UPDATES

പ്രളയം 2019

‘ഒന്നും കൊടുക്കരുതേ’ എന്നു പറഞ്ഞവരേക്കാള്‍ നൂറിരിട്ടി പേരുണ്ട്, ‘എന്ത് വേണമെങ്കിലും തരാം’ എന്നു പറഞ്ഞവര്‍; നൗഷാദുമാരുടെ കേരളം

കുസാറ്റിലെ സംഭരണ കേന്ദ്രത്തില്‍ നിന്നും എറണാകുളം ബ്രോഡ് വേയിലെ കച്ചവടക്കാരെ തേടിയിറങ്ങിയവര്‍ക്ക് ഒരു നൗഷാദിനെ മാത്രമല്ല കാണാനായത്

എറണാകുളം വൈപ്പിന്‍ മാലിപ്പുറത്തെ ഒരു കൊച്ചു വീട്ടില്‍ ഇന്ന് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബലിപ്പെരുന്നാള്‍ ആഘോഷം നടക്കും. നേരിട്ട് പങ്കുചേരാന്‍ കഴിയില്ലെങ്കിലും കേരളം ഒന്നടങ്കം മനസ് കൊണ്ടെങ്കിലും ആ വീട്ടിലേക്ക് എത്തും; ‘നൗഷാദ് എന്ന മനുഷ്യനൊപ്പം’ പെരുന്നാള്‍ കൂടാന്‍.

പ്രളയം വീണ്ടും ഒരു നാടിനെ തകര്‍ത്തപ്പോള്‍ ‘ആരും ഒന്നും കൊടുക്കരുത്’ എന്നു പറഞ്ഞവരെ ഒറ്റ നിമിഷം കൊണ്ട് തോല്‍പ്പിച്ചു കളഞ്ഞവനാണ് നൗഷാദ്. കൊച്ചി ബ്രോഡ് വേയിലെ അനേകം വഴിയോര കച്ചവടക്കാരില്‍ ഒരാള്‍. കമ്പോളത്തിലെ മത്സരത്തില്‍ എത്രയൊച്ചയിട്ടു വിളിച്ചാലും നൗഷാദിനെ പോലുള്ളവരുടെ കടയിലേക്ക് വരുന്നവരുടെ എണ്ണം പരിമിതമായിരിക്കും. അത്രയേ നടക്കൂ ഒരു ദിവസത്തെ കച്ചവടവും. എണ്ണി തിട്ടപ്പെടുത്താന്‍ വലിയ ലാഭമൊന്നും ഉണ്ടാകില്ല. പക്ഷേ, അവരൊരിക്കലും നഷ്ടത്തെക്കുറിച്ചോ പെട്ടിയില്‍ വീണ പണത്തെക്കുറിച്ചോ ചിന്തിക്കുന്നില്ല. അന്നന്നത്തെ ജീവിതത്തെ കുറിച്ചുമാത്രമാണ് ആലോചന. ഒരു മഴ പെയ്താല്‍ മതി ഈ വഴിയോര കച്ചവടക്കാരുടെ ജീവിതം പട്ടിണിയിലാകാനും. അങ്ങനെ എത്രയെത്ര മഴയവരുടെ നെഞ്ച് തകര്‍ത്തിട്ടുണ്ട്. അതറിയാവുന്നൊരാള്‍ക്ക് പ്രളയത്തിന്റെ ദുരിതം മനസിലാകാതെ പോകുമോ? ഒരു നാട് മുഴുവന്‍ തന്നെ സ്‌നേഹത്തോടെ ചേര്‍ത്തു പിടിച്ചിരിക്കുകയാണെന്നു കേള്‍ക്കുമ്പോഴും നൗഷദിന്റെ മുഖത്തെ ശാന്തതയ്ക്കും കാരണവും അതാണ്. പരസ്പരം സഹായിച്ചല്ലേ നമ്മള്‍ ജീവിക്കേണ്ടതെന്ന ബോധ്യം നൗഷാദിന്റെ ഉള്ളിലുണ്ട്.

കുസാറ്റിലെ സംഭരണ കേന്ദ്രത്തില്‍ നിന്നും എറണാകുളം ബ്രോഡ് വേയിലെ കച്ചവടക്കാരെ തേടിയിറങ്ങിയവര്‍ക്ക് ഒരു നൗഷാദിനെ മാത്രമല്ല കാണാനായത്. “ഒന്നും കൊടുക്കരുതേ’ എന്നു പറഞ്ഞവരേക്കാള്‍ നൂറിരിട്ടിപേരുണ്ട് , എന്ത് വേണമെങ്കിലും തരാം’ എന്നു പറയുന്നവരായി ഈ നാട്ടില്‍. അവരിലേറെയും നൗഷാദിനെ പോലെ വഴിയോര കച്ചവടക്കാരാണ്. മലയാളികളേ അല്ലാത്തവര്‍. ബംഗാളികള്‍, ബിഹാറികള്‍, തമിഴര്‍… ഭാഷയും നാടും വേറെയാണെങ്കിലും ഒരു നിമിഷം പോലും അറച്ചു നില്‍ക്കാതെയാണവര്‍ നമ്മള്‍ക്കൊപ്പം കൈകോര്‍ത്തത്. പ്രളയം എന്നു മാത്രമെ പറഞ്ഞുള്ളൂ, മറ്റൊന്നും ചോദിക്കാനും പറയാനും നില്‍ക്കാതെയാണ് തുണിത്തരങ്ങള്‍ എടുത്തു തന്നത്. ഒരുപക്ഷേ പ്രളയം എന്താണെന്നും അതിന്റെ വേദന എന്താണെന്നും നമ്മളെക്കാള്‍ അറിയവുന്നവരാണവര്‍. എത്രയെത്ര പ്രകൃതിക്ഷോഭങ്ങള്‍ അവര്‍ നേരിട്ടിട്ടുണ്ടായിരിക്കാം. എല്ലാം നഷ്ടപ്പെട്ടവരായിരിക്കും. ജീവിതം വീണ്ടും കരകയറ്റാന്‍ വന്നവരായിരിക്കും. ഞങ്ങള്‍ക്ക് വസ്ത്രങ്ങളും ചെരുപ്പും ഒക്കെ എടുത്തു തന്നവര്‍, അതാത് കടകളിലെ വെറും ജോലിക്കാര്‍ മാത്രമായിരിക്കും. പക്ഷേ, ഒന്നും അവര്‍ തടസമായി പറഞ്ഞില്ല. ഒന്നും കൊടുക്കേണ്ടതില്ലെന്നു പറഞ്ഞവര്‍ നമ്മള്‍ക്കിടയിലുള്ളവര്‍ തന്നെയായിരുന്നു. എന്തും തരാന്‍ തയ്യാറായവര്‍ നമ്മുടെ നാട്ടില്‍ ജീവിതം തേടി വന്നവരും”, കസാറ്റിലെ കളക്ഷന്‍ സെന്ററിന്റെ ചുമതലക്കാരില്‍ ഒരാളായ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ചിത്തിര കുസുമന്റെ വാക്കുകള്‍.

Also Read: ‘കരിങ്കല്ല് പൊട്ടിക്കാന്‍ ഓരോ സ്ഫോടനം നടത്തുമ്പോഴും പശ്ചിമഘട്ട മലനിരകൾ ആകെയൊന്ന് കുലുങ്ങും’, എന്തുകൊണ്ട് നമ്മള്‍ ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചു?

വലിയ ഷോപ്പുകളില്‍ ചെല്ലുമ്പോള്‍, അവര്‍ നേരത്തെ അവിടെ ഇതേ ആവശ്യവുമായി വന്നവര്‍ക്ക് സഹായങ്ങള്‍ കൈമാറിയിട്ടുണ്ടെങ്കില്‍ ആ വിവരം പറയും, ഇല്ലെങ്കില്‍ നമുക്ക് സാധനങ്ങള്‍ തരും. എന്നാല്‍ വഴിയോര കച്ചവടക്കാര്‍ ആരും, മുമ്പ് അവര്‍ കൊടുത്തിട്ടുള്ളതാണെങ്കില്‍ പോലും അക്കാര്യം പറയാതെയാണ് വീണ്ടും സഹായിക്കുന്നത്; ചിത്തിര പറയുന്നു. “നമ്മളെക്കാള്‍ മുന്നേ ചെന്നവര്‍ക്കും കൊടുത്തു, നമുക്കും തന്നു, ഇനിയാരെങ്കിലും ചെന്നാല്‍ അവര്‍ക്കും കൊടുക്കും. നമുക്ക് സാധനങ്ങള്‍ തരുന്നതിനൊപ്പം കുറെ സാരികള്‍ ഒരു കടക്കാരന്‍ എടുത്തു മാറ്റി വച്ചിട്ടുണ്ടായിരുന്നു, ആരോ പറഞ്ഞിട്ടു പോയതാണത്രേ. ഇതാണവരുടെ മനസ്. നമുക്ക് തരുന്ന ഒരു ഡ്രസ് ആയിരിക്കും ഒരു ദിവസത്തെ അവരുടെ കച്ചവടം. അതായിരിക്കും അന്നത്തെ അവരുടെ വരുമാനം. പക്ഷേ, അവരതൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ല. നൗഷാദ് ഞങ്ങളെ ഇങ്ങോട്ട് വന്ന് വിളിക്കുകയായിരുന്നു. എന്റെ കൂടെയൊന്നു വരുമോയെന്നു ചോദിച്ചു. കുറച്ചു ദൂരം നടന്നിട്ടാണ് അദ്ദേഹം തുണിത്തരങ്ങള്‍ സംഭരിച്ച് വച്ചിരിക്കുന്ന കെട്ടിടത്തില്‍ എത്തിയത്. അവിടെ ചെന്നിട്ട് ആ മനുഷ്യന്‍ ചാക്കില്‍ വാരിക്കൂട്ടിയാണ് വസ്ത്രങ്ങള്‍ തന്നത്. പെരുന്നാളും ഓണവുമൊക്കെ വരികയാണ്. പക്ഷേ, എന്റെ കച്ചവടത്തിന്റെ ലാഭം ഞാന്‍ നേടിക്കഴിഞ്ഞുവെന്നാണ് ഞങ്ങള്‍ക്ക് വസ്ത്രങ്ങള്‍ കൈമാറിക്കൊണ്ട് നൗഷാദ് പറഞ്ഞത്കിട്ടിയവയില്‍ അധികവും കുഞ്ഞുകുട്ടികള്‍ക്കുള്ള ഉടുപ്പുകളും ചെരുപ്പും ഷൂസും സോക്‌സും ഒക്കെയായിരുന്നു.”

അതിലൊരു വൈകാരിതയുണ്ടെന്നാണ് ചിത്തിര പറയുന്നത്. “ഈ മഴയത്തും തണുപ്പത്തും വിറച്ചു കിടക്കേണ്ടി വരുന്ന കുഞ്ഞു കുട്ടികളെക്കുറിച്ച് ഓര്‍ത്തു നോക്കിയാല്‍ നമ്മളെല്ലാവരും നൗഷാദുമാരാകും. ഈ നാട്ടില്‍ ഇനിയുമുണ്ട് മനുഷ്യന്റെ വേദനയും നിസ്സഹായതയും മനസിലാകുന്ന മനുഷ്യര്‍. അവര്‍ക്കു മുന്നിലേക്ക് ചെന്നാല്‍ മതി; ഈ പ്രളയവും അതിജീവിക്കാന്‍ നമുക്കാവുമെന്ന് മനസിലാക്കാന്‍.”

Also Read: ‘കപട ഉള്‍ക്കരുത്ത് നേടി അതിജീവിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ല’, മലയാളികളോട് പ്രമുഖ മാനസികാരോഗ്യ വിദഗ്ദ്ധന്‍ ഡോ. സി.ജെ ജോണിന് പറയാനുള്ളത്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍