UPDATES

പ്രളയം 2019

കണ്ണടച്ചിരുട്ടാക്കിയിട്ട് കാര്യമില്ല; കേരളത്തിലെ ഓരോ പഞ്ചായത്തിലും ശരാശരി ആറ് ക്വാറികൾ, 56 ശതമാനം പരിസ്ഥിതി ലോല മേഖലയില്‍

എവിടെയെല്ലാം ഉരുൾപൊട്ടലും മണ്ണൊലിപ്പും ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം സമീപ പ്രദേശങ്ങളിലായി കരിങ്കൽ ക്വാറികൾ ഉണ്ടായിരുന്നു എന്നാണ് കേരള വന ഗവേഷണ കേന്ദ്രം നടത്തിയ പഠനങ്ങൾ തന്നെ തെളിയിക്കുന്നത്

കെ.എ ഷാജി

കെ.എ ഷാജി

കഴിഞ്ഞ പ്രളയത്തിന് ശേഷം സംസ്ഥാന പുനഃനിർമ്മാണത്തിനായി സർക്കാർ തുടങ്ങിവച്ച പദ്ധതിയുടെ സമീപന രേഖ പറയുന്നത് 1961-നും 2009-നുമിടയിൽ കേരളത്തിലെ മലയോര മേഖലകളിലുണ്ടായ പ്രധാന ഉരുൾപൊട്ടലുകൾ ( അവയിൽ മണ്ണിടിച്ചിലും മണ്ണൊലിപ്പും പെടും) 65 എണ്ണം മാത്രമാണ് എന്നാണ്. ഇവയിൽ എല്ലാത്തിലുമായുള്ള മരണസംഖ്യ 257-ഉം ആയിരുന്നു. എന്നാൽ സംസ്ഥാന ദുരന്തനിവാരണ ഏജൻസിയുടെ കണക്കുകൾ പ്രകാരം ഇതേമേഖലയിൽ കഴിഞ്ഞ ഒരുവർഷം മാത്രം സംഭവിച്ചത് ചെറുതും വലുതുമായി 500 ഉരുൾപൊട്ടലുകളാണ്. ഇക്കുറി കവളപ്പാറയിൽ മാത്രം 50 മരണങ്ങൾ സംഭവിച്ചു. പുത്തുമലയിൽ പത്തുപേർ. നിലമ്പൂർ മേഖലയിൽ മാത്രം കഴിഞ്ഞ ഒരാഴ്ചയിൽ നൂറ് ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും സംഭവിച്ചതായി വിദഗ്ദർ പറയുന്നു.

അതായത്, മഴയുടെ മാത്രമല്ല, ഭൂമിയുടെയും സ്വഭാവത്തിലും ഘടനയിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്നു എന്നാണ് വർഷങ്ങൾ കഴിയും തോറും ഉള്ള തീവ്രത വ്യക്തമാക്കുന്നത്.

സർക്കാരിന്റെ തന്നെ കണക്കുകൾ അനുസരിച്ച് കേരളത്തിലെ 50 താലൂക്കുകൾ പ്രതിവർഷമുള്ള, വലിയ തോതിലുള്ള ഉരുൾപൊട്ടലുകൾക്കു സാധ്യതയുള്ളവയാണ്. 75 താലൂക്കുകൾ വെള്ളപ്പൊക്കത്തിനും 29 എണ്ണം വലിയ തോതിലുള്ള കടലാക്രമണങ്ങൾക്കും തുടർച്ചയായി സാക്ഷ്യം വഹിക്കുന്നു. എന്നാൽ ഇത്തരം ആകുലതകളും ഉത്കണ്ഠകളും സർക്കാരിന്റെ റീബിൽഡ് കേരളാ മാര്‍ഗരേഖയില്‍ ഇടംപിടിച്ചില്ല. കഴിഞ്ഞ ഒരുവർഷത്തിൽ ലോകബാങ്കിൽ നിന്നും അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികളിൽ നിന്നും സഹായങ്ങൾ നേടിയെടുത്ത് സർക്കാർ തുടങ്ങിവച്ച റീബിൾഡ് കേരളാ ഇനിഷ്യേറ്റീവ് ശ്രദ്ധയൂന്നുന്നത് അടിസ്ഥാന സൗകര്യ വികസനം, ഉത്പാദനം, സാമൂഹിക വികസനം തുടങ്ങിയവയിൽ ആണെന്ന് കാണാം. പാരിസ്ഥിതിക പുനഃസ്ഥാപനം ഇതിന്റെ മുന്‍ഗണനകളിൽ ഒരിക്കലും വന്നിട്ടില്ല. വിചിത്രമെന്നു പറയട്ടെ, ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടോ പശ്ചിമഘട്ടത്തിലെ ഭയാനകമായ പാരിസ്ഥിതിക സ്ഥിതിഗതികളോ വിമർശനപരമായി പോലും അതിൽ ഇടം പിടിച്ചിട്ടില്ല. കടലോരങ്ങളിൽ നിന്നും സുരക്ഷയെ കരുതി മത്സ്യത്തൊഴിലാളികളെ മാറ്റി പാർപ്പിക്കണം എന്ന് ശുപാർശ ചെയ്യുന്ന ഇനീഷ്യേറ്റീവ് പരിസ്ഥിതിലോല മേഖലകളിൽ ജീവിക്കുന്നവരുടെ പുനരധിവാസം മുൻഗണനകളിൽ ഒന്നായി എടുക്കുന്നില്ല. പശ്ചിമഘട്ടത്തിൽ വലിയ വെല്ലുവിളികൾ ഉയർത്തിക്കഴിഞ്ഞ പാറമടകളും അവയുടെ ഭാവിയും പോലും ചർച്ച ചെയ്യുന്നില്ല.

വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും അറിയുന്ന വിവരങ്ങൾ വച്ചുനോക്കിയാൽ നിലവിലെ പ്രളയത്തിന്റെയും തുടർന്നുണ്ടായ ദുരന്തങ്ങളുടെയും കാരണങ്ങൾ കൂടുതൽ ആഴത്തിൽ കണ്ടെത്താൻ സർക്കാർ ചില ആഗോള ഏജൻസികളെ സമീപിക്കാൻ പോവുകയാണ്. അവരുടെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നിലപാടുകൾ സ്വീകരിക്കും എന്നാണ് പുതുതായി പറയുന്നത്. ഇവിടെയാണ് കേരളത്തിലെ പാരിസ്ഥിതിക മേഖലയിലെ ഏറ്റവും സമഗ്രവും വലിയൊരു അളവ് ആധികാരികവുമായ പഠനമായിരുന്ന മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് ഇനിയും സർക്കാർ പഠിക്കാനോ പ്രാധാന്യം കൊടുത്തു കാണാനോ തയ്യാറാകുന്നില്ല എന്ന് വ്യക്തമാകുന്നത്.

ഇക്കുറിയുള്ള ദുരന്തങ്ങളുടെ കേന്ദ്രസ്ഥലങ്ങളായ കവളപ്പാറയിലേക്കും പുത്തുമലയിലേക്കും വരാം. വയനാട്, മലപ്പുറം ജില്ലകളിൽ ഉള്ള രണ്ടു വേറിട്ട സ്ഥലങ്ങളായി തോന്നുമെങ്കിലും വാസ്തവത്തിൽ അങ്ങനെയല്ല. ഒരേ പാരിസ്ഥിതിക ദുർബല മേഖലയിൽ ഉള്ള ഇവ തമ്മിൽ വനത്തിലൂടെയുള്ള ദൂരം പതിനഞ്ചു കിലോമീറ്ററുകൾ മാത്രമാണ്. ചാലിയാറിന്റെ പ്രധാന പോഷക നദികളിലൊന്നായ ചുളിക, പുത്തുമല പിന്നിട്ട് കവളപ്പാറയിലൂടെയാണ് നിലമ്പൂരിൽ എത്തുന്നത്. കടുത്ത പ്രകൃതി ദുരന്തം നടന്ന തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയോട് ചേർന്നുമാണ് ഈ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത്.

പുത്തുമലയിൽ ഉണ്ടായ ദുരന്തം ഉരുൾപൊട്ടലല്ല, പൈപ്പിംഗ് എന്ന പ്രതിഭാസമാണ് എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഉരുൾപൊട്ടൽ പോലെ തന്നെ പൈപ്പിംഗും മനുഷ്യനിര്‍മിതമാണ് എന്നതാണ് പലരും കാണാതെ പോകുന്ന സംഗതി. 1980-കളിൽ പുത്തുമലയിൽ സ്വകാര്യ വൻകിട തോട്ടം നിർമിച്ചവർ കടുത്ത വനനശീകരണം നടത്തിയത് ഇപ്പോൾ ഈ പ്രതിഭാസത്തിനു കാരണമായി എന്നാണ് വയനാട് ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ പി.യു ദാസ് തന്റെ റിപ്പോർട്ടിൽ പറയുന്നത്. ഒറ്റ ഉരുൾപൊട്ടലല്ല കാരണമെങ്കിലും തുടർച്ചയായി ഒമ്പതിടങ്ങളിലെ ഉരുൾപൊട്ടലുകളും പുത്തുമല ദുരന്തത്തിനു കാരണമായി എന്ന് റിപ്പോർട്ട് പറയുന്നു. വലിയ മരങ്ങൾ മുറിച്ചു മാറ്റിയപ്പോൾ അവയുടെ അവശേഷിച്ച വലിയ വേരുകൾ ദ്രവിച്ചു മണ്ണിൽ വലിയ തുരങ്കങ്ങൾ രൂപപ്പെടുകയും അവയിലൂടെ വെള്ളം ഒഴുകി പൈപ്പിംഗ് എന്ന പ്രതിഭാസം സംഭവിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.

Also Read: ഒരു ജീപ്പ് കടന്നുപോകാവുന്ന തുരങ്കങ്ങൾ വരെ രൂപപ്പെടാറുണ്ട്; എന്താണ് പുത്തുമല ദുരന്തത്തിന് കാരണമായതായി കരുതുന്ന സോയിൽ പൈപ്പിങ് അഥവാ ‘മണ്ണിന്റെ കാന്‍സര്‍’?

ഇനി മറ്റു ചില അപ്രിയസത്യങ്ങൾ. എവിടെയെല്ലാം ഉരുൾപൊട്ടലും മണ്ണൊലിപ്പും ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം സമീപ പ്രദേശങ്ങളിലായി കരിങ്കൽ ക്വാറികൾ ഉണ്ടായിരുന്നു എന്നാണ് കേരള വന ഗവേഷണ കേന്ദ്രം നടത്തിയ പഠനങ്ങൾ തന്നെ തെളിയിക്കുന്നത്. ഗാഡ്ഗിൽ കമ്മറ്റി ഒരുതരത്തിലുള്ള ഖനന പ്രവർത്തനങ്ങളും പാടില്ല എന്ന് പറഞ്ഞിരുന്ന 11 പരിസ്ഥിതി ലോല പ്രദേശങ്ങളിലെ പത്തിടങ്ങളിലായി നടന്നു പോന്ന 91 ക്വാറികൾ നിലവിലെ പാരിസ്ഥിതിക ദുരന്തത്തിന് കാരണമായി എന്നാണ് കണ്ടെത്തൽ. അതുകൊണ്ടു തന്നെയാകണം കേരളത്തിലെ ക്വാറികൾ എല്ലാം താത്കാലികമായി എങ്കിലും അടച്ചിടാൻ സർക്കാർ തീരുമാനിച്ചതും. ഓരോ പഞ്ചായത്തിലും ആറ് എന്ന കണക്കിൽ കേരളത്തിൽ മൊത്തം 5924 ക്വാറികളാണ് ഉള്ളത്. അവയിൽ 3332-ഉം പ്രവർത്തിക്കുന്നത് ഗാഡ്ഗിൽ കമ്മറ്റി അടയാളപ്പെടുത്തിയ പരിസ്ഥിതി ലോല മേഖലകളിലാണ്. ശതമാനക്കണക്കിൽ നോക്കിയാൽ 56 ശതമാനം. ആവർത്തിച്ചു വരുന്ന ദുരന്തങ്ങളുടെ കാരണം അന്വേഷിച്ചു സർക്കാർ പോകേണ്ടത് അന്താരാഷ്ട്ര ഏജസികളിലേക്കല്ല. ഈ ക്വാറികളിലേക്കു കൂടിയാണ്.

കവളപ്പാറയുടെ അഞ്ചുകിലോമീറ്റർ ചുറ്റളവിൽ 27 ക്വാറികൾ പ്രവർത്തിച്ചിരുന്നു എന്നാണ് സർക്കാർ ഏജൻസികൾ തന്നെ കണ്ടെത്തി പറയുന്നത്. ഉരുൾപൊട്ടൽ, പ്രളയ സാധ്യതകൾ ഉള്ളവയായി സർക്കാർ തന്നെ കണ്ടെത്തിയ താലൂക്കുകളിൽ എങ്കിലും ക്വാറികളുടെ പ്രവർത്തനം നിയന്ത്രിക്കാനോ നിരോധിക്കണോ കഴിയാതെ പോയി എന്നിടത്താണ് വലിയ വീഴ്ച. ക്വാറികളിലെ വൈബ്രേഷൻ വീടുകളുടെ അടിത്തറ ഇളക്കുന്നതായി കഴിഞ്ഞ ഒരു ദശകമായി ജനങ്ങൾ പലയിടത്തും പരാതിപ്പെട്ടിട്ടുള്ളതാണ്. സർക്കാർ അതും ഗൗരവമായി എടുത്തില്ല.
കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ താമരശേരിയിൽ ഫോറസ്ററ് ഓഫീസ് കത്തിച്ചു പ്രതിഷേധിച്ചവരെ ന്യായീകരിച്ച ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ അന്ന് മുന്നറിയിപ്പു തന്നത് ഇത്തരം ശ്രമങ്ങൾ നടത്തിയാൽ കേരളം മറ്റൊരു ജാലിയൻവാലാബാഗ് ആയി മാറുമെന്നാണ്. വയനാടിനെ കടുവകളുടെ കേന്ദ്രം ആക്കുമെന്നും വിദൂര ദേശങ്ങളിൽ നിന്നുപോലും കടുവകൾ അവിടെ കൊണ്ടുവന്നു തുറന്നു വിടുമെന്നും പ്രചാരണം ഉണ്ടായി. വീടുകൾക്ക് പച്ച പെയിന്റ് അല്ലാതെ അടിക്കാനാകില്ല എന്നൊക്കെ പോലും പ്രചാരണം വന്നു. ഇത്തരത്തിൽ അവാസ്തവം പ്രചരിപ്പിക്കുന്നവരുടെ ഭീഷണികൾക്കും സ്വാർത്ഥ താത്പര്യങ്ങൾക്കും വഴങ്ങാതെ ചുറ്റുപാടുകളിലെ യാതാര്‍ത്ഥ്യങ്ങള്‍ സർക്കാർ കണ്ണ് തുറന്നു കണ്ടാൽ മാത്രമേ പരിഹാരം സാധ്യമാവുകയുള്ളൂ.

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍