UPDATES

പ്രളയം 2019

മൂവാറ്റുപുഴയിലെ റിസോര്‍ട്ടില്‍ കുടുങ്ങിയ 34 വിദേശികളെ രക്ഷപെടുത്തി; വള്ളങ്ങളും മത്സ്യത്തൊഴിലാളികളും സജ്ജം; എറണാകുളത്ത് സ്ഥിതി ശാന്തമാകുന്നുവെങ്കിലും ജാഗ്രതയോടെ അധികൃതര്‍

ഡാമുകളിലെ ജലനിരപ്പ് കുറയുന്നതും എറണാകുളത്ത് സ്ഥിതി സാധാരണ നിലയിലാക്കുന്നുണ്ട്

പ്രളയ ദുരന്തം ആവര്‍ത്തിക്കുമെന്ന ഭയത്തില്‍ നിന്നും എറണാകുളം ജില്ല കരകയറുന്നു. മഴയുടെ ശക്തി കുറയുന്നതും ഡാമുകളിലെയും പെരിയാറിലേയും ജലനിരപ്പ് കുറയുന്നതുമാണ് സ്ഥിതിഗതികള്‍ ശാന്തമാക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ല ഭരണകൂടം അറിയിക്കുന്നത്. ഇതുവരെയും വലിയ അപകടങ്ങളൊന്നും ഒരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ജാഗ്രതാ നിര്‍ദേശമനുസരിച്ച് ജനങ്ങളെ സുരിക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുണ്ട്. നിലവില്‍ ജില്ലയില്‍ 135 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 4,652 കുടുംബങ്ങള്‍ ക്യാമ്പുകളിലേക്ക് മാറ്റി. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് 16,836 പേര്‍ ആണ് ക്യാമ്പില്‍ ഉള്ളത്.

ആളുകള്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥ നിലവില്‍ ഒരിടത്തും ഇല്ലെന്നാണ് ഫയര്‍ ആന്‍ഡ് റസ്ക്യു സംഘവും അറിയിക്കുന്നത്. ഏറ്റവും അവസാനമായി നടന്ന രക്ഷാദൌത്യം മൂവാറ്റുപുഴയില്‍ കടാതി പ്രദേശത്തെ ഒരു ടൂറ്റിസ്റ്റ് റിസോര്‍ട്ടില്‍ നിന്നും 34 വിദേശികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതാണെന്ന് ഫയര്‍ ആന്‍ഡ് റസ്ക്യു എഡിഒ സിദ്ധകുമാര്‍ അഴിമുഖത്തോട് പറഞ്ഞു. റിസോര്‍ട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം വേണ്ടി വന്നത്. ഫയര്‍ ആന്‍ഡ് റസ്‌ക്യു സംഘത്തിന്റെ ഡിങ്കി ബോട്ടുകളിലായാണ് ഇവരെ രക്ഷപ്പെടുത്തിയത്. അറബ് വംശജരായിരുന്നു റിസോര്‍ട്ടില്‍ ഉണ്ടായിരുന്നതെന്നും ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ലെന്നും എഡിഒ പറഞ്ഞു.

കടാതിയില്‍ നടന്ന രക്ഷാപ്രവര്‍ത്തനം അല്ലാതെ നിലവില്‍ മറ്റ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഫയര്‍ ആന്‍ഡ് റസ്‌ക്യു അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 1153 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും നിലവില്‍ ആരെങ്കിലും എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നതായി വിവരങ്ങളൊന്നും വന്നിട്ടില്ലെന്നും എഡിഒ അറിയിച്ചു. വെള്ളം ഇറങ്ങി വരുന്ന സ്ഥിതിക്ക് സാഹചര്യങ്ങള്‍ അനുകൂലമായി മാറുന്നുണ്ടെങ്കിലും അതീവ ജാഗ്രതയോടെ തന്നെയാണ് ഉള്ളതതെന്നും അദ്ദേഹം പറഞ്ഞു.

വെള്ളപ്പൊക്കം ഉണ്ടാവുകയോ മഴ കനക്കുകയോ ചെയ്താല്‍ സ്വീകരിക്കേണ്ട എല്ലാ മുന്‍കരുതലുകളും ജില്ല ഭരണകൂടവുമായി ബന്ധപ്പെട്ട് ഫയര്‍ ആന്‍ഡ് റസ്‌ക്യു ഫോഴ്‌സും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റും സ്വീകരിച്ചിട്ടുണ്ട്. എന്തെങ്കിലും ആവശ്യമായി വന്നാല്‍ ഉപയോഗിക്കാന്‍ കഴിയാന്‍ വേണ്ടി 23 വലിയ വള്ളങ്ങള്‍ നോര്‍ത്ത് പറവൂര്‍, ഏലൂര്‍, ആലുവ, തൃക്കാക്കര ഫയര്‍ സ്റ്റേഷനുകളിലായി എത്തിച്ചിട്ടുണ്ട്. അമ്പതിലേറെ മത്സ്യത്തൊഴിലാളികളും എത്തിയിട്ടുണ്ട്. ഇവര്‍ ഫയര്‍ സ്റ്റേഷനുകളില്‍ തങ്ങുകയാണ്. എന്ത് ആവശ്യം വന്നാലും സമയം വൈകാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് ഫയര്‍ ആന്‍ഡ് റസക്യു ടീം പറയുന്നത്.

ഡാമുകളിലെ ജലനിരപ്പ് കുറയുന്നതും എറണാകുളത്ത് സ്ഥിതി സാധാരണ നിലയിലാക്കുന്നുണ്ട്. പെരിയാറിലും മൂവാറ്റുപുഴയാറിലും വെള്ളം കുറഞ്ഞു വരികയാണ്. മഴയുടെ ശക്തിയും കഴിഞ്ഞ മണിക്കൂറുകളില്‍ കുറഞ്ഞിട്ടുണ്ട്. ആലുവ, കളമശ്ശേരി, ഏലൂര്‍ ഭാഗങ്ങളില്‍ ക്യാമ്പുകള്‍ തുറന്ന് ജനങ്ങളെ മാറ്റുന്നുണ്ടെങ്കിലും ഇവിടെയൊന്നും ഭയപ്പെടാനുള്ള സാഹചര്യങ്ങളില്ലെന്നും മുന്‍കരുതല്‍ എന്ന നിലയിലാണ് നടപടികള്‍ സ്വീകരിക്കുന്നതന്നെും ജില്ല ഭരണകൂടത്തില്‍ നിന്നും അറിയിപ്പുണ്ട്. കോതമംഗലം, മൂവാറ്റുപുഴ ഭാഗങ്ങളിലും വെള്ളം ഇറങ്ങിയിട്ടുണ്ട്. ഗതാഗതസൗകര്യങ്ങള്‍ പുനഃരാരംഭിക്കുകയും ചെയ്തു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍