UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രളയത്തില്‍ ലോകബാങ്ക് കണക്കാക്കിയ നഷ്ടം 25050 കോടി; പണം പിരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും 18 മുതല്‍ വിദേശത്തേക്ക്

പുനര്‍നിര്‍മ്മാണ ഫണ്ട് കണ്ടെത്താന്‍ മന്ത്രിമാര്‍ ഒക്ടോബര്‍ 17 മുതല്‍ 21 വരെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തെ വലിയ ദുരിതത്തിലാക്കിയ പ്രളയത്തില്‍ ലോകബാങ്ക് കണക്കാക്കിയ നഷ്ടം 25050 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള നിര്‍മ്മാണത്തിന്‍റെ രൂപകല്‍പ്പന കെപിഎംജിയെ ഏല്‍പ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനര്‍നിര്‍മ്മാണ ഫണ്ട് കണ്ടെത്താന്‍ മന്ത്രിമാര്‍ ഒക്ടോബര്‍ 17 മുതല്‍ 21 വരെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗള്‍ഫ് നാടുകളും യൂറോപ്പും ഉള്‍പ്പെടെ 17 രാജ്യങ്ങളാണ് മന്ത്രിമാര്‍ സന്ദര്‍ശിക്കുന്നത്. പ്രവാസി മലയാളികളുടെ സഹായം ക്രോഡീകരിച്ച് സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിമാര്‍ ഒക്ടോബര്‍ 17 മുതല്‍ 21 വരെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്.

വീട്‌ തകര്‍ച്ച, പൊതുസ്‌ഥാപങ്ങൾക്കുണ്ടായ നഷ്‌ടം, നഗര, ഗ്രാമ മേഖലയിലെ നാശനഷ്‌ടം, ജലസേചനം, വൈദ്യുതി, ഗതാഗതം, ആരോഗ്യം, ജീവിധോപാധികൾ, ടൂറിസം എന്നിവയിലുണ്ടായ നഷ്‌ടം തുടങ്ങിയവയാണ് എഡിബി കണക്കാക്കിയത്‌. ഇതിൽ വ്യവസായ കച്ചവട നഷ്‌ടം കണക്കാക്കിയിട്ടില്ല. ഉപജീവനമാർഗങ്ങൾ കണ്ടെത്തുന്നതിനും വാ്യ്‌പ അനുവദിക്കുന്നതിനുമായി 400 കോടിയോളം അധികതുകയും വേണ്ടിവരും.

വിശദമായ പഠനം നടത്തിയശേഷം കൂടതൽ കേന്ദ്രസഹായത്തിനായി സര്‍ക്കാര്‍ നിവേദനം നൽകും. കേന്ദ്രം സഹായിക്കുമെന്ന് തന്നെയാണ്‌ പ്രതീക്ഷ. കൂടാതെ അന്താരാഷ്‌ട്ര ഏജൻസി, ആഭ്യന്തര എജൻസി, ബാങ്ക്‌ വായ്‌പ, ദുരിതാശ്വാസ നിധി, പദ്ധതിവിഹതം മാറ്റിവയ്‌ക്കുന്ന തുക എന്നിവയെല്ലാം പുനർനിർമ്മാണത്തിന്‌ ഉപയോഗപ്പെടുത്തും. കേന്ദ്ര സഹായം പുനർനിർമ്മാണത്തിന്‌ പുർണമായും മതിയാകില്ല. അതുപോലെ മറ്റ്‌ ഏജൻസികളിൽ നിന്നും ലഭിക്കുന്ന സഹായത്തിനും ഒരു പരിധിയുണ്ട്‌. അതിനാൽ ആകാവുന്നത്ര സഹായം ജനങ്ങളിൽ നിന്ന്‌ ശേഖരിക്കണം.

വിദേശരാഷ്‌ട്രങ്ങൾ നൽകാമെന്ന്‌ പറഞ്ഞ സഹായം സ്വീകരിക്കുന്നതിൽ കേന്ദ്രത്തിന്‌ ഇപ്പോളും അനുകൂല നിലപാടല്ല. എന്നാൽ അതേ സമയം ലോകമെങ്ങുമുള്ള മലയാളികളെ സമീപിച്ച്‌ മന്ത്രിമാർ സഹായം സ്വീകരിക്കുന്നതിന്‌ ആവശ്യമായ സഹായങ്ങൾ നൽകണമെന്ന്‌ കേന്ദ്രത്തിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതിനോട്‌ അനുകുല സമീപനമാണ്‌ ഉള്ളത്‌. കൂടാതെ കുട്ടനാട്‌ പോലെയുള്ള പ്രദേശത്ത്‌ പ്രത്യേക പദ്ധതി പ്രവർത്തനത്തിന്‌ നെതർലന്റിന്റെ സഹായം തേടുന്നതിനും അനുകുല നിലപാടാണ്‌ പ്രധാനമന്ത്രിക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക ബാങ്കും ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്കും ചേര്‍ന്ന് നടത്തിയ റാപ്പിഡ് ഡിസാസ്റ്റര്‍ നീഡ് അസസ്മെന്‍റ് പ്രകാരം പ്രധാന മേഖലകളിലെ മാത്രം നഷ്ടം 25,050 കോടി രൂപയാണ്. 
ഹൗസിംഗ്- 2,534 കോടി
പൊതു സ്ഥാപനങ്ങള്‍ – 191 കോടി
നഗരങ്ങളിലെ അടിസ്ഥാന സൗകര്യം – 2,093 കോടി
ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യം – 5,216 കോടി
ജലസേചനവും ജലവിതരണവും – 1,484 കോടി
വൈദ്യുതി – 353 കോടി
ഗതാഗതം – 8,554 കോടി
ആരോഗ്യം – 280 കോടി
ജീവിതോപാധികള്‍ക്കുണ്ടായ നഷ്ടം (ടൂറിസം ഉള്‍പ്പെടെ) – 3,801 കോടി
പരിസ്ഥിതി-ജൈവവൈവിധ്യം – 452 കോടി
സാംസ്കാരിക പൈതൃകം – 86 കോടി

ഇപ്രകാരമാണ് ലോകബാങ്ക്-എ.ഡി.ബി ടീം 25,050 കോടി രൂപയുടെ നഷ്ടം കണക്കാക്കിയത്. 

പല കാരണങ്ങളാലും വലിയ വിഭാഗം ജനങ്ങളെ അവരുടെ ഭൂമിയില്‍ നിന്നും മാറ്റി പുനരധിവസിപ്പിക്കേണ്ടിവരും. വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള ഭൂമിയുടെ വില തന്നെ ഏകദേശം 400 കോടി രൂപ വരും. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ സംസ്ഥാനത്തിനുണ്ടായ യഥാര്‍ത്ഥ നഷ്ടം ലോകബാങ്ക്-എ.ഡി.ബി സംഘം തയ്യാറാക്കിയതിനേക്കാള്‍ വളരെ ഉയര്‍ന്നതായിരിക്കുമെന്ന് വ്യക്തമാണ്. ഇതു സംബന്ധിച്ച്, സംസ്ഥാന സര്‍ക്കാര്‍ വിശദമായ പഠനം നടത്തിവരികയാണ്. അതിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്രസഹായം അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും ആഭ്യന്തര ധനകാര്യ ഏജന്‍സികളില്‍നിന്നും ബാങ്കുകളില്‍നിന്നുമുള്ള വായ്പ, ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവന, പദ്ധതി വിഹിതത്തില്‍ വരുത്തിയ കുറവ് മൂലം ലഭിക്കുന്ന തുക – ഇതെല്ലാമാണ് പുനര്‍നിര്‍മ്മാണത്തിന് വിനിയോഗിക്കാന്‍ ലഭിക്കുക. എന്നാല്‍, യഥാര്‍ത്ഥ നഷ്ടം കണക്കിലെടുത്താല്‍ ഈ തുക പുനര്‍നിര്‍മ്മാണത്തിന് തീരെ അപര്യാപ്തമായിരിക്കും. പദ്ധതി വിഹിതത്തില്‍ 20 ശതമാനം കുറവ് വരുത്താന്‍ തീരുമാനിച്ചിരുന്നു. പൊതുമരാമത്ത്, ജലസേചനം, ജലവിതരണം, വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് എന്നിവ ഒഴികെ ഉള്ള എല്ലാ വകുപ്പുകളുടെയും വാര്‍ഷിക പദ്ധതിയുടെ 20 ശതമാനം കുറവ് വരുത്താനാണ് തീരുമാനിച്ചത്. കേന്ദ്രാവിഷ്കൃത പദ്ധതി, വിദേശ സഹായ പദ്ധതി, നബാര്‍ഡ് എന്നിവയ്ക്കുള്ള സംസ്ഥാന വിഹിതത്തെ പദ്ധതി വെട്ടിക്കുറവില്‍ നിന്ന് ഒഴിവാക്കുന്നതാണ്.

പദ്ധതിവിഹിതത്തില്‍ കുറവ് വരുത്തിയാല്‍ 2000 കോടി രൂപ മാത്രമാണ് പുനര്‍നിര്‍മ്മാണത്തിനു വേണ്ടി പദ്ധതിവിഹിതത്തില്‍ നിന്ന് ലഭിക്കുക. പദ്ധതിയില്‍ കുറവ് വരുത്തുമ്പോള്‍ ലഭിക്കുമ്പോള്‍ തുക ബന്ധപ്പെട്ട മേഖലയിലെ പുനര്‍നിര്‍മ്മാണത്തിനു വേണ്ടിയാണ് വിനിയോഗിക്കുക. 

പുനര്‍നിര്‍മ്മാണമാണ് സര്‍ക്കാരിന്‍റെ മുമ്പില്‍ ഇപ്പോഴുളള മുഖ്യ അജണ്ട. എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണയോടെയും സഹകരണത്തോടെയും പുനര്‍നിര്‍മമാണത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ധനസമാഹരണമാണ് ഈ ഘട്ടത്തില്‍ പ്രധാന വെല്ലുവിളി. അതുകൊണ്ടാണ് മന്ത്രിമാര്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രവാസികളില്‍നിന്ന് സഹായം സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഇതിനകംതന്നെ പ്രവാസികള്‍ നല്ലതോതില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. പ്രവാസികള്‍ക്ക് പുതിയ കേരള സൃഷ്ടിയില്‍ മുഖ്യ പങ്ക് വഹിക്കാന്‍ കഴിയും. ലോകകേരളസഭയില്‍ ചര്‍ച്ച ചെയ്ത പ്രധാന വിഷയം കേരള വികസനവും പ്രവാസികളുടെ പങ്കാളിത്തവുമായിരുന്നു. പുനര്‍നിര്‍മ്മാണത്തിനുളള ധനസമാഹരണ യജ്ഞത്തില്‍ ലോകകേരളസഭയുടെ പ്രതിനിധികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. അവരുടെ കൂടി സഹകരണത്തോടെയാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തുന്നത്. 

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍