UPDATES

വിപണി/സാമ്പത്തികം

സാലറി ചാലഞ്ച് പോലെ പ്രളയ സെസും ആയുധമാക്കാന്‍ പ്രതിപക്ഷം; ഇടതുപക്ഷത്തിന് മറ്റൊരു തെരഞ്ഞെടുപ്പ് കെണിയാകുമോ?

സഭയ്ക്കകത്തും പുറത്തും പ്രളയ സെസ് ചര്‍ച്ചയാകുന്നതോടെ ഇത് നടപ്പാക്കുന്നതിനെക്കുറിച്ച് ഒരിക്കല്‍ കൂടി ചിന്തിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാകും

ഇന്നലെ ധനമന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്നുള്ള കരകയറ്റത്തിനായി പ്രളയ സെസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രണ്ട് വര്‍ഷത്തേക്ക് ഒരു ശതമാനമാണ് പ്രളയസെസ് ഏര്‍പ്പെടുത്തുന്നത്. ഒരു വര്‍ഷത്തേക്ക് പ്രളയ സെസ് ഏര്‍പ്പെടുത്തുമെന്നാണ് കരുതപ്പെട്ടതെങ്കിലും രണ്ട് വര്‍ഷത്തേക്ക് സെസ് ഏര്‍പ്പെടുത്തുന്നത് ജനങ്ങളില്‍ അമിത സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കലാകുമെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ഭാരിച്ച ഉത്തരവാദിത്വവും സാമ്പത്തിക ബാധ്യതയുമാണ് അടുത്തകാലത്ത് സംസ്ഥാനം നേരിട്ട പ്രളയം സര്‍ക്കാരില്‍ അടിച്ചേല്‍പ്പിച്ചത്. എന്നാല്‍ അധിക വിഭവ സമാഹരണത്തിനുള്ള നിര്‍ദ്ദേശങ്ങളൊന്നും ബജറ്റില്‍ മുന്നോട്ടുവയ്ക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നു. നികുതിയേതര വരുമാനത്തിലൂടെ വിഭവ സമാഹരണത്തിന് ശ്രമിക്കുന്നതിന് പകരം സാധാരണക്കാരന്റെ നടുവൊടിക്കുന്ന നികുതി വര്‍ധനവാണ് ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഉള്ളതിനൊക്കെ ധനമന്ത്രി ചുമത്തിയിരിക്കുന്നതെന്നും ചെന്നിത്തല പറയുന്നു.

പ്രളയബാധിത പഞ്ചായത്തുകള്‍ 250 കോടി രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങളുടെ നിത്യോപയോഗ സാധനങ്ങള്‍ക്കാണ് ഈ അധിക സെസ് ചുമത്തപ്പെടുന്നത്. ഉയര്‍ന്ന ജിഎസ്ടിയുള്ള ഉല്‍പ്പന്നങ്ങളുടെ യഥാര്‍ത്ഥ വിലയുടെ ഒരു ശതമാനമാണ് സെസ് എന്നതിനാല്‍ ജനങ്ങള്‍ക്ക് ഇത് ഇരട്ടിഭാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 12, 18, 28 ശതമാനങ്ങള്‍ ജിഎസ്ടി ഉള്ള ഉള്‍പ്പന്നങ്ങള്‍ക്കാണ് സെസ്. ചെറുകിട ഉല്‍പ്പന്നങ്ങള്‍ക്ക് വെള്ളപ്പൊക്ക സെസ് ഏര്‍പ്പെടുത്തില്ലെങ്കിലും ജനങ്ങള്‍ക്ക് അത്യാവശ്യമായ പല ഉല്‍പ്പന്നങ്ങള്‍ക്കും ഉയര്‍ന്ന ജിഎസ്ടിയാണെന്നതിനാല്‍ ഈ സെസ് ജനങ്ങളുടെ നട്ടെല്ല് തന്നെയാണ് ഒടിക്കുക. പ്രളയ ബാധിച്ച സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് പോലും ഈ അമിതഭാരം നേരിടേണ്ടി വരും. ഇതാണ് ഈ സെസ് ചര്‍ച്ചയാകുന്നതിനും കാരണം. വരുംദിവസങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയുമെല്ലാം ഇതില്‍ തൂങ്ങിയായിരിക്കും ബജറ്റിനെ വിമര്‍ശിക്കുകയെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

പ്രളയത്തെ തുടര്‍ന്ന് കേരളത്തില്‍ മദ്യത്തിന്റെ വില വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ മൂന്ന് മാസത്തിന് ശേഷം മദ്യവില കുറയ്ക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ ഈ ബജറ്റില്‍ മദ്യത്തിന്റെ വില വര്‍ധിപ്പിക്കില്ലെന്നാണ് കരുതിയിരുന്നതെങ്കിലും ബിയര്‍, വൈന്‍ ഉള്‍പ്പെടെയുള്ളവയുടെയും മദ്യത്തിന്റെയും വില അപ്രതീക്ഷിതമായി വര്‍ധിപ്പിക്കുകയും ചെയ്തു. രണ്ട് ശതമാനം വര്‍ധനവാണ് മദ്യ വിലയിലുണ്ടായിരിക്കുന്നത്. കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും സോപ്പ് ടൂത്ത് പേസ്റ്റ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെയുമെല്ലാം വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതിന് പുറമെയാണ് പ്രളയ സെസും ഏര്‍പ്പെടുത്തുന്നത്.

പ്രളയത്തിലകപ്പെട്ട കേരളത്തെ കരകയറ്റാനെന്ന പേരില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന മറ്റ് പദ്ധതികള്‍ പോലെയാണ് സെസും വിവാദമാകുന്നത്. മുമ്പ് സാലറി ചലഞ്ച് നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴും വിവാദമുണ്ടാകുകയും കോടതിയില്‍ പോകേണ്ടി വരികയും ചെയ്തിരുന്നു. സാലറി ചലഞ്ച് അടിച്ചേല്‍പ്പിക്കുന്നുവെന്നതാണ് അന്ന് വിവാദമായത്. സാലറി ചലഞ്ച് നിര്‍ബന്ധിതമാക്കാനാകില്ലെന്ന് കോടതി ഉത്തരവിട്ടതോടെ ആ പദ്ധതി പരാജയപ്പെടുകയും ചെയ്തു. സാലറി ചലഞ്ചിനെതിരെ സംസ്ഥാനത്തിനകത്ത് നിന്ന് തന്നെയാണ് എതിര്‍പ്പുണ്ടായതെങ്കില്‍ ഫണ്ട് സമാഹരണത്തിന് സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്ത മറ്റൊരു പദ്ധതിക്ക് കേന്ദ്രസര്‍ക്കാരാണ് എതിര് നിന്നത്. പ്രളയത്തിന് തൊട്ടുപിന്നാലെ തന്നെ സഹായം പ്രഖ്യാപിച്ച സൗദി അറേബ്യ പോലുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. എന്നാല്‍ വിദേശ സഹായം വാങ്ങാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തതോടെ ആ സാധ്യതകള്‍ ഇല്ലാതായി.

വിദേശത്തെ മലയാളി സമൂഹത്തോട് സഹായം അഭ്യര്‍ത്ഥിക്കാനായി പിന്നീട് നീക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിനായി വിദേശ യാത്രകള്‍ നടത്താനും അവിടങ്ങളിലെ മലയാളി സമൂഹത്തോട് അഭ്യര്‍ത്ഥന നടത്താനുമാണ് തീരുമാനിച്ചത്. എന്നാല്‍ മുഖ്യമന്ത്രിക്ക് മാത്രം യാത്ര അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ മറ്റ് മന്ത്രിമാര്‍ക്ക് യാത്രയ്ക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജിഎസ്ടി കൂടിയ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രളയ സെസ് ഏര്‍പ്പെടുത്തുന്നതായി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. നിയമസഭയിലും പുറത്തും ബജറ്റിന് മേലുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമ്പോള്‍ സെസ് വിഷയമായാല്‍ അത് നടപ്പാക്കുന്നതിനെക്കുറിച്ചും സംസ്ഥാന സര്‍ക്കാരിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരും. പ്രകൃതി ദുരന്തങ്ങള്‍ വരുമ്പോള്‍ അധിക സെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി കൗണ്‍സില്‍ നല്‍കിയ അധികാരം ഉപയോഗിച്ചാണ് ഇത് നടപ്പാക്കുന്നത്. അതിനാല്‍ തന്നെ പ്രളയ സെസിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാകും.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും പ്രളയ സെസിനെ സര്‍ക്കാരിനെതിരായ ഏറ്റവും വലിയ ആയുധമാക്കാന്‍ സാധ്യതയേറുന്നതും ഇവിടെയാണ്. ഈ അധിക നികുതി ഭാരത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരില്‍ മാത്രം കെട്ടിയേല്‍പ്പിക്കാന്‍ ഇരുവര്‍ക്കും സാധിക്കും. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ തന്നെ ആരംഭിച്ച ചര്‍ച്ചകളില്‍ നടക്കുന്നതും. അതോടൊപ്പം പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള പദ്ധതികളൊന്നും തന്നെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അതും സര്‍ക്കാരിന് തിരിച്ചടിയാകും. സഭയ്ക്കകത്തും പുറത്തും പ്രളയ സെസ് ചര്‍ച്ചയാകുന്നതോടെ ഇത് നടപ്പാക്കുന്നതിനെക്കുറിച്ച് ഒരിക്കല്‍ കൂടി ചിന്തിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാകുകയും ചെയ്യും.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍