UPDATES

വെള്ളയുടുപ്പിട്ട മാലാഖമാര്‍ എന്ന വിളിപ്പേര് പോര; ജീവിക്കാനെങ്കിലുമുള്ള പൈസ വേണം; നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്

സംസ്ഥാനവ്യാപകമായി 11-ന് സൂചനാപണിമുടക്ക് നടത്താനൊരുങ്ങുകയാണ് നഴ്‌സുമാര്‍. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്കും നീങ്ങും

Avatar

നിയ മറിയം

മരുന്നുമണക്കുന്ന ആശുപത്രി മുറികളിലെ വെള്ളയുടുപ്പിട്ട മാലാഖമാര്‍… രാവും പകലുമില്ലാതെ ചിരിച്ച മുഖത്തോടെ അവര്‍ പരിചരിക്കുമ്പോള്‍ ആരും അറിയുന്നില്ല, ആ വിടര്‍ന്ന ചിരിക്ക് പിന്നിലെ നൊമ്പരക്കഥകള്‍. അല്ലലില്ലാതെ ജീവിക്കാന്‍ കഷ്ടപ്പെടുന്ന ആ നഴ്‌സുമാര്‍ക്കിടയില്‍ നിന്ന് വീണ്ടും സമരകാഹളം മുഴങ്ങുകയാണ്. തോല്‍ക്കാന്‍ ഇനി മനസില്ലെന്നു ഉച്ചത്തില്‍ പറഞ്ഞു കൊണ്ട് നഴ്‌സുമാര്‍ വീണ്ടും സമരമുഖത്തേക്ക്. ആ പോരാട്ടഭൂമിയിലേക്ക് മുഷ്ടി ഉയര്‍ത്തി മുദ്രാവാക്യം വിളിക്കാനെത്തുന്നവരിലേറെയും പെണ്‍കുട്ടികളാണ്. നഴ്സിങ് മേഖലയിലെ ബഹുഭൂരിപക്ഷം പേരും വനിതകളായതിനാല്‍, ബാങ്ക് ലോണിന്റെയും വീടിന്റെയും പ്രാരാബ്ധങ്ങളേറെയുള്ളതിനാല്‍, സമരമുഖത്തേക്ക് വരില്ലെന്ന മിഥ്യാധാരണയാല്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാതെ അടിമപ്പണ്ണി ചെയ്യിക്കാമെന്ന് വ്യാമോഹിച്ച ആശുപത്രി മാനേജ്‌മെന്റുകള്‍ക്കെതിരേ അവര്‍ ശബ്ദമുയര്‍ത്തുകയാണ്. സംസ്ഥാനവ്യാപകമായി 11-ന് സൂചനാപണിമുടക്ക് നടത്താനൊരുങ്ങുകയാണ് നഴ്‌സുമാര്‍. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിനാണ് നഴ്‌സുമാര്‍ തീരുമാനിച്ചിരിക്കുന്നത്.

രാവും പകലുമെന്ന് നോക്കാതെ, നേരത്തിന് ഭക്ഷണം പോലും കഴിക്കാതെയാണ് ഇവരില്‍ ഏറെയും ജോലി ചെയ്യുന്നത്. എന്നിട്ടും ജീവിക്കാനാവശ്യമായ ശമ്പളം കിട്ടുന്നില്ല. ഇതരനാട്ടില്‍ നിന്നെത്തുന്നവര്‍ പോലും നിത്യേന ആയിരത്തിലേറെ രൂപ നേടുമ്പോള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളത്തെക്കുറിച്ച് പരസ്യമായി പറയാന്‍ പോലും അവര്‍ മടിക്കുകയാണ്. ലക്ഷങ്ങള്‍ കൊടുത്ത് ബിഎസ്സി നഴ്‌സിങ്ങും ജനറല്‍ നഴ്‌സിങ്ങും പഠിച്ചിറങ്ങുന്നവര്‍ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ പോലുമാകാതെയാണ് സമരമുഖത്തേക്കിറങ്ങുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ ആരംഭിച്ച സമരമമാണിപ്പോള്‍ കേരളമാകെ വ്യാപിപ്പിക്കാനൊരുങ്ങുന്നത്. 2012-ലെ സമരത്തെ തുടര്‍ന്ന് ശമ്പളവര്‍ധനവുണ്ടാക്കിയിരുന്നു. പിന്നീട് സുപ്രീം കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചുള്ള വേതന വ്യവസ്ഥയില്‍ 2016ല്‍ അനുകൂല തീരുമാനം കൈക്കൊള്ളുമെന്നാണ് അന്ന് മാനേജ്‌മെന്റുകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ 2016 ഫെബ്രുവരിയില്‍ ആരംഭിച്ച വേതന ചര്‍ച്ചകള്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും തീരുമാനമാകാതെ വന്ന സാഹചര്യത്തിലാണ് നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ (യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍) യുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചിരിക്കുന്നത്. സമരം ആരംഭിക്കുന്നതിന് മുന്‍പേ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. അതേത്തുടര്‍ന്നാണ് തൃശൂരില്‍ നഴ്‌സുമാര്‍ സമരം തുടങ്ങുന്നത്. എന്നാല്‍ മിനിമം സ്റ്റാഫിനെ കൊടുത്താണ് ആ സമരവും നടത്തിയത്. ഇതിനിടയില്‍ നടത്തിയ ചര്‍ച്ചയില്‍ ജൂണ്‍ 15-ന് ശമ്പള പരിഷ്‌ക്കരണം നടത്താമെന്ന് മന്ത്രി ഉറപ്പ് നല്‍കി. പക്ഷേ ശമ്പള പരിഷ്‌ക്കരണം നടത്തിയില്ല.

തൊഴില്‍ മന്ത്രിക്ക് സുഖമില്ലാതിരുന്നതിനാല്‍ കാരണം കൃഷി മന്ത്രി സുനില്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച നടത്തിയതെന്നും യുഎന്‍എ എറണാകുളം ജില്ല പ്രസിഡന്റ് ബെല്‍ജോ പറയുന്നു. എന്നാല്‍ പനിക്കാലമാണ്. തൃശൂരിലെ സമരം അവസാനിപ്പിക്കണമെന്നും സമരം സാധാരണക്കാരെയാണ് ബാധിക്കുകയെന്നും നിര്‍ദേശം വന്നതോടെയാണ് വീണ്ടും ചര്‍ച്ചയ്ക്ക് തയാറായത്. അങ്ങനെയാണ് ഇടക്കാല ആശ്വാസം പ്രഖ്യാപിക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. ഇടക്കാല ആശ്വാസം നല്‍കാമെന്നു മാനേജ്‌മെന്റും സമ്മതിച്ചു. അടിസ്ഥാനശമ്പളത്തിന്റെ അമ്പതു ശതമാനമാണ് ഇടക്കാല ആശ്വാസമായി നല്‍കുക. അതോടെയാണ് ജൂണ്‍ 19-ന് ആരംഭിച്ച നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചത്.

എന്നാല്‍ ശമ്പളവര്‍ധനവ് നടത്താന്‍ തയാറായ ആശുപത്രികളെയും വന്‍കിട ആശുപത്രികള്‍ നിരുത്സാഹപ്പെടുത്തുകയാണ്. തൃശൂരിലെ ദയ ഹോസ്പിറ്റല്‍ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ദയയ്ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ബെല്‍ജോ പറയുന്നു. ജൂണ്‍ 27-ന് നടന്ന മന്ത്രിതല ചര്‍ച്ചയിലും ശമ്പളവര്‍ധനവിനെക്കുറിച്ച് തീരുമാനമൊന്നുമായില്ല. അതോടെയാണ് പണിമുടക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. സമരം വ്യാപിപ്പിക്കും മുന്‍പ് ഒരു ചര്‍ച്ച കൂടി നടത്താമെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ ആ വാക്കില്‍ വിശ്വാസമില്ലെന്നും ബെല്‍ജോ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണയും സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആരോഗ്യമേഖലയെ ബാധിക്കുന്ന തരത്തിലാകില്ല തങ്ങള്‍ സമരം നടത്തുകയെന്ന് യുഎന്‍എ ട്രഷര്‍ ബിബിന്‍ എന്‍ പോള്‍ പറയുന്നു. രോഗികളെ ബാധിക്കാതെ ഡ്യൂട്ടിയില്‍ ഇല്ലാത്തവരും ലീവിലുള്ളവരുമൊക്കെ സമരത്തില്‍ പങ്കെടുക്കും. ആവശ്യത്തിന് നഴ്‌സുമാരെ ആശുപത്രികള്‍ക്ക് നല്‍കി കൊണ്ട് മാത്രമേ പണിമുടക്കൂ. ആവശ്യമെങ്കില്‍ പണിമുടക്ക് നടത്തുന്ന ദിവസങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പോയി പ്രവര്‍ത്തിക്കുന്നതിന് തങ്ങളൊരുക്കമാണെന്നും ബിബിന്‍ വ്യക്തമാക്കി.

ബിബിന്‍ എന്‍ പോളും ബെല്‍ജോയും

വര്‍ഷങ്ങളുടെ നഴ്‌സിങ് പരിചയവുമായി ജോലി ചെയ്യുന്നവര്‍ക്കും സ്വകാര്യ ആശുപത്രികള്‍ നല്‍കുന്നത് തുച്ഛമായ ശമ്പളമാണ്. ആരെങ്കിലും ശമ്പളം എത്രയാണെന്നു ചോദിച്ചാല്‍ പറയാന്‍ പോലും നാണക്കേടാണ്. ഞാന്‍ 1988-ല്‍ നഴ്‌സിങ് പൂര്‍ത്തിയാക്കിയതാണ്. ഇത്രയും നീണ്ടകാലത്തെ നഴ്‌സിങ് പരിചയമുണ്ട്. കുറേക്കാലം കേരളത്തിന് പുറത്തായിരുന്നു. തിരികെ ഇവിടെയെത്തിയിട്ട് അഞ്ചു വര്‍ഷമായി. എന്നിട്ടും എനിക്ക് ലഭിക്കുന്ന ശമ്പളം വളരെ കുറവാണ്. ജൂനിയര്‍ സ്റ്റാഫിന് കിട്ടുന്ന ശമ്പളം പോലുമില്ല. പഠിച്ചിറങ്ങിയ ഉടനെ ജോലിയ്ക്ക് കയറുന്നയാള്‍ക്ക് കിട്ടുന്ന തുകയാണ് ഇത്രയും പരിചയമുള്ള എനിക്ക് ലഭിക്കുന്നത്. അതുകൊണ്ടൊന്നും നമ്മുടെ നാട്ടില്‍ ജീവിക്കാന്‍ സാധിക്കില്ലല്ലോ. കൊച്ചി അങ്കമാലിയിലെ പ്രമുഖ ആശുപത്രിയിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. ആശുപത്രിയുടെ പേരു പറയാനുള്ള ധൈര്യമില്ല. അതൊക്കെ പറഞ്ഞാല്‍ ഒരുപക്ഷേ എന്റെ ജോലി തന്നെ പോകും. എണ്ണായിരം രൂപയാണ് ഇവിടുത്തെ അടിസ്ഥാനശമ്പളം. 2012-ലെ സമരത്തിന് ശേഷമാണ് അടിസ്ഥാനശമ്പളം എണ്ണായിരമായി വര്‍ധിപ്പിച്ചത്. അതുവരെ അയ്യായിരം രൂപയാണ് നല്‍കിയിരുന്നത്. ഇതരനാടുകളില്‍ നിന്ന് കേരളത്തിലെത്തി കൂലിപ്പണി ചെയ്യുന്നവര്‍ക്ക് പോലും ദിവസവും ആയിരത്തിലേറെ ശമ്പളം കിട്ടുമ്പോഴാണ് ഞങ്ങള്‍ മെച്ചപ്പെട്ടൊരു ശമ്പളത്തിന് വേണ്ടി സമരം ചെയ്യുന്നത്” – ഒരു നഴ്സ് പറയുന്നു.

350 രൂപയ്ക്ക് ആര്‍ക്കെങ്കിലും ജീവിക്കാന്‍ പറ്റുമോയെന്നാണ് എറണാകുളം ലിസി ആശുപത്രിയിലെ പേരു പറയാന്‍ ഭയക്കുന്ന ഒരു നഴ്‌സ് ചോദിക്കുന്നത്. “ഞങ്ങളുടെ ഒരാവശ്യവും നടക്കുന്നില്ല. 8725 രൂപയാണിവിടത്തെ അടിസ്ഥാനശമ്പളം. എത്ര നഴ്‌സിങ് പരിചയമുള്ളവര്‍ക്കും ആദ്യമായി ഇവിടെ ജോലിക്കെത്തിയാല്‍ കിട്ടുന്നത് ഈ തുകയാണ്. 2007-ല്‍ നഴ്‌സിങ് പൂര്‍ത്തിയാക്കിയതാണ് ഞാന്‍. പക്ഷേ ആ എക്‌സ്പീരിയന്‍സ് അനുസരിച്ചുള്ള ശമ്പളമൊന്നും കിട്ടുന്നില്ലെ”ന്നും ഇവര്‍ പറയുന്നു. എറണാകുളത്തെ കിംസ് ആശുപത്രിയിലെ അവസ്ഥയും ഇതു തന്നെയാണെന്നും പറയുന്നു അര്‍ച്ചന. “പത്ത് വര്‍ഷം മുന്‍പ് നഴ്‌സിങ് പൂര്‍ത്തിയാക്കിയതാണ്. കുറച്ചുകാലം ബംഗളൂരുവില്‍ ജോലി നോക്കിയിരുന്നു. ഇവിടെ 13,5000 എന്റെ ശമ്പളം. പക്ഷേ പല കട്ടുകളും കഴിഞ്ഞ് കൈയില്‍ കിട്ടുന്നത് പതിനായിരം മാത്രമെ”ന്നും അര്‍ച്ചന പറയുന്നു.

സുപ്രീം കോടതി നിര്‍ദേശമുണ്ട്, സര്‍ക്കാര്‍ മേഖലയിലെ നഴ്‌സുമാര്‍ക്ക് തുല്യമായ ശമ്പളം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കും നല്‍കണമെന്ന്. തുല്യ തൊഴിലിന് തുല്യ വേതനം. ദിവസേന 1000 രൂപ”– ഇതാണ് തങ്ങളുടെ ആവശ്യമെന്നും ബിബിന്‍ പറഞ്ഞു.

സമരചരിത്രത്തിലേക്ക്
ജീവിതത്തിനും മരണത്തിനുമിടയില്‍ സമരമുഖം തുറന്ന മൂന്നു നഴ്‌സുമാരെ മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. 114 ദിവസം നീണ്ട സമരം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലത്തെ ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയവര്‍. 2012-ലായിരുന്നു ആ സംഭവം. എന്നാല്‍ അതിന് ഒരുവര്‍ഷം മുമ്പായിരുന്നു നഴ്‌സുമാരുടെ സമരം കേരളത്തില്‍ സജീവ ചര്‍ച്ചയാകുന്നത്. ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2011-ല്‍ നവംബര്‍ 16-നാണ് യുഎന്‍എ (യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍) സംഘടന ആരംഭിക്കുന്നത്. തൃശൂരിലെ മദര്‍ ആശുപത്രിയിലായിരുന്നു ആദ്യ സമരം. ഒരു ദിവസത്തെ സമരം. അതൊരു തുടക്കം മാത്രമായിരുന്നു. കാരണം മദറിലെ നഴ്‌സുമാരെ പോലെ അല്ലെങ്കില്‍ അവരെക്കാളും മോശം അവസ്ഥയില്‍ ജീവിക്കുന്നവരായിരുന്നു മറ്റു പല ആശുപത്രികളിലെയും നഴ്‌സുമാര്‍.

അതേവര്‍ഷം തന്നെ ഡിസംബറില്‍ ഇടപ്പള്ളിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ സമരം ആരംഭിച്ചു. പിന്നീട് പല ആശുപത്രികളിലായി ഏതാണ്ട് ഇരുപതിലേറെ സമരങ്ങള്‍ നടത്തിയിട്ടുണ്ട് അസോസിയേഷന്‍. അന്നാളുകളില്‍ സംസ്ഥാനത്തിന്റെ വിവിധ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കി സമരത്തില്‍ പങ്കെടുത്തു. ആ സമയത്ത് വെറും അയ്യായ്യിരം രൂപയായിരുന്നു പല നഴ്‌സുമാരുടെയും ശമ്പളം. ജോലി കൂടുതലും ശമ്പളവും കുറവുമായിരുന്നു. ആ സാഹചര്യമാണ് സമരത്തിലേക്ക് നയിക്കുന്നത്. സമരങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ മിനിമം വേതനം പതിനായിരമാക്കിയത് 2013-ലാണ്. ഇതുപ്രകാരം ബിഎസ്‌സി നഴ്‌സിന്റെ ശമ്പളം ഏഴായിരത്തില്‍ നിന്ന് 9750 ആയി ഉയര്‍ന്നു.

ശമ്പളപരിഷ്‌ക്കരണത്തിനായാണ് നഴ്‌സുമാരും ആശുപത്രി മാനേജ്‌മെന്റുകളും ട്രേഡ് യൂണിയന്‍ നേതാക്കന്‍മാരുക്കെ അംഗങ്ങളായുള്ള ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കമ്മിറ്റി (ഐആര്‍സി) രൂപീകരിക്കുന്നത്. ശമ്പളപരിഷ്‌ക്കരണം നടത്തുന്നതും ഐആര്‍സിയുടെ നേതൃത്വത്തിലാണ്. ജനറല്‍ നഴ്‌സിങ്ങ് കഴിഞ്ഞവര്‍ക്ക് 6500 രൂപയായിരുന്ന ശമ്പളം 8750 രൂപയായി. ഈ നിരക്കിന്റെ റിവിഷന്‍ 2016-ല്‍ നടത്താം എന്നാണ് അന്നത്തെ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ വാക്കു നല്‍കിയത്. അതേ തുടര്‍ന്നാണ് സമരങ്ങളൊക്കെ അവസാനിപ്പിച്ചതും. എന്നാല്‍ 2016ല്‍ ശമ്പളകാര്യത്തില്‍ മാറ്റമൊന്നും നടന്നില്ല. ആ സാഹചര്യത്തില്‍ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്കിറങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

Avatar

നിയ മറിയം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍