നാലു പേര്‍ കൊല്ലപ്പെട്ടു, 13 വീടുകള്‍ ഭാഗികമായും മൂന്നു വീടുകള്‍ മുഴുവനുമായും വാസയോഗ്യമല്ലാതായി
“ഞങ്ങളെല്ലാം ഒരു ടീമാ. വൈകുന്നേരമാകുമ്പോ അങ്ങാടിയിലേക്ക് ഇറങ്ങും. വര്‍ത്തമാനമൊക്കെ പറഞ്ഞ് കുറേ നേരം ഒന്നിച്ചിരിക്കും. മുറുക്കുന്ന ശീലമുള്ളവര്‍ ഒന്നിച്ചു മുറുക്കും. പണി കഴിഞ്ഞു വന്നാപ്പിന്നെ ഈ കൂട്ടം കൂടലും വര്‍ത്തമാനം പറച്ചിലും കഴിഞ്ഞേ വീട്ടിലേക്ക് പോകുള്ളൂ. അതെല്ലാം ഒരു രസമാരുന്നു. കുടുംബം പോലെ എന്നു പറഞ്ഞാല്‍പ്പോരാ, അതിലും സ്‌നേഹമാണ്. ഈ മലമൂട്ടില്‍ ഞങ്ങള്‍ കുറച്ച് വീട്ടുകാരല്ലേയുള്ളൂ. ഇവിടെ സന്തോഷമായാലും സങ്കടമായാലും അങ്ങോട്ടും ഇങ്ങോട്ടും പറയാന്‍ അത്രപേരേയുള്ളൂ. ആ കൂട്ടമൊന്നും ഇനി കാണില്ല. ഇനിയിവിടെ ജീവിക്കാന്‍ കൊള്ളില്ല”, വാണിമേല്‍ ആലിമൂലയില്‍ തകര്‍ന്നടിഞ്ഞു കിടക്കുന്ന കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ മണ്ണിലും ചളിയിലും കുഴഞ്ഞു നിന്നുകൊണ്ട് മാത്യു സംസാരിക്കുകയാണ്. ഈ മലയോരപ്രദേശത്ത് കൃഷിയും കൂലിപ്പണിയുമായി കുടിയേറിപ്പാര്‍ത്ത കുടുംബങ്ങളുടെ പിന്മുറക്കാരാണിവരെല്ലാം. ആളും അനക്കവുമില്ലാതിരുന്ന മലമ്പ്രദേശത്തെ വാസയോഗ്യമാക്കിയെടുത്ത്, കൃഷിഭൂമിയും വീടുകളുമുണ്ടാക്കി, കുന്നിന്റെ ചെരിവില്‍ ചെറിയൊരങ്ങാടിയുണ്ടാക്കി, വാണിമേല്‍ എന്ന ഗ്രാമത്തെത്തന്നെ സൃഷ്ടിച്ചെടുത്തവര്‍. ഇവരുടെ പിതാമഹന്മാരായി ഉണ്ടാക്കിയെടുത്ത ആലിമൂല എന്ന പ്രദേശം ഇനി ചരിത്രമാണ്. ഇരുപതോളം കുടുംബങ്ങള്‍ ഒന്നിച്ചു ജീവിച്ചുപോന്നിരുന്ന ആലിമൂല ഇനിയില്ല. ഓഗസ്റ്റ് എട്ടിനുണ്ടായ ഉരുള്‍പൊട്ടല്‍ ഒരു പ്രദേശത്തെത്തന്നെ നാമാവശേഷമാക്കിക്കളഞ്ഞിരിക്കുന്നു.
കോഴിക്കോട് ജില്ലയില്‍ വടകരയില്‍ നിന്നും മുപ്പതിലേറെ കിലോമീറ്റര്‍ മാറി, കണ്ണൂരിനോടടത്തു കിടക്കുന്ന വിലങ്ങാട് ആലിമൂലയില്‍ എട്ടാം തീയതി രാത്രിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ കൊല്ലപ്പെട്ടത് നാലു പേരാണ്. പതിമൂന്നു വീടുകളില്‍ ചെളിയും മണ്ണും കയറി ഭാഗികമായി തകര്‍ന്ന് വാസയോഗ്യമല്ലാതായി. മൂന്നു വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞ് എവിടെയെന്നുപോലും കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയിലായി. വാണിമേല്‍പ്പുഴ കരകവിഞ്ഞൊഴുകി വിലങ്ങാട്ടേക്കുള്ള പാലങ്ങളും റോഡുകളും തകര്‍ന്നുപോയി. വയനാട്ടിലും നിലമ്പൂരിലും അതേ ദിവസമുണ്ടായ അത്യാഹിതങ്ങളോളം ആളപായം ഉണ്ടായില്ലെങ്കിലും, രണ്ടാം പ്രളയം തകര്‍ത്തെറിഞ്ഞു കളഞ്ഞിരിക്കുകയാണ് ഈ ഗ്രാമത്തെ. മഴക്കെടുതി കനത്ത ദിവസങ്ങളില്‍ കേരളത്തില്‍ ഏറ്റവുമധികം മഴ ലഭിച്ചിരിക്കുന്നത് വടകര ഭാഗത്താണെന്നാണ് കണക്കുകള്‍. കുറ്റ്യാടി, വിലങ്ങാട് എന്നിവിടങ്ങളിലാണ് അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത്. പക്ഷേ ആലിമൂലയിലേത് ആരും പ്രതീക്ഷിക്കാതിരുന്ന, ഒട്ടേറെ ജീവനുകളെ ഛിന്നഭിന്നമാക്കിക്കളഞ്ഞ പ്രകൃതിക്ഷോഭമായിരുന്നു.
ഇരുപതു കുടുംബങ്ങള്‍ ഒറ്റക്കെട്ടായി ജീവിച്ചിരുന്ന ആലിമൂലയില്‍ ഇപ്പോള്‍ ഒരു കുടുംബം പോലും ബാക്കിയില്ല. രണ്ടു കുടുംബങ്ങളിലായി നാലു പേര്‍ മരിച്ച ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും കരകയറുന്നതിനു മുന്നേതന്നെ, ബന്ധുവീടുകളിലേക്കും വാടകവീടുകളിലേക്കുമായി താമസം മാറിയിരിക്കുകയാണ് എല്ലാവരും. പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകാത്തതിനാല്‍ തിരികെ ഇവിടേക്കെത്താന്‍ ഇവര്‍ക്ക് ഭയം തന്നെയാണ്. അപൂര്‍വമായ ഒരുതരം സഹവര്‍ത്തിത്വത്തിലൂടെ മലയോര മേഖലയിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചെത്തിയ ഇവര്‍ മറ്റു വഴികളില്ലാതെ പിന്‍വാങ്ങിയതോടെ, ആലിമൂല എന്നത് ഉപേക്ഷിക്കപ്പെട്ട ഗ്രാമമായി മാറിക്കഴിഞ്ഞു. വിലങ്ങാട് ദാസന്റെ ഭാര്യ ലിസി, കുറ്റിക്കാട്ടില്‍ ബെന്നി, ഭാര്യ മേരിക്കുട്ടി, മകന്‍ അജില്‍ എന്നിവരാണ് ദുരന്തത്തില്‍ മരിച്ച നാലു പേര്‍. ലിസിയുടെ ഭര്‍ത്താവ് ദാസനും ബെന്നിയുടെ രണ്ടു മക്കളും രക്ഷപ്പെട്ടിരുന്നു. കുടുംബത്തെയാകെ തട്ടിയെടുത്ത ആലിമൂലയിലേക്ക് ഇവര്‍ പിന്നീട് വന്നിട്ടേയില്ല. ഈ രണ്ടു കുടുംബങ്ങളുടെയും വീടുകള്‍ അല്പം പോലും അവശേഷിക്കാതെ പൂര്‍ണമായും തകര്‍ന്നുപോയിരുന്നു. ബെന്നിയുടെ വീട് ഒന്നിച്ചു തെന്നിനീങ്ങി തൊട്ടടുത്ത പറമ്പിലെത്തിയിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ വിശദീകരണം. പാടേ നശിച്ചുപോയ മൂന്നാമത്തെ വീട്ടില്‍ ആളുകളുണ്ടായിരുന്നില്ല. വീട്ടുടമസ്ഥനായ മാര്‍ട്ടിന്‍ തൊട്ടുമുന്നത്തെയാഴ്ച വിദേശത്തെ ജോലിക്കായി പോയിരുന്നതിനാല്‍ കുടുംബം ബന്ധുവീട്ടിലായിരുന്നു.
വ്യാഴാഴ്ച രാത്രി പതിനൊന്നോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഉരുണ്ടു വന്ന കല്ലും മണ്ണും മലയുടെ താഴ്‌വാരത്തിലുള്ള വിലങ്ങാട് അങ്ങാടി വരെയെത്തിയിരുന്നതായി പ്രദേശവാസിയായ ബിനോയ് പറയുന്നു. മണ്ണും ചെളിയുമടിഞ്ഞ് മൂടിപ്പോയ അങ്ങാടി, നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് പൂര്‍വസ്ഥിതിയിലാക്കിയെടുത്തത്. പിന്നെയും മണിക്കൂറുകള്‍ക്കു ശേഷം പിറ്റേന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് മണ്ണിനടിയില്‍ നിന്നും ആദ്യത്തെ മൃതദേഹം പുറത്തെടുക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പ്രിന്‍സ് ഉള്‍പ്പടെയുള്ളവരുടെ മനസ്സാന്നിധ്യമാണ് കൂടുതല്‍ ആളപായമില്ലാതെയാക്കിയതെന്ന് ദുരന്തമുഖത്തു നിന്നും രക്ഷപ്പെട്ടവര്‍ പറയുന്നു. മഴ കനത്തു തുടങ്ങിയപ്പോള്‍ത്തന്നെ പേടിതോന്നിത്തുടങ്ങിയെന്നും, മുകളില്‍ താമസിക്കുന്നവരോട് താഴേക്ക് പോരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് ആലിമൂലയിലെ താമസക്കാരായ ബാലനും ശശിയ്ക്കും പറയാനുള്ളത്. ആലിമൂലയിലെ വീടുകളില്‍ കുന്നിന് ഏറ്റവും താഴേയ്ക്കായുള്ള വീടുകളാണ് ബാലന്റേതും ശശിയുടേതും. “വൈകീട്ടു തന്നെ ചെറിയ പന്തികേടു തോന്നിയപ്പോള്‍ ഞാനും ശശിമാഷും കൂടെ മുകളിലൊക്കെ പോയി പറഞ്ഞിരുന്നു, താഴോട്ടു പോരാന്‍. അന്ന് രാത്രി എന്റെ വീട്ടില്‍ നില്‍ക്കാമെന്നു പറഞ്ഞതാണ്. മഴയുമുണ്ടായിരുന്നു. അത്താഴം കഴിച്ചിട്ട് വരാമെന്നാണ് ബെന്നിയൊക്കെ അന്നേരം പറഞ്ഞത്. പക്ഷേ അപ്പോഴേക്കും മഴ ചെറുതായി തോര്‍ന്നു. അതു കണ്ടപ്പോള്‍ എല്ലാവരും അവരവരുടെ വീടുകളില്‍ത്തന്നെ കിടക്കുകയും ചെയ്തു. പത്തു വരെ ഞങ്ങള്‍ കാത്തിരുന്നു നോക്കി. കാണാതായപ്പോള്‍ ഞങ്ങളും കിടന്നു. ഫോണില്‍ വിളിച്ചാലും കാര്യമില്ല, റേഞ്ചില്ലാത്തതുകൊണ്ട് കിട്ടില്ല. മൂന്നു ദിവസമായി കറന്റുമില്ല. നല്ല ഒച്ചയിലാണ് ഇത് പൊട്ടിവന്നത്. ഞങ്ങള്‍ വീടിനു പുറകു വശത്തൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. വെളിച്ചമൊന്നുമില്ലാതെ കുറേ ഓടി. രണ്ടുമണിയെങ്കിലുമായിക്കാണും ഇവിടെ നിന്നും പുറത്തുകടക്കുമ്പോള്‍. വീടുകള്‍ക്കു മുന്നിലായി തോടൊഴുകുന്നുണ്ട്. അതൊക്കെ ഗതിമാറിയൊഴുകി. ഇതിനു മുന്‍പ് അങ്ങനെയൊന്നും ഉണ്ടായിട്ടേയില്ല. മേലെ റോഡിനു കെട്ടിയിട്ടില്ലേ. അതാണ് പ്രശ്‌നമായതെന്നു തോന്നുന്നു. കെട്ടുപൊട്ടിയ കല്ലൊക്കെയാണ് ഒഴുകിവന്നത്. ആരെയും അറിയിക്കാനും പറ്റുന്നില്ല. പിന്നെയാരോ ഫേസ്ബുക്കിലിട്ടപ്പോഴാണ് പുറത്തുള്ളവരെല്ലാം കാര്യമറിഞ്ഞത്.”
ആലിമൂലയ്ക്കു മേലെയായി മലമുകളില്‍ വിലങ്ങാട്-പാലൂര്‍ റോഡിനു വേണ്ടി കെട്ടിയിട്ടുള്ള സംരക്ഷണഭിത്തിയാണ് അപകടത്തിനു കാരണമെന്നാണ് ബാലന്‍ അടക്കമുള്ള പ്രദേശവാസികളുടെ വിശ്വാസം. ബലമില്ലാത്ത മണ്ണിനു മേല്‍ സംരക്ഷണഭിത്തി കെട്ടിയുയര്‍ത്തുകയും, മഴപെയ്ത വെള്ളം അതിലേക്ക് ഇറങ്ങുകയും ചെയ്തതാണ് പെട്ടന്ന് കെട്ടുപൊട്ടാനും മണ്ണിടിയാനും കാരണമായതെന്ന് അനുഭവങ്ങള്‍ നിരത്തിക്കാട്ടി ഇവര്‍ വിശദീകരിക്കുന്നു. കെട്ടില്‍ വിള്ളലുണ്ടായിരുന്നെന്നും അധികൃതര്‍ അതു കാര്യമാക്കിയിരുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. ഉരുള്‍പൊട്ടിയതിന്റെ തൊട്ടടുത്ത ദിവസം കണ്ട വിള്ളല്‍, നാലഞ്ചു ദിവസങ്ങള്‍ കഴിഞ്ഞതോടെ കൂടുതല്‍ വലുതായി വന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥരാരും അതു മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ആലിമൂലക്കാര്‍ പറയുന്നു. ഇനിയും അപകടമുണ്ടായേക്കും എന്ന് ഇവര്‍ കരുതുന്നതിന്റെ കാരണവുമതുതന്നെ. രക്ഷാപ്രവര്‍ത്തനത്തില്‍ എന്‍.ഡി.ആര്‍.എഫിനെയും ഫയര്‍ഫോഴ്‌സിനെയും സഹായിക്കാന്‍ ദുരന്തമുഖത്ത് തുടരുമ്പോഴും ചെറിയ ചാറ്റല്‍മഴയെപ്പോലും ഇവര്‍ ഭയക്കുകയാണ്. ഇനിയും ആലിമൂലയില്‍ ഉരുള്‍പൊട്ടുമോ എന്ന ഭീതി തന്നെ കാരണം.
ഉരുള്‍പൊട്ടി ചെളിയും മണ്ണും ഇരച്ചു കയറുന്നതിനിടെ അമ്മയും അച്ഛനും ഭാര്യയും മക്കളുമടക്കം ഏഴു ജീവനുകളെ കൈവിട്ടുപോകാതെ സംരക്ഷിച്ചു കയറ്റിയ ജിബിയും ആലിമൂലയില്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നു. എങ്ങനെ രക്ഷപ്പെട്ടുവെന്നു ചോദിച്ചാല്‍ അറിയില്ലെന്നു തന്നെയാണ് ജിബിയുടെ ഉത്തരം. ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ് ജിബിയ്ക്കു പങ്കുവയ്ക്കാനുള്ളത്. “രാത്രി എന്തോ പൊട്ടുന്ന പോലെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു. ഭാര്യയും രണ്ടു മക്കളും എന്റെ കൂടെയുണ്ടായിരുന്നു. എഴുന്നേറ്റ് ഹാളിലേക്ക് കടക്കുമ്പോഴേക്കും ചെളി അകത്തേക്ക് അടിച്ചു കയറി. രണ്ടാമത്തെ കൊച്ചും അമ്മയും അകത്തെ മുറിയില്‍ കട്ടിലിലായിരുന്നു. കൊച്ചിനെ എനിക്കു തരാന്‍ അമ്മയ്ക്കു പറ്റി. കൊച്ചിനെ വാങ്ങി കോണിയുടെ അടുത്തെത്തിച്ചു. കോണി വഴി ടെറസില്‍ കയറിയേ രക്ഷപ്പെടാന്‍ പറ്റുള്ളൂ. അപ്പോഴേക്കും കട്ടിലിലിരിക്കുന്ന അമ്മയുടെ കഴുത്തറ്റം ചെളിയായി. ഒരു തരത്തിലും എഴുന്നേറ്റ് വരാന്‍ പറ്റുന്നില്ല. കട്ടില്‍ ചവിട്ടി മറിക്കാന്‍ നോക്കിയിട്ടും നടക്കുന്നില്ല. ഞാനൊറ്റയ്ക്കല്ലേയുള്ളൂ. ചളി കാരണം അങ്ങോട്ടോ ഇങ്ങോട്ടോ കടക്കാന്‍ പറ്റുന്നില്ല. ഒരു പുതപ്പു കൈയില്‍ കിട്ടിയപ്പോള്‍ അതിട്ടുകൊടുത്ത് അമ്മയെ വലിച്ച് ഇപ്പുറത്തിട്ടു. അച്ഛന്‍ തളര്‍ന്ന് കിടപ്പിലാണ്. അച്ഛന്റെ മുറിയിലും ചെളി അടിച്ചു കയറിയിരുന്നു. ചെളി അധികം മുകളിലേക്ക് കയറാതിരിക്കാന്‍ അച്ഛന്റെ കട്ടില്‍ ഒരു മരത്തടിയിട്ട് ചരിച്ചു വച്ചു. അരമണിക്കൂറിനുള്ളില്‍ത്തന്നെ അപ്പുറത്തു നിന്നെല്ലാം ആളെത്തി. പക്ഷേ, തലയ്‌ക്കൊപ്പം വെള്ളമാണ് തോട്ടിലൂടെ കുത്തിയൊലിച്ച് ഒഴുകുന്നത്. തോടിന്റെ ഇപ്പുറത്തേക്ക് കടക്കാന്‍ സാധിക്കണ്ടേ. എങ്ങനെയോ അഞ്ചു പേര്‍ ഇപ്പുറത്തെത്തി. എങ്ങനെയാണെന്നൊന്നും അറിയില്ല.”
ഇലക്ട്രീഷ്യനായ ജിബിയുടെ വീട്ടില്‍ മൂന്നു ദിവസമായി ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിച്ചിരുന്നു. അതില്‍ നിന്നുള്ള വെളിച്ചം രാത്രിയിലെ രക്ഷാപ്രവര്‍ത്തനത്തിന് വലിയ സഹായമായിരുന്നു. ജിബിയെയും കുടുംബത്തെയും വീടിന്റെ ടെറസില്‍ക്കണ്ട് തോട്ടിലെ മലവെള്ളപ്പാച്ചില്‍ നീന്തിക്കടന്നെത്തിയ സംഘവും, തോടു കടക്കാന്‍ സാധിക്കാതെ മലകയറിയിറങ്ങി കാട്ടുവഴികളിലൂടെ ഓടിയെത്തിയ മറ്റൊരു സംഘവുമാണ് ആലിമൂലയില്‍ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദുരന്തത്തില്‍ മരണപ്പെട്ട ലിസിയുടെ ഭര്‍ത്താവ് ദാസന്‍ ഈ സമയമത്രയും തല വരെ ചെളിയില്‍ പുതഞ്ഞ് മരണവുമായി മല്ലിടുകയായിരുന്നു. ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടിരുന്ന ദാസനെയാണ് ഇവര്‍ ആദ്യം രക്ഷപ്പെടുത്തിയത്. ചെളിയില്‍ പുതഞ്ഞുപോയ കൈകളുപയോഗിച്ച് തുഴഞ്ഞും മാന്തിയും പുറത്തെത്താന്‍ ശ്രമിച്ച ദാസന്റെ ഇരുകൈവിരലുകളും ഇപ്പോള്‍ സ്വാധീനശേഷി കുറഞ്ഞ അവസ്ഥയിലാണ്. സാരമായ പരിക്കുകളുമായി ചികിത്സയിലാണ് ദാസനിപ്പോള്‍. ലിസി ഒലിച്ചുപോയെങ്കിലും ദാസനെ രക്ഷപ്പെടുത്തുക എന്ന ഉദ്യമം വിജയിച്ചതിന്റെ ആശ്വാസം ജിബിയുടെ വാക്കുകളിലുണ്ട്.
“ചേച്ചി അപ്പോഴേക്കും ഒലിച്ചുപോയിരുന്നു. തൊട്ടപ്പുറത്തെ വീടിന്റെ പുറകില്‍ നിന്നാണ് ചേച്ചിയുടെ ബോഡി കിട്ടുന്നത്. അച്ഛന്റെ കട്ടില്‍ ചാരിവച്ചാണ് ദാസേട്ടനെ രക്ഷിക്കാനിറങ്ങിയത്. അച്ഛന്‍ അപ്പോഴും മുറിയ്ക്കകത്തായിരുന്നു. അച്ഛനെ രക്ഷിക്കുന്നതിനേക്കാള്‍ അത്യാവശ്യം ദാസേട്ടനെ രക്ഷിക്കുന്നതാണ് എന്നാണ് അപ്പോള്‍ തോന്നിയത്. പുള്ളിയ രക്ഷപ്പെടുത്തി കൈലിയില്‍ തൂക്കിയെടുത്താണ് കൊണ്ടുവന്നത്. നടക്കാനൊന്നും പറ്റുമായിരുന്നില്ല. എല്ലാവരെയും ടെറസില്‍ കയറ്റിയ ശേഷം അവസാനമാണ് അച്ഛനെ രക്ഷിക്കുന്നത്. ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് വെളിച്ചം കിട്ടി. എന്റെ മൂന്നു വാഹനങ്ങള്‍ നഷ്ടപ്പെട്ടു. വീടും പോയി. എങ്ങനെ രക്ഷപ്പെട്ടു എന്നു ചോദിച്ചാല്‍ എനിക്കുമറിയില്ല. ഇവിടെ ഓരോ വീട്ടിലേക്കും കയറാന്‍ തോടിനു കുറുകെ ചെറിയ പാലങ്ങളുണ്ട്. അതില്‍ വെള്ളം കയറുന്നതാണ് ഞങ്ങള്‍ക്ക് പേടിസ്വപ്നം. അന്ന് പക്ഷേ അങ്ങനെ ഉണ്ടായിരുന്നില്ല. അന്ന് എട്ടുമണിക്കു ശേഷം മഴ പോലും പെയ്തിരുന്നില്ല. മുന്‍പ് ഉരുള്‍പൊട്ടിയ ചരിത്രവും ഈ സ്ഥലത്തിനില്ല. കഴിഞ്ഞ കൊല്ലത്തെ വല്യ വെള്ളപ്പൊക്കത്തിന് മുറ്റം വരെ വെള്ളം കയറിയിരുന്നു. അന്ന് ബെന്നിച്ചേട്ടനൊക്കെ ചേര്‍ന്നാണ് ഇവിടുന്ന് മാറിയേക്കാം എന്ന് തീരുമാനമെടുത്തത്. ഈ ഭാഗത്തെ ക്യാപ്റ്റന്‍ പുള്ളിയാണ്. ഞങ്ങളുടെ നേതാവായിരുന്നു. പുള്ളി ഇറങ്ങി വന്ന് മാറാം എന്ന് പറയും, ഞങ്ങള്‍ അതുപോലെ ചെയ്യും. അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളുടെ ക്യാപ്റ്റന്‍ തന്നെയായിരുന്നു. എല്ലാരും പോയി.”
ചെളിയിലെ സള്‍ഫര്‍ അടക്കമുള്ള രാസവസ്തുക്കളില്‍ നിന്നും സാരമായി പൊള്ളലേറ്റിട്ടുണ്ട് ജിബിയ്ക്ക്. എങ്കിലും കാര്യമാക്കാതെ ദുരന്തത്തിനു ദിവസങ്ങള്‍ക്കു ശേഷവും ആലിമൂലയിലെത്തി മരം മുറിക്കലിനും ചളിമാറ്റലിനും പങ്കാളിയാകുന്നുണ്ടായിരുന്നു ജിബി. ജിബിയെയെന്നല്ല, ഉരുള്‍പൊട്ടലില്‍ വീടുകള്‍ക്ക് അപകടം പറ്റിയ ഒരാളേയും തിരികെ ആലിമൂലയിലേക്ക് താമസിക്കാനെത്താന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് തോടിനിക്കരെ താമസിക്കുന്ന മാത്യു. മാത്യുവടക്കം നാലു കുടുംബങ്ങള്‍ ആലിമൂലയില്‍ കുന്നിന്റെ ഏറ്റവും മുകളിലായി താമസിക്കുന്നുണ്ട്. ഉരുള്‍പൊട്ടലില്‍ യാതൊരു നാശനഷ്ടങ്ങളുണ്ടാകാതിരുന്നതും ഈ നാലു കുടുംബങ്ങള്‍ക്കാണ്. എന്നാല്‍, ഒരേ കുടുംബം പോലെയാണ് തങ്ങള്‍ കഴിയുന്നതെന്നും ഇനിയൊരു ഭാഗ്യപരീക്ഷണത്തിന് മറ്റുള്ളവരെ അനുവദിക്കില്ലെന്നുമാണ് മാത്യുവിന്റെ നിലപാട്. “ഇവന്‍ എങ്ങനെ ഏഴു ജീവന്‍ രക്ഷപ്പെടുത്തി എന്ന് വിശ്വസിക്കാന്‍ പോലും പറ്റുന്നില്ല. ഞാന്‍ നോക്കുമ്പോള്‍ ജിബി വീടിന്റെ മുകളില്‍ കയറി നില്‍ക്കുന്നുണ്ട്. അഞ്ചു പേര്‍ എങ്ങനെയോ വെള്ളം കടന്ന് തോടിന്റെ അപ്പുറത്തെത്തി… വെള്ളവും ചെളിയും കുത്തിയൊലിക്കുകയാണ്. അവനവന്‍ പോയാലും കുടുങ്ങിക്കിടക്കുന്നവന്‍ രക്ഷപ്പെടണം എന്നാണ് എല്ലാവരും കരുതുന്നത്. പ്രിന്‍സാണ് വടം എറിഞ്ഞു പിടിപ്പിച്ച് തോടിന്റെ അപ്പുറം കടക്കാന്‍ വഴിയുണ്ടാക്കിയത്. കിലോമീറ്ററുകളോളം മലയുടെ മേലെക്കൂടി കടന്നാണ് ഞങ്ങളൊക്കെ അപ്പുറത്തെത്തിയത്. റോഡുകളെല്ലാം പോയി. പത്തമ്പതു വീട്ടുകാരുണ്ട് മലയുടെ മുകളിലെ കോളനിയില്‍. അവര്‍ക്ക് അപകടം ഒന്നും പറ്റിയിട്ടില്ല. പക്ഷേ റോഡു പോയി. അവിടെ ഇനിയും ഇടിയാന്‍ നില്‍ക്കുകയാണ്. ഇനി ഇവിടെ താമസിക്കാന്‍ ആരെയും ഞങ്ങള്‍ സമ്മതിക്കില്ല. കൃഷിയും കൂലിപ്പണിയും ചെറിയ ജോലികളും ചെയ്ത് ജീവിക്കുന്നവരാണ് ഇവിടെയെല്ലാവരും. ഈ പോയ വീടൊക്കെ ഇനി നന്നാക്കുക എന്നുപറഞ്ഞാല്‍ ഇവരെക്കൊണ്ട് സാധിക്കുന്ന കാര്യമല്ല.”
ഉരുള്‍പൊട്ടലില്‍ ബാധിക്കപ്പെട്ട വീടുകള്‍ മാത്രമല്ല, പ്രദേശത്ത് ഭീഷണിയിലുള്ള വീടുകളും വാസയോഗ്യമല്ലെന്ന നിലപാടാണ് വാണിമേല്‍ പഞ്ചായത്തംഗം രാജു അലക്‌സിന്റേത്. ഉരുള്‍പൊട്ടി മണിക്കൂറുകള്‍ക്കകം ദുരന്തമുഖത്തെത്തിയ അലക്‌സ്, സദാസമയവും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നെന്ന് ദുരിതബാധിതര്‍ പറയുന്നുണ്ട്. ആലിമൂലയില്‍ നിന്നും എല്ലാവരും മാറിത്താമസിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് രാജു അലക്‌സ് വിശദീകരിക്കുന്നു. “ഉരുള്‍പൊട്ടല്‍ നേരിട്ടു ബാധിച്ച പതിമൂന്നോളം കുടുംബങ്ങള്‍ അവിടെ നിന്നും മാറണമെന്ന മാനസികാവസ്ഥയിലാണ്. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മറ്റു കുടുംബങ്ങളും ദുരന്തമുണ്ടായേക്കുമെന്ന് ഭയന്ന് മാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ്. അടുപ്പില്‍ കോളനി പോലെ പരിസര പ്രദേശങ്ങളിലുള്ള മറ്റു ജനവാസ കേന്ദ്രങ്ങളില്‍ നിലവില്‍ പ്രശ്‌നമില്ലെങ്കിലും അപകടസാധ്യത ഒട്ടുമില്ലെന്ന് പറയാന്‍ കഴിയില്ല. ഇപ്പോഴത്തെ വിലങ്ങാടിന്റെ ഭൂപ്രകൃതിയനുസരിച്ച് എല്ലാ സ്ഥലങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പിക്കാനാവില്ല. പ്രകൃതി ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കില്ല എന്നു പറയാനും പറ്റില്ല. ഉന്നതതല സംഘങ്ങള്‍ കഴിഞ്ഞ ദിവസം ഇവിടെ വന്നിരുന്നു. അവര്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ഒന്നാമത്തെത് ഭൂമിയുടെ ചെരിവാണ്. രണ്ടാമതായി, ഈ പ്രദേശത്ത് പ്രതീക്ഷിക്കാത്തത്ര മഴ പെയ്തിരുന്നു എന്നതും. വടകര ഭാഗത്താണല്ലോ ഏറ്റവുമധികം മഴ പെയ്തിരിക്കുന്നത്. ആ വെള്ളം ഭൂമിയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നതിനാലാണ് പൊട്ടി പുറത്തേക്ക് വന്നതെന്നാണ് പറയപ്പെടുന്നത്. മണ്ണ് ദുര്‍ബലമാണ്, ചെരിവുള്ള പ്രദേശവുമാണ്. ഇതാണ് പ്രാഥമികമായ വിലയിരുത്തല്‍. പല സര്‍ക്കാരിതര ഏജന്‍സികളും ഇവര്‍ക്ക് സഹായവുമായി ബന്ധപ്പെടുന്നുണ്ട്. വീടും സ്ഥലവുമൊക്കെ കൊടുക്കാമെന്ന് ഏറ്റവരുണ്ട്. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ അവര്‍ തന്നെ അടുത്ത ദിവസങ്ങളില്‍ തുടങ്ങും. ഇപ്പോള്‍ ജനങ്ങള്‍ പതിയെ പഴയ ജീവിതത്തിലേക്ക് മടങ്ങുകയാണ്. വിലങ്ങാട്-പാലൂര്‍ റോഡൊഴികെ ബാക്കി റോഡുകളെല്ലാം ഗതാഗത യോഗ്യമായിട്ടുമുണ്ട്.”