ്ഞിട്ടും മൂന്ന് ദിവസമായി. ഇതുവരെ സർക്കാരോ, പട്ടികവർഗ്ഗ വകുപ്പോ ഇവിടെ ഭക്ഷണ സാധനങ്ങൾ എത്തിച്ചിട്ടില്ല. വ്യക്തികളും സന്നദ്ധ സംഘടനകളും സഹായം നൽകിയതല്ലാതെ. നിരവധി സംഘടനകൾ സാഹായം നൽകാൻ തയ്യാറായി മുന്നോട്ട് വന്നെങ്കിലും സന്നദ്ധ സംഘടനകളെയും പൊതുപ്രവർത്തകരെയും സഹായിക്കാൻ സമ്മതിക്കാതെ, ഇവിടെ ഒരു കുഴപ്പവും ഇല്ല, എല്ലാം ഉണ്ട് എന്നാണ് ഐടിഡിപിയും ജില്ലാ ഭരണകൂടവും പറയുന്നത്. എന്തിനാണ് ഇങ്ങനെ ഒരു സർക്കാർ സംവിധാനവും പട്ടിക വർഗ്ഗവകുപ്പും?” സന്തോഷ് കുമാർ ചോദിക്കുന്നു.

“ഭക്ഷണ സാധനങ്ങളുടെ അപര്യാപ്തതയാണ് ചൂണ്ടിക്കാട്ടിയത്. പ്രത്യക്ഷാർത്ഥത്തിൽ ദാരിദ്ര്യമാണ് എന്ന് പറഞ്ഞിട്ടില്ല. ആദിവാസികളുടെ കാര്യങ്ങളിൽ സർക്കാർ സംവിധാനം പരാജയപ്പെടുന്നു എന്നാണ് പറഞ്ഞത്. ഇതിൽ ഇവർ എന്തിനാണ് ബേജാർ ആകുന്നത് എന്ന് മനസ്സിലാകുന്നില്ല,’‘ സുരേഷ് പറഞ്ഞു.

“ഒരുപാട് സന്നദ്ധ സംഘടനകൾ അട്ടപ്പാടിയിലേക്ക് സഹായവുമായി വരാൻ കാത്തു നിൽക്കുന്നുണ്ട്. ഇവിടുത്തെ വലിയ ദുരിതമേഖലകളിൽ വേണ്ടത്ര സഹായം ഇപ്പോൾ തന്നെ എത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാവുന്നത്. ഞാനാണങ്കിൽ ഏതെങ്കിലും ദുരിതാശ്വാശപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തിട്ടുമില്ല. വരാനാഗ്രഹിക്കുന്നവരോട് പറയാനാഗ്രഹിക്കുന്ന കാര്യം… ഒരാൾച നീണ്ടു നിന്ന മഴയിൽ വീടിനു പിന്നിൽ മണ്ണിടിഞ്ഞവരും, പണിക്കു പോകാൻ കഴിയാത്തവരും കാർഷിക നാശം സംഭവിച്ചവരുമായി ഒരുപാട് പേരുണ്ട്… അവരും ഒരു കണക്കിന് ദുരിതബാധിതരാണ്. തദ്ദേശസ്വയംഭരണ ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് അത്തരം മേഖലകളിൽ ആ സഹായമെത്തിക്കുന്നത് നല്ലതായിരിക്കും. ദുരിതങ്ങൾക്ക് ആദിവാസി വന്തവാസി വ്യത്യാസമൊന്നുമില്ല. ഞാനുദ്ദേശിച്ച ഭാഗങ്ങളിൽ എല്ലാവരും ഇടകലർന്നാണ് ജീവിക്കുന്നത്,” എന്നാണ് അട്ടപ്പാടി നിവാസിയും കര്‍ഷകനും കൂടിയായ ടെഡി സി.എക്സ് എന്നയാൾ വിഷയത്തിൽ ഇടപെട്ട് ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ കുറുമ്പ വിഭാഗം അടക്കം നല്ലൊരു പങ്ക് ആദിവാസികളും താന്താങ്ങളുടെ ഊരുകളിൽ വേറിട്ടാണ് കഴിയുന്നതെന്നും അവർ ഇടകലർന്നല്ല ജീവിച്ചു പോകുന്നത് എന്നും അവരുടെ പ്രശ്നങ്ങളെ പൊതുസമൂഹം യാഥാർഥ്യബോധത്തോടെ കാണണമെന്നും സുരേഷ് ആവശ്യപ്പെടുന്നു.

Also Read: നദികള്‍ വഴിമാറി, ഒരാഴ്ചയായി നിലമ്പൂര്‍ മുണ്ടേരിയിലെ ആദിവാസികള്‍ കാട്ടിനുള്ളില്‍, ഭക്ഷണം കിട്ടിയത് രണ്ട് തവണ; വിവരം പുറത്തെത്തിച്ചത് ചാലിയാര്‍ നീന്തിക്കടന്നെത്തിയ യുവാക്കള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍