പത്ത് ദിവസത്തിനുള്ളില്‍ മാത്രം മൂന്ന് തവണ ഭക്ഷ്യവിഷബാധയേറ്റ് അക്കാദമിയിലെ പോലീസുകാര്‍ ചികിത്സ തേടി
ഭക്ഷ്യ വിഷബാധയൊഴിയാതെ പോലീസ് അക്കാദമി. മുട്ട് വേദന പോലെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമെന്ന് പോലീസ്. സെപ്റ്റിക് ടാങ്ക് മാലിന്യം കുളത്തിലേക്കെത്തുന്നതിന് പരിഹാരം കാണുന്നത് വരെ പോലീസുകാരെ ആശുപത്രിയില്‍ പ്രതീക്ഷിക്കുന്നുവെന്ന് ആരോഗ്യവകുപ്പ്. ‘നല്ല നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തൂറ്റലും വാളും ഒഴിഞ്ഞ ദിവസങ്ങളില്ല. പല്ലുതേച്ച് വായ് കഴുകാന്‍ പോലും ഇപ്പോള്‍ പേടിയാണ്. കുളിക്കാന്‍ നേരം വായും മൂക്കും അടച്ചുപിടിക്കും. ഇല്ലേല്‍ പണി വെള്ളത്തില്‍ കൂടി വരും.’ തൃശൂര്‍ പോലീസ് അക്കാദമിയില്‍ പരിശീലനത്തിലുള്ള ഒരാള്‍ ചിരിച്ചുകൊണ്ടാണ് ഇത് പറഞ്ഞതെങ്കിലും സംഗതി അല്‍പ്പം ഗൗരവമുള്ള വിഷയമാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
കുറച്ചു നാളുകളായി പോലീസ് അക്കാദമിയില്‍ നിരന്തരം ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്ത് ദിവസത്തിനുള്ളില്‍ മാത്രം മൂന്ന് തവണ ഭക്ഷ്യവിഷബാധയേറ്റ് അക്കാദമിയിലെ പോലീസുകാര്‍ ചികിത്സ തേടി. ഒരാഴ്ച മുമ്പുണ്ടായ ഭക്ഷ്യവിഷബാധയില്‍ നാനൂറോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് അഞ്ച് ദിവസം അക്കാദമി അടച്ചിട്ടു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും പരിശീലനം ആരംഭിച്ചത്. എന്നാല്‍ അന്ന് മുതല്‍ വീണ്ടും പലര്‍ക്കും വയറിളക്കവും ദഹനപ്രശ്‌നവും ഛര്‍ദ്ദിയുമുണ്ടായി. മുപ്പതിലധികം പേര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇതില്‍ കടുത്ത ആരോഗ്യപ്രശ്‌നം നേരിട്ട പത്ത് പേര്‍ ചികിത്സ തേടി. ഇപ്പോഴും അക്കാദമിയില്‍ ഭക്ഷ്യവിഷബാധ ഭീതി തുടരുകയാണ്.
അക്കാദമിയിലുള്ള രണ്ട് കുളങ്ങളില്‍ നിന്നാണ് ആവശ്യത്തിനുള്ള വെള്ളമെടുക്കുന്നത്. ഈ കുളങ്ങള്‍ക്ക് സമീപമാണ് സെപ്റ്റിക് ടാങ്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സെപ്റ്റിക് ടാങ്കുകളില്‍ ലീക്ക് ഉള്ളതിനാല്‍ അതില്‍ നിന്ന് മാലിന്യം കുളങ്ങളിലേക്കെത്തുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഭക്ഷ്യവിഷബാധ അടിക്കടി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അക്കാദമിയില്‍ പരിശോധന നടത്തുകയും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. കുടിക്കാനുള്ള വെള്ളം ഫില്‍ട്ടര്‍ ചെയ്താണ് ഉപയോഗിക്കുന്നതെങ്കിലും കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും കുളത്തില്‍ നിന്ന് പൈപ്പ് ഉപയോഗിച്ച് നേരിട്ടാണ് വെള്ളമെടുക്കുന്നത്. ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം വലിയ തോതിലുള്ള വെള്ളം ഉപയോഗിക്കുന്നതാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീന പറഞ്ഞു. പൈപ്പുകളിലും പൊട്ടലുകള്‍ ഉള്ളതിനാല്‍ അത് വഴിയും മലിനജലം വെള്ളത്തില്‍ കലരുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്.
ഡോ.റീന പറയുന്നു, ‘അവിടുത്തെ വെള്ളം മലിനമാണ്. ഇ കോളിയുടെ അംശം വളരെ കൂടുതലാണ്. രണ്ട് കുളങ്ങളാണ് അക്കാദമിയുടെ വാട്ടര്‍ സോഴ്‌സ്. കുളത്തിനോട് 15 മീറ്റര്‍ മാത്രം ദൂരത്തിലാണ് സെപ്റ്റിക് ടാങ്കുകളുള്ളത്. മാന്‍ഹോളില്‍ ലീക്ക് ഉണ്ട്. ഇത് വഴി മാലിന്യം വെള്ളത്തിലേക്ക് അരിച്ചിറങ്ങുന്നുണ്ട്. ലീക്ക് മാറ്റാനുള്ള നിര്‍ദ്ദേശം അക്കാദമി അധികാരികള്‍ക്ക് നല്‍കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം അക്കാദമിക്ക് ഒരു ദിവസം ആവശ്യമുണ്ട്. ആ വെള്ളം മുഴുവന്‍ മാന്വലി ക്ലോറിനേറ്റ് ചെയ്യുക എന്നത് സാധ്യമായ കാര്യമല്ല. അതിന് ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ വേണം. പക്ഷെ ആ സംവിധാനം വരാന്‍ സമയമെടുക്കും. മാന്‍ഹോള്‍ നന്നാക്കാനും പൈപ്പുകള്‍ എല്ലാ മാറ്റാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനും സമയമെടുക്കും. അതെല്ലാം ശരിയാവുന്നത് വരെ ഈ അവസ്ഥ തുടരും. ഇടക്കിടെ ഭക്ഷ്യവിഷബാധ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ചെറിയ രീതിയില്‍ മാത്രമാണ് ഇപ്പോള്‍ മാലിന്യം കലരുന്നത്. അതുകൊണ്ട് ഛര്‍ദ്ദിയും വയറിളക്കവും മാത്രമേ ഉണ്ടാവുന്നുള്ളൂ. അതല്ലായിരുന്നുവെങ്കില്‍ സ്ഥിതി കൂടുതല്‍ ഗൗരവതരമായേനെ. അക്കാദമിയിലുള്ളവര്‍ വളരെയധികം ശ്രദ്ധയെടുക്കുന്നുണ്ട്. മാന്വലി ആണെങ്കിലും ക്ലോറിനേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ അതുകൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ല.’
എന്നാല്‍ പോലീസുകാര്‍ ചികിത്സ തേടുന്നത് ഭക്ഷ്യവിഷബാധകൊണ്ടല്ലെന്നും മുട്ടുവേദന പോലുള്ള ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതുകൊണ്ടാണെന്നും എസ് പി റജി ജേക്കബ് പറഞ്ഞു. അക്കാദമിയില്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇവിടെ ആരോഗ്യ പ്രശ്‌നങ്ങളില്ല. പരിശീലനത്തിനിടക്ക് കാല്, മുട്ട് വേദനകളായി ചികിത്സ തേടുക സാധാരണമാണ്. ഭക്ഷ്യവിഷബാധയല്ല അതിന് കാരണം. അത്തരമൊരു പ്രശ്‌നം ഇവിടെ നിലനില്‍ക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
രണ്ടായിരത്തോളം പേരാണ് അക്കാദമിയില്‍ പരിശീലനത്തിലുള്ളത്. ഉദ്യോഗസ്ഥരും പരിശീലകരുമായവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലും ചിലരില്‍ സമാനമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അക്കാദമിയിലെ പോലീസുകാര്‍ പറയുന്നു.