UPDATES

പ്രളയത്തില്‍ നശിച്ച വീടുകളുടെ കണക്കെടുക്കാന്‍ സാഹിത്യ വിദ്യാര്‍ത്ഥികള്‍! റീബില്‍ഡ് സര്‍വേ ‘ആപ്പി’ലാക്കിയത് ഉദ്യോഗസ്ഥരെ; ഒരു ചേരനല്ലൂര്‍ ഉദാഹരണം

ചേരാനല്ലൂരില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി കേരളത്തിലെ വിവിധ പഞ്ചായത്തുകളില്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നതാണ് വാസ്തവം.

പ്രളയക്കെടുതിയുടെ ഭാഗമായി നാശം സംഭവിച്ച വീടുകളുടെ ഡിജിറ്റല്‍ സര്‍വേയിലുണ്ടായ പാളിച്ച വിവിധ പഞ്ചായത്തുകളില്‍ ഉദ്യോഗസ്ഥ-ഭരണസമിതി തര്‍ക്കത്തിന് കാരണമാകുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രാഥമികമായി വിലയിരുത്താവുന്ന ഈ വീഴ്ച്ചയില്‍ പക്ഷേ, ജനങ്ങളുടെ ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ ഏല്‍ക്കേണ്ടി വന്ന് വിവാദ കഥാപാത്രങ്ങളായി മാറുന്നത് പഞ്ചായത്ത് സെക്രട്ടറിമാരും എക്‌സിക്യൂട്ടീവ് എഞ്ചീനീയര്‍മാരുമാണ്. പ്രളയത്തിന്റെ ഭാഗമായി ഉണ്ടായ വീടുകളുടെയും ഭൂമിയുടെ നാശനഷ്ട വിവരങ്ങളുടെ ഡിജിറ്റല്‍ സര്‍വേ, റീബില്‍ഡ് കേരള സര്‍വേ എന്ന മൊബൈല്‍ ആപ്പ് വഴിയാണ് സര്‍ക്കാര്‍ നടത്തിയത്. ഇതിനായി സ്വകാര്യ കോളേജുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ചുമതലയേല്‍പ്പിച്ചത് മിക്ക പഞ്ചായത്തുകളിലും വലിയ പിഴവുകള്‍ക്ക് കാരണമായിരിക്കുകയാണ്.

സാങ്കേതിക വിദ്യാഭ്യാസം ആര്‍ജ്ജിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഡിജിറ്റല്‍ സര്‍വേയ്ക്ക് നിയോഗിച്ചതെന്നു സര്‍ക്കാര്‍ പറയുമ്പോഴും പലയിടങ്ങളിലും സാഹിത്യവും സാമ്പത്തിക ശാസ്ത്രവുമൊക്കെ പഠിക്കുന്ന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിദ്യാര്‍ത്ഥികളാണ് ഡിജിറ്റല്‍ സര്‍വേ നടത്തിയത്. ഇതുമൂലം വലിയ പാകപ്പിഴകളാണ് സര്‍വേയില്‍ വന്നിരിക്കുന്നത് എന്നാണ് ആരോപണം. ഇവര്‍ തയ്യറാക്കിയ ലിസ്റ്റ് പുനഃപരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് പലയിടങ്ങളിലും വിവാദങ്ങള്‍ ഉയര്‍ന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഡിജിറ്റല്‍ സര്‍വേയുടെ ഉത്തരവാദിത്വം നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ നടത്തിയ സര്‍വേയില്‍ അനര്‍ഹരായവര്‍ നിരവധി കയറിക്കൂടിയിട്ടുണ്ടെന്നു മനസിലായതോടെ ടെക്നിക്കല്‍ ഓഫിസറായ അസിസ്റ്റന്റ് എഞ്ചീനീയറും പഞ്ചായത്തും സെക്രട്ടറിയും സ്ഥലം സന്ദര്‍ശിച്ച് ലിസ്റ്റിലെ അര്‍ഹരെയും അനര്‍ഹരെയും കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയതോടെയാണ് രാഷ്ട്രീയക്കാര്‍ വിവാദങ്ങളുമായി രംഗത്തു വരുന്നത്. ഇതോടെ പല പഞ്ചായത്തുകളിലും ഉദ്യോഗസ്ഥര്‍ക്കെതിരേ ഭരണകക്ഷികള്‍ ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയാണ്. ലിസ്റ്റില്‍ പേരുള്ളവരെ ഉദ്യോഗസ്ഥര്‍ ഒഴിവാക്കുകയാണെന്നതാണ് ജനപ്രതിനിധികളുടെ ആക്ഷേപം. എന്നാല്‍ തങ്ങള്‍ ചെയ്യുന്നത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അര്‍ഹരായവരെ മാത്രം ഉള്‍പ്പെടുത്തി ലിസ്റ്റ് തയ്യാറാക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡിജിറ്റല്‍ സര്‍വേയുടെ പ്രാഥമിക ഘട്ടത്തില്‍ (വിദ്യാര്‍ത്ഥികളെ നിയോഗിച്ച് നടത്തിയ സര്‍വേ) ഉണ്ടായ പിഴവാണ് ഈ പ്രതിസന്ധിക്ക് കാരണം.

മേല്‍പ്പറഞ്ഞ പ്രതിസന്ധിക്ക് ഉദാഹരണമാണ് എറണാകുളം ജില്ലയിലെ ചേരാനല്ലൂര്‍ പഞ്ചായത്ത്. കേരളത്തെ തകര്‍ത്ത പ്രളയം സാരമായി ബാധിച്ച പഞ്ചായത്താണ് ചേരാനല്ലൂര്‍. ജനജീവിതം ദുസ്സഹമാക്കിയ പ്രളയത്തില്‍ ചേരാനെല്ലൂരില്‍ നിരവധി വീടുകളില്‍ വെള്ളം കയറുകയും ആളുകള്‍ ദവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടതായും വന്നിരുന്നു. പ്രളയാനന്തര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, പ്രളയക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡിജിറ്റല്‍ സര്‍വേ പ്രകാരം ചേരാനെല്ലൂരിലും നടത്തിയ സര്‍വേയാണ് ഇപ്പോള്‍ പഞ്ചായത്ത് തലത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന സ്ഥിതിയിലേക്കു വരെ വിവാദമായിരിക്കുന്നത്.

ചേരാനല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയര്‍ (എഇ) എന്നിവര്‍ ഒപ്പിട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് നല്‍കിയ സാക്ഷ്യപത്രത്തില്‍, ഓഗസ്റ്റില്‍ സംഭവിച്ച പ്രളയത്തില്‍ പൂര്‍ണമായും ഭൂമിയും വീടും നഷ്ടപ്പെട്ടവ, പൂര്‍ണമായും തകര്‍ന്ന വീടുകള്‍, വാസയോഗ്യം അല്ലാത്തതായ 75 ശതമാനത്തിനു മേല്‍ തകര്‍ന്ന വീടുകള്‍ എന്നിവ സ്ഥലപരിശോധന നടത്തിയതിന്‍ പ്രകാരം ചേരാനല്ലൂര്‍ പഞ്ചായത്തില്‍ ഇല്ലെന്നാണ് പറയുന്നത്. ഈ സാക്ഷ്യപത്രമാണ് വിവാദഹേതു.

"</p

സെക്രട്ടറിയും എഇയും ഒപ്പിട്ട് നല്‍കിയിരിക്കുന്ന സാക്ഷ്യപത്രം പ്രളയക്കെടുതിയില്‍ സര്‍വ്വവും നഷ്ടപ്പെട്ട ജനങ്ങളെ യാതൊരുവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ലാത്തവരാക്കി തീര്‍ത്തിരിക്കുന്നുവെന്നാണ് സ്ഥലം എംഎല്‍എ ഹൈബി ഈഡനും പഞ്ചായത്ത് ഭരണസമിതിയും പരാതിയായി പറയുന്നത്. ഇത്തരമൊരു സാക്ഷ്യപത്രം നല്‍കി ജനങ്ങളെ വഞ്ചിച്ച സെക്രട്ടറിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഹൈബി ഈഡന്‍ ഈ വിഷയത്തില്‍ നടത്തിയ പ്രതികരണം ഇങ്ങനെയാണ്: “മഹാപ്രളയം തകര്‍ത്തത് ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ കിടപ്പാടവും സ്വപ്നങ്ങളുമാണ്. ഇന്നും തീരാത്ത ദുരിതമാണ് പലയിടങ്ങളിലും. പലരുടെയും വീടുകള്‍ താമസയോഗ്യമല്ലാതായി. തണല്‍ ഭവന പദ്ധതിയടക്കം പുനര്‍ നിര്‍മ്മാണ പ്രക്രിയകള്‍ അതിവേഗം പുരോഗമിച്ച് കൊണ്ടിരിക്കുമ്പോള്‍ പഞ്ചായത്ത് സെക്രട്ടറി, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്തിന് നല്‍കിയ സാക്ഷ്യപത്രത്തില്‍, ‘ഇവിടെ ഒരു വീടും തകര്‍ന്നിട്ടില്ല, ഒരു വീടും താമസ യോഗ്യമല്ലാതായിട്ടില്ല’ എന്നാണ് പറഞ്ഞിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഇതിന് മറുപടി പറയേണ്ടത് കക്ഷി രാഷ്ട്രീയ ഭേദമന്യേ ചേരാനല്ലൂരിലെ ജനങ്ങള്‍ തന്നെയാണ്. പ്രളയം തകര്‍ത്തെറിഞ്ഞ ജനങ്ങളുടെ അവകാശങ്ങളെ തടഞ്ഞു വയ്ക്കാന്‍ ശ്രമിക്കുന്നവര്‍ അതിന് കനത്ത വില നല്‍കേണ്ടി വരും. ഇതേ പഞ്ചായത്ത് സെക്രട്ടറി ചേരാനല്ലൂര്‍ പഞ്ചായത്തിലെ തകര്‍ന്നടിഞ്ഞ വീടുകളില്‍ എന്റെ കൂടെ സന്ദര്‍ശിച്ചിട്ടുള്ളതാണ്. അന്നു കണ്ട എല്ലാം നഷ്ടപ്പെട്ടവരുടെ മുഖം ഇപ്പോഴും ഓര്‍മ്മയുണ്ടെങ്കില്‍, ആത്മാഭിമാനം എന്നത് അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍, സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിച്ച് സ്വന്തം മന:സാക്ഷിയോടെങ്കിലും നീതി പുലര്‍ത്തണമെന്നാണ് സെക്രട്ടറിയോട് അഭ്യര്‍ത്ഥിക്കുന്നത്”.

പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ചീക്കു, മെംബര്‍മാരായ ജോളി എംപ്ലാശ്ശേരി, സംഗീത തുടങ്ങിയവരും സെക്രട്ടറിയുടെ തീരുമാനത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നവരാണ്. പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആറു ദിവസമായി ഇവിടെ സമരം നടക്കുന്നുണ്ട്. സെക്രട്ടറിക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. വാസയോഗ്യമല്ലാത്ത വിധം ഒരു വീടുപോലും ചേരാനല്ലൂരില്‍ തകര്‍ന്നു പോയിട്ടില്ലെന്ന സെക്രട്ടറിയുടെ സാക്ഷ്യപത്രം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. “ഇപ്പോഴും പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ കഴിയുന്ന ഏഴു കുടുംബങ്ങള്‍ ഉണ്ട്. ഇവിടുത്തെ മെംബര്‍മാര്‍ തന്നെ അവരവരുടെ വാര്‍ഡിലെ നാശനഷ്ടങ്ങള്‍ പറയുന്നുണ്ട്. പല വാര്‍ഡുകളിലും വീടുകള്‍ വാസയോഗ്യമല്ലാത്തവണ്ണം തകര്‍ന്നു. പോകാന്‍ മറ്റിടമില്ലാത്തതുകൊണ്ട് പലരും ജീവന്‍ പണയംവച്ച് തകര്‍ന്ന വീടുകളില്‍ തന്നെ കഴിയുകയാണ്. 267 വീടുകള്‍ പൂര്‍ണമായും 678 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട് പഞ്ചായത്തില്‍. സെക്രട്ടറി നേരിട്ട് കണ്ട് ബോധ്യമായ കാര്യങ്ങളാണിത്. എന്നിട്ടും ധിക്കാരപരമായ സമീപനം സ്വീകരിച്ച് ഈ പഞ്ചായത്തില്‍ ഒരു വീടുപോലും തകര്‍ന്നിട്ടില്ല എന്നൊക്കെ പറയുന്നത് ജനദ്രോഹമാണ്”, ജോളി എംപ്ലാശ്ശേരി പറയുന്നു. പഞ്ചായത്ത് സെക്രട്ടറി കാണിക്കുന്നത് ജനവിരുദ്ധ നടപടിയാണെന്നും സെക്രട്ടറിക്കെതിരേ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടി സ്വീകരിക്കണമെന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ചീക്കുവും പറയുന്നത്. ജനങ്ങളുടെ നികുതിപ്പ നിന്നും ശമ്പളം വാങ്ങുന്ന സെക്രട്ടറി ജനങ്ങളുടെ ദുരിതത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കാതെ മാറി നില്‍ക്കുകയാണെന്നും ഒരു വീടുപോലും വാസയോഗ്യമല്ലാതായി തീര്‍ന്നിട്ടില്ല എന്നു പറയുന്നത് അസംബന്ധമാണെന്നും പ്രസിഡന്റ് പറയുന്നു.

സെക്രട്ടറി നല്‍കിയ സാക്ഷ്യപത്രത്തില്‍ വാസയോഗ്യമല്ലാത്ത രീതിയില്‍ ഒരു വീടും തകര്‍ന്നിട്ടില്ലെന്നു പറയുന്നത് തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടേണ്ട ധനസഹായം ഇല്ലാതാകാന്‍ കാരണമാകുമോ എന്ന ആശങ്കയിലാണ് ചേരാനല്ലൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍പ്പെട്ട ജനങ്ങള്‍. ഈ ആശങ്ക കാരണം പഞ്ചായത്തിനു മുന്നില്‍ നടന്നു വരുന്ന സമരത്തില്‍ ഇവരില്‍ പലരും പങ്കെടുക്കുന്നുമുണ്ട്. “46 വര്‍ഷം പഴക്കമുള്ള വീടായിരുന്നു ഞങ്ങളുടേത്. പ്രായമായ അപ്പനും അമ്മയും ഞാനും ഭാര്യയും മകളും അടങ്ങുന്ന അഞ്ചു പേര്‍ താമസിച്ചിരുന്ന വീട് വെള്ളം കയറി പൂര്‍ണമായി തകര്‍ന്നു. ഭിത്തികള്‍ വീണ്ടു കീറി, തറ തകര്‍ന്നു, ഓടുകള്‍ നശിച്ചു. കുറെ ദിവസങ്ങള്‍ ക്യാമ്പിലായിരുന്നു. ഇപ്പോള്‍ വാടക വീട്ടിലാണ് കഴിയുന്നത്. പുതിയൊരു വീട് ഉണ്ടാക്കാന്‍ നിലവില്‍ ഞങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതി ഇല്ല. സര്‍ക്കാരില്‍ നിന്നും സഹായം കിട്ടുമെന്ന പ്രതീക്ഷയായിരുന്നു. പക്ഷേ, സെക്രട്ടറി ഇങ്ങനെ എഴുതി കൊടുത്താല്‍ ഞങ്ങള്‍ എന്തു ചെയ്യും”, ഒമ്പതാം വാര്‍ഡില്‍ താമസിക്കുന്ന മച്ചിങ്കല്‍ വീട്ടില്‍ ആന്റണി ചോദിക്കുന്നു. ആന്റണിയുടെ അതേ ആശങ്കയായിരുന്നു പഞ്ചായത്തിലെ 15- ആം വാര്‍ഡായ അമ്പലക്കടവില്‍ താമസിക്കുന്ന സൗമിനിക്കും. “ഞാനൊരു വിധവയാണ്. സിമന്റ് പൂശാത്ത, ഓടിട്ട ഒരു ചെറിയ വീടായിരുന്നു എനിക്ക്. ഏഴു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു. രണ്ട് പെണ്‍മക്കളെയും കെട്ടിച്ചു വിട്ടശേഷം ഞാന്‍ ഒറ്റയ്ക്കായിരുന്നു തമസം. കൂലി വേല ചെയ്തായിരുന്നു ജീവിച്ചിരുന്നത്. കഴിഞ്ഞ വിഷുവിന്റെ സമയത്ത് ശരീരത്തിന് പെട്ടെന്ന് തളര്‍ച്ച വന്നു. പക്ഷാഘാതത്തിന്റെ ലക്ഷണമായിരുന്നു. ചികിത്സയൊക്കെ കഴിഞ്ഞ് പണിക്കൊന്നും പോകാനാകാതെ വീട്ടിലിരിക്കുന്ന സമയത്താണ് പ്രളയം. എന്റെ വീടിന്റെ അടിത്തറ ഇരുന്നു പോയി. കുറെ ഓടുകള്‍ പോയി. ഇപ്പോള്‍ മഴ പെയ്താലും വീടിനകത്ത് വെള്ളം നില്‍ക്കും. ആ വീട്ടില്‍ സമാധാനത്തോടെ കിടക്കാന്‍ പറ്റുമെന്ന് തോന്നണില്ല. പുതിയൊരെണ്ണം ഉണ്ടാക്കാനൊക്കെ ഇനി എന്നെക്കൊണ്ടാവില്ല. സര്‍ക്കാരില്‍ നിന്നും വീട് വയ്ക്കാന്‍ സഹായം കിട്ടുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ കേള്‍ക്കണത് ഒന്നും കിട്ടില്ലെന്നാണ്. എന്തു ചെയ്യണമെന്നറയില്ല”. അഞ്ചാം വാര്‍ഡിലെ താമസക്കാരിയായ ബീന പരീതിനും പറയാനുള്ളത് ഇതേ സങ്കടങ്ങള്‍ തന്നെയാണ്. “ഓഗസ്റ്റ് 15 ന് ഉണ്ടായ പ്രളയത്തില്‍ വീട് ആകെ നശിച്ചു. ഒരാഴ്ച്ചയോളം വീടിനകത്ത് ജനല്‍പ്പൊക്കം വരെ വെള്ളം കെട്ടിക്കിടന്നിരുന്നു. ഇപ്പോള്‍ തറയൊക്കെ ആകെ ഇടിഞ്ഞ അവസ്ഥയാണ്. മുഴുവന്‍ ചോര്‍ച്ചയാണ്. എന്റെ ഭര്‍ത്താവ് രണ്ട് കണ്ണിനും ഒപ്പറേഷന്‍ ചെയ്ത് പണിക്കുപോലും പോകാന്‍ പറ്റാത്ത അവസ്ഥയിലാണ്. വീടിന്റെ അവസ്ഥ കണ്ട് വാര്‍ഡ് മെംബര്‍ ഞങ്ങളോട് വാടകയ്ക്ക് മാറി താമസിക്കാന്‍ പറഞ്ഞതാണ്. വാടക കൊടുക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് വീട്ടില്‍ തന്നെ കഴിയേണ്ടി വരുന്നവരാണ് ഞങ്ങള്‍. സര്‍വേയ്ക്ക് വന്നപ്പോള്‍ ഫുള്‍ ഡാമേജ് എന്ന് എഴുതി പോയതാണ്. എന്നിട്ടാണ് ഇപ്പോള്‍ ഇങ്ങനെ പറയുന്നത്. ഈ സെക്രട്ടറിയോ എഞ്ചിനീയറോ ഒരു മഴയത്ത് ഞങ്ങളുടെ വീട്ടില്‍ താമസിച്ചാല്‍ മനസിലാകും ഞങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍”. ആനി, പ്രകാശന്‍, മൈക്കിള്‍ തുടങ്ങി പലരും ഇതേ സങ്കടങ്ങളും പരാതികളും അഴിമുഖത്തോട് പങ്കുവച്ചിരുന്നു.

"</p "</p

എന്നാല്‍, ജനപ്രതിനിധികളും ജനങ്ങളും തങ്ങള്‍ക്കെതിരേ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ യാഥാര്‍ത്ഥ്യമില്ലെന്നും തങ്ങളുടെ ഭാഗത്തു നിന്നും ജനദ്രോഹപരമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നുമാണ് ഈ വിഷയത്തില്‍ പ്രതികരണം നടത്തുമ്പോള്‍ സെക്രട്ടറി വി.ആര്‍ മല്ലികയും അസിസ്റ്റന്റ് എഞ്ചിനീയര്‍ റേയ്ച്ചലും പറയുന്നത്. “ചേരാനല്ലൂരില്‍ പ്രളയം ബാധിച്ചിട്ടില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഒരു വീടിനേയും പ്രളയം ബാധിച്ചിട്ടില്ലെന്നും പറഞ്ഞിട്ടില്ല. ഇതേ പഞ്ചായത്തില്‍ തന്നെ താമസിക്കാരിയായ ഒരാളാണ് ഞാനും. എനിക്ക് നേരിട്ടറിയാവുന്ന ജനങ്ങളാണ് ഇവിടെയുള്ളതും. ഞാന്‍ കൊടുത്ത സാക്ഷ്യപത്രത്തില്‍ ആര്‍ക്കും ഒരു സഹായവും ചെയ്യേണ്ടതില്ലെന്ന് എഴുതി വച്ചിട്ടുണ്ടെന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. എന്താണ് ആ സാക്ഷ്യപത്രത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് വ്യക്തമായി മനസിലാക്കത്തതിന്റെ പ്രശ്‌നമാണ്. റീബില്‍ഡ് സര്‍വേയുടെ ഭാഗമായ മൊബൈല്‍ ആപ്പ് വഴി തയ്യാറാക്കിയ ലിസ്റ്റില്‍ പൂര്‍ണമായും ഭൂമിയും വീടും നഷ്ടപ്പെട്ടവരോ, പൂര്‍ണമായും തകര്‍ന്ന വീടുകള്‍, വാസയോഗ്യം അല്ലാത്തതായ 75 ശതമാനത്തിനു മേല്‍ തകര്‍ന്ന വീടുകള്‍ എന്നിവ സ്ഥല പരിശോധന നടത്തിയതില്‍ ഇല്ല എന്നാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ആ സാക്ഷ്യപത്രത്തില്‍ പറഞ്ഞിരിക്കുന്നതില്‍ യാതൊരു തെറ്റും ഇല്ല. പ്രളയം ബാധിച്ച വീടുകള്‍ ചേരാനല്ലൂരില്‍ ഉണ്ട്. പക്ഷേ, പൂര്‍ണമായും പ്രളയത്താല്‍ തകര്‍ന്ന വീടുകള്‍ ഇല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. പഴക്കം കൊണ്ടും മറ്റും തകര്‍ച്ച നേരിട്ടു നിന്നിരുന്ന വീടുകള്‍ പഞ്ചായത്തില്‍ ഉണ്ടായിരുന്നതാണ്. നേരിട്ട് അറിയാവുന്ന കാര്യങ്ങളാണതെല്ലാം. ആ വീടുകളില്‍ പ്രളയത്തിന്റെ ഭാഗമായുണ്ടായ നാശങ്ങളും ഏറ്റിട്ടുണ്ട്. അതുകൊണ്ട് അവ പൂര്‍ണമായും പ്രളയത്തില്‍ തകര്‍ന്നുവെന്ന് പറയാന്‍ കഴിയില്ല. മൊബൈല്‍ ആപ്പ് വഴി തയ്യാറാക്കിയ ലിസ്റ്റില്‍ 39-ഓളം വീടുകള്‍ പൂര്‍ണമായി വാസയോഗ്യമല്ലാതായിട്ടുണ്ട്. എന്നാല്‍ സര്‍വേയ്ക്ക് ശേഷം എഇ, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സ്ഥലപരിശോധനയില്‍ ഈ വീടുകള്‍ ഒന്നും തന്നെ പ്രളയത്താല്‍ പൂര്‍ണമായും വാസയോഗ്യമല്ലാതായി തീര്‍ന്നവയല്ലെന്നു കണ്ടെത്തിയാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും വന്ന സര്‍ക്കുലറിന് മറുപടിയായി സാക്ഷ്യപത്രം നല്‍കിയത്. കേടുപാടുകള്‍ ഉണ്ടായിട്ടുള്ള വീടുകളുടെ ലിസ്റ്റ് വേറെയുണ്ട്. 75 ശതമാനം മുതല്‍ 100 ശതമാനം വരെ തകര്‍ച്ച നേരിട്ട് വാസയോഗ്യമല്ലാതായ വീടുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നാലുലക്ഷത്തോളം രൂപയ്ക്ക് അവര്‍ക്ക് അര്‍ഹതയില്ലെന്നു മാത്രം. ജനപ്രതിനിധികള്‍ക്ക് വികാരപരമായി കാര്യങ്ങള്‍ കാണാം. ഉദ്യോഗസ്ഥര്‍ക്ക് അതിനു കഴിയില്ല. നാളെ അനര്‍ഹരായവര്‍ ലിസ്റ്റില്‍ വന്നിട്ടുണ്ടെന്ന് കണ്ടാല്‍ ഞങ്ങള്‍ കുറ്റക്കാരാകും. ലക്ഷങ്ങളോ കോടികളോ പിഴയൊടുക്കേണ്ടി വരും. ഞങ്ങള്‍ ഇപ്പോള്‍ അയച്ച സാക്ഷ്യപത്രം ഒന്നിന്റെയും അവസാന റിപ്പോര്‍ട്ട് അല്ല, ഇനിയും അന്വേഷണങ്ങള്‍ നടക്കും. ഞങ്ങളുടെ റിപ്പോര്‍ട്ടിനെതിരേ പരാതിയുള്ളവര്‍ക്ക് കളക്ടറേറ്റില്‍ പരാതി നല്‍കാം. അവര്‍ പരിശോധിക്കും. അതിനിതുവരെ സമരം ചെയ്യുന്ന ആരും തയ്യാറായിട്ടില്ല. പകരം, ഞങ്ങളെ കുറ്റക്കാരാക്കുകയാണ്. വിജിലന്‍സും സ്‌പെഷ്യല്‍ ബ്രാഞ്ചുകാരുമെല്ലാം ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. നാട്ടുകാരെന്ന സ്‌നേഹം വച്ച് അനര്‍ഹമായി എന്തെങ്കിലും ചെയ്താല്‍ സെക്രട്ടറിയും എഇയുമൊക്കെ കുടുങ്ങും. ബാക്കിയുള്ളവര്‍ക്ക് എന്തു കുഴപ്പം. അതുകൊണ്ട് ഇത്തരം അപവാദപ്രചാരണങ്ങള്‍ നടത്താതിരിക്കുകയാണ് വേണ്ടത്. അര്‍ഹതപ്പെട്ടവര്‍ക്ക് ഒരാനുകൂല്യവും നഷ്ടപ്പെടില്ല”; പഞ്ചായത്ത് സെക്രട്ടറി മല്ലിക പറയുന്നു.

ചേരാനല്ലൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ റേയ്ച്ചല്‍ ജെ-യും പറയുന്നത് ഇപ്പോഴുണ്ടാക്കുന്ന വിവാദവും സമരവും എല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തിയാണെന്നാണ്. “2018 ഓഗസ്റ്റ് മാസം നടന്ന പ്രളയത്തില്‍ മൊബൈല്‍ അപ്പ് വഴി (റീബില്‍ഡ് കേരള സര്‍വേ) നടത്തിയ സര്‍വേ പ്രകാരം പൂര്‍ണമായോ 75 ശതമാനത്തിലേറെയോ തകര്‍ന്ന് തീര്‍ത്തും വാസയോഗ്യമല്ലാത്തവണ്ണം ആയ വീടുകള്‍ പഞ്ചായത്തില്‍ ഇല്ലെന്നാണ് എഇയായ ഞാന്‍ കൂടി ഒപ്പിട്ടുള്ള സാക്ഷ്യപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. അത് ശരിയായ കാര്യമാണ്. മൊബൈല്‍ ആപ്പ് വഴി നടത്തിയ സര്‍വേയില്‍ പൂര്‍ണമായി വാസയോഗ്യമല്ലാത്തതായി 37 വീടുകളും ഭൂമിയും വീടും പൂര്‍ണമായി നശിച്ചുപോയ രണ്ട് വീടുകളും അടക്കം മൊത്തം 39 വീടുകളുടെ ലിസ്റ്റ് ആയിരുന്നു തയ്യാറാക്കിയത്. ഈ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് പോയി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഒരു വീടുപോലും പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നിട്ടില്ലെന്ന് വ്യക്തമായതും അത് റിപ്പോര്‍ട്ട് ചെയ്തതും. ചുമരില്‍ വിള്ളല്‍ വീണത്, തറയിരുന്നത് തുടങ്ങിയ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ള വീടുകള്‍ ഉണ്ട്, പക്ഷേ അവയൊന്നും പൂര്‍ണമായി തകര്‍ന്ന് വാസയോഗ്യമല്ലാത്തവ എന്നു പറയാന്‍ കഴിയില്ല. മാത്രമല്ല, പല വീടുകളും പ്രളയത്തിനു മുന്നേ തകര്‍ച്ച നേരിട്ടു നിന്നിരുന്ന വീടുകളാണ്. അവയേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല.

മറ്റൊരു കാര്യം, 75 ശതമാനത്തില്‍ താഴെ നാശം നേരിട്ടിരിക്കുന്ന വീടുകളുടെ ലിസ്റ്റും എടുത്തിട്ടുണ്ട്. അത്തരക്കാര്‍ക്ക് കിട്ടേണ്ട നഷ്ടപരിഹാരം അവര്‍ക്ക് കിട്ടുകയും ചെയ്യും. പൂര്‍ണമായും വീടും ഭൂമിയും നഷ്ടമായവര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന തുകയ്ക്ക് ഇവര്‍ക്ക് അര്‍ഹതയില്ലെന്നു മാത്രം. അല്ലാതെ ചേരാനല്ലൂരില്‍ ഉള്ള ഒരാള്‍ക്കും സര്‍ക്കാര്‍ സഹായം കിട്ടില്ലെന്നൊക്കെ പ്രചരിപ്പിക്കുന്നതില്‍ യാതൊരു വാസ്തവവും ഇല്ല. ചേരാനല്ലൂരില്‍ പ്രളയം ബാധിച്ചിട്ടില്ലെന്നും ഞങ്ങളൊരിടത്തും എഴുതി കൊടുത്തിട്ടുമില്ല.

സമരം ചെയ്യുന്നവരും വിവാദം ഉയര്‍ത്തുന്നവര്‍ക്കും അറിയാത്തതുകൊണ്ടാണോ എന്നറിയില്ല, സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പഞ്ചായത്തുകള്‍ ശതമാനം കണക്കാക്കിയതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ കളക്ടറുടെ നേതൃത്വതത്തിലുള്ള ഒരു പാനലില്‍ പരാതി നല്‍കാം. എല്‍എസ്ജിഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചീനീയര്‍, പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഹൗസിംഗ് ബോര്‍ഡ് അസി. എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ എന്നീ റാങ്കുകളില്‍ കുറയാത്ത രണ്ട് ഉദ്യോഗസ്ഥര്‍ വീതം ആക്ഷേപമുള്ളിയിടങ്ങളില്‍ വീണ്ടും പരിശോധന നടത്തി സുതാര്യത ഉറപ്പാക്കും. പഞ്ചായത്തില്‍ നിന്നും പോയിരിക്കുന്ന സാക്ഷ്യപത്രം ധനസഹായം കിട്ടുന്നതിന്റെ അവസാന റിപ്പോര്‍ട്ട് അല്ല. അന്വേഷണങ്ങളും സര്‍വേകളും ഇനിയും ഉണ്ടാകും. അല്ലാതെ എഇയോ സെക്രട്ടറിയോ പറഞ്ഞതുമാത്രം കേട്ട് സര്‍ക്കാര്‍ അവസാന തീരുമാനം എടുക്കില്ല. എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ സെക്രട്ടറിയോ പറഞ്ഞതില്‍ പരാതിയുള്ളവര്‍ക്ക് കളക്ടര്‍ ഓഫിസില്‍ പരാതി നല്‍കാമെന്നിരിക്കെ അതിനു തയ്യറാകാതെ സമരം ചെയ്യുന്നത് എന്തുകൊണ്ടാണെന്നും അറിയില്ല. മൊബൈല്‍ അപ്പ് സര്‍വേയില്‍ പഞ്ചായത്തിലെയോ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫിസിലെയോ പഞ്ചായത്ത് ഓഫിസിലെയോ ഒരു ഉദ്യോഗസ്ഥനും വോളന്റിയര്‍ അല്ലായിരുന്നു. കോളേജ് കുട്ടികള്‍ നടത്തിയ സര്‍വേയാണ്. അവരോട് ജനങ്ങളും ജനപ്രതിനിധികളും വളരെ വികാരപരമായി പെരുമാറാം. അവര്‍ കാണുന്നതെല്ലാം ഫോട്ടോയെടുക്കും. കൃത്യമായ അറിവോടെയല്ല അവര്‍ വീടിന്റെ നാശനഷ്ടങ്ങള്‍ നോക്കി കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ശതമാനം നല്‍കുകയും ലിസ്റ്റ് ചെയ്യുകയുമാണ്. ഈ ലിസ്റ്റ് പ്രകാരം തയ്യാറാക്കിയ ഓരോ റിപ്പോര്‍ട്ടിന്റെയും അടിയില്‍ വ്യക്തമായി പറഞ്ഞിരുന്ന കാര്യം; as per photos, may be approved എന്നാണ്. അതായത് മൊബൈല്‍ അപ്പില്‍ കണ്ട ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വെരിഫൈ ചെയ്യുന്നതെന്ന്. പിന്നീട് നേരിട്ട നടത്തിയ സ്ഥലപരിശോധനയിലാണ് യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തിയതും അതനുസരിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയതും. ഞങ്ങള്‍ പോകുന്നതിനു പിന്നാലെ ക്രൈംബ്രാഞ്ചും സ്‌പെഷ്യല്‍ ബ്രാഞ്ചും ഓരോ വീടും കയറിയിറങ്ങുന്നുണ്ടായിരുന്നു. ഞങ്ങള്‍ എന്തെങ്കിലും തിരിമറി നടത്തിയെന്നു കണ്ടെത്തിയാല്‍ അതോടെ തീരും ഞങ്ങളുടെ ജീവിതം. ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്തു. അതിന്റെ പേരിലാണ് ഈ ആരോപണങ്ങളെല്ലാം കേള്‍ക്കേണ്ടി വരുന്നതും.”

"</p

പ്രളയക്കെടുതിയുടെ ഭാഗമായി നാശം സംഭവിച്ച വീടുകളുടെ ഡിജിറ്റല്‍ വിവരശേഖരണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയായിരുന്നു. പഞ്ചായത്ത് തലത്തില്‍ ഇപ്രകാരം തയ്യാറാക്കുന്ന ലിസ്റ്റില്‍ നിന്നാണ് വീട് നഷ്ടപ്പെട്ട ദുരന്തബാധിതര്‍ക്ക് വീട് വയ്ക്കുന്നതിന് അനുയോജ്യമായ ഭൂമി ഉള്ളവര്‍ക്കും സ്വന്തമായി വീട് വയ്ക്കുവാന്‍ സന്നദ്ധരായിട്ടുള്ളതുമായ ആളുകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായമായ 4 ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ല കളക്ടര്‍മാരെ ചുമതലപ്പെടുത്തിയത്. പൂര്‍ണമായി തകര്‍ന്നതോ (Fully damaged) വാസയോഗ്യം അല്ലാത്തതോ ആയ (severely damaged- greater than 75%) വീടുകള്‍ക്കാണ് പുതിയതായി വീട് നിര്‍മിക്കും എന്ന വ്യവസ്ഥയോടെ 4,00,000 രൂപ അനുവദിക്കുന്നത്. ഈ തുക ലഭിക്കാന്‍ അര്‍ഹതയുള്ളവരെ കണ്ടെത്താന്‍ വേണ്ടിയാണ് റീബില്‍ഡ് സര്‍വേ ആപ്പ് തയ്യാറാക്കിയത്. എന്നാല്‍ റീബില്‍ഡ് സര്‍വേ ആപ്പ് ഇപ്പോള്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാകെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുന്ന സ്ഥിതിയാണ്. അതിന്റെ തെളിവാണ് ചേരാനല്ലൂരിലും കാണുന്നത്. പ്രളയബാധിത പഞ്ചായത്തുകളില്‍ മൊത്തത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.

യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ ഇരട്ടിയിലധികം കണക്കാണ് റീബില്‍ഡ് ആപ്പില്‍ ശേഖരിച്ചിരിക്കുന്നത്. ഈ പട്ടിക പുന:പരിശോധനയ്ക്ക് വിധേയമാക്കിയില്ലെങ്കില്‍ വന്‍ സാമ്പത്തിക ബാധ്യത സര്‍ക്കാരിനു മേല്‍ വരും. ഇതിന്‍ പ്രകാരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ (ഡിഡിപിഒ) നിന്നും നല്‍കിയ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് നല്‍കിയ മറുപടിയാണ് ചേരാനല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയേയും അസിസ്റ്റന്റ് എഞ്ചിനീയറേയും പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. മൊബൈല്‍ ആപ്പ് വഴി തയ്യാറാക്കിയ വിവരശേഖരണത്തില്‍ പിഴവുകള്‍ ഉണ്ടെന്ന ബോധ്യത്തില്‍ പ്രളയക്കെടുതിയില്‍ നാശം സംഭവിച്ച വീടുകളുടെ ഡിജിറ്റല്‍ സര്‍വേയിലെ അപാകതകള്‍ പരിഹരിക്കാനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ് താഴെ പറയുന്ന കാര്യങ്ങളില്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്;

1- യഥാര്‍ത്ഥത്തില്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ കൂടി സര്‍വേയില്‍ ഉള്‍പ്പെടുത്തുക.

2- സര്‍വേ ചെയ്ത ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പൂര്‍ണമായി തകര്‍ന്നതോ (Fully damaged) വാസയോഗ്യം അല്ലാത്തതോ ആയ (severely damaged- greater than 75%) വീടുകളുടെ വിവരങ്ങള്‍ ശരിയാണോ എന്ന് സ്ഥലപരിശോധന നടത്തി ഉറപ്പ് വരുത്തേണ്ടതും അല്ലായെങ്കില്‍ ഈ ഗണത്തില്‍ നിന്നും ഒഴിവാക്കി യഥാര്‍ത്ഥത്തില്‍ വരേണ്ടതായ ഗണത്തിലേക്ക് മാറ്റേണ്ടതുമാണ്.

3- complete loss of land&building എന്ന ഗണത്തില്‍ വന്നിട്ടുള്ള വീടുകള്‍ യഥാര്‍ത്ഥത്തില്‍ ആ ഗണത്തില്‍പ്പെടുന്നതോ അതോ പൂര്‍ണമായും തകര്‍ന്നതോ, 75 ശതമാനത്തില്‍ അധികം തകര്‍ന്ന വാസയോഗ്യമല്ലാത്ത വീടുകള്‍ എന്ന ഗണത്തിലോ എന്നു പരിശോധിച്ച് ഉറപ്പാക്കേണ്ടതും നടപടി സ്വീകരിക്കേണ്ടതുമാണ്.

ഈ നിര്‍ദേശങ്ങള്‍ പ്രകാരം സ്ഥലപരിശോധന നടത്തി നല്‍കിയ സാക്ഷ്യപത്രമാണ് ചേരാനല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്‍ എഞ്ചിനീയര്‍ക്കുമെതിരേ ജനങ്ങള്‍ തിരിയാന്‍ കാരണം. യഥാര്‍ത്ഥത്തില്‍ ഇവിടെ കുഴപ്പങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് സര്‍ക്കാര്‍ തന്നെയാണെന്നാണ് വിമര്‍ശനം. അതിന്റെ കാരണവും ചേരാനല്ലൂരില്‍ നിന്നും തന്നെ കണ്ടെത്താം. മൊബൈല്‍ ആപ്പ് വഴിയുള്ള ഡിജിറ്റല്‍ വിവരണശേഖരണത്തിനുള്ള വോളന്റിയര്‍മാരായി തെരഞ്ഞെടുത്ത് എഞ്ചിനീയറിംഗ് കോളേജിലേയും പോളിടെക്‌നിക്കല്‍ സ്‌കൂളിലേയും വിദ്യാര്‍ത്ഥികളെയാണ്. എന്നാല്‍ എല്ലായിടത്തും ഇത്തരത്തില്‍ സാങ്കേതിക വിദ്യാഭ്യാസ പരിശീലനം നടത്തുന്ന കുട്ടികളെ കിട്ടിയിട്ടില്ല. ചേരാനല്ലൂരില്‍ വിവരണ ശേഖരണം നടത്തിയത് സെന്റ് തെരേസാസ് കോളേജില്‍ ബിഎ, ബികോം കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികളായിരുന്നു. സാഹിത്യവും സാമ്പത്തിക ശാസ്ത്രവുമൊക്കെ പഠിക്കുന്ന കുട്ടികളെയാണ് വീടുകളുടെ നാശനഷ്ടം പരിശോധിച്ച് കണ്ടെത്താന്‍ വിട്ടത്. ലിന്‍ഡല്‍ എന്നാല്‍ എന്ത്? ഫൗണ്ടേഷന്‍ എന്താണ് ഇതൊന്നും അറിയാത്ത കുട്ടികള്‍ വന്ന് വീടുകളുടെ നാശനഷ്ടങ്ങള്‍ വിലയിരുത്തിയാല്‍ എങ്ങനെയിരിക്കുമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ ചോദിക്കുന്നത്. ഓരോ വീട്ടില്‍ ചെല്ലുമ്പോഴും അവിടുത്തെ ആളുകള്‍ വൈകാരികമായിട്ടായിരിക്കും തങ്ങളുടെ അവസ്ഥകള്‍ പറയുന്നത്, അതൊക്കെ കുട്ടികളെ സ്വാധീനിക്കും. കൂടാതെ രാഷ്ട്രീയക്കാരുടെ ഇടപെടലും. സാങ്കേതികമായി കാര്യങ്ങള്‍ മനസിലാക്കി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആ കുട്ടികളെ കൊണ്ട് കഴിയില്ല. നാശനഷ്ടങ്ങളുടെ തീവ്രത കാണിക്കാന്‍ അവര്‍ എടുത്തിരിക്കുന്ന ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ തന്നെ നമുക്ക് മനസിലാകുന്ന കാര്യങ്ങളാണവയെന്നും ഈ ഉദ്യോഗസ്ഥന്‍ പറയുന്നു. ഡിജിറ്റല്‍ വിവരശേഖരണത്തില്‍ വന്നിട്ടുള്ള ഈ പാകപ്പിഴകളാണ് ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ മേല്‍ ആക്ഷേപങ്ങള്‍ ഉണ്ടാകാന്‍ കാരണമായിരിക്കുന്നത്. രാഷ്ട്രീയ ഇടപെടലോ ഒന്നും ഉണ്ടാകാത്ത തരത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സി വിവരശേഖരണം നടത്തുകയായിരുന്നു വേണ്ടതെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ തന്നെ പല പഞ്ചായത്തുകളിലും അര്‍ഹതിയില്ലാത്തവരും ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇനി പുന:പരിശോധന ഉണ്ടാകുമ്പോള്‍ അവരെല്ലാം ലിസ്റ്റില്‍ നിന്നും പുറത്താകും. അപ്പോഴും പഴി മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കാകും.

ചേരാനല്ലൂരില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി കേരളത്തിലെ വിവിധ പഞ്ചായത്തുകളില്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നതാണ് വാസ്തവം. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തെ ബാധിക്കുന്ന ഇത്തരം പ്രതിസന്ധികള്‍ എത്രയും വേഗം ഒഴിവാക്കി മുന്നോട്ടു പോവുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന നിര്‍ദേശങ്ങള്‍ രാഷ്ട്രീയക്കാരും ജനങ്ങളും ഉദ്യോഗസ്ഥരും ഒരുപോലെ മുന്നോട്ടു വയ്ക്കുകയാണ്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍