ഓമനക്കുട്ടന് ആരോപണവിധേയന്‍ ആകേണ്ടി വന്ന സാഹചര്യങ്ങള്‍ അന്വേഷിച്ചാല്‍ മറ്റൊരു കാര്യം വ്യക്തമാകും; കമ്യൂണിറ്റി ഹാളിലെ യഥാര്‍ത്ഥ കുറ്റവാളി റവന്യു വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ആണ്
സിപിഎം ലോക്കല്‍ കമ്മറ്റിയംഗം പണപ്പിരിവ് നടത്തിയെന്ന തെറ്റായ പ്രചാരണത്തിന്റെ പേരിലാണ് ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ കമ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് വാര്‍ത്തകളില്‍ നിറയുന്നത്. ബിജെപി പ്രവര്‍ത്തകന്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ ‘സിപിഎം നേതാവ് അന്തേവാസികളില്‍ നിന്നും പണം പിരിക്കുന്നതിന്റെ’ ദൃശ്യങ്ങളായി പുറത്തു വന്നതോടെയാണ് കുറുപ്പന്‍കുളങ്ങര കണ്ണികാട് അംബേദ്കര്‍ കോളനിയിലെ പട്ടികജാതി കുടുംബങ്ങള്‍ കഴിയുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാധ്യമങ്ങള്‍ എത്തുന്നത്. തുടര്‍ന്നുണ്ടായ റിപ്പോര്‍ട്ടിംഗ് ഓമനക്കുട്ടന് എതിരായതോടെ അദ്ദേഹത്തിനെതിരെ നിയമനടപടികളും പാര്‍ട്ടിതല നടപടികളും ഉണ്ടായി. എന്നാല്‍, യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു വന്നതോടെ, അതേ ക്യാമ്പിലെ അന്തേവാസികൂടിയായ ഓമനക്കുട്ടന്റെ ഭാഗത്ത് തെറ്റ് വന്നിട്ടില്ലെന്നു തെളിഞ്ഞു. ഇതിന്റെ പിന്നാലെ അദ്ദേഹത്തിനെതിരായ കേസും പാര്‍ട്ടി നടപടിയും പിന്‍വലിച്ചു. റവന്യു വകുപ്പ് ഓമനക്കുട്ടനോട് മാപ്പ് പറയുകയും ചെയ്തു.
ഓമനക്കുട്ടന്‍ ആരോപണവിധേയന്‍ ആകേണ്ടി വന്ന സാഹചര്യങ്ങള്‍ അന്വേഷിച്ചാല്‍ മറ്റൊരു കാര്യം വ്യക്തമാകും; കമ്യൂണിറ്റി ഹാളിലെ യഥാര്‍ത്ഥ കുറ്റവാളി റവന്യു വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ആണ്. ദുരിതാശ്വാസ ക്യാമ്പില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാതിരുന്ന തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ തുടങ്ങിയ റവന്യുവിഭാഗം ഉദ്യോഗസ്ഥര്‍. ഇവരുടെ വീഴ്ച്ചയ്ക്കാണ് ഓമനക്കുട്ടന്‍ പ്രതിയാകേണ്ടി വന്നതെന്നാണ് പ്രസ്തുത ക്യാമ്പിലെ അന്തേവാസികളും നാട്ടുകാരും പറയുന്നത്.
കഴിഞ്ഞ 35 കൊല്ലത്തോളമായി മഴ പെയ്താല്‍ വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശമാണ് അംബേദ്കര്‍ കോളനി. വീടിനുള്ളില്‍ വെള്ളം കയറും. കോളനിയിലെ താമസക്കാര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറും. ചേര്‍ത്തല തെക്ക് പഞ്ചായത്തിനു കീഴില്‍ ഒരു കമ്യൂണിറ്റി ഹാള്‍ ഉണ്ടാകുന്നതുവരെ ടാര്‍പോളിന്‍ കൊണ്ട് മറച്ച് പന്തലില്‍ ആയിരുന്നു ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്. പന്തല്‍ കെട്ടുന്നതും മറ്റ് ആവശ്യങ്ങള്‍ നടത്തുന്നതുമൊക്കെ അന്തേവാസികളും പാര്‍ട്ടിക്കാരും ചേര്‍ന്നായിരുന്നു. ഭക്ഷണ സാധനങ്ങള്‍ക്കായി വില്ലേജ് ഓഫിസില്‍ ചെന്നു പറയണം. അവിടെ നിന്നും ഒരു ലിസ്റ്റ് ഉണ്ടാക്കി കൂപ്പണ്‍ നല്‍കും. ഈ കൂപ്പണ്‍ ചേര്‍ത്തലയിലെ മാവേലി സ്റ്റോറിലോ സപ്ലൈകോയിലെ കൊണ്ടു ചെന്നു കൊടുത്ത് സാധനങ്ങള്‍ വാങ്ങും. വാങ്ങിയ സാധനങ്ങള്‍ ക്യാമ്പില്‍ എത്തിക്കാന്‍ ഓട്ടോ വിളിക്കുന്നതിന്റെ പണം അന്തേവാസികളാണ് നല്‍കുന്നത്. അതുപോലെയായിരുന്നു വൈദ്യുതി കണക്ഷന്‍ എടുക്കുന്നതും. അയല്‍വീട്ടില്‍ നിന്നും എടുക്കുന്ന വൈദ്യുതി കണക്ഷന്റെ ബില്ലും പാര്‍ട്ടിയോ അന്തേവാസികളോ പിരിവെടുത്താണ് നല്‍കുന്നത്. കഴിഞ്ഞ മാസം നടത്തിയ മറ്റൊരു ക്യാമ്പിന്റെ വൈദ്യുതി ബില്‍ കൊടുത്തതും സിപിഎം ലോക്കല്‍ കമ്മിറ്റിയായിരുന്നു.
കഴിഞ്ഞ പ്രളയകാലം കൊണ്ടാണ് ദുരിതാശ്വാസ ക്യാമ്പുകളുമായി ഭൂരിഭാഗം മലയാളികളും ബന്ധപ്പെടാന്‍ തുടങ്ങിയത്. പ്രളയ സമയത്ത് പ്രവര്‍ത്തിക്കുന്ന,(ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന) ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ ലോഡ് കണക്കിന് എത്തുന്നുണ്ട്. അന്തേവാസികള്‍ക്ക് സഹായം ചെയ്യാന്‍ നൂറുകണക്കിന് ആളുകളുണ്ട്. എന്നാല്‍ അംബേദ്കര്‍ കോളനിക്കാര്‍, വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ദുരിതാശ്വാസ ക്യാമ്പില്‍ ആണ്. ഈ ക്യാമ്പ് ആകട്ടെ, ഇപ്പോള്‍ കണ്ടുവരുന്ന ദുരിതാശ്വാസ ക്യാമ്പുകളുമായി ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ കഴിയാത്തതുമാണ്. സംസ്ഥാനം മൊത്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നൊരു സാഹചര്യമായത് കൊണ്ടു മാത്രമാണ് അംബേദ്കര്‍ കോളനിക്കാരുടെ ക്യാമ്പിലും റവന്യു വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ ചുമതലയുമായി എത്തുന്നതും പൊലീസ് കാവല്‍ ഉണ്ടാകുന്നതുമൊക്കെ. അതിനു മുന്‍പെല്ലാം ‘ഒരു സ്ഥിരം ഏര്‍പ്പാട്’ എന്ന ഭാവമേ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്നുള്ളൂ.
ഓഗസ്റ്റ് പത്താം തീയതിയാണ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഇപ്പോള്‍ വാര്‍ത്ത കേന്ദ്രമായ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങുന്നത്. ആദ്യ ദിവസം രാവിലെ തന്നെ 40 ഓളം കുടുംബങ്ങള്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തു. തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും ക്യാമ്പ് ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്നു. എന്നാല്‍ കുഞ്ഞുകുട്ടികള്‍ അടക്കം വന്ന ക്യാമ്പില്‍ ഉച്ചഭക്ഷണം എങ്ങനെ ഉണ്ടാക്കുമെന്ന കാര്യത്തില്‍ ഒരുദ്യോഗസ്ഥനും മിണ്ടിയില്ല. രാവിലെ പെട്ടെന്ന് ക്യാമ്പ് തുടങ്ങിയതുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാതെ വന്നതെന്ന് അന്തേവാസികള്‍ തന്നെ പറഞ്ഞു. ഫണ്ട് ഒക്കെ ശരിയാക്കിയെടുക്കാന്‍ കുറച്ച് സമയം വേണമല്ലോ! എന്നാലും ഫണ്ട് കിട്ടുന്നതുവരെ അന്തേവാസികള്‍ക്ക് ഭക്ഷണം ഉണ്ടാക്കാനുള്ള പണം കൈയില്‍ നിന്നും കൊടുക്കാമെന്ന് ഒരുദ്യോഗസ്ഥനും പറഞ്ഞില്ല. പക്ഷേ, ഉദ്യോഗസ്ഥര് പണവുമായിവരട്ടെ എന്നുപറഞ്ഞ് നില്‍ക്കാന്‍ പറ്റില്ല, ഉച്ചഭക്ഷണം ഉണ്ടാക്കിയേ പറ്റൂ. പാര്‍ട്ടി പ്രവര്‍ത്തകര്‍ പെട്ടെന്ന് കുറച്ച് പണം പിരിച്ചെടുത്ത്. അതുപയോഗിച്ച് അരിയും പയറും വാങ്ങി. അന്ന് ഉച്ചയ്ക്ക് ക്യാമ്പില്‍ എല്ലാവര്‍ക്കും ഉച്ചയ്ക്ക് കഞ്ഞിയും പയറും. ഉദ്യോഗസ്ഥന്മാരും കുടിച്ചത് ആ കഞ്ഞിയും പയറുമായിരുന്നു. വൈകിട്ടും ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ ഉണ്ടായിരുന്നു, ഒരു പൊലീസുകാരനും. ‘മക്കളെ ആ സാറമ്മാര് ഉച്ചയ്ക്കും കഞ്ഞിയാണ് കുടിച്ചത്. നമ്മുടെ ക്യാമ്പില്‍ വന്നവരല്ലേ, വൈകിട്ടെങ്കിലും അവര്‍ക്കിത്തിരി നല്ല ഭക്ഷണം കൊടുക്കണം, എന്തെങ്കിലും പച്ചക്കറി വാങ്ങിച്ചു താ; ക്യാമ്പിലുള്ള സ്ത്രീകള്‍ ഞങ്ങളോട് വന്നു പറഞ്ഞു. ഞാനൊരു ഡ്രൈവറാണ്, എന്റെ കൈയില്‍ കുറച്ച് കാശ് ഉണ്ടായിരുന്നു, ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റിനെ വിളിച്ച് ആ സഖാവിന്റെ കൈയില്‍ ഉണ്ടായിരുന്ന പൈസകൂടി എടുത്ത് ഞങ്ങള്‍ രണ്ടുപേരും എന്റെ വണ്ടിയില്‍ ചേര്‍ത്തല മാര്‍ക്കറ്റില്‍ പോയി ആയിരത്തി മുന്നൂറു രൂപയയുടെ പച്ചക്കറിയും വാങ്ങി വന്നു. അത് വച്ചുണ്ടാക്കിയാണ് പൊലീസുകാരനും റവന്യു ഉദ്യോഗസ്ഥര്‍ക്കും കൊടുത്തത്. പിറ്റേദിവസം മുതല്‍ സാധങ്ങള്‍ ഭക്ഷണത്തിന് വഴിയുണ്ടാക്കണമെന്ന് വില്ലേജ് ഓഫിസറോടും പഞ്ചായത്ത് അധികൃതരോടും പറഞ്ഞു. ഫണ്ട് ഇല്ലെങ്കില്‍ പാര്‍ട്ടി തത്കാലം പണം മുടക്കി ക്യാമ്പ് അംഗങ്ങളെ സഹായിക്കാമെന്നു പറഞ്ഞപ്പോള്‍ വില്ലേജ് ഓഫിസര്‍ നല്‍കിയ മറുപടി; പുറത്തു നിന്നുള്ള ഒരു സാധനവും അകത്ത് കയറ്റാന്‍ സമ്മതിക്കില്ല എന്നായിരുന്നു. അന്നേ ദിവസം ഉച്ചയ്ക്കും രാത്രിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കഴിച്ചത് എവിടെ നിന്നും വന്നുവെന്നവര്‍ തിരക്കിയില്ല, ക്യാമ്പിലുള്ളവര്‍ എങ്ങനെയാണ് ഭക്ഷണം കഴിച്ചതെന്നും അവര്‍ അറിഞ്ഞില്ല. എന്നിട്ടും പറഞ്ഞത് പുറത്തു നിന്നും ഒന്നും കയറ്റാന്‍ സമ്മതിക്കില്ലെന്ന്.
ഓമനക്കുട്ടന്‍ സഖാവിന്റെ വിഷയം വന്നു കഴിഞ്ഞപ്പോള്‍ മാത്രമാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ഹാളില്‍ വൈദ്യുതി എത്തിക്കാന്‍ പോലും അവര്‍ തയ്യാറായത്. പത്തുമുപ്പത്തിയഞ്ച് കൊല്ലമായി വര്‍ഷത്തില്‍ കുറഞ്ഞത് രണ്ടു തവണയെങ്കിലും അംബേദ്കര്‍ കോളനിയില്‍ വെള്ളം കയറും, താമസക്കാര്‍ ക്യാമ്പ് രൂപീകരിക്കുകയും ചെയ്യും. ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ഉണ്ടാക്കിയതാണ് കമ്യൂണിറ്റി ഹാള്‍. ഉത്ഘാടനം നടത്തിയത് ഇത്തവണത്തെ കോണ്‍ഗ്രസ് ഭരണസമിതിയാണ്. വൈദ്യുതിയോ, വാട്ടര്‍ കണക്ഷനോ എടുക്കാതെയാണ് ഉദ്ഘാടനം നടത്തിയത്. കഴിഞ്ഞ മാസം 22 ആം തീയതി വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കോളനിക്കാര്‍ ക്യാമ്പില്‍ എത്തിയിരുന്നു. അന്നത്തെ കറന്റ് ചാര്‍ജ് കൊടുത്തതും സിപിഎം ലോക്കല്‍ കമ്മിറ്റിയാണ്. കഴിഞ്ഞ ദിവസമാണ് സെക്രട്ടറി മഹാദേവന്‍ സഖാവ് കറണ്ട് കണക്ഷന്‍ എടുത്ത വീട്ടുകാര്‍ക്ക് പണം കൊണ്ടുപോയി കൊടുത്തത്. ഇപ്പോള്‍ ഈ പ്രശ്‌നം ഉണ്ടായിക്കഴിഞ്ഞപ്പോള്‍ റവന്യു ഉദ്യോഗസ്ഥര്‍ വന്ന് കെട്ടിടത്തില്‍ കണക്ഷന്‍ എടുത്തു കൊടുത്തു. വ്യാഴാഴ്ച്ച തന്നെ ഓമനക്കുട്ടന്‍ സഖാവിനെതിരെയുള്ള ആ വീഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചിരുന്നു. ഇത് പ്രശ്‌നമാകുമെന്നു കണ്ടിട്ടാവണം. ഇന്നലെ രാവിലെ വന്ന് വില്ലേജ് ഓഫിസര്‍ ക്യാമ്പ് ചെലവിനായി അഞ്ഞൂറു രൂപ കൊടുത്തിട്ട് പോയത്. കഴിഞ്ഞ ശനിയാഴ്ച്ച തുടങ്ങിയ ക്യാമ്പിലാണ് ഈ വെള്ളിയാഴ്ച്ച കൊണ്ടുവന്ന് അഞ്ഞൂറു രൂപ കൊടുക്കുന്നത്. അതും ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടാകുമെന്ന് അറിഞ്ഞതുകൊണ്ട്; പ്രദേശവാസിയും ഡിവൈഎഫ്‌ഐ കുറുപ്പന്‍കുളങ്ങര മേഖല സെക്രട്ടറി സുരേഷ് നല്‍കുന്ന വിവരമാണിത്.
ക്യാമ്പിന്റെ ചുമതല ഏല്‍പ്പിച്ചിരുന്ന റവന്യു ഉദ്യോഗസ്ഥര്‍ സമയക്കണക്ക് വച്ചാണ് ഇവിടെ നില്‍ക്കുന്നത്. അവരോട് ആവശ്യം പറഞ്ഞാല്‍ സര്‍ക്കാര്‍ മുറപോലെ ചെയ്യാമെന്നും പറയും. അതും നോക്കിയിരുന്നാല്‍ ഭക്ഷണം കഴിക്കാന്‍ വഴിയില്ലാതാകും. സ്ത്രീകളും കുട്ടികളും ഉള്ള ക്യാമ്പാണ്, രാത്രിയില്‍ വെളിച്ചം വേണ്ടേ. ഇതൊക്കെ മുന്‍പും ഞങ്ങള് തന്നെയായിരുന്നു ചെയ്തിരുന്നത്. ഇത്തവണയും ഓരോരുത്തരും കൈയില്‍ ഉണ്ടായിരുന്ന പൈസയെടുത്ത് ഓരോകാര്യത്തിനായി നല്‍കി. ഓമനക്കുട്ടന്‍ ക്യാമ്പിന്റെ കണ്‍വീനര്‍ ആയതുകൊണ്ട് പൈസയെല്ലാം അങ്ങോട്ട് ല്‍പ്പിച്ചു. പത്തോ നൂറോ രൂപയൊക്കെയാണ് ഇങ്ങനെ പിരിക്കുന്നത്. അതില്‍ നിന്നും ആര് എന്ത് കക്കാനാണ്? ഓട്ടോയ്ക്കു കൊടുക്കാനും മറ്റും ചെലവാകുന്ന പൈസയാണ് ഞങ്ങള് കൊടുക്കുന്നത്. അല്ലാതെ ആയിരവും പതിനായിരമൊന്നും ആരോടും വാങ്ങിയിട്ടില്ല. അന്നത്തെ ജീവിതം തന്നെ മുന്നോട്ടു നീക്കാന്‍ പെടാപ്പാടുപെടുന്നവരുടെ കൈയില്‍ അത്രയും പൈസയും ഉണ്ടാകത്തില്ലല്ലോ. ഇതിപ്പോള്‍ ഇ്ങ്ങനെയൊരു പ്രശ്‌നമാകുമെന്ന് ആര് കണ്ടൂ; ക്യാമ്പിലുള്ളവര്‍ക്ക് പറയാനുള്ളത് ഇക്കാര്യങ്ങളാണ്.
വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥരുടെ വീഴ്ച്ചയാണ് ക്യാമ്പില്‍ ഉണ്ടായിരിക്കുന്നതെന്നാണ് അന്തേവാസികളും നാട്ടുകാരും പറയുന്നത്. അവരുടെ വീഴ്ച്ച മറയ്ക്കാന്‍ ഓമനക്കുട്ടന്റെ തലയില്‍ എല്ലാ കുറ്റങ്ങളും ചാരുകയായിരുന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. സര്‍ക്കാര്‍ ദുരിതബാധതരെ സഹായിക്കാന്‍ ഫണ്ട് കൊടുക്കുന്നുണ്ടെങ്കിലും അത് ഉപയോഗിക്കാതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാതെ ഓമനക്കുട്ടനെ പോലുള്ളവരെ തെറ്റുകാരാക്കുന്നതില്‍ തങ്ങള്‍ക്ക് സങ്കടം ഉണ്ടെന്നും അംബേദ്കര്‍ കോളനിയിലെ ജനങ്ങള്‍ പറയുന്നു.