UPDATES

പ്രളയം 2019

മനസ്സില്‍ തെളിഞ്ഞത് ഇരുപത് അടിയോളം നിറഞ്ഞു കിടക്കുന്ന ചെളിയില്‍, നീളമുള്ള കമ്പും കമ്പിയും കൊണ്ട് കാണാതായവരുടെ ശരീരം തപ്പുന്നവരെയാണ്

പുത്തുമല ഉരുള്‍പൊട്ടല്‍ എന്ന് പറയുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ ഉരുള്‍പൊട്ടിയത് പച്ചക്കാടിന്റെ മുകളില്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറമാണ്

അഴിമുഖം പ്രതിനിധി കൃഷ്ണ ഗോവിന്ദ് ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന പുത്തുമലയില്‍ നിന്നും എഴുതുന്നു. ചിത്രങ്ങള്‍ ഗിരീഷ് പെരുവന.

നൂര്‍ദ്ദീന്‍ (48) സങ്കടം ഇങ്ങനെ പറഞ്ഞു തീര്‍ക്കുകയാണ്.

വയനാട് പുത്തുമല ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മേപ്പാടി ടൗണിലേക്ക് മടങ്ങുന്നതിനായി പുത്തുമല ഫോറസ്റ്റ് ഓഫീസിന്റ മുന്നില്‍ നിന്ന് നൂര്‍ദീനെ കണ്ടത്. നൂര്‍ദീന്‍ അവരുടെ ജീപ്പില്‍ ഞങ്ങള്‍ക്കും ഇടം തന്നു. ജീപ്പില്‍ കയറി സാധനങ്ങള്‍ ഒതുക്കി പുറകോട്ട് ചാരിയപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് ഇരുപത് അടിയോളം നിറഞ്ഞു കിടക്കുന്ന ചെളിയില്‍, നീളമുള്ള കമ്പും കമ്പിയും കൊണ്ട് കാണാതായവരുടെ ശരീരം തപ്പുന്നവരെയാണ്. മേപ്പാടിയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുള്ള പുത്തുമലയില്‍ ജെസിബികളും ട്രാക്ടറുമൊക്കെ ഉപയോഗിച്ച് ഫയര്‍ഫോഴ്സും എന്‍ ഡിആര്‍എഫും പോലീസും സന്നദ്ധ സേവകരും ഒക്കെ തിരച്ചില്‍ നടത്തുന്നു. കളക്ടറുടെയും എംഎല്‍എയുടെ ഒക്കെ അടുത്തേക്ക് തിരച്ചില്‍ നടത്തുന്നവരില്‍ ചിലര്‍ ഓടി എത്തിയിട്ട് പറയുകയാണ്. “സാറേ കുറച്ച് പൈസ കിട്ടി, സര്‍ട്ടിഫിക്കറ്റ് കിട്ടി, കാറോട് കൂടി പോയവരില്ലേ… അവരുടെ കാറിന്റെ അവശിഷ്ടം കിട്ടി”, വീണ്ടും ദുരന്തമുഖത്തേക്ക്.

ചളിയില്‍ കുഴഞ്ഞ് കിടക്കുന്ന ഒരു പറ്റം ആളുകള്‍ ആ ദുരന്തമുഖത്ത് മല്ലിട്ട് നിന്ന് ഒരു ജീവനെങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍ തിരിച്ചില്‍ നടത്തുന്ന കാഴ്ചകള്‍ മാത്രം. ജീപ്പില്‍ ഞങ്ങളെ കയറ്റിപ്പോള്‍ കരുതിയിരുന്നില്ല, ഈ നൂര്‍ദ്ദിന്‍ തറവാട് അടക്കം നാലു ബന്ധുക്കള്‍ ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ട വ്യക്തിയാണന്ന്. ഉപ്പയും ഉമ്മയുള്‍പ്പടെ നൂര്‍ദ്ദീനും പതിനഞ്ചോളം ബന്ധുക്കളും ഇപ്പോള്‍ കല്‍പ്പറ്റയില്‍ പെങ്ങടെ വീട്ടിലാണ്.

മഴക്കെടുതിയില്‍ ഏറ്റവും ബാധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജില്ലകളില്‍ ഒന്ന് വയനാടാണ്. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമൊക്കെ വയനാടിന്റെ പല മേഖലകളെയും ഒറ്റപ്പെടുത്തുകയുകയും ചെയ്തു. പുത്തുമല ഉരുള്‍പൊട്ടല്‍ എന്ന് നമ്മള്‍ പറയുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ ഉരുള്‍പൊട്ടിയത് പച്ചക്കാടിന്റെ മുകളില്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറമാണ്. അവിടെ നിന്ന് ഉരുള്‍പൊട്ടി പച്ചക്കാടിന്റെ മുകളില്‍ വന്ന് പതിച്ച് അവിടുത്തെ അമ്പതിന് മുകളില്‍ വീടുകളും പതിനഞ്ചോളം ജീവനുകളും കവര്‍ന്ന് പുത്തുമലയില്‍ വീഴുകയായിരുന്നു. പച്ചക്കാടില്‍ എസ്റ്റേറ്റ് തൊഴിലാളികളായിരുന്നവര്‍ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലെത്തിയപ്പോള്‍ അവിടെ തന്നെ സ്ഥലം വാങ്ങി വീട് വച്ച് കഴിഞ്ഞവരാണ്. അവരാണ് പൊലിഞ്ഞു പോയത്; അവരുടെ കഥ പറയുകയായിരുന്നു നൂറുദ്ദീന്‍.

തലേന്ന് ഒരാളുടെ വീട് പോയി. രവിയെന്ന ആളുടെ.. അപ്പോള്‍ തന്നെ രാവിലെ ഏഴ് മണിക്ക് എല്ലാവരെയും അവിടെനിന്ന് ഇറക്കി. അതു കൊണ്ട് പത്തിരുനൂറ് പേരുടെ ജീവന്‍ രക്ഷിക്കാന്‍ പറ്റി. അക്കൂട്ടത്തില്‍പ്പെട്ട നൗഷാദ് എന്ന ആളിന്റെ ഭാര്യ… അയാളുടെ കൈയില്‍ നിന്നാണ് ഓള് ഊര്‍ന്നു പോയത്”, നൂറുദ്ദീന്‍ ഒരു ജീവന്‍ ഇല്ലാതായി പോയതിന്റെ കഥ പറഞ്ഞു. ‘ഓന്റെ ഭാര്യ പെട്ടു പോകാന്‍ കാരണം, പളളിയിലെ ഉസ്താദ് അവിടെ തന്നെ നില്‍ക്കുവായിരുന്നു. അദ്ദേഹത്തെ വേറെ പള്ളിയിലേക്ക് മാറ്റിയിരുന്നു. ഇവര് (നൗഷാദും, ഭാര്യയും) ഉസ്താദിന് ചൊറു കൊടുക്കാന്‍ പോയതാ. ഉസ്താദ് ചോറു തിന്ന്, പോയി. അവരവിടെ കുറച്ചു സമയം വര്‍ത്തമാനം പറഞ്ഞ് നിന്നിരുന്നു. ആ സമയത്താണ്…. അവന്റെ (നൗഷാദ്) പിടുത്തതില്‍ കിട്ടിയിരുന്നു ഓളെ. പക്ഷേ പോയി.”

കണ്ടോണ്ടിരിക്കുന്ന ആര്‍ക്കും ആരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഉരുള്‍പൊട്ടി പോയ കടയില്‍ ഉണ്ടായിരുന്നു ഞാന്‍. എന്തോ മാറി പോയത് കൊണ്ട് ബാക്കിയായി. ഉരുള്‍പൊട്ടി വരുന്നത് കണ്ട് തരിച്ചുപോയി. അത്ര വേഗതയില്‍ പേടിപ്പിച്ചാണ് വരുന്നത്.

അപകടത്തില്‍പ്പെട്ടത് എന്റെ ഉപ്പാന്റെ പെങ്ങളുടെ മോനും മോന്റെ മോനും. വൈകിട്ട് ചായ ഒക്കെ കുടിച്ചിട്ട് അവന്‍ മിണ്ടാതെ പോയി കളഞ്ഞു. ഉപ്പാന്റെ ജ്യേഷ്ഠന്റെ മോന്‍ ഇബ്രാഹിം, ഉപ്പാന്റെ പെങ്ങടെ മോളെ കെട്ടിയ അയ്യൂബ് എന്ന ആള്‍, ഉപ്പാന്റെ പെങ്ങടെ മോളെ കല്യാണം കഴിച്ച ഹംസ. ഹംസനെ കിട്ടിയിട്ടില്ല”, നൂറുദ്ദീന്‍ പറഞ്ഞുകൊണ്ടേയിരുന്നു.

ഇപ്പം തിരയുന്നവരുടെ കൂടെ തിരയാന്‍ ഞങ്ങടെ കൂടെയുള്ളവര്‍ക്ക് ആര്‍ക്കും ശേഷിയില്ല. ഇത് പൊട്ടിയപ്പോള്‍ ഞാനങ്ങ് ചിന്തിക്കാന്‍ തുടങ്ങി. എല്ലാവരും പോയിയെന്ന് ഒറ്റക്കങ്ങ് ചിന്തിക്കുകയാണ്… എല്ലാം പോയി… പിന്നെ മേലെ ചെന്ന് ഞാന്‍ നോക്കുമ്പോള്‍ ഇവിടെയുണ്ടാവുമെന്നും, ഇവിടെ വരുമ്പോ അവിടെയുണ്ടാവുമെന്നും തോന്നുകയാണ്… പിന്നെ സ്‌കൂളില്‍ പത്തിരുനൂറ് ഉണ്ടല്ലോ… അങ്ങോട്ട് ഓടി… അവിടെ ചെന്നപ്പോ പെണ്ണുങ്ങള് എല്ലാം ചുറ്റിനും കൂടി, ഞങ്ങളെ രക്ഷിക്കീ എന്ന് പറഞ്ഞ് കരച്ചിലായിരുന്നു.

ഞങ്ങള് എല്ലാവരും രക്ഷപ്പെട്ടു വരുകയായിരുന്നു. എന്റെ ഒരു 800, ഒരു ബുള്ളറ്റ്, ഒരു ദോസ്ത, ഒരു ഓട്ടോറിക്ഷ ഒക്കെ പോയി. വണ്ടിയോ വീട് ഒക്കെ പൊയത് കുഴപ്പമില്ല. ഇതൊക്കെ ഉണ്ടായിട്ട് വന്നതല്ലല്ലോ നമ്മള്… അതല്ല, നമ്മള് കഷ്ടപ്പെട്ട് ഉണ്ടാക്കി വന്നതും കൂടെയുള്ളവരും ഒക്കെ പോയില്ലേ. എന്താ ചെയ്ക? ഓന്റെ (അയല്‍ക്കാരന്റെ) ഒക്കെ സ്വപ്നമാണ്, അധ്വാനിച്ച് ഉണ്ടാക്കിയതാ… വല്ലാത്ത അവസ്ഥ ആയിപ്പോയില്ലേ… എല്ലാം പോയി.”

ഫോണിലൂടെ വിവരം അന്വേഷിക്കാന്‍ വിളിച്ച പച്ചക്കാടില്‍ തന്നെയുള്ള ആളോട് നൂര്‍ദീന്‍ സംസാരിച്ചത് – “അറിഞ്ഞില്ലേ നമ്മടെ നാട്… നമ്മടെ അവിടെയുള്ള നാല് വീട് ബാക്കിയുണ്ട്. ബാക്കിയുള്ള പച്ചക്കാട് മൊത്തം പോയി, അതു തന്നെ. എന്റെ ഒരു വീടുണ്ട്. അതിന്റ തൊട്ടടുത്തുള്ള ബാവക്കാ, പ്രഭാകരേട്ടന്‍, അങ്ങനെ അവിടെ അതു മാത്രം. പിന്നെ എന്റെ തറവാടു വീട് ഉണ്ടല്ലോ… ഭാര്യ വീട്, നിങ്ങള് താമസിക്കുന്ന വീട്… അതൊന്നും ഇപ്പോ ഇല്ല, അങ്ങനെ ഒരു ലോകം തന്നെയില്ല. എല്ലാം പോയി. മൊത്തം അമ്പത് വീടിന് മേലെ പോയി. നമ്മള് അറിയുന്ന എട്ടോളം പേരെ കിട്ടാനുണ്ട്. ഇപ്പം പത്ത് പേരുടെ ബോഡി കിട്ടി. അവിടെ ഒന്നുമില്ല അവിടെ വേറെയൊരു ലോകമാണ്… അതല്ലേ ഞാന്‍പറഞ്ഞേ… അവിടെ ഒന്നുമില്ല, എല്ലാം പോയി.” മരവിച്ച കണ്ണുകളും ഇടറുന്ന വാക്കുകളുമായി പച്ചക്കാടിനെക്കുറിച്ച് വീണ്ടും വീണ്ടും നൂര്‍ദീന്‍ പറഞ്ഞു കൊണ്ടിരിക്കുകയാണ്.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍