ആദിവാസികളെ വനത്തില്‍ നിന്നകറ്റാന്‍ നീക്കം നടക്കുന്നതായി ആരോപണം
വനാവകാശ നിയമവും ആദിവാസികളുടെ സ്വയംഭരണാവകാശവും അട്ടിമറിച്ചുകൊണ്ടുള്ള വനംവകുപ്പിന്റെ ഇടപെടല്‍ കേരളത്തില്‍ തുടര്‍ക്കഥയാകുന്നു. ഏറ്റവുമൊടുവില്‍ ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ടവരെ വനത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത് കോഴിക്കോട് കക്കയത്താണ്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചില്‍പ്പെട്ട കക്കയം ഡിവിഷനിലെ വനത്തില്‍ പ്രവേശിക്കരുതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് കക്കയം അമ്പലക്കുന്ന് പണിയ കോളനിയിലെ ആദിവാസികള്‍ ആരോപിക്കുന്നത്. എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആരോപണം നിഷേധിച്ചു. അതേസമയം ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമുഹ്യ പ്രവര്‍ത്തകരും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നിര്‍ദ്ദേശം വാക്കാല്‍ നല്‍കിയിരുന്നുവെന്ന് സ്ഥിരീകരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിലക്ക് കാരണം പട്ടിണിയില്‍ കഴിയേണ്ട അവസ്ഥയിലാണ് കോളനി വാസികള്‍.
വനത്തില്‍ നിന്നും വിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പനയ്ക്കെത്തിക്കാനുള്ള അനുമതി പത്രം ഊരുമൂപ്പന്‍ ബിജുവിന്റെ പക്കലുള്ളപ്പോഴാണ് കാട്ടില്‍ കയറരുതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പരമ്പരാഗതമായി കിഴങ്ങും മുളയും തേനും അടക്കമുള്ള വനവിഭവങ്ങള്‍ ശേഖരിച്ചാണ് കോളനിയിലെ ആദിവാസി കുടുംബങ്ങള്‍ ജീവിക്കുന്നത്. വനവിഭവങ്ങള്‍ ശേഖരിക്കുന്നത് പോയിട്ട് വിറകൊടിക്കാന്‍ പോലും വനത്തില്‍ പ്രവേശിക്കരുതെന്നാണ് കഴിഞ്ഞ ദിവസം ഫോറസ്റ്റുദ്യോഗസ്ഥര്‍ ഊരുകളിലെത്തി ആവശ്യപ്പെട്ടതെന്ന് കോളനിയിലുള്ളവര്‍ പറയുന്നു. ദിവസം പത്തും മുപ്പതും കിലോമീറ്ററുകള്‍ വനത്തില്‍ സഞ്ചരിച്ചു തേനെടുത്തു ജീവിക്കുന്ന ഇവര്‍, വനംവകുപ്പ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയതോടെ ഭീതിയിലായിരിക്കുകയാണ്. ഈ തൊഴില്‍ ചെയ്തല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടതെന്ന് ഇവര്‍ക്കറിയില്ല. ഇക്കഴിഞ്ഞ ദിവസം ഊരിലെത്തിയ ഫോറസ്റ്റുകാര്‍, “നിങ്ങള്‍ കാട്ടില്‍ പോയിട്ടുണ്ട്, നിങ്ങളുടെ പേരില്‍ കേസുവരും” എന്നു പറഞ്ഞാണ് താക്കീതു ചെയ്തതെന്ന് ഊരുമൂപ്പനായ ബിജു പറയുന്നു. തേനെടുക്കാനോ വിറകു ശേഖരിക്കാനോ പോകുമ്പോള്‍ ഫോറസ്റ്റുകാര്‍ പിന്നാലെ ചെല്ലുന്നതും ഭീഷണിപ്പെടുത്തി തിരികെ പറഞ്ഞയയ്ക്കുന്നതും സ്ഥിരം സംഭവിക്കാറുള്ളതാണെന്ന് മറ്റുള്ളവരും പറയുന്നു. കാട്ടില്‍ കയറാന്‍ പാടില്ല എന്ന് തറപ്പിച്ചു പറയുന്നതല്ലാതെ, കാരണമൊന്നും വെളിപ്പെടുത്താറില്ല എന്നാണ് ബിജു വിശദീകരിക്കുന്നത്.
“ആരു പറഞ്ഞിട്ടാണ് നിങ്ങള്‍ കാട്ടില്‍ കയറിയത് എന്നാണ് നിരന്തരം വാച്ചര്‍മാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചോദിക്കുക. എന്നിട്ട് ഊരുകളിലെത്തി ഇവരുടെ വീടുകളില്‍ ചെന്ന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. കാട്ടില്‍ നിന്നും വനവിഭവങ്ങള്‍ ശേഖരിക്കാനാകാതെ പട്ടിണിയിലേക്കു നീങ്ങുകയാണിവര്‍. അമ്പലക്കുന്ന് കോളനിയിലെ ആദിവാസികളുടെ പ്രധാന വരുമാന മാര്‍ഗ്ഗം ഇതാണ്. കുറേക്കാലമായി തുടരുന്നതാണ് ഈ ഫോറസ്റ്റുകാരുടെ ഭീഷണി. ഇപ്പോള്‍ ഭീഷണി കടുത്തതോടെ വനത്തില്‍ കയറാന്‍ ഇവര്‍ക്ക് ഭയവുമുണ്ട്. കാട്ടില്‍ ആരെങ്കിലും കയറുന്നുണ്ടോ എന്നന്വേഷിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്, നിങ്ങളാരും കടക്കരുത് എന്നെല്ലാം ഇങ്ങനെ വീട്ടില്‍ കയറി പറയുകയാണ് ഫോറസ്റ്റുകാര്‍. ഇവര്‍ കാട്ടില്‍ കയറിയാല്‍ മരംമുറിക്കും എന്നാണ് വാദം. വാക്കത്തി കൊണ്ട് വിറകെടുക്കാന്‍ കയറുന്നവരെയെല്ലാം പിടിച്ചുകൊണ്ടു പോകുന്ന അവസ്ഥയാണ്. പണ്ടൊക്കെ മരുന്നിന്റെ ആവശ്യത്തിന് മരത്തിന്റെ തൊലിയെല്ലാം എടുത്തു വില്‍ക്കുമായിരുന്നു ഇവര്‍. തൊലിയല്ലേ, അത് തിരികെ കൂടിച്ചേരുമല്ലോ. ഇപ്പോള്‍ അതിനുള്ള അവകാശം പോലും അവര്‍ക്കില്ല. പഞ്ചായത്തംഗങ്ങളും ഫോറസ്റ്റുകാരുടെ പക്ഷം പിടിക്കുന്നവരാണ്. അവരോടു പറഞ്ഞിട്ടും കാര്യമില്ല” കോളനികളില്‍ പ്രവര്‍ത്തിക്കുന്ന തോമസ് പീറ്റര്‍ പറയുന്നു
വനത്തില്‍ നിന്നും തേനും മറ്റു വിഭവങ്ങളും ശേഖരിക്കാന്‍ അമ്പലക്കുന്ന് കോളനിയിലെ പണിയ വിഭാഗക്കാര്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള രേഖകള്‍ ഊരുമൂപ്പന്റെ പക്കലുണ്ടായിട്ടും, വാക്കാലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. രേഖകള്‍ കൈവശമുണ്ടെങ്കില്‍പ്പോലും, ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമനുസരിച്ചേ തങ്ങള്‍ക്ക് മുന്നോട്ടു പോകാനാകൂ എന്നാണ് കോളനിയിലുള്ളവര്‍ പറയുന്നു. കോളനികളില്‍ ജീവിക്കുന്നതിനും വനത്തില്‍ നിന്നും ശേഖരിക്കുന്ന വിഭവങ്ങള്‍ സൊസൈറ്റികളില്‍ വില്‍പ്പനയ്ക്കെത്തിക്കുന്നതിനും തുടങ്ങി ഏതു കാര്യത്തിനും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ അംഗീകരിക്കേണ്ടിവരുന്നവരാണ് ആദിവാസികള്‍. നിയമമെന്തായാലും ഉദ്യോഗസ്ഥരും റേഞ്ചര്‍മാരും തങ്ങളോട് ആവശ്യപ്പെടുന്നതു പോലെ പെരുമാറിയില്ലങ്കില്‍ പിന്നീട് പലതരം പ്രതിബന്ധങ്ങള്‍ തങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുമെന്നും ഇവര്‍ പറയുന്നുണ്ട്. നേരത്തേ, മരത്തിന്റെ തൊലി ചെത്തിയെടുത്തു എന്നാരോപിച്ച് ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളെ അറസ്റ്റു ചെയ്തിട്ടുള്ളതും ഇതേ കോളനിയില്‍ നിന്നാണ്. അറസ്റ്റു ചെയ്തിരിക്കുന്നത് ഗോത്രവര്‍ഗ്ഗത്തില്‍ നിന്നുള്ളയാളെയാണെന്നത് മറച്ചുവച്ചത് വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാക്കിയിരുന്നു. റേഷന്‍ വിതരണത്തിലെ പാളിച്ചകളും വിഹിതം വെട്ടിക്കുറച്ചതും ചൂണ്ടിക്കാട്ടി കോളനിക്കാര്‍ സിവില്‍ സപ്ലൈസ് ഓഫീസ് ഉപരോധിച്ചിട്ടും അധികകാലമായിട്ടില്ല.
സാമൂഹിക വനാവകാശപ്രകാരം ആദിവാസിക്ക് സ്വയംനിര്‍ണയാവകാശം സാധ്യമാണെന്നിരിക്കേ, ഇത്തരമൊരു നീക്കം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുണ്ടായത് ഗുരുതര പിഴവായിത്തന്നെ പരിഗണിക്കേണ്ടതുണ്ടെന്നാണ് സാമൂഹികപ്രവര്‍ത്തകരുടെ വാദം.
എന്നാല്‍ വനം വകുപ്പിനെതിരെ ആരോപണം ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. കോളനികളില്‍ ആരോടെങ്കിലും വനത്തില്‍ കയറരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായി തനിക്ക് അറിവില്ലെന്ന് പെരുവണ്ണാമൂഴി റേഞ്ച് ഓഫീസര്‍ അഖില്‍ നാരായണന്‍ പറഞ്ഞു. തന്റെ ഓഫീസില്‍നിന്നോ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നോ അത്തരമൊരു നീക്കമുണ്ടായിട്ടില്ലെന്നും, അമ്പലക്കുന്ന് കോളനിയിലുള്ളവര്‍ ഇക്കാര്യത്തില്‍ പരാതിയുമായി സമീപിച്ചിട്ടില്ലെന്നുമാണ് റേഞ്ച് ഓഫീസര്‍ നല്‍കുന്ന വിശദീകരണം. അതേസമയം തങ്ങള്‍ക്ക് കാലങ്ങളായി അനുഭവിക്കേണ്ടിവരുന്ന ഇത്തരം ഭീഷണികള്‍ യാഥാര്‍ത്ഥ്യമാണെന്ന് ഉന്നത ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താനും, വനാവകാശ നിയമം അട്ടിമറിക്കപ്പെടുന്നതിലെ പ്രതിഷേധിച്ചും ഊരുകൂട്ടം കൂടി ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചു നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അമ്പലക്കുന്ന് കോളനിക്കാര്‍.
വനവിഭവങ്ങള്‍ ശേഖരിക്കാനുള്ള അനുമതി പത്രം കൈവശമുണ്ടായിട്ടും ആദിവാസികളെ ഭീഷണിപ്പെടുത്തുകയും വനത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്യുന്നതിലല്ല യഥാര്‍ത്ഥ പ്രശ്നമെന്നതാണ് സാമൂഹികപ്രവര്‍ത്തകരുടെ പക്ഷം. വനാവകാശ നിയമത്തെ അതിന്റെ കൃത്യമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാതെ, ആദിവാസിക്ക് പട്ടയവിതരണം നടത്തുന്ന ഒരു പദ്ധതിയായി അവതരിപ്പിക്കുന്ന ഉദ്യോഗസ്ഥരും അധികൃതരുമാണ് ഇത്തരം നീതിനിഷേധങ്ങളുടെ ഉത്തരവാദിത്തം ഏല്‍ക്കേണ്ടതെന്ന് ആദിവാസി അവകാശപ്രവര്‍ത്തകനായ സന്തോഷ് കുമാര്‍ പറയുന്നു. ആദിവാസിയോട് വനത്തില്‍ പ്രവേശിക്കരുതെന്ന് പറയുന്ന ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് നിര്‍ണായകമായ വനാവകാശ നിയമം അട്ടിമറിക്കലാണെന്നും, ഇത് ഒന്നോ രണ്ടോ ഉദ്യോഗസ്ഥരുടെ അനാസ്ഥ എന്നതിലുപരി സംസ്ഥാനത്തൊട്ടാകെ നടക്കുന്ന സംഘടിതമായ ഒരു നീക്കമായിത്തന്നെ വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
“ഇവയെല്ലാം ഒറ്റപ്പെട്ട കേസുകളായി പുറത്തുവരുന്നു എന്നേയുള്ളൂ. ഇത് കേരളത്തില്‍ വ്യാപകമായി നടക്കുന്നതാണ്. അടിസ്ഥാനപരമായി ആദിവാസികളേയോ അവരുടെ സ്വയംഭരണാവകാശത്തേയോ വനാവകാശത്തേയോ അംഗീകരിക്കാന്‍ വനംവകുപ്പോ പട്ടികവര്‍ഗ്ഗ വകുപ്പോ റവന്യൂ വകുപ്പോ ഒന്നും തയ്യാറായിട്ടില്ല. കൊളോണിയല്‍ ഭരണം വരുന്നതിനു മുന്‍പ് കരംപിരിക്കാന്‍ ഉള്‍പ്പടെയുള്ള അവകാശങ്ങള്‍ ഉണ്ടായിരുന്നവരാണ് ആദിവാസികള്‍. ഈ മനുഷ്യരാണ് പിന്നീട് അവരുടെ ഭൂമിയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നത്. ആദിവാസികള്‍ക്ക് നേരത്തേയുണ്ടായിരുന്ന ഇത്തരം അവകാശങ്ങളെ അംഗീകരിക്കുന്ന ഒരു നിയമമാണ് വനാവകാശ നിയമം. അല്ലാതെ അവര്‍ക്ക് പുതിയതായി എന്തെങ്കിലും അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കുകയല്ല ചെയ്യുന്നത്. അധികാരം അടിസ്ഥാനവര്‍ഗ്ഗത്തിന്റെ കൈയില്‍ ലഭിക്കുന്ന ഇത്തരമൊരു മികച്ച നിയമത്തെ അംഗീകരിക്കാന്‍ വനം വകുപ്പിന് സാധിക്കുന്നില്ല എന്നതാണ് വിഷയം. സാമൂഹ്യ വനാവകാശപ്രകാരം, ആദിവാസി സമൂഹങ്ങള്‍ എവിടെയെല്ലാമാണോ ഭൂമി മാപ്പു ചെയ്യുന്നത്, അതിന്റെ അധികാരം അവര്‍ക്കു നല്‍കേണ്ടതുണ്ട്. ഇത്തരത്തിലുള്ള അവകാശങ്ങള്‍ ആദിവാസികളിലേക്കെത്തുന്നതില്‍ വനംവകുപ്പിന് താല്‍പര്യമില്ലെന്ന് കരുതേണ്ടിവരും. ബ്രിട്ടീഷ് കാലത്തെ ബോധ്യത്തിനകത്തു നിന്നും വനംവകുപ്പ് ഇപ്പോഴും പുറത്തെത്തിയിട്ടില്ല എന്നതാണ് വസ്തുത. ആദിവാസി ഒരു വിറകൊടിച്ചാല്‍ കള്ളനാക്കുകയും വനത്തില്‍ കയറിയാല്‍ ആട്ടിയോടിക്കുകയും ചെയ്യുന്ന സ്വഭാവം മാറിയിട്ടില്ല.
ആദിവാസിക്ക് അവകാശം കൈമാറിക്കഴിഞ്ഞാല്‍ വനംവകുപ്പിന്റെ അധികാരം നഷ്ടപ്പെടും എന്ന ഭയമാണ്. ആദിവാസികള്‍ക്ക് ഒരിക്കലും വനത്തിനു മേല്‍ അവകാശം തിരിച്ചുകിട്ടാതിരിക്കാന്‍ ഇവര്‍ തന്ത്രപൂര്‍വം ചെയ്യുന്ന ഒരു കാര്യമുണ്ട്. വനവാസികളായ ആദിവാസികള്‍ക്ക് താല്‍പര്യമെങ്കില്‍ പുറത്തേക്കു മാറിത്താമസിക്കാന്‍ പത്തു ലക്ഷം രൂപയ്ക്ക് വീടുവച്ചു കൊടുക്കുന്ന പദ്ധതിയുണ്ട്. ഇത് താല്‍പര്യമെങ്കില്‍ മാത്രം ചെയ്യാവുന്ന കാര്യമാണ്. വനംവകുപ്പുകാര്‍ പക്ഷേ, നിര്‍ബന്ധപൂര്‍വ്വം ആദിവാസികളെ കാട്ടില്‍ നിന്നും പുറത്തേക്ക് മാറ്റുകയും, നിയമം അങ്ങനെയാണ് എന്ന് അവരെ പറഞ്ഞു വിശ്വസിപ്പിക്കുകയുമാണ് ചെയ്യുന്നത്. വളരെ സ്വതന്ത്രമായി ജീവിച്ചു കൊണ്ടിരുന്ന ഒരു ജനതയെ കോളനികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. വനത്തിന്റെ ഓരത്ത് അഞ്ചും പത്തും സെന്റ് ഭൂമി വനാവകാശം എന്ന പേരില്‍ നല്‍കി പുറത്തേക്ക് മാറ്റി കോളനിയാക്കും. കാട്ടിലേക്ക് പോകാം, തേനെടുക്കാം, അതിനൊന്നം പ്രശ്നമില്ല എന്നു പറയുകയും ചെയ്യും. പക്ഷേ, അതോടുകൂടി കാടിന്റെ അതിരില്‍ ജണ്ടയിട്ട് തിരിക്കുകയും ആദിവാസിക്ക് കാട്ടില്‍ കയറാന്‍ സാധിക്കാത്ത അവസ്ഥ വരികയും ചെയ്യും. സുല്‍ത്താന്‍ ബത്തേരി പോലുള്ളയിടങ്ങളില്‍ സംഭവിച്ചതിതാണ്.”
സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ഈ നീക്കത്തിന്റെ മറ്റൊരു രൂപം മാത്രമാണ് കക്കയത്ത് നടന്നിട്ടുള്ളതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. സാമൂഹിക വനാവകാശം എന്ന ആശയത്തെപ്പോലും പാടേ തള്ളിക്കളയുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ നടപടിയുണ്ടായെങ്കിലേ അമ്പലക്കുന്ന് കോളനിയിലടക്കം സംഭവിക്കുന്ന കുടിയിറക്കലിന് അറുതിയുണ്ടാകൂ. സാമൂഹിക വനാവകാശം കൊടുക്കാതിരിക്കുക എന്നത് ഒരു അജണ്ടയായിത്തന്നെ നടപ്പാക്കപ്പെടുന്നു എന്ന വാദം സാധൂകരിക്കാന്‍ സന്തോഷ് ചൂണ്ടിക്കാട്ടുന്നത് കേന്ദ്ര ആദിവാസി മന്ത്രാലയത്തിന്റെ കൈവശമുള്ള ചില കണക്കുകളാണ്. “മിനിസ്ട്രി ഓഫ് ട്രൈബല്‍ അഫയേഴ്സിന്റെ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം മാര്‍ച്ച് വരെ കേരളത്തില്‍ നിന്നും വ്യക്തിഗത വനാവകാശത്തിനായി 36,140 ക്ലെയിമുകളും, സാമൂഹിക വനാവകാശത്തിനായി 1,395 ക്ലെയിമുകളുമാണ് ആകെ കിട്ടിയിട്ടുള്ളത്. ഈ 37,535 ക്ലെയിമുകളില്‍, സാമൂഹിക വനാവകാശത്തിന്റെ ക്ലെയിമുകള്‍ മാറ്റി നിര്‍ത്തിയാല്‍ ആകെ വിതരണം ചെയ്തിട്ടുള്ള ഭൂമി 33,018 ഏക്കര്‍ മാത്രമാണ്. വനവാസികളായിട്ടുള്ള ചോലനായ്ക്കര്‍, കാട്ടുനായ്ക്കര്‍ പോലുള്ള വിഭാഗങ്ങളുടെ കൈവശമുള്ള വലിയ ഭൂവിഭാഗങ്ങളും, ആദിവാസിക്ക് എന്ന പേരില്‍ മാറ്റിവച്ചിരിക്കുന്ന ഫാമുകളും ഇടമലക്കുടി പോലുള്ളയിടങ്ങളില്‍ ആദിവാസികള്‍ താമസിക്കുന്ന ഭൂമിയുമെല്ലാം ഈ കണക്കില്‍പ്പെടും. അങ്ങനെ നോക്കിയാല്‍, പത്തോ ഇരുപതോ സെന്റു സ്ഥലം പോലും ഈ ക്ലെയിമുകള്‍ വഴി ആദിവാസിക്ക് കിട്ടിയിട്ടുണ്ടാകില്ല”.
മാസങ്ങള്‍ക്കു മുന്‍പ് തൃശ്ശൂര്‍ വരന്തരപ്പിള്ളിയില്‍ കോളനിയോടു ചേര്‍ന്ന് വനത്തില്‍ ആട്ടിന്‍കൂട് പണിതു എന്ന കുറ്റത്തിന് ഉദ്യോഗസ്ഥര്‍ തല്ലിച്ചതച്ച ആദിവാസികളുടെ അനുഭവവും കക്കയത്തെ സംഭവത്തോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. വനസംരക്ഷണത്തിന്റെ വാദമുയര്‍ത്തി ആദിവാസികളെയും വനത്തിനു പുറത്തേക്കു മാറ്റിനിര്‍ത്തുമ്പോള്‍, ഒരു ജനതയുടെ അടിസ്ഥാനപരമായ ആവശ്യങ്ങളെയാണ് പാടേ തള്ളിക്കളയുന്നതെന്നാണ് സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നത്. കക്കയത്തുണ്ടായതു പോലെ അനൗദ്യോഗികമായി നടക്കുന്ന കുടിയിറക്കലുകളുടെ പശ്ചാത്തലത്തില്‍, വനാവകാശ നിയമം കേരളത്തില്‍ എത്രത്തോളം ഫലവത്തായിട്ടുണ്ട് എന്ന വിഷയത്തില്‍ കൃത്യമായ പരിശോധനകളുണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.
Read Azhimukham: ‘എന്‍ഡോസള്‍ഫാന്‍ കൊലയാളിയാണെന്ന് മനസിലാക്കാന്‍ കൃഷിയില്‍ പിഎച്ച്ഡി പോര, മനുഷ്യത്വം വേണം; അത് കളക്ടറായാലും’