UPDATES

പ്രളയം 2019

അതിജീവിക്കുന്ന കേരളം; കവളപ്പാറയില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ നിസ്‌കാര ഹാള്‍ വിട്ടു നല്‍കി പോത്തുകല്ല് മഹല്ല് കമ്മിറ്റി

ഇതുവരെയും ഏഴ് മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റുമോര്‍ട്ടം ചെയ്തിരിക്കുന്നത്

മലപ്പുറം കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സൗകര്യമൊരുക്കി പോത്തുകല്ല്‌ മഹല്ല് കമ്മിറ്റി. ഇവര്‍ക്ക് കീഴിലുള്ള മുജാഹിദ് പള്ളിയില്‍ നിസ്‌കരിക്കാന്‍ ഉപയോഗിക്കുന്ന ഹാളും അതിനോട് ചേര്‍ന്ന് കൈയ്യും കാലും കഴുകാനുള്ള ഇടവുമാണ് ജാതി, മത ഭേദമില്ലാതെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ വിട്ടുകൊടുത്തിരിക്കുന്നത്.

അപകടം നടന്നയിടത്തു നിന്നും 60-65 കിലോമീറ്റര്‍ ദൂരമുണ്ട് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക്. ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ പലരുടെയും മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയതിനാലും ഇനിയും പലരെയും കണ്ടുകിട്ടാനുള്ളതിനാലും സംഭവസ്ഥലത്ത് തന്നെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിക്കുകയായിരുന്നു. തെരച്ചില്‍ അവസാനിക്കുന്നത് വരെ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഒരു സംഘം ഡോക്ടര്‍മാരും ജീവനക്കാരും ഇവിടെ തുടരും.

ഇവര്‍ ആദ്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കൂട്ടായ പോസ്റ്റുമോര്‍ട്ടങ്ങള്‍ നടത്താന്‍ പറ്റിയ ഒരു സ്ഥലം ലഭ്യമാവുക എന്നതായിരുന്നു. ഇവിടുത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇതിനുള്ള സൗകര്യമുണ്ടാകില്ലെന്ന് അവിടുത്തെ ഡോക്ടര്‍മാര്‍ തന്നെ അറിയിച്ചിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് മറ്റ് സ്ഥലങ്ങള്‍ നോക്കേണ്ടി വന്നത്. അങ്ങനെയാണ് പോത്തുകല്ല് മഹല്ല് കമ്മിറ്റിക്ക് കീഴിലുള്ള മുജാഹിദ് പള്ളി അധികൃതരെ സമീപിക്കുന്നത്. സ്ത്രീകളുടെ നിസ്‌കാര ഹാളും അതിനോട് ചേര്‍ന്ന് കയ്യും കാലും കഴുകാനുള്ള സ്ഥലവും അവര്‍ വാഗ്ദാനം ചെയ്തു. പള്ളിയിലെത്തുന്ന മയ്യത്തുകള്‍ കുളിപ്പിക്കാനുപയോഗിച്ചിരുന്ന ടേബിളും പള്ളിക്കമ്മിറ്റി മെഡിക്കല്‍ സംഘത്തിന് വിട്ടുനല്‍കി. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മണ്ണില്‍ പൊതിഞ്ഞാണ് എത്തുന്നത്. ഈ ടേബിളില്‍ കിടത്തി കുളിപ്പിച്ച ശേഷമാണ് തിരിച്ചറിയലിനായി വയ്ക്കുന്നത്. തിരിച്ചറിയുന്നവ മാത്രമാണ് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലെ ഫ്രീസറിലേക്ക്  മാറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

പള്ളി മദ്രസയുടെ ഡെസ്‌കുകളും ഡോക്ടര്‍മാര്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. രണ്ട് ഡെസ്‌കുകള്‍ ചേര്‍ത്തുവയ്ക്കുമ്പോഴാണ് പോസ്റ്റുമോര്‍ട്ടം ടേബിളിന്റെ വീതി ലഭിക്കുക. ഇത്തരത്തില്‍ അഞ്ച് പോസ്റ്റുമോര്‍ട്ടം ടേബിളുകളാണ് ഒരുക്കിയിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം മുറിയില്‍ വച്ച് നടത്തുന്നത് പോലെയല്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഏറ്റവും പര്യാപ്തമായ സ്ഥലം തന്നെയാണ് തങ്ങള്‍ക്ക് കിട്ടിയിരിക്കുന്നതെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സഞ്ജയ് അഴിമുഖത്തോട് പറഞ്ഞു. മഹല്ല് കമ്മിറ്റിയുടെ സഹകരണം ഇവിടെ എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അവര്‍ അവരുടെ ചെലവില്‍ തന്നെ പോസ്റ്റുമോര്‍ട്ടം ടേബിളിന് സമാനമായ വിധത്തില്‍ വെളിച്ച സംവിധാനവും ഒരുക്കിയിട്ടുണ്ട്. പള്ളിയുടെ കസേരകളും സ്റ്റൂളുകളും എല്ലാം വിട്ടുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുവരെയും ഏഴ് മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റുമോര്‍ട്ടം ചെയ്തിരിക്കുന്നത്. തിരിച്ചറിയപ്പെടാത്തതിനാല്‍ മൂന്നെണ്ണം ഫ്രീസറിലേക്ക് മാറ്റിയിട്ടുണ്ട്. ഇവയും തിരിച്ചറിയപ്പെടുന്നതനുസരിച്ച് ഇതേ പള്ളിയിലേക്ക് തന്നെ എത്തിക്കും. എല്ലാ മതസ്ഥരുടെയും മൃതദേഹങ്ങളും ഇവിടെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നുണ്ടെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലെ അറ്റന്‍ഡറായ പരമേശ്വരന്‍ വ്യക്തമാക്കി. അതില്‍ അബ്ദുള്‍ മുഹമ്മദ്‌, സോമന്‍, ചന്ദ്രന്‍, ചാക്കോ, സരസ്വതി അങ്ങനെയങ്ങനെ എല്ലാ മതത്തിലുള്ളവരെയും ഇവിടെ പോസ്റ്റുമോര്‍ട്ടം നടത്തിക്കഴിഞ്ഞതായും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നിസ്‌കാര മുറി ഈയൊരു കാര്യത്തിന് വേണ്ടി വിട്ടുനല്‍കിയത് കേരളത്തിന്റെ മതേതരത്വത്തിന്റെ മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Also Read: ഒരു ജീപ്പ് കടന്നുപോകാവുന്ന തുരങ്കങ്ങൾ വരെ രൂപപ്പെടാറുണ്ട്; എന്താണ് പുത്തുമല ദുരന്തത്തിന് കാരണമായതായി കരുതുന്ന സോയിൽ പൈപ്പിങ് അഥവാ ‘മണ്ണിന്റെ കാന്‍സര്‍’?

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍