UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഐസ് ക്രീം പുകച്ച് തള്ളിയത് മതി; നിര്‍ത്തിക്കോളാന്‍ ഭക്ഷ്യസുരക്ഷ വകുപ്പ്

‘ഐസ്‌ക്രീം നിര്‍മിക്കാനുപയോഗിക്കുന്ന ദ്രാവക നൈട്രജന്‍ വായയിലെത്തുന്നതിന് മുന്‍പ് ബാഷ്പീകരണ പ്രക്രിയക്ക് വിധേയമായാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകില്ല.എന്നാല്‍, ദ്രാവകാവസ്ഥയിലുള്ള നൈട്രജന്‍ നേരിട്ട് ശരീരത്തിലെത്തുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

ദീഷ്‌ണ സി.

ദീഷ്‌ണ സി.

കോഴിക്കോട്ടെ പുകമഞ്ഞ് ഐസ്‌ക്രീം വിതരണ കടകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാനുള്ള ഉത്തരവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. പുകമഞ്ഞ് ഐസ്‌ക്രീം നിര്‍മിക്കാനുപയോഗിക്കുന്ന ലിക്വിഡ് നൈട്രജന്റെ അനാരോഗ്യ വശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജില്ലയിലെ രണ്ടു വിതരണ ശാലകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശം നല്‍കിയത്.കൃത്യമായ പഠന റിപ്പോര്‍ട്ടുകളും ഐസ്‌ക്രീമിലെ ലിക്വിഡ് നൈട്രജന്റെ ഉപയോഗവും സംബന്ധിച്ച വിശദാംശങ്ങളും ഹാജരാക്കുന്ന പക്ഷം പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്നു തെളിഞ്ഞാല്‍ കടകള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നും, ഐസ്‌ക്രീം ഭക്ഷിക്കുന്നവരുടെ ആരോഗ്യവും കടകള്‍ക്ക് ലൈസെന്‍സ് ലഭിച്ചിട്ടില്ലെന്ന സാഹചര്യവും കണക്കിലെടുത്താണ് അടച്ചുപൂട്ടാനുള്ള നിര്‍ദേശം നല്‍കിയതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി.

എന്നാല്‍, ഫുഡ്‌ഗ്രേഡ് ആയ, അംഗീകാരമുള്ള ലിക്വിഡ് നൈട്രജന്‍ ശരീരത്തിന് ദോഷകരമല്ലെന്നും, പുകമഞ്ഞ് ഐസ്‌ക്രീം കഴിക്കാനാവശ്യമായ എല്ലാ നിര്‍ദേശങ്ങളും കസ്റ്റമേഴ്സിന് നല്‍കാറുണ്ടെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച കടകളില്‍ ഒന്നിന്റെ അധികാരികള്‍ വ്യക്തമാക്കുന്നു.മാത്രമല്ല, ലിക്വിഡ് നൈട്രജന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു എന്നതിലപ്പുറം കട അടച്ചുപൂട്ടാനുള്ള നിര്‍ദേശം ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഇക്കൂട്ടര്‍ പ്രതികരിക്കുന്നു.

ഐസ്‌ക്രീം കഴിക്കുന്നതിനൊപ്പം വായയില്‍ പുക രൂപപ്പെടുന്നതാണ് പുകമഞ്ഞ് ഐസ്‌ക്രീമിന്റെ പ്രധാന ആകര്‍ഷണം.കോഴിക്കോട്ടെ രണ്ടു വിതരണ ശാലകളും ചുരുങ്ങിയ കാലം കൊണ്ടാണ് വ്യത്യസ്തമായ ഈ ഐസ്‌ക്രീം കച്ചവടം കൊണ്ട് പ്രശസ്തി നേടിയത്.ഐസ്‌ക്രീം കഴിക്കുന്നതിനൊപ്പം വായയില്‍ നിന്നും പുക വരുന്ന ഫോട്ടോകളും വീഡിയോകളും നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും, ഐസ്‌ക്രീമിനെ വിമര്‍ശിച്ച് പലരും ഇതിനോടകം പ്രതികരണവുമായി മുന്നോട്ട് വരുകയും ചെയ്തിരുന്നു.

-197 ഡിഗ്രീ സെല്‍ഷ്യസ് താപനിലയിലുള്ള ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ചാണ് പുകമഞ്ഞ് ഐസ്‌ക്രീം തണുപ്പോടെ രൂപപ്പെടുത്തിയെടുക്കുന്നത്.ലിക്വിഡ് നൈട്രജന്‍ നേരിട്ട് വായയിലേക്ക് ഒഴിക്കുന്നതാണ് ഇതിന്റെ ഏറ്റവും അപകടകരമായ വശം.ദ്രാവകാവസ്ഥയിലുള്ളത്തിന്റെ 700 മടങ്ങ് വ്യാപ്തമാണ് വാതകാവസ്ഥയിലുള്ള നൈട്രജന് ആവശ്യമായി വരുന്നത്.തന്മൂലം ശരീരത്തിനകത്ത് അത്രയധികം സ്ഥലം കൈവശപ്പെടുത്താന്‍ ഓക്‌സിജനെ തള്ളിനീക്കി നൈട്രജന്‍ വ്യാപിക്കുന്ന ഒരവസ്ഥയുണ്ടാവുകയും ഇത് ശ്വാസതടസ്സത്തിനും ബോധക്ഷയത്തിനും കാരണമാവുകയും ചെയ്യുന്നു.ഒപ്പം ആമാശയത്തില്‍ ദ്വാരങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു.
ദ്രാവകാവസ്ഥയില്‍ നൈട്രജന്‍ ശരീരത്തിനകത്ത് പ്രവേശിച്ചാല്‍ മേല്‍പ്പറഞ്ഞ ആരോഗ്യപ്രശ്നങ്ങള്‍ രൂപപ്പെടുമെങ്കിലും, ബാഷ്പീകരണ വിധേയ നൈട്രജന്‍ ശരീരത്തിന് ഹാനികരമല്ല. ഐസ്‌ക്രീം കപ്പില്‍ നിന്നും വായയിലേക്കുള്ള ദൂരത്തിനിടയില്‍ ലിക്വിഡ് നൈട്രജന് ബാഷ്പീകരണം സംഭവിക്കുന്നു എന്നതില്‍ ഉറപ്പുവരുത്തുന്ന പക്ഷം പുകമഞ്ഞ് ഐസ്‌ക്രീം ആരോഗ്യത്തിന് ദോഷകരമല്ലെന്ന് വിലയിരുത്താന്‍ സാധിക്കും.

‘ഐസ്‌ക്രീം നിര്‍മിക്കാനുപയോഗിക്കുന്ന ദ്രാവക നൈട്രജന്‍ വായയിലെത്തുന്നതിന് മുന്‍പ് ബാഷ്പീകരണ പ്രക്രിയക്ക് വിധേയമായാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകില്ല.എന്നാല്‍, ദ്രാവകാവസ്ഥയിലുള്ള നൈട്രജന്‍ നേരിട്ട് ശരീരത്തിലെത്തുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.ഇവയെല്ലാം സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങിയ പഠന റിപ്പോര്‍ട്ടുകളും കടയുടെ ലൈസന്‍സും ഹാജരാക്കിയാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണറുടെ അനുമതി പ്രകാരം കടകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കുന്നതായിരിക്കും.പുകമഞ്ഞ് ഐസ്‌ക്രീമിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് തെളിയിക്കേണ്ടത് കടയുടമയുടെ ഉത്തരവാദിത്തമാണ്.ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് കടകള്‍ അടച്ചുപൂട്ടാനുള്ള താല്‍ക്കാലിക നിര്‍ദ്ദേശം നല്‍കേണ്ടി വന്നത്.’ ഭക്ഷ്യസുരക്ഷാ വകുപ്പ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ പികെ ഏലിയാമ്മ പ്രതികരിക്കുന്നു.

എന്നാല്‍, അംഗീകൃത ലബോറട്ടറികളില്‍ നിന്നും കൊണ്ടുവരുന്ന നൈട്രജന്‍ ശരീരത്തിന് ദോഷകരമല്ലെന്നും, പുകമഞ്ഞ് ഐസ്‌ക്രീം കഴിക്കുന്നതിന്റെ ശരിയായ നിര്‍ദേശങ്ങള്‍ കസ്റ്റമേഴ്സിന് നല്‍കാറുണ്ടെന്നും കടയുടമകളില്‍ ഒരാള്‍ വ്യക്തമാക്കുന്നു. ‘കോയമ്പത്തൂരിലെ അംഗീകൃത പ്ലാന്റേഷനില്‍ നിന്നാണ് നൈട്രജന്‍ ശേഖരിക്കുന്നത്. ഫുഡ്‌ഗ്രേഡ് ആയ ഭക്ഷ്യയോഗ്യ നൈട്രജന്‍ ആണ് പുകമഞ്ഞ് ഐസ്‌ക്രീം നിര്‍മാണത്തിനുപയോഗിക്കുന്നത്.ഐസ്‌ക്രീം ഉണ്ടാക്കാനുപയോഗിക്കുന്ന ഒരു മാധ്യമം മാത്രമാണ് ലിക്വിഡ് നൈട്രജന്‍.ഇത് നേരിട്ട് ശരീരത്തില്‍ പ്രവേശിക്കുന്നത് അപകടകരമായതിനാല്‍ നൈട്രജന്‍ ദ്രാവകം കുടിക്കരുതെന്ന് കര്‍ശന നിര്‍ദേശം ഓരോ കസ്റ്റമേഴ്സിനും നല്‍കാറുണ്ട്.ഒപ്പം കുട്ടികളും ആസ്മാ രോഗികളും ഐസ്‌ക്രീം കഴിക്കാതിരിക്കാനുള്ള മുന്‍കരുതലുകളും സ്ഥാപനം സ്വീകരിച്ചുവരുന്നു.തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പഠന റിപ്പോര്‍ട്ടുകള്‍ എത്രയും പെട്ടന്ന് ഹാജരാക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. വലിയ പണച്ചിലവിന് കാരണമാകുന്ന നടപടിയാണത്.

കട അടച്ചുപൂട്ടാനുള്ള നിര്‍ദേശം ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.വളരെയധികം സ്വീകാര്യതയോടെ കച്ചവടം മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തിരിച്ചടി നേരിടേണ്ടി വന്നത്.ഭക്ഷ്യസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ട പ്രകാരമുള്ള പഠന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച് കച്ചവടം എത്രയും പെട്ടന്ന് തന്നെ തുടരാന്‍ ശ്രമിക്കുന്നതായിരിക്കും.’കടയുടമകളില്‍ ഒരാള്‍ പ്രതികരിക്കുന്നു. പുകമഞ്ഞ് ഐസ്‌ക്രീം വിതരണശാലകളില്‍ വിശ്വാസ യോഗ്യമായ കച്ചവടമാണെന്നും, ഐസ്‌ക്രീം കഴിക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ ലഭിക്കാറുണ്ടെന്നും കസ്റ്റമേഴ്സില്‍ ഒരാളും കോഴിക്കോട് സ്വദേശിയുമായ വിശാഖ് അറിയിക്കുന്നു.ലിക്വിഡ് നൈട്രജന്‍ കുടിക്കരുതെന്നും, കുട്ടികളും ആസ്മാ രോഗികളും ഐസ്‌ക്രീം കഴിക്കരുതുമെന്ന നിര്‍ദേശങ്ങള്‍ പതിവായി നല്‍കാറുള്ള കടകള്‍ വിശ്വാസയോഗ്യമാണെന്നും വിശാഖ് കൂട്ടിച്ചേര്‍ക്കുന്നു.

വീഡിയോ:

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍