UPDATES

പ്രളയം 2019

മഴക്കോട്ടിട്ട് ബൈക്കിലിരിക്കുന്ന രീതിയില്‍ പ്രിയദര്‍ശന്റെ മൃതദേഹം: കവളപ്പാറയിലേത് നടുക്കുന്ന കാഴ്ചകള്‍

തൊട്ടടുത്ത വീട്ടിലെ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കെ അമ്മയോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞാണ് പ്രിയദര്‍ശന്‍ വീട്ടിലേക്ക് പോയത്.

അപ്രതീക്ഷിതമായിരുന്നു കവളപ്പാറയെ ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ തേടിയെത്തിയ ആ ദുരന്തം. ഓരോ മൃതദേഹങ്ങളും പുറത്തെടുക്കുമ്പോള്‍ ആ അപ്രതീക്ഷ എത്രത്തോളമായിരുന്നെന്ന് വ്യക്തമാകും. വീടിന് മുന്നിലെ ബൈക്കില്‍ മഴക്കോട്ടിട്ട് ഇരിക്കുന്ന തരത്തിലായിരുന്നു പ്രിയദര്‍ശന്‍ എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

ബൈക്കില്‍ നിന്നും മറിഞ്ഞു വീഴാന്‍ പോലുമാകുന്നതിന് മുമ്പ് മണ്ണ് ഇദ്ദേഹത്തെ മൂടിയിരുന്നെന്നാണ് മൃതദേഹത്തിന്റെ നില്‍പ്പില്‍ നിന്നും മനസിലാകുന്നത്. ഉരുള്‍പൊട്ടലുണ്ടായ ദിവസം വെകിട്ട് 7.45ഓടെയാണ് പ്രിയദര്‍ശന്‍ വീട്ടുമുറ്റത്തെത്തിയത്. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിലുള്ള സ്ഥലത്ത് ബൈക്ക് നിര്‍ത്തുന്നതിനിടെയാണ് മണ്ണ് വീടിനെയും പ്രിയദര്‍ശനെയും മൂടിയത്. തൊട്ടടുത്ത വീട്ടിലെ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കെ അമ്മയോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞാണ് പ്രിയദര്‍ശന്‍ വീട്ടിലേക്ക് പോയത്. മുറ്റത്തെത്തിയപ്പോള്‍ തന്നെ ഉരുള്‍പൊട്ടലുണ്ടായതായി ദൃക്‌സാക്ഷിയായ സുഹൃത്ത് വ്യക്തമാക്കി.

വീട്ടില്‍ പ്രിയദര്‍ശന്റെ അമ്മയും അമ്മയുടെ അമ്മയുമാണ് ഉണ്ടായിരുന്നത്. പ്രിയദര്‍ശന്റെ അമ്മ രാഗിണിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു. ഇനി അമ്മയെ കണ്ടെത്താനുണ്ട്. ഇതുവരെ 20 മൃതദേഹങ്ങളാണ് ഈ പ്രദേശത്ത് നിന്നും കണ്ടെത്തിയത്. ഇനി 39 പേരെ കൂടി കണ്ടെത്താനുണ്ട്.

അതേസമയം മൃതദേഹങ്ങള്‍ ഉണ്ടാകാനിടയുള്ള മൂന്ന് സ്ഥലങ്ങള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. അവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ തിരച്ചില്‍. ഇടിഞ്ഞുവീണ മുത്തപ്പന്‍ മലയുടെ താഴ്‌വാരത്തെ ഷെഡ്ഡില്‍ എട്ട് പേരുണ്ടായിരുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടലുണ്ടാകുന്നുവെന്നാണ് കവളപ്പാറയിലെ ദുരന്തത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍പ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുന്ന ഭൂദാനത്തെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍