UPDATES

പ്രളയം 2019

ദുരിതബാധിതര്‍ക്കുള്ള ആദ്യ സഹായമായി 10000 രൂപ; മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ

ഇന്ന് രാവിലെ ഒമ്പത് മണി വരെ 95 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും മുഖ്യമന്ത്രി

കേരളത്തിലെ വെള്ളപ്പൊക്ക ബാധിതര്‍ക്ക് ആദ്യസഹായമായി സംസ്ഥാന സര്‍ക്കാര്‍ 10000 രൂപ പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ നല്‍കും. സഹായം ലഭിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയ ശേഷമായിരിക്കും തുക വിതരണം ചെയ്യുക. വീട് നഷ്ടമായവര്‍ക്ക് നാല് ലക്ഷം രൂപ നല്‍കും. വീടുകള്‍ വാസയോഗ്യമല്ലാതായവര്‍ക്കാണ് ഇത് ലഭിക്കുക. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കും. വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ഇതിനുള്ള പട്ടിക തയ്യാറാക്കും. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണി വരെ 95 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

ഇത്തവണ ഉരുള്‍പൊട്ടലാണ് നാശനഷ്ടങ്ങള്‍ക്ക് മുഖ്യകാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 64ഓളം ഉരുള്‍പൊട്ടലുണ്ടായി. ഇതാണ് കൂടുതല്‍ മരണങ്ങള്‍ക്ക് വഴിവച്ചത്. പ്രളയത്തിന്റെ തീവ്രതയും ദുരിതത്തിന്റെ കാഠിന്യവും കണക്കിലെടുത്ത് അര്‍ഹമായ പഞ്ചായത്തുകളെ കാലവര്‍ഷ കെടുതി ബാധിച്ച പ്രദേശങ്ങളായി പ്രഖ്യാപിക്കും. ദുരന്ത നിവാരണ ചട്ടങ്ങളനുസരിച്ച് വിജ്ഞാപനം പ്രകടിപ്പിക്കും. 6,92,966 കുടുംബങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം സഹായം നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തവണ 1118 ക്യാമ്പുകളിലായി 1,89,576പേര്‍ താമസിക്കുന്നുണ്ട്. കുറെ ക്യാമ്പുകള്‍ ഇതിനകം പ്രവര്‍ത്തനം അവസാനിപ്പിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇ പി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ഇതിനിടെ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ തിരച്ചില്‍ നിര്‍ത്തിവച്ചു. മണ്ണിടിച്ചില്‍ സാധ്യത മുന്‍നിര്‍ത്തിയാണ് തീരുമാനം. ബുധനാഴ്ട ഒരു മൃതദേഹം കൂടി കവളപ്പാറയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ കവളപ്പാറയില്‍ നിന്നും 26 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 33 പേരെ കൂടി കണ്ടെത്താനുണ്ട്. സംസ്ഥാനത്ത് കോഴിക്കോട് ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഇന്നും മഴ തുടരുകയാണ്.

പത്തനംതിട്ട റാന്നിയില്‍ ഒരു രാത്രി കൊണ്ട് പമ്പയാറും കൈവഴിയായ വലിയ തോടും നിറഞ്ഞു. കഴിഞ്ഞയാഴ്ചയിലെ പ്രളയത്തില്‍ പോലും വലിയ തോട് കരകവിഞ്ഞിരുന്നില്ല. ഇന്നലെ വൈകുന്നേരം അഞ്ചിന് തുടങ്ങിയ മഴയിലാണ് ജലനിരപ്പ് ഉയര്‍ന്നത്. പമ്പയാറിലും തോടുകളിലും ഇന്നലെ കാല്‍ഭാഗം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളൂ. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്ക് വെള്ളം കയറിത്തുടങ്ങി. റാന്നിയില്‍ ഇപ്പോഴും മഴ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഈസമയം തോടുകളിലും പുഴയിലും ഇതേ ജലനിരപ്പായിരുന്നു.

also read:കണ്ണടച്ചിരുട്ടാക്കിയിട്ട് കാര്യമില്ല; കേരളത്തിലെ ഓരോ പഞ്ചായത്തിലും ശരാശരി ആറ് ക്വാറികൾ, 56 ശതമാനം പരിസ്ഥിതി ലോല മേഖലയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍