UPDATES

ഒറ്റപ്പെട്ട് കുട്ടനാട്; ജനങ്ങള്‍ കഞ്ഞി വീഴ്ത്ത് കേന്ദ്രങ്ങളില്‍; മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ പോലും വഴിയില്ല

കൃഷി പൂര്‍ണ്ണമായും നശിച്ചു, 10 കോടിയുടെ കൃഷി നാശമെന്ന് പ്രാഥമിക വിലയിരുത്തല്‍

പകല്‍ ആറ് മണി മുതല്‍ കഞ്ഞിവീഴ്ത്ത് കേന്ദ്രങ്ങളില്‍..സന്ധ്യയായാല്‍ കഴുത്തറ്റം വെള്ളം നീന്തി തിരികെ വീടുകളിലേക്ക്…ഉറക്കം (അത് ഇല്ലാതായിട്ട് ദിവസങ്ങളായി എങ്കിലും) വെള്ളക്കെട്ടില്‍, വീട്ടില്‍ തന്നെ. തട്ടുകളുണ്ടാക്കി കിടക്കയും പാത്രങ്ങളും തുണിയുമെല്ലാം വാരിക്കെട്ടി ‘സൂക്ഷിച്ചി’ട്ടാണ് വീണ്ടും കഞ്ഞിവീഴ്ത്തു കേന്ദ്രങ്ങളിലേക്കെത്തുന്നത്. ഓരോദിവസവും വെള്ളമുയരുന്നതിനനുസരിച്ച് തട്ടുകളുടെ ഉയരവും കൂടും…പലയിടത്തും മേല്‍ക്കൂരവരെയെത്തി വെള്ളം…അതോടെ പലരും നാടുവിട്ടു… ചിലര്‍ മാത്രം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി… കിഴക്കന്‍ വെള്ളം കുട്ടനാട്ടിലേക്ക് ആര്‍ത്തലച്ച് എത്താന്‍ തുടങ്ങിയത് മുതല്‍ ഇതാണ് കുട്ടനാട്ടുകാരുടെ ജീവിതം.

വയല്‍ ഏതാണ് കായല്‍ ഏതാണ് എന്ന് തിരിച്ചറിയാന്‍ കഴിയാതെ വെള്ളത്തിന്റെ ഒരു പരപ്പ് മാത്രമാണ് ഇപ്പോള്‍ കുട്ടനാട്. വീടുകളെല്ലാം പാതി വെള്ളത്തില്‍ മുങ്ങിനില്‍ക്കുന്നു. ചിലയിടങ്ങളില്‍ മേല്‍ക്കൂരകള്‍ മാത്രമേ കാണാനാവൂ. ബാക്കി മുഴുവനും വെള്ളത്തില്‍ തന്നെ. വെള്ളക്കെട്ടില്‍ വീണ് മരണങ്ങള്‍..മരിച്ചവരുടെ മൃതദേഹം മോര്‍ച്ചറികളില്‍ തന്നെ സൂക്ഷിച്ചിരിക്കുന്നു. പേരിന് പോലും കുടിവെള്ളം കിട്ടാനില്ല..കക്കൂസ് മാലിന്യമടക്കം ഒഴുകിപ്പരക്കുന്ന വെള്ളത്തില്‍ ദിവസങ്ങളായി നീന്തിനടക്കുന്നവര്‍..സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണം വേവിച്ച് കഴിച്ച് കഞ്ഞിവീഴ്ത്ത് കേന്ദ്രങ്ങളില്‍ പകല്‍ മുഴുവന്‍ കഴിച്ചുകൂട്ടുന്നവര്‍… രണ്ടാം കൃഷിയെല്ലാം വെള്ളംകൊണ്ടുപോയ കര്‍ഷകര്‍..അങ്ങനെ നിരവധി കഥകള്‍ പറയാനുണ്ട് കുട്ടനാട്ടുകാര്‍ക്ക്.

‘എന്തെല്ലാം പറഞ്ഞാലും എങ്ങനെ പറഞ്ഞാലും ഞങ്ങള്‍ കുട്ടനാട്ടുകാരുടെ ജീവിതം ഇങ്ങനെ തന്നെയാണ്’ പുളിങ്കുന്ന് സ്വദേശിനി 76കാരിയായ കാവമ്മ പറയുന്നു. ഓര്‍മ്മവച്ച നാള്‍ മുതല്‍ കുട്ടനാട്ടിലെ കൊയ്ത്ത് തൊഴിലാളിയായ കാവമ്മയ്ക്ക് കുട്ടനാട്ടിലെ വെള്ളക്കയറ്റം പുതിയകാര്യമല്ല. പക്ഷെ ഇത്തരത്തില്‍ ‘ഏറ്റം’ വല്ലപ്പോഴുമേ ഉണ്ടാവാറുള്ളൂ എന്നാണ് കാവമ്മ പറയുന്നത് ‘കെഴക്കന്‍ വെള്ളം എത്തിത്തൊടങ്ങുമ്പഴേ നമ്മക്ക് അറിയാല്ലോ. അപ്പത്തന്നെ എല്ലാം വാരിക്കെട്ടി തടിത്താങ്ങില്‍ വെക്കും. രാത്രി രാത്രിയാണ് അങ്ങ്ന്ന് വെള്ളം കൊടംകൊടം കണക്കിന് തള്ളിവരുക. ചിലപ്പോള്‍ നേരം ഇരുട്ടിവെളുക്കുമ്പഴേക്കും അരപ്പൊക്കം വെള്ളമായിട്ടൊണ്ടാവും. അപ്പഴേ മനസ്സില്‍ ആധിവരും. എല്ലാക്കൊല്ലവും ഏറ്റമുണ്ടാവും. പക്ഷെ ചെല വര്‍ഷങ്ങളില്‍ ഇതുപോലത്തെ ഏറ്റമായിരിക്കും. അതുണ്ടായാ പിന്നെ ഞങ്ങക്കൊള്ളതെല്ലാം കൊണ്ടേ ഈ വെള്ളം പോവത്തൊള്ള്. പണ്ടോ പണോം ഒന്നും അധികമില്ലാത്തോണ്ട് അതില്‍ പേടിക്കണ്ട. ബാക്കിയൊള്ളതെല്ലാം കെട്ടിപ്പെറുക്കി വച്ചിട്ട് പോന്നാ, തിരിച്ച് ചെല്ലുമ്പം അറിയാ എന്നതാ ഒള്ളതെന്ന്. ചെലപ്പം നമ്മള് തിരിച്ച് ചെല്ലുമ്പം തുണിയെല്ലാം വെള്ളത്തില്‍ ഒഴുകിപ്പോയിട്ടുണ്ടാവും. പാത്രങ്ങളെല്ലാം അങ്ങ് ദൂരത്തെത്തീട്ടുണ്ടാവും.’

കഞ്ഞിവീഴ്ത്ത് കേന്ദ്രങ്ങള്‍

രണ്ട് പതിറ്റാണ്ടിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ സമാനതകളില്ലാത്ത ദുരിതമാണ് കുട്ടനാട്ടില്‍. വെള്ളപ്പൊക്കം എട്ട് ദിവസം പിന്നിട്ടതോടെ ഒരുലക്ഷത്തോളം പേരാണ് വിവിധ വില്ലേജുകളിലെ ഭക്ഷണവിതരണ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ അല്‍പം കുറവുണ്ടായതോടെ ഉയര്‍ന്ന മേഖലകളില്‍ നിന്ന് വെള്ളം ചെറിയതോതില്‍ ഇറങ്ങാന്‍ തുടങ്ങിയെങ്കിലും ജനങ്ങളുടെ ദുരിതം തുടരുകയാണ്. മടകള്‍ വീണതോടെ പലയിടങ്ങളിലും വെള്ളം ഇരട്ടിക്കുകയും ചെയ്തു. എന്നാല്‍ മുന്‍കാലങ്ങളിലെപ്പോലെ കുട്ടനാട്ടുകാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയില്ല. വീട് വിട്ടുവരാന്‍ ഭൂരിഭാഗം പേരും തയ്യാറായതുമില്ല. കഞ്ഞിവീഴ്ത്ത് കേന്ദ്രങ്ങള്‍ എന്നറിയപ്പെടുന്ന ഭക്ഷണ വിതരണ കേന്ദ്രങ്ങളിലെത്തി ഭക്ഷണം കഴിച്ച് രാത്രിയോടെ തിരികെ വീടുകളിലേക്ക് മടങ്ങിപ്പോവാനാണ് ഏവരും താത്പര്യപ്പെട്ടത്. രണ്ട് ദിവസത്തിനിടെ നാല് ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ കൂടി താലൂക്കില്‍ തുടങ്ങി. മടകുത്തി പാടത്തുനിന്ന് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാല്‍ മാത്രമേ നൂറ് കണക്കിന് വീടുകളെ വെള്ളക്കെട്ടില്‍ നിന്ന് രക്ഷിക്കാനാവൂ.

ഒറ്റപ്പെട്ട് കുട്ടനാട്

പത്രമില്ല, വൈദ്യുതിയില്ല, വാഹനമില്ല, തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. 48 മണിക്കൂറിലധികം വൈദ്യുതി ബന്ധം നിലച്ചതോടെ രണ്ട് ദിവസം മൊബൈല്‍ ഫോണുകളും നിലച്ചു. ശനിയാഴ്ചയാണ് ചിലയിടങ്ങളിലെങ്കിലും വൈദ്യുതി വിതരണം പുന:സ്ഥാപിക്കാനായത്. ഇതിന് പുറമെ പത്രവിതരണവും നിലച്ചതോടെ കുട്ടനാട്ടിലെ വെള്ളപ്പൊക്ക വിവരങ്ങള്‍ അന്വേഷിക്കാന്‍ എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ മാത്രമായി കുട്ടനാട്ടുകാരുടെ പുറംലോകവുമായുള്ള ബന്ധം. എസി റോഡില്‍ പലയിടത്തും ഒരാള്‍പ്പൊക്കം വെള്ളമായതോടെ വാഹനഗതാഗതം പൂര്‍ണമായും നിലച്ചു. ഉള്‍റോഡുകള്‍ എല്ലാം വെള്ളത്തിനടിയിലാണ്.

പുളിങ്കുന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ആശുപത്രി മുഴവന്‍ വെള്ളത്തിനടിയിലായതോടെ പ്രവര്‍ത്തനം ഭൂരിഭാഗവും നിലച്ചിരിക്കുകയാണ്. അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കാനാവശ്യമായ ഡോക്ടര്‍മാരും നഴ്‌സുമാരും ആലപ്പുഴ ഡിഎംഒ ഓഫീസില്‍ എത്തിയതിന് ശേഷം അവരെ ബോട്ടില്‍ ആശുപത്രിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. കുട്ടനാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെല്ലാം പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

കുടിവെള്ളമില്ല

പ്രളയജലം കരകവിഞ്ഞൊഴികിയതോടെ കിണറുകളെല്ലാം മലിനജലം നിറഞ്ഞു. നീരേറ്റുപുറം ജലശുദ്ധീകരണശാലയില്‍ നിന്നുള്ള വെള്ളമായിരുന്നു കുട്ടനാട്ടിലെ പലരും ആശ്രയിക്കുന്നത്. ജലശുദ്ധീകരണ ശാലയില്‍ വെള്ളം കയറിയതിനാല്‍ ഇവിടെ നിന്നുള്ള പമ്പിങ് നിര്‍ത്തിവച്ചു. വൈദ്യുതി മുടക്കം മൂലം തിരുവല്ലയില്‍ നിന്നുള്ള കുടിവെള്ള വിതരണവും നിലച്ചു. ഇതോടെ കുട്ടനാട്ടുകാരുടെ കുടിവെള്ളം മുട്ടി. ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും ഇത് വേണ്ടരീതിയില്‍ ലഭ്യമാവുന്നില്ലെന്നാണ് കുട്ടനാട്ടുകാരുടെ ആരോപണം.

രണ്ടാം കൃഷിയുടെ നാശം പൂര്‍ണം

‘ഞങ്ങടെ കൃഷിയെല്ലാം പോയി. ഒട്ടുമിക്ക പാടങ്ങളിലും മടവീണു. അങ്ങനെതന്നെ 95 ശതമനം പാടങ്ങളിലേം കൃഷി നശിച്ചു. ബാക്കി അഞ്ച് ശതമാനം പാടങ്ങളില്‍ ബണ്ടും കവിഞ്ഞ് വെള്ളം എത്തിയിട്ടുണ്ട്. 10 കോടിയുടെ നഷ്ടമെന്നാണ് ഉദ്യോഗസ്ഥര്‍ വന്ന് കണക്കാക്കുന്നത്. പക്ഷെ വെതച്ച് 15 ദിവസമെങ്കിലും കഴിയാതെ എവര് നഷ്ടപരിഹാരം തരികേല. വെതച്ച് ചെറിയ നാമ്പ് ആയി വന്ന പാടങ്ങളുമുണ്ട്. അങ്ങനെ കൃഷി നശിച്ചവര്‍ക്ക് അടുത്തവര്‍ഷം വെതയെറക്കാനുള്ള വിത്ത് തരുമെന്നൊക്കെ സര്‍ക്കാര്‍ പറയും. പക്ഷെ മുമ്പൊക്കെ ഇങ്ങനെ പറഞ്ഞിട്ടും ഞങ്ങക്കൊന്നും കിട്ടീട്ടില്ല. പോയത് പോയി. അധ്വാനോം കാശുമെല്ലാം വെള്ളത്തിലായി എന്ന് പറഞ്ഞോണ്ടാ മതിയല്ലോ’ കര്‍ഷകനായ കൈനകരി സ്വദേശി കേശപ്പന്‍ പറഞ്ഞു.

കുട്ടനാട്ടിലെ രണ്ടാംകൃഷി ഏതാണ്ട് പൂര്‍ണമായും നശിച്ചു എന്നാണ് അധികൃതരുടേയും വിലയിരുത്തല്‍. പത്ത് കോടിയിലേറെ രൂപയുടെ കാര്‍ഷിക നഷ്ടമാണ് കൃഷി വകുപ്പ് കണക്കാക്കുന്നത്. 9,907 ഹെക്ടര്‍ പാടങ്ങളിലാണ് കൃഷി നടക്കുന്നത്. 21 പാടശേഖരങ്ങളില്‍ മടവീണ് കൃഷി പൂര്‍ണമായും തകര്‍ന്നു. 1125 ഹെക്ടര്‍ കൃഷിയാണ് മടവീണ് മാത്രം ഇല്ലാതായത്. 7,500 ഹെക്ടറിലധികം കൃഷി വെള്ളത്തിലാണ്. 500 ഹെക്ടറില്‍ താഴെ മാത്രം കൃഷിയേ കുട്ടനാട്ടില്‍ അവശേഷിക്കുന്നുള്ളൂ. എന്നാല്‍ അവയും രക്ഷപെടുമെന്ന വിശ്വാസം കര്‍ഷകര്‍ക്കില്ല.

ഓണം വിപണി മുന്നില്‍ കണ്ട് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നിരവധി കാര്‍ഷിക പദ്ധതികള്‍ കുട്ടനാട്ടില്‍ നടപ്പാക്കി വരുകയായിരുന്നു. പച്ചക്കറികളും വാഴയുമുള്‍പ്പെടെ എല്ലാ കൃഷിയും വെള്ളത്തിലായി.

മൃതദേഹം സംസ്‌കരിക്കാനും വഴിയില്ല

ഈ ദിവസങ്ങളില്‍ കുട്ടനാട്ടില്‍ മരിച്ച പലരുടേയും മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം കുട്ടനാട്ടിലേക്ക് എത്തിക്കാന്‍ മാര്‍ഗമില്ല എന്നതും സംസ്‌കരിക്കാന്‍ വഴിയില്ല എന്നതും കൊണ്ടാണിത്. വൈക്കത്ത് പാടശേഖരത്തില്‍ പമ്പ് ഓപ്പറേറ്ററായിരുന്ന എ ഡി ജോസഫിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പാടശേഖരത്തിന്റെ മടപൊട്ടിയതിനെത്തുടര്‍ന്ന് ഹൃദയാഘാതം വന്നാണ് ജോസഫ് മരിച്ചത്. എന്നാല്‍ ബന്ധുക്കളില്‍ ചിലര്‍ക്ക് മാത്രമേ ജോസഫിന്റെ മൃതദേഹം പോലും കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. എടത്വ പച്ചയില്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ച രണ്ട് വയസ്സുകാരി എയ്ഞ്ചലിന്റെ മൃതദേഹം കിലോമീറ്ററുകളോളമുള്ള വെള്ളം കടന്നാണ് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് എടത്വ പള്ളിയിലെത്തിച്ച് സംസ്‌കരിച്ചത്.

കന്നുകാലികള്‍ക്കും രക്ഷയില്ല

വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് പലരും ഉയരക്കൂടുതലുള്ള സ്ഥലങ്ങളിലും പാലങ്ങളിലും റോഡുകളിലുമായി കന്നുകാലികളെ കെട്ടിയിരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. എന്നാല്‍ ഇവയ്ക്ക് യഥാ സമയം ഭക്ഷണം നല്‍കുന്നതിന് പോലും കഴിയാതെയും വരുന്നു. പക്ഷിമൃഗാദികള്‍ക്ക് തീറ്റയെത്തിക്കാനുള്ള മാര്‍ഗവും ഇല്ലാതായതോടെ അവയുടെ ജീവിതവും ദുരിതത്തിലായി. മിക്ക കര്‍ഷകരും വീട്ടില്‍ ആഹാരം പാകം ചെയ്യുന്നതിനായി വാങ്ങിയ അരിയും മറ്റ് സാധനങ്ങളും വേവിച്ച് കന്നുകാലികള്‍ക്ക് നല്‍കുകയാണ്. വെള്ളം കയറിയ ഫാമുകളില്‍ നിന്ന് കോഴികളെ എവിടേക്ക് മാറ്റുമെന്ന് പോലുമറിയാതെ ബുദ്ധിമുട്ടുകയാണ് കോഴികര്‍ഷകര്‍. കഴിഞ്ഞ ദിവസം എടത്വയിലെ സ്വകാര്യ വ്യക്തിയുടെ ഫാമിലെ കോഴികള്‍ വെള്ളം കയറി ചത്തിരുന്നു. പുളിങ്കുന്ന്, മങ്കൊമ്പ് പ്രദേശങ്ങളിലെ തുരുത്തുകളില്‍ അപകടത്തിലായ കാലികളെ അഗ്നിരക്ഷാ സേനയെത്തിയാണ് മറ്റിടങ്ങളിലേക്ക് മാറ്റിയത്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍