UPDATES

പ്രളയം 2019

എറണാകുളത്ത് 1651 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍, പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം

ജില്ലയില്‍ മാത്രം 59 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

എറണാകുളത്ത് 1651 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍. ജില്ലയില്‍ ഇതുവരെ 59 ക്യാമ്പുകള്‍ തുറന്നിട്ടുള്ളതായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ നിന്നും അറിയിച്ചിട്ടുണ്ട്. 541 കുടുംബങ്ങളെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നു വെച്ചിരിക്കുന്നതിനാല്‍ പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ ശ്രദ്ധിക്കണമെന്നാണ് ജില്ല ഭരണകൂടം അറിയിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ സമീപത്തെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറി താമസിക്കണമെന്നും സുരക്ഷാ സംബന്ധിച്ച് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്.

എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി 59 സ്‌കൂളുകളും സ്ഥാപനങ്ങളും ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു;

1. സി എസ് ഐ ചര്‍ച്ച് മണികണ്ഠന്‍ ചാല്‍

2.ജി.എച്ച്.എസ്.എസ്. കുട്ടമ്പുഴ

3. വടാട്ടുപാറ അങ്കണവാടി

4.ജി.എല്‍.പി.സ്‌കൂള്‍ തൃക്കരിയൂര്‍

5. ടൗണ്‍ യു .പി.സ്‌കൂള്‍ കോതമംഗലം

6. ഏലൂര്‍ മേത്താനം പകല്‍ വീട്

7.ജി.എല്‍.പി.സ്‌കൂള്‍ തിരുവല്ലൂര്‍

8.ജി.എല്‍.പി.എസ്. മന ക്കപ്പടി

9. ഹിന്‍ഡാല്‍കോ യൂണിയന്‍ ഓഫീസ് കുറ്റിക്കാട്ടുകര

10. കണ്ണംകുളങ്ങര ജി.എല്‍.പി.സ്‌കൂള്‍

11. ടൗണ്‍ യു.പി.സ്‌കൂള്‍ മൂവാറ്റുപുഴ

12.ജി.എല്‍.പി.എസ്. ചാലാക്ക

13.എന്‍.എസ്.എസ്.കരയോഗം ഹാള്‍ കടാതി

14. ജി എല്‍ പി എസ് കുന്നുമ്പുറം

15. വി.എം.പബ്ലിക് സ്‌കൂള്‍ വെള്ളൂര്‍ കുന്നം

16.ജി.എല്‍.പി.എസ്.എളന്തിക്കര

17.വി .സി .എസ്.സ്‌കൂള്‍ പുത്തന്‍വേലിക്കര

18.ജി.എല്‍.പി.എസ്.ഏലൂര്‍

19. എഫ് എ സി ടി ടൗണ്‍ഷിപ്പ് സ്‌കൂള്‍, ഏലൂര്‍

20. എം.ഇ.എസ്.സ്‌കൂള്‍ ഏലൂര്‍

21. ഗാര്‍ഡിയന്‍ ഏഞ്ചല്‍ സ്‌കൂള്‍ ഏലൂര്‍

22. മോസ്‌ക് ഓഡിറ്റോറിയം കണ്ടത്തറ

23. കൂവപ്പടി എല്‍.പി.സ്‌കൂള്‍

24. ക്രാറിയേലി സൊസൈറ്റി കൊമ്പനാട്

25. ഗവ.എല്‍.പി.എസ് ഒക്കല്‍

26. സെന്റ്. ജോസഫ്‌സ് സ്‌കൂള്‍ ചെങ്കല്‍ വടക്കുംഭാഗം

27. സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ കാഞ്ഞൂര്‍

28. എസ്.പി.ഡബ്ല്യു സ്‌കൂള്‍ കമ്പനിപ്പടി

29. സെന്റ് ക്ലെയര്‍ ഹോസ്റ്റല്‍ മാറ്റൂര്‍ ആലുവ

30. മാരാമംഗലം ചര്‍ച്ച് പാരിഷ്ഹാള്‍ കോതമംഗലം

31. ജി എല്‍ പി എസ് വയല്‍ക്കര പറവൂര്‍

32. ചെറിയാറേക്കണം അങ്കണവാടി ,ചാലാക്ക

33. അങ്കമാലി ചെത്തിക്കോട് കമ്മ്യൂണിറ്റി ഹാള്‍

34. ആലുവ വെസ്റ്റ് പ്രിയദര്‍ശിനി ഹാള്‍

35. വി.എം.പബ്ലിക് സ്‌കൂള്‍ ,പെരുമറ്റം

36. കാഞ്ഞിരക്കാട് എല്‍.പി.എസ്. കുന്നത്തുനാട്

37. കാഞ്ഞിരിക്കാട് മദ്രസ്സ

38. കരിയില്‍, കൊമ്പനാട്

39.ജി എല്‍ പി എസ് കോട്ടപ്പുറം

40. പാനായിക്കുളം ജി എല്‍ പി സ്‌കൂള്‍

41.എല്‍.എസ്.എച്ച്.എസ്. പാനായിക്കുളം

42.ജി എല്‍ പി എസ് മാവേലിപ്പടി

43. സെന്റ് ആന്റണീസ് സ്‌കൂള്‍ മാറ്റൂര്‍ ആലുവ

44. നെറോസെറ്റ് മദ്രസ്സ ആലുവ

45. ജെ ബി എസ് ദേശം ആലുവ

46.ജി എല്‍ പി എസ് ചൊവ്വര

47.ജി എല്‍ പി എസ് കീഴ്മാട്

48. കുന്നുശ്ശേരി ഇസ്ലാം മദ്രസ്സ, നെടുമ്പാശ്ശേരി

49. അകപ്പറമ്പ് കമ്മ്യൂണിറ്റി ഹാള്‍ ആലുവ

50. നസ്രത്ത് മഠം അങ്കമാലി

51. കെ വൈ എല്‍ പി എസ് തുരുത്ത് ചെങ്ങമനാട്

52. ചെങ്ങമനാട് എച്ച് എസ്

53. അത്താണി അങ്കണവാടി ചെങ്ങമനാട്

54. മഹിളാലയം സ്‌കൂള്‍ മരിയമ്മ ഹാള്‍ ആലുവ

55. ചമ്മണി എസ് സി / എസ് ടി സൊസൈറ്റി മലയാറ്റൂര്‍

56. ജി എല്‍ പി എസ് എളവൂര്‍

57. അങ്കണവാടി നമ്പര്‍ 64 ചെട്ടികുളം പാറക്കടവ്

58. സെന്റ് മേരീസ് ചര്‍ച്ച് പാരിഷ് ഹാള്‍ പാറക്കടവ്

59. പറപ്പള്ളില്‍ പ്രെയര്‍ ഹാള്‍ പിറവം

പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പെരിയാറിലെ ജലനിരപ്പ് ഉയരുന്നത് ബാധിക്കപ്പെടുന്ന പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ് പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വിഭാഗങ്ങള്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ വേണ്ട നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജില്ലയില്‍ ക്വറികളുടെ പ്രവര്‍ത്തനം നിലവില്‍ 48 മണിക്കൂര്‍ നിര്‍ത്തിവെക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കുക

പറവൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന താഴ്ന്ന പ്രദേശങ്ങളായ പുത്തന്‍വേലിക്കര, കുന്നുകര, ആലങ്ങാട്, കരിമാലൂര്‍, ചേന്ദമംഗലം എന്നിവിടങ്ങളില്‍ ജാഗ്രത നിരീക്ഷണത്തിനായി പ്രത്യേക സ്‌ക്വാഡിനെ നിയമിച്ച് ഉത്തരവിട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായി ഫിഷറീസ് വകുപ്പുമായി സഹകരിച്ച് ബോട്ടുകളുടെ പൂള്‍ തയാറാക്കിയിട്ടുണ്ട്. ടോറസുകളുടെ ലിസ്റ്റും തയാറാക്കിക്കഴിഞ്ഞു.

തടസങ്ങളും കയ്യേറ്റങ്ങളും ഉടന്‍ ഒഴിപ്പിക്കും

വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന്റെ ഭാഗമായി കൊച്ചി നഗരത്തിലെ കാനകളിലെയും കനാലുകളിലെയും തടസ്സങ്ങളും കയ്യേറ്റങ്ങളും അടിയന്തരമായി നീക്കാന്‍ നീക്കാന്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടിട്ടുണ്ട്. ദുരന്തനിവാരണ നിയമപ്രകാരമാണ് കളക്ടറുടെ നടപടി.

എറണാകുളം ജില്ലയില്‍ മഴ തുടരുന്നുവെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇടമലയാര്‍ ഡാം തുറന്നു വിടുമെന്ന വാര്‍ത്തകളിലും അധികൃതര്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ഇടമലയാര്‍ ഡാമിന്റെ ഫുള്‍ റിസര്‍വോയര്‍ ലെവല്‍ 169 മീറ്റര്‍ ആണ്. നിലവില്‍ ഇടമലയാര്‍ ഡാമില്‍ 138.96 മീറ്റര്‍ ആണ് ജലനിരപ്പ്. ഡാമിന്റെ ഫുള്‍ റിസര്‍വോയര്‍ ലെവലിന്റെ 33.15 ശതമാനം മാത്രമാണ് ജലനിരപ്പ്. അതിനാല്‍ ഡാം തുറന്ന് വിടാന്‍ സാധ്യതയില്ലെന്നാണ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിക്കുന്നത്.

ചാലക്കുടി പുഴയുടെയും മൂവാറ്റുപുഴയാറിന്റെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കുക

അതേസമയം പെരിങ്ങല്‍കുത്ത് ഡാമില്‍ നിന്നും ചാലക്കുടിപ്പുഴയിലേക്ക് കൂടുതല്‍ വെള്ളമെത്താന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പറമ്പിക്കുളത്ത് നിന്ന് ആളിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന കനാലില്‍ തടസം നേരിട്ട സാഹചര്യത്തില്‍ തുറന്നു വിട്ട വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 400 ക്യൂസക്‌സ് വെള്ളം രണ്ടു മണിക്കൂറിനുള്ളില്‍ പെരങ്ങല്‍കുത്തിലും മൂന്നര മണിക്കൂറിനുള്ളില്‍ ചാലക്കുടിയിലും എത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പുഴയില്‍ വെള്ളം കയറാന്‍ സാധ്യത മുന്‍നിര്‍ത്തിയാണ് തീരവാസികളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മലങ്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്നതിനാല്‍ മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം വന്നിട്ടുണ്ട്. ഭൂതത്താന്‍ കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിവച്ചിരിക്കുകയാണ്. 30.35 മീറ്റര്‍ ആണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പ്രവര്‍ത്തനം ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി വരെ നിര്‍ത്തിവച്ചതായി സിയാല്‍ അറിയിച്ചിട്ടുണ്ട്.

ട്രെയിന്‍ ഗതാഗതത്തിന് തടസം

ആലപ്പുഴയ്ക്കും- മാരാരിക്കുളത്തിനും ഇടയില്‍ ട്രാക്കില്‍ മരം വീണതിനാല്‍ ചില ട്രെയിനുകള്‍ വൈകിയോടുകയും വഴി തിരിച്ചു പോവുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. 16127 ഗുരുവായൂര്‍, 16603 മാവേലി, 13351 ധന്‍ബാദ്, 12432 രാജധാനി എന്നീ ട്രെയിനുകള്‍ വൈകിയോടും. എറണാകുളം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് സര്‍വീസ് നടത്തില്ല.

വ്യാജവാര്‍ത്തകളില്‍ പരിഭ്രാന്തരാകരുത്

മഴ സംബന്ധമായ വിവരങ്ങള്‍ക്ക് കളക്ടറുടെ ഫേസ് ബുക്ക് പേജോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഫേസ് ബുക്ക് പേജോ സന്ദര്‍ശിക്കണമെന്ന് അധികൃതര്‍. മറ്റ് വ്യാജ വാര്‍ത്തകളില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ രക്ഷാപ്രവര്‍ത്തന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ ശ്രദ്ധക്ക് ജില്ല ഭരണകൂടം നല്‍കുന്ന അറിയിപ്പ്;

1. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക. കണ്‍ഫേം ചെയ്തിട്ട് മാത്രം വിവരങ്ങള്‍ പങ്കുവെക്കുക. വിളിച്ച് വെരിഫൈ ചെയ്ത വിവരങ്ങള്‍ ‘verified’ എന്ന് വ്യക്തമാക്കി തീയതിയും സമയവും വ്യക്തമാക്കി മാത്രം ഷെയര്‍ചെയ്യുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യുക.

2. കഴിഞ്ഞ പ്രളയകാലത്തെ ഫോട്ടോകള്‍ ഇപ്പോഴത്തേതെന്ന നിലയില്‍ ഷെയര്‍ ചെയ്ത് വരാന്‍ സാധ്യതയുള്ളതുകൊണ്ട് പരിശോധിക്കുക, ക്രോസ് ചെക്ക് ചെയ്യുക.

3. തെറ്റായ ഒരു വിവരം ജനങ്ങളുടെ ജീവനെ പ്രതികൂലമായി ബാധിക്കും. സൂക്ഷിക്കുക.

4. വൈദഗ്ദ്ധ്യമുള്ളവര്‍ മാത്രം അപകടമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ പാടുള്ളു. അല്ലാത്തത് കൂടുതല്‍ അപകടം വരുത്തിവെക്കുന്നതിന് തുല്യമാകും.

5. ജാഗ്രതപാലിക്കുക. സര്‍ക്കാര്‍/അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.

ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും താലൂക്ക് ഓഫീസുകളും കളക്ടറേറ്റിലെ ദുരന്തനിവാരണ സെക്ഷനും പൊതുജനങ്ങളുടെ സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്. അടിയന്തര ഘട്ടങ്ങളില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ സേവനം തേടാന്‍ പൊതുജനങ്ങള്‍ക്ക് 1077 എന്ന ടോള്‍ ഫ്രീ നമ്പറിലും 0484 24 23513 എന്ന നമ്പറിലും ബന്ധപ്പെടാം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍