UPDATES

വനം കൊള്ളക്കേസിലെ പ്രതിയുടെ മരണം കൊലപാതകമെന്ന് ആരോപണം; ബൈജുവിനെ ഇല്ലാതാക്കിയത് ഉദ്യോഗസ്ഥരുടെ പങ്ക് മറച്ചുപിടിക്കാന്‍

നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തൃശൂര്‍ ജില്ലയിലെ പട്ടിക്കാട് ഫോറസ്റ്റ് റേഞ്ചിലെ മാന്ദാമംഗലം വനംമേഖലയില്‍ നടന്ന കോടിക്കണക്കിനു രൂപയുടെ മരം കൊള്ളയില്‍ മുഖ്യപ്രതിയായിരുന്ന ബൈജുവിന്റെ ആത്മഹത്യ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചേര്‍ന്നു നടത്തിയ ആസൂത്രിത കൊലപാതകമാണെന്നു പരാതി. ബൈജുവിന്റെ മരണം കൊണ്ട് വന്‍ വനംകൊള്ള മറച്ചുവയ്ക്കാനാണ് ശ്രമം നടത്തിയതെന്നും പരാതിയില്‍ പറയുന്നു. പരാതികളില്‍ ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും വനം വൈല്‍ഡ് ലൈഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും നടപടിയെടുക്കാന്‍ പറഞ്ഞ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുപ്രവര്‍ത്തകന്‍ ജോയ് കൈതാരത്താണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

പട്ടിക്കാട് ഫോറസ്റ്റ് റേഞ്ചിലെ മാന്ദാമംഗലം വനമേഖലയില്‍ നിന്നും മുന്നൂറോളം തേക്ക്, ഈട്ടി മരങ്ങള്‍ മുറിച്ച് കടത്തിയ കേസിലെ മുഖ്യപ്രതിയായിരുന്ന ചേരുകുഴി സ്വദേശി ബൈജുവിനെ 2017 ജൂലൈ 23 നാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വനം കൊള്ളക്കേസില്‍ കീഴടങ്ങിയ ബൈജു പിന്നീട് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടശേഷമാണ് ആത്മഹത്യ ചെയ്യുന്നത്. എന്നാല്‍ ബൈജുവിന്റെ ആത്മഹത്യക്ക് പിന്നില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്നു പരാതി ഉയരുകയും ഇത് മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് ഈ വിഷയം അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് വിഭാഗത്തിനോട് മുഖ്യമന്ത്രി നിര്‍ദേശിക്കുകയുമായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പട്ടിക്കാട് റെയ്ഞ്ച് ഫോറ്സ്റ്റ് ഓഫിസര്‍ എം കെ രഞ്ജിത്ത്, പൊങ്ങനംകാട് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയഞ്ച് ഓഫിസര്‍ ശിവന്‍, പട്ടിക്കാട് റെയ്ഞ്ചില്‍പ്പെട്ട വാണിയംപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ സി ഐ സാജു എന്നിവരും ബൈജുവിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ആയിരുന്ന ഫര്‍ഷാദും കുറ്റക്കാരെന്നു കണ്ടെത്തുകയും ഇവര്‍ക്കെതിരേ പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ബൈജുവിന്റെ മരണത്തിനു പിന്നില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്ക് ഉണ്ടെന്ന ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ്, കുറ്റക്കാരായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തി കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജോയ് കൈതാരം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

ബൈജുവിന്റെ മരണത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമൊപ്പം പട്ടിക്കാട് ഫോറസ്റ്റ് റെയ്ഞ്ചില്‍ നടന്ന കോടികളുടെ വനം കൊള്ളയെക്കുറിച്ചും അന്വേഷിക്കണമെന്നാണ് ജോയ് കൈതാരം ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വകുപ്പ് ഈ കാര്യങ്ങള്‍ അന്വേഷിച്ചാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ വലിയ കൊള്ളകള്‍ പുറത്തു വരുമെന്നും ജോയ് കൈതാരം പറയുന്നു.

ബൈജു പ്രതിയായ മാന്ദാമംഗംല വനം കൊള്ളക്കേസിലും പിന്നീട് ബൈജു ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് ജോയ് കൈതാരം ആരോപിക്കുന്നു. ‘കുറച്ചു വര്‍ഷങ്ങളായി മാന്ദാമംഗലം വനമേഖലയില്‍ 30 കോടിക്കു മുകളിലുള്ള മരം കൊള്ള നടന്നിട്ടുണ്ടെന്നായിരുന്നു ഫ്ളൈയിംഗ് സ്വാകാഡ് കണ്ടെത്തിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ ഒന്നില്‍പ്പോലും ബൈജുവിനെ പ്രതിയാക്കാന്‍ വനംവകുപ്പ് തയ്യാറായില്ല. ബൈജുവിന്റെ നേതൃത്വത്തിലാണ് കൊള്ള നടന്നത്. കേസുകളിലെ മുഖ്യപ്രതി മാത്രമായിരുന്നില്ല ബൈജു, എല്ലാത്തിന്റെയും സാക്ഷിയും അയാള്‍ ആയിരുന്നു. ആരൊക്കെ ഈ കൊള്ളയില്‍ പങ്കാളികളാണെന്ന കാര്യവും ബൈജുവിന് അറിയാമായിരുന്നു. വനം വകുപ്പിലെ ഉന്നതന്മാരടക്കം ഈ കൊള്ളയില്‍ പങ്കാളികളായിരുന്നു. ആ വിവരങ്ങള്‍ പുറത്തു വരാതിരിക്കാനാണ് ബൈജുവിനെ ഇല്ലാതാക്കിയതെന്നാണ് സംശയിക്കേണ്ടത്. അതുകൊണ്ടാണ് ബൈജുവിന്റെ മരണത്തിനൊപ്പം തന്നെ പട്ടിക്കാട് റെയ്ഞ്ചില്‍ നടന്ന വനം കൊള്ളകളെക്കുറിച്ചും വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. കാര്യക്ഷമമായ രീതിയില്‍ അത്തരമൊരു അന്വേഷണം നടക്കുകയാണെങ്കില്‍ കൂടുതല്‍ വമ്പന്മാര്‍ കുടുങ്ങും’; ജോയ് കൈതാരം പറയുന്നു.

മരിച്ച ബൈജുവില്‍ നിന്നും പണം തട്ടിയെടുക്കാനും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നുവെന്നും ആരോപണമുണ്ട്. കസ്റ്റഡിയില്‍ എടുത്ത ബൈജുവിനെതിരേ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്യാതെ അകാരണമായി കസ്റ്റഡിയില്‍ വയ്ക്കുകയാണ് ഉണ്ടായതെന്നാണ് വിവരം. കസ്റ്റഡിയില്‍വച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ബൈജുവിനെ ഭീഷണിപ്പെടുത്തുന്നത്. കേസുകളില്‍ നിന്നും ഒഴിവാക്കണമെങ്കില്‍ 25 ലക്ഷം രൂപ നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നതായും കണ്ടെത്തിയിരുന്നു. ഈ പണം നല്‍കിയില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്നും കുടുംബത്തെ ഉള്‍പ്പെടെ കേസില്‍ പെടുത്തുമെന്നുമായിരുന്നു ബൈജുവിനെതിരെയുള്ള ഭീഷണി. ഇത്രയും പണം തനിക്ക് ഉണ്ടാക്കാന്‍ കഴിയില്ലെന്നു വന്നതോടെയാണ് ബൈജു ആത്മഹത്യ ചെയ്തതെന്നാണ് ക്രൈംബാഞ്ച് അന്വേഷണത്തില്‍ പുറത്തു വന്ന വിവരം. എന്നാല്‍ ബൈജു സ്വയം ജീവനൊടുക്കിയതാണെന്നു പറയാന്‍ കഴിയില്ലെന്നാണ് ജോയ് കൈതാരം പറയുന്നത്. ‘മൂവാറ്റുപുഴയില്‍ ഒരുത്തന്‍ തൂങ്ങിമരിച്ചതുപോലെ നീയും മരിക്കേണ്ടി വരും, നിന്നെ കുടുംബത്തോടെ നശിപ്പിക്കുമെന്നൊക്കെ റെയഞ്ച് ഓഫിസര്‍ രഞ്ജിത്ത് ബൈജുവിന്റെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട് ഓടിപ്പോയ ശേഷമാണ് ബൈജു ആത്മഹത്യ ചെയ്യുന്നതെന്നാണ് വനം വകുപ്പ് പറയുന്നത്. അതായിരിക്കില്ല സത്യം. ഡെപ്യൂട്ടി റെയഞ്ച് ഓഫിസര്‍ ശിവന്റെ കസ്റ്റഡിയില്‍നിന്നാണ് ബൈജു പോകുന്നത്. ഇതിനു മുമ്പ് ഏഴുലക്ഷം രൂപ ബൈജു ശിവന് നല്‍കിയിരുന്നു. ഇതേ വനം കൊള്ളക്കേസില്‍ കഴിഞ്ഞ ദിവസം ഫ്ളൈയിംഗ് സ്‌ക്വാഡ് പിടികൂടിയ പാപ്പാടി ഷിജോ എന്നയാള്‍ നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറയുന്നുണ്ട്. മൊത്തം 25 ലക്ഷമാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നത്. ബാക്കി പണം എങ്ങനെയെങ്കിലും ഉണ്ടാക്കി കൊണ്ടുവരണമെന്ന നിര്‍ദേശത്തോടെ ബൈജുവിനെ വിട്ടതായിരിക്കാം. എന്നാല്‍ അത്രയും പണം ഉണ്ടാക്കാന്‍ കഴിയാതെ വന്നതോടെ ബൈജു ആത്മഹത്യ ചെയ്യതിരിക്കാം. എന്നാല്‍ ബൈജുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ശരീരത്തില്‍ 18 ഓളം മുറിവകളും പരിക്കുകളും ഉണ്ടായിരുന്നുവെന്നാണ്. ഇതാണ് ഒരു കൊലപാതകത്തിന്റെ സാധ്യത കാണിക്കുന്നത്’. ജോയ് കൈതാരം പറഞ്ഞു

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ബൈജു വനം കൊള്ള നടത്തിയിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്ന 2017 ജൂലൈ 21 വരെ ഒരു കേസില്‍ പോലും ബൈജു പ്രതിയാക്കപ്പെട്ടിരുന്നില്ല എന്നത്. ഇക്കാലയളവിലാണ് 30 കോടിയോളം രൂപയുടെ മരങ്ങള്‍ മോഷണം നടത്തിയതും. വനം കൊള്ള നടക്കുന്നതായി ഫോറസ്റ്റ് വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നതായും പറയുന്നു. എന്നാല്‍ ഇതിന്മേല്‍ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്, ഉദ്യോഗസ്ഥരുടെ അറിവോടെയും പങ്കാളിത്തത്തോടെയുമാണ് വനം കൊള്ള നടന്നതെന്നു പരാതിക്കാര്‍ പറയുന്നത്. ബൈജു കീഴടങ്ങിയതോടെ തങ്ങളുടെ പങ്കും വെളിയില്‍ വരുമെന്ന് ഉദ്യോഗസ്ഥര്‍ ഭയന്നിരിക്കണം. ഇതോടെയാണ് ഒന്നുകില്‍ അവര്‍ ബൈജുവിനെ മനഃപൂര്‍വം ഇല്ലാതാക്കിയത്, അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വം ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

Read More: ‘ആത്മവീര്യ’മുണര്‍ത്തുന്ന കൊലപാതകങ്ങള്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍