UPDATES

പ്രളയം 2019

ഇന്നലെ വരെ 75 ലോഡ്, ഇതൊക്കെ എങ്ങനെ സാധിക്കുന്നു ‘മേയര്‍ ബ്രോ’? തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത്‌ മറുപടി പറയുന്നു

ജോലി ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ഊര്‍ജ്ജവും ഉത്സാഹവുമാണ് ഈ പദ്ധതി വിജയിക്കാന്‍ കാരണം. ഞാന്‍ അവര്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന് മാത്രമേയുള്ളൂ

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കേരളം ഒരു മഹാപ്രളയത്തെ കടന്നുപോകുകയാണ്. ഒരു ആയുസിന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട ഒരു ജനത എങ്ങോട്ടെന്നില്ലാത്ത നെട്ടോട്ടത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. ഉടുതുണുക്ക് മറുതുണിയില്ലാതെയുള്ള ആ ഓട്ടത്തിനൊടുവില്‍ ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായ സഹജീവികള്‍ക്ക് കൈത്താങ്ങായി കേരളം ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ചയും നാം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യസാധനങ്ങളുള്‍പ്പെടെയുള്ള സഹായമെത്തിക്കാന്‍ മുന്‍പന്തിയില്‍ നിന്നത് തിരുവനന്തപുരം കോര്‍പ്പറേഷനാണ്. മേയര്‍ വി.കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ ആരംഭിച്ച കളക്ഷന്‍ പോയിന്റില്‍ നിന്നും 75 ലോഡ് സാധനങ്ങളാണ് കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക് എത്തിയത്. പ്രശാന്ത് ഇപ്പോള്‍ തിരുവനന്തപുരത്തിന്റെ മാത്രം മേയറല്ല, കേരളത്തിന്റെ മേയറാണെന്നാണ് യുവാക്കള്‍ ഒറ്റക്കെട്ടായി പറയുന്നത്. അഴിമുഖം പ്രതിനിധിയുമായി മേയര്‍ വി.കെ പ്രശാന്ത്‌ സംസാരിക്കുന്നു.

തുടര്‍ച്ചയായി രണ്ടാം വര്‍ഷമുണ്ടായതാണെങ്കിലും അപ്രതീക്ഷിതമായിരുന്നു ഈ പ്രളയവും. എന്നിട്ടും ഇത്ര വേഗതയിലും കാര്യക്ഷമമായും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സാധിച്ചത് എങ്ങനെയാണ്?

കഴിഞ്ഞ പ്രളയസമയത്ത് തിരുവനന്തപുരം നഗരസഭ നടത്തിയിട്ടുള്ള ഒരു പ്രവര്‍ത്തനമുണ്ട്. അന്ന് വളരെ പെട്ടെന്ന് തന്നെ വൊളന്റിയര്‍ ടീമിനെ സജ്ജമാക്കി ദുരിതബാധിത പ്രദേശങ്ങളിലേക്ക് നേരിട്ട് തന്നെ അയച്ചു. അന്ന് ആദ്യമായി അത്തരമൊരു ക്യാമ്പ് രൂപീകരിച്ചത് തിരുവനന്തപുരം നഗരസഭയാണ്. 450 പേരടങ്ങുന്ന ഒരു വലിയ സംഘം റാന്നി, ആറന്മുള, ചെങ്ങന്നൂര്‍ തുടങ്ങീ എല്ലാ സ്ഥലങ്ങളിലും പോയി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും വീടുകള്‍ വൃത്തിയാക്കുകയുമൊക്കെ ചെയ്തിരുന്നു. റാന്നി ടൗണ്‍ മുഴുവനായും വൃത്തിയാക്കിയ ശേഷമാണ് ഈ സംഘം മടങ്ങിവന്നത്. അതിന് ശേഷമാണ് വിവിധ സംഘടനകളും മറ്റും ടീമുകളായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ചത്. ആ ഒരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് സഹായങ്ങളെത്തിക്കാന്‍ മൂന്നൂറോളം വരുന്ന ചെറുപ്പക്കാര്‍ ആദ്യദിവസം തന്നെ രംഗത്ത് വന്നത്. രണ്ടാം ദിവസം അത് 1200 ആയി. നിലവില്‍ 2800-ഓളം വൊളന്റിയര്‍മാരാണ് ഈ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ തലമുറയില്‍ പാരിസ്ഥിതിക അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നഗരസഭ ഗ്രീന്‍ ആര്‍മി എന്നൊരു പദ്ധതി നടപ്പാക്കിയിട്ടുണ്ട്. അതിലൂടെ തന്നെ യുവാക്കളുടെ ഒരു സംഘത്തെ ഏത് സമയത്തും സജ്ജമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഗ്രീന്‍ ആര്‍മിയുടെ യൂണിറ്റുകള്‍ സ്‌കൂളുകളിലും കോളേജുകളിലും പൊതുഇടങ്ങളിലുമെല്ലാം രൂപീകരിച്ചിട്ടുണ്ട്. സമൂഹത്തിനുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ‘ഹരിത നഗരോത്സവം’ എന്ന പേരില്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഹരിത നഗരോത്സവം നടത്തിയത് തന്നെ കഴിഞ്ഞ പ്രളയകാലം ബാധിച്ച മേഖലകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ്. അവര്‍ ആ പ്രളയത്തെ അതിജീവിച്ചതെങ്ങനെയാണെന്നത് അടക്കമുള്ള പങ്കുവയ്ക്കലാണ് നടത്തിയത്. അതിന്റെയെല്ലാം വലിയൊരു അനുഭവം ഈ ചെറുപ്പക്കാര്‍ക്കുണ്ടായിരുന്നു. അതാണ് വളരെ കൃത്യമായി തന്നെ ഇത്തവണത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സഹായിച്ചത്.

ഗ്രീന്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

നിലവില്‍ നഗരത്തിലെ അമ്പതോളം കലാലയങ്ങളില്‍ ഗ്രീന്‍ ആര്‍മിയുടെ യൂണിറ്റുണ്ട്. ഏത് സമയത്ത് വിളിച്ചാലും അഞ്ഞൂറിലധികം വരുന്ന ചെറുപ്പക്കാര്‍ വളരെ കര്‍മ്മനിരതരായി തയ്യാറെടുത്തിരിക്കുകയാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ പോകണമെന്നും അവിടെ വേണ്ട സഹായങ്ങള്‍ ചെയ്യണമെന്നുമാണ് ഞങ്ങളുടെ ആഗ്രഹം. എന്നാല്‍ കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായി ഇപ്പോള്‍ അവിടേക്ക് പോകരുതെന്ന അധികൃതരുടെ നിര്‍ദ്ദേശം മൂലമാണ് അതിന് തുനിയാത്തത്. പിന്നീട് കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഞങ്ങള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. തിരുവനന്തപുരം നഗരത്തെ മാലിന്യവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീന്‍ ആര്‍മി രൂപീകരിച്ചത്. തിരുവനന്തപുരം നഗരത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കാന്‍ പുതിയ തലമുറയെ മാലിന്യത്തിന്റെ കാര്യത്തില്‍ പഠിപ്പിക്കുകയെന്നതാണ്. എല്ലാവരും പറയും സിംഗപ്പൂരില്‍ പോയാല്‍ മാലിന്യമില്ല, അമേരിക്കയില്‍ പോയാല്‍ മാലിന്യമില്ല എന്ന്. ആ നിലവാരത്തിലേക്ക് നമ്മുടെ നാട് മാറണമെങ്കില്‍ നമ്മളും ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. മാലിന്യം കൊണ്ടു വന്നിടുന്നത് ആരാണ്? നമ്മള്‍ തന്നെയാണ്. പുതിയ തലമുറയെ അതില്‍ നിന്നും പിന്തിരിപ്പിക്കുക. ഓരോ മാലിന്യവും എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അവരെ പഠിപ്പിക്കുക. അതുവഴി സുന്ദരമായ നഗരം കെട്ടിപ്പെടുക്കുക എന്നതായിരുന്നു ഞങ്ങള്‍ ലക്ഷ്യം വച്ച കാര്യം. ഇന്ന് ഈ നഗരത്തില്‍ കാണുന്ന മാലിന്യത്തിന്റെ കുറവ് ഗ്രീന്‍ ആര്‍മി കൂടി ഇടപെട്ടതിന്റെ ഭാഗമായി സംഭവിച്ചതാണ്. ആറ്റുകാല്‍ പൊങ്കാല സമയത്ത് അവര്‍ ഗ്രീന്‍ പ്രോട്ടോക്കോളിന് വേണ്ടി രംഗത്തിറങ്ങുകയും പ്ലാസ്റ്റികിനെതിരായ ബോധവത്ക്കരണം, സര്‍വേ, പ്ലാസ്റ്റികിന്റെ ഓഡിറ്റിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അതിനെ പ്രളയ മേഖലയില്‍ കൂടി വിനിയോഗിച്ചുവെന്ന് മാത്രമേയുള്ളൂ.

പ്രളയ ദുരിതാശ്വാസത്തിനായി ആരംഭിച്ചിരിക്കുന്ന കളക്ഷന്‍ പോയിന്റിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ച് വിശദീകരിക്കാമോ?

കളക്ഷന്‍ പോയിന്റിന്റെ പ്രവര്‍ത്തനം വളരെ കൃത്യതയോടെയാണ് ഞങ്ങള്‍ക്ക് നടപ്പാക്കാന്‍ സാധിച്ചത്. ഇവിടെ തിരുവനന്തപുരം നഗരസഭയുടെ കളക്ഷന്‍ പോയിന്റിലേക്ക് സാധനങ്ങളുമായി വരുന്ന ആളുകളുടെ മുന്നില്‍ വച്ച് എണ്ണി തിട്ടപ്പെടുത്തി അത് രജിസ്റ്ററിലും രേഖപ്പെടുത്തുന്നു. ആ സാധനങ്ങള്‍ നഗരസഭ ഏറ്റുവാങ്ങിയതായി സര്‍ട്ടിഫിക്കറ്റ് കൊടുക്കും. അതിനെ വൊളന്റിയര്‍മാര്‍ അകത്തുകൊണ്ടുവന്ന് പാക്കറ്റുകളാക്കുകയാണ് ചെയ്യുന്നത്. ഇതിന്റെയെല്ലാം ഓരോ പോയിന്റുകളില്‍ ഓരോരുത്തരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തരംതിരിക്കുന്ന ഭാഗത്ത് ഒരാള്‍, പാക്ക് ചെയ്യുന്ന ഭാഗത്ത് ഒരാള്‍, മെഡിക്കല്‍ ടീമിന് പ്രത്യേകം സജ്ജമാക്കിയ ടീമുകള്‍ അങ്ങനെ വളരെ സിസ്റ്റമാറ്റിക് ആയാണ് ഈ കാര്യങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ടാണ് ഏകദേശം എഴുന്നൂറോളം വരുന്ന സാധനങ്ങള്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നത്. അറുപതിലേറെ ലോഡുകള്‍ – (ഇന്നലെ രാത്രി അത് 75 ആയി) അതും ചെറിയ വാഹനങ്ങളല്ല, കണ്ടെയ്‌നറുകളും ടോറസുകളും മറ്റുമാണ്- കയറിപ്പോയിട്ടുണ്ട്. ആ നിലയില്‍ വളരെ സിസ്റ്റമാറ്റിക് ആയി തന്നെ കാര്യങ്ങളെ ഏകോപിപ്പിച്ചു.

എവിടേയ്‌ക്കൊക്കെയാണ് ഈ സാധനങ്ങള്‍ അയയ്ക്കുന്നത്?

ഞങ്ങള്‍ക്ക് ആദ്യത്തെ വിളി വന്നത് വയനാട്ടില്‍ നിന്നാണ്. അവര് പറഞ്ഞത് ഞങ്ങള്‍ക്കെങ്ങനെയെങ്കിലും കുടിവെള്ളം അയയ്ക്കണമെന്നാണ്. അതിനാല്‍ തന്നെ ആദ്യ രണ്ട് ലോഡ് പോയതും കുടിവെള്ളവുമായിട്ടാണ്. ഇപ്പോള്‍ ആവശ്യപ്പെടുന്ന സാധനങ്ങള്‍ വസ്ത്രങ്ങളും ശുചീകരണ ഉപകരണങ്ങളും മരുന്നുകളുമൊക്കെയാണ്. ആവശ്യപ്പെടുന്ന സാധനങ്ങള്‍ അതാത് സ്ഥലങ്ങളിലേക്ക് അയയ്ക്കുന്നുണ്ട്. ഇപ്പോള്‍ പുതിയതായി ഉയര്‍ന്നിരിക്കുന്ന ആവശ്യം കന്നുകാലികള്‍ക്ക് ആവശ്യമായത് എത്തിക്കണമെന്നാണ്. തങ്ങള്‍ ഇത്രയും കാലം പരിപാലിച്ചുപോന്ന കന്നുകാലികളും കഷ്ടപ്പെടുകയാണെന്നും അവയ്ക്കും എന്തെങ്കിലും ചെയ്ത് നല്‍കണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ ഞങ്ങള്‍ അതും ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. ഇന്ന് ഒന്നര ലോഡ് സാധനങ്ങള്‍ അത് മാത്രം ലഭിച്ചിട്ടുണ്ട്. അവയും ബന്ധപ്പെട്ട സ്ഥലങ്ങളില്‍ എത്തിക്കുന്നുണ്ട്. (കന്നുകാലികള്‍ക്കുള്ള 4 ടണ്‍ കാലിത്തീറ്റ ഇന്നലെ രാത്രി അയച്ചു). അതായത് ആവശ്യത്തിനനുസരിച്ച് ആവശ്യമുള്ള സ്ഥലങ്ങളിലാണ് ഞങ്ങള്‍ സാധനങ്ങള്‍ എത്തിക്കുന്നത്. ഇനിയിപ്പോള്‍ സാധനങ്ങളുടെ കാര്യത്തില്‍ വലിയ സമ്മര്‍ദ്ദം വേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇനി സംഭാവനകള്‍ സിഎംഡിആര്‍എഫിലേക്ക് നല്‍കുന്നതായിരിക്കും നല്ലത്.

ഇവിടെ കൂടിയിരിക്കുന്നത് തിരുവനന്തപുരത്ത് നിന്നുള്ളവര്‍ മാത്രമല്ല, കേരളത്തില്‍ മൊത്തത്തിലുള്ള ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മയാണ്. അതെങ്ങനെ കോര്‍ഡിനേറ്റ് ചെയ്യാന്‍ സാധിക്കുന്നു?

ഗ്രീന്‍ ആര്‍മി തന്നെയാണ് അതിന് പിന്നിലെ ചാലകശക്തി. തിരുവനന്തപുരത്തുകാര്‍ മാത്രമല്ല. രജിസ്റ്റര്‍ ചെയ്തവരില്‍ വയനാട്ടില്‍ നിന്നുള്ളവരും കാസറഗോഡു നിന്നുള്ളവരും, അങ്ങനെ പല ജില്ലകളില്‍ നിന്നുള്ളവരുണ്ട്. തലസ്ഥാന നഗരമായതിനാല്‍ തന്നെ കേരളത്തിന്റെ ഒരു മീനിയേച്ചറാണ് ഈ നഗരം. അവരെല്ലാം ഇവിടേക്ക് വരുന്നുണ്ട്. ഫേസ്ബുക്കിലൂടെയും മറ്റും ഈ കൂട്ടായ്മയെക്കുറിച്ച് അറിഞ്ഞ് നഗരസഭയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ വന്നവരാണ്. അതില്‍ ഞങ്ങള്‍ക്ക് വലിയ അഭിമാനമുണ്ട്. കാരണം, ഈ പ്രവര്‍ത്തിക്കെതിരെ തുടക്കം മുതല്‍ നെഗറ്റീവ് ആയ കാമ്പെയ്‌നുകള്‍ ഉണ്ടായിരുന്നു. തെക്കന്‍ – വടക്കന്‍ എന്നിങ്ങനെ വേര്‍തിരിച്ചുള്ള കാമ്പെയ്‌നിംഗ് ആയിരുന്നു അത്. അതിനുള്ള കൃത്യമായ മറുപടിയാണ് കളക്ഷന്‍ പോയിന്റിലൂടെ ലഭിച്ചത്. ഇവിടെ കിട്ടിയിട്ടുള്ള സാധനങ്ങള്‍ തെളിയിക്കുന്നത് അത്തരം കാമ്പെയ്‌നുകളെ ജനം തള്ളിക്കളഞ്ഞെന്നാണ്. കൂട്ടായ്മ വീണ്ടും രൂപപ്പെടുന്നു. ആ ഒരു സന്ദേശം നല്‍കുന്ന ആഴം ചെറുതല്ല. അതാണ് ഞങ്ങളുടെ ആവശ്യവും.

എട്ടാം തിയതിയാണ് കളക്ഷന്‍ പോയിന്റ് ആരംഭിച്ചത്. ആദ്യദിവസങ്ങളില്‍ സാധനങ്ങളുടെ ലഭ്യത കുറവിന് ഈ വിദ്വേഷ പ്രചരണം മാത്രമാണോ കാരണം? കളക്ടര്‍ ഒമ്പതാം തിയതി പുറത്ത് വിട്ട വീഡിയോയും അതിനെ ബാധിച്ചിട്ടില്ലേ?

സാധനങ്ങള്‍ എത്തിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് കളക്ടര്‍ പുറത്തുവിട്ട വീഡിയോ ഒരു തിരിച്ചടിയായിരുന്നു. കളക്ഷന്‍ പോയിന്റിന്റെ ആദ്യ ദിവസങ്ങളില്‍ കാര്യമായ സാധനങ്ങള്‍ ലഭ്യമായതുമില്ല. വീടുകയറി സാധനങ്ങള്‍ ശേഖരിക്കാന്‍ പോയ പലര്‍ക്കും നിരാശയോടെ തിരികെ പോരേണ്ടിയും വന്നു. കളക്ടറെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ അങ്ങനെ പറയുമ്പോള്‍ സ്വാഭാവികമായും വിദ്വേഷ പ്രചരണത്തിന് ഒരു തെളിവാകുകയാണ്. പക്ഷെ അദ്ദേഹം അത് പിന്‍വലിച്ചു. ദുരിതം നടന്ന സമയമാണ്, രണ്ട് ദിവസം കഴിഞ്ഞാല്‍ മാത്രമേ അങ്ങോട്ടേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കുകയുള്ളൂ, അത് വരെ കാത്തിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് അദ്ദേഹം തന്നെ അത് വ്യക്തമാക്കുകയും ചെയ്തു. കളക്ടറേറ്റിന്റെ സെന്റര്‍, എസ്എംവി സ്‌കൂളില്‍ ആരംഭിക്കുകയും ചെയ്തു. ആ കാമ്പെയ്‌നിംഗിനെ ബലപ്പെടുത്തിയെന്നത് മാത്രമാണ് അതിലെ പോരായ്മ. അദ്ദേഹം അത് തിരുത്തിയതോടെ അത് മാറി. നഗരസഭയുടെയും കളക്ടറേറ്റിന്റെയും കൗണ്ടറുകളിലേക്ക് ധാരാളം സാധനങ്ങള്‍ വന്നു. ഇപ്പോള്‍ അങ്ങനെയൊരു വിഷയമുള്ളതായി ഞങ്ങള്‍ക്ക് തോന്നുന്നില്ല.

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ അന്നത്തെ കളക്ടറായിരുന്ന വാസുകിയുണ്ടായിരുന്നു. എന്നാല്‍ റെവന്യൂ ഉദ്യോഗസ്ഥരാരും അവധിയെടുക്കരുതെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ഇപ്പോഴത്തെ കളക്ടര്‍ അവധിയില്‍ പോകുകയായിരുന്നല്ലോ?

യഥാര്‍ത്ഥത്തില്‍ അദ്ദേഹം നേരത്തെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നതാണ്. ദുരന്തമുണ്ടാകുമെന്ന് ആരും മുന്‍കൂട്ടി കാണുന്നില്ലല്ലോ? ഒഴിവാക്കാന്‍ പറ്റാത്ത ആവശ്യത്തിന് അവധിയില്‍ പ്രവേശിച്ച അദ്ദേഹം അവധി വെട്ടിച്ചുരുക്കി തിരികെ വരികയും ചെയ്തു. അതോടെ ആ പ്രശ്‌നം അവസാനിച്ചു. ശ്രീമതി വാസുകി കഴിഞ്ഞ തവണ നല്ല നിലയില്‍ നേതൃത്വം നല്‍കിയിരുന്നു. അതേനിലയില്‍ തന്നെ നഗരസഭയും കാര്യങ്ങള്‍ ചെയ്തിരുന്നു. അങ്ങനെയൊരു നേതൃപരമായ പങ്കുവഹിക്കാന്‍ ആരെങ്കിലുമൊക്കെ മുന്നോട്ട് വരണം. ജില്ലാഭരണകൂടങ്ങളാണ് സാധാരണഗതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതും അവിടെ ആഹാരവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നതെല്ലാം സാധാരണ നിലയില്‍ അവരാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇതൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ തെളിയിച്ചുവെന്ന് മാത്രമേയുള്ളൂ.

മേയര്‍ ബ്രോയെക്കുറിച്ച് നിരവധി ട്രോളുകള്‍ ഇറങ്ങുന്നുണ്ടല്ലോ?

ഒരുപാട് പോസിറ്റീവ് ആയ ട്രോളുകളുണ്ട്. വിമര്‍ശനങ്ങളും ഉണ്ടാകുന്നുണ്ട്. ഇതൊന്നും സ്ഥായിയായി നിലനില്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. വിമര്‍ശനങ്ങളെ അതിന്റെ അര്‍ത്ഥത്തില്‍ മനസിലാക്കുകയും എന്തെങ്കിലും തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തുകയും ചെയ്യുക എന്നുള്ളതാണ്. ട്രോളുകളെ പോസിറ്റീവ് ആയി തന്നെയാണ് കാണുന്നത്.

വി.കെ പ്രശാന്ത് തിരുവനന്തപുരത്തിന്റെ മാത്രം മേയറല്ല, കേരളത്തിന്റെ മൊത്തം മേയറാണെന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. ഇതൊരു വിധത്തില്‍ ബിംബവത്ക്കരണത്തിലേക്ക് പോകുന്നില്ലേ?

അങ്ങനെ ഞാന്‍ കാണുന്നില്ല. യഥാര്‍ത്ഥത്തില്‍ ഈ ചെറുപ്പക്കാര്‍ക്കൊരു നേതൃത്വം കൊടുക്കുകയെന്നുള്ള ഒരു ദൗത്യം മാത്രമാണ് ഞാന്‍ നിര്‍വഹിച്ചത്. ഇപ്പോള്‍ തന്നെ ഈ നെഗറ്റീവ് കാമ്പെയ്‌നിംഗിനും കേരളത്തിന്റെ ഐക്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കുമുള്ള മറുപടിയായി ഈ കാമ്പെയ്ന്‍ മാറി. അതിന് നേതൃപരമായ പങ്ക് വഹിക്കാന്‍ കഴിഞ്ഞുവെന്ന സന്തോഷം മാത്രമേയുള്ളൂ. ഈ ചെറുപ്പക്കാരാണ് യഥാര്‍ത്ഥത്തില്‍ ഈ ജോലിയൊക്കെ ചെയ്യുന്നത്. ഇത് എന്റെ വിജയമായാണ് പലരും വിശേഷിപ്പിക്കുന്നത്. എന്നാല്‍ ജോലി ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ഊര്‍ജ്ജവും ഉത്സാഹവുമാണ് ഈ പദ്ധതി വിജയിക്കാന്‍ കാരണം. ഞാന്‍ അവര്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന് മാത്രമേയുള്ളൂ. ഇത് യഥാര്‍ത്ഥത്തില്‍ അവരുടെ വിജയമാണ്. അതിനെയൊരു ബംബവത്ക്കരണമായി ഞാന്‍ കാണുന്നില്ല. അത്തരം പുകഴ്ത്തലുകളെയൊക്കെ അതിന്റെയൊരു വശമായി മാത്രം കണ്ടാല്‍ മതി. ഞാന്‍ നേതൃപരമായ പങ്കുവഹിക്കുന്നതിനെക്കുറിച്ച് നവമാധ്യമങ്ങളുടെ കാലത്ത് പലരും പ്രചരിപ്പിക്കുന്നുവെന്ന് മാത്രമേയുള്ളൂ. ഇതൊന്നും കണ്ട് എന്റെ കണ്ണ് മഞ്ഞളിച്ച് പോകുന്നൊന്നുമില്ല. ഈ ദൗത്യം ഇനിയും തുടരും. എത്രയോ കാര്യങ്ങള്‍ ഈ കൗണ്‍സില്‍ ഇതിനകം ചെയ്തു. അതിന്റെ ഭാഗം മാത്രമാണ് ഇത്. കഴിഞ്ഞമാസമാണ് ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയത്. അങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുകയെന്നത് എന്റെ ദൗത്യമാണ്, അത് ചെയ്തുകൊണ്ടേയിരിക്കും.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍