UPDATES

ട്രെന്‍ഡിങ്ങ്

എഫ് ഐ ആറില്‍ തെറ്റ് പറ്റിയോ? പുതിയ വാദവുമായി കര്‍ദിനാള്‍ ആലഞ്ചേരിയെ അനുകൂലിക്കുന്നവര്‍; ബിഷപ്പ് മനത്തോടത്തെയും ഫാ. തേലക്കാട്ടിനെയും പ്രതികളാക്കിയത് ആരുടെ ഗൂഡാലോചന?

എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറെ ക്രിമിനല്‍ കേസ് പ്രതിയാക്കിയ സംഭവത്തില്‍ വത്തിക്കാന്‍ ഇടപെട്ടെന്നും വാര്‍ത്തകളുണ്ട്

കാക്കനാട് മൗണ്ട് സെന്റ്. തോമസ് എന്ന സ്ഥാപനത്തില്‍ വെച്ച് 2019 ജനുവരി 7 മുതല്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെ സഭയിലെ ഉന്നതര്‍ പങ്കെടുത്ത സിനഡില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ അകൗണ്ടിലൂടെ അനധികൃതമായി പണമിടപാട് നടത്തിയെന്ന് ആരോപിച്ച് സിറോ മലബാര്‍ സഭയുടെ മുന്‍ പിആര്‍ഒയും ഇപ്പോള്‍ കലൂര്‍ ആസാദ് റോഡിലെ റിന്യൂവല്‍ സെന്ററില്‍ താമസിക്കുന്ന സത്യദീപം എന്ന ഇംഗ്ലീഷ് മാഗസിന്റെ ചീഫ് എഡിറ്ററും ആയ ഫാദര്‍ പോള്‍ തേലക്കാട്ട് എന്നയാള്‍ വ്യാജ ബാങ്ക് പണമിടപാട് സ്‌റ്റേറ്റുമെന്റുകള്‍ ഉണ്ടാക്കി എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയ ബിഷപ്പ് ജേക്കബ് മനത്തോടത്ത് എന്നയാള്‍ വഴി മേല്‍ സിനഡില്‍ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാന്‍ ശ്രമിച്ച കാര്യം പറയാന്‍ വന്നതാണ്. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പേരിലുള്ളതെന്നു പറയുന്ന ഐസിഐസിഐ ബാങ്കിന്റെ വ്യാജ അകൗണ്ട് നമ്പര്‍ 9819745232111 ല്‍ നിന്നും ലുലു, മാരിയറ്റ്, കൊച്ചിയുടെ അകൗണ്ടിലേക്ക് 09/07/2017 തീയതി 85000 രൂപയും 12/10/2016 തീയതി മാരിയറ്റ് കോര്‍ട്ട് യാര്‍ഡിന്റെ 157801532333 എന്ന അകൗണ്ടിലേക്ക് 16,00000 ലക്ഷം രൂപയും 21/09/2016 ലുലു കണ്‍വെന്‍ഷന്റെ അകൗണ്ട് നമ്പരായ 502000082577752 ലേക്ക് 8,93,400 രൂപയും അനധികൃതമായി പണമിടപാട് നടത്തിയതിന്റെ വ്യാജ സ്‌റ്റേറ്റ്‌മെന്റുകള്‍ ആണ് സമര്‍പ്പിച്ചത്. എന്നാല്‍ മാര്‍ ആലഞ്ചേരി പിതാവിന്റെ പേരില്‍ ഐസിഐസിഐ ബാങ്കില്‍ ഇങ്ങനെ ഒരു അകൗണ്ട് ഇല്ലാത്തതാണ്.

സിറോ മലബാര്‍ സഭ ഇന്റര്‍നെറ്റ് മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മപ്രക്കാവില്‍ 25/2/2019 ന് വൈകിട്ട് മൂന്നു മണിക്ക് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജോസഫ് സാജനു മുമ്പാകെ നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് മേല്‍ കൊടുത്തിരിക്കുന്നത്. പൊലീസ് എഫ് ഐ ആറിലെ ഈ മൊഴിയുടെ ഏറ്റവും അവസാനമായി ഇങ്ങനെയൊരു വരിയുണ്ട്- ‘മൊഴി വായിച്ചു കേട്ടു. ശരിയെന്നു സാക്ഷി സമ്മതിച്ചു’. ഇവിടെ ഇട്ടിരിക്കുന്ന ഒപ്പും ഫാ. ജോബി മപ്രാക്കാവിലിന്റെതാണ്.

ഈ മൊഴിപ്രകാരം, ഫാ. ജോബി മപ്രക്കാവില്‍ പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തും ഫാ. പോള്‍ തേലക്കാട്ടും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരേ വ്യാജരേഖ ഉണ്ടാക്കി പ്രചരിപ്പിക്കാന്‍ ശ്രമിച്ചതില്‍ പ്രതികളാണ്. ഫാ. മപ്രക്കാവിലിന്റെ ഈ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് പൊലീസ് ഫാ. പോള്‍ തോലക്കാടിനെയും ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും ഒന്നും രണ്ടും പ്രതികളാക്കി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതും. എന്നാല്‍ വത്തിക്കാന്‍ നേരിട്ട് നിയമിച്ചിരിക്കുന്ന, സിനഡിനു പോലും നിയന്ത്രിക്കാനോ നിര്‍ദേശങ്ങള്‍ നല്‍കാനോ അധികാരമില്ലാത്ത, എറണാകുളം-അങ്കമാലി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്കും സിറോ മലബാര്‍ സഭയിലെ ആദരണീയനും സഭയുടെ മുന്‍ വക്താവുമായ വൈദികനുമെതിരേ കേസ് കൊടുത്തിട്ടില്ലെന്നും പൊലീസിന് സംഭവിച്ച പിഴവാണെന്നുമാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സിറോ മലബാര്‍ സഭ ഔദ്യോഗിക നേതൃത്വവും പറയുന്നത്. അതും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരു മാസം ആകാറായപ്പോള്‍.

ബിഷപ്പ് മനത്തോടത്തും ഫാ. തേലക്കാട്ടും എങ്ങനെ പ്രതികളായെന്നറിയില്ലത്രേ!
വ്യാജരേഖക്കേസില്‍ ബിഷപ്പ് മനത്തോടത്തിനും ഫാ. തേലക്കാട്ടിനുമെതിരായി സിറോ മലബാര്‍ സഭാ സിനഡിനു വേണ്ടി പോലീസില്‍ പരാതി നല്കിയെന്ന വാര്‍ത്തകള്‍ തെറ്റാണ്. ബിഷപ്പ് മനത്തോടത്തോ ഫാ. തേലക്കാട്ടോ വ്യാജരേഖ ഉണ്ടാക്കിയെന്ന് സിനഡിനു വേണ്ടി ഒരു പരാതിയും കൊടുത്തിട്ടില്ല. വിവാദ രേഖകള്‍ ഫാ. തേലക്കാട്ട് ബിഷപ്പ് മനത്തോടത്തിനെ ഏല്‍പ്പിച്ചെന്നും ബിഷപ്പ് അത് മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ഏല്‍പ്പിച്ചെന്നും മാത്രമാണ് പറഞ്ഞിട്ടുള്ളത്. വ്യാജരേഖ സൃഷ്ടിച്ചവരെ കണ്ടെത്തി അവര്‍ക്കെതിരെ നിയമാനുസൃതം നടപടിയെടുക്കണമെന്ന് മാത്രമാണ് സിനഡ് ആവശ്യപ്പെട്ടിട്ടുള്ളത്
; സഭയ്ക്ക് വേണ്ടി മാധ്യമ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പാംപ്ലാനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത് ഇപ്രകാരമാണെങ്കില്‍, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ സുപ്പിരിയേഴ്‌സിനെയും പ്രൊവിന്‍ഷ്യാള്‍സിനെയും സംബോധന ചെയ്ത് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്, ഫാ. ജോബി മപ്രക്കാവില്‍ പൊലീസില്‍ എഴുതി നല്‍കിയ പരാതിയില്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെതിരെയോ ഫാ. പോള്‍ തേലക്കാട്ടിനെതിരെയോ യാതൊരു ആരോപണങ്ങളും ഉന്നയിച്ചിരുന്നില്ലെന്നാണ്. ഫാ.പോള്‍ തേലക്കാട്ട് ബിഷപ്പ് ജേക്കബ് മനത്തോടത്തിന് കൈമാറിയ രേഖകള്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പിന് നല്‍കുകയും മേജര്‍ ആര്‍ച്ച് ബിഷപ്പ് അത് സിനഡിന് മുന്നില്‍ വയ്ക്കുകയുമായിരുന്നു. പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യാജരേഖ ചമച്ചവരെ കണ്ടെത്തി നടപടിയെടുക്കണമെന്നു മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പൊലീസ് തയ്യാറാക്കിയ എഫ് ഐ ആറില്‍ എങ്ങനെയോ ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെയും ഫാ. പോള്‍ തേലക്കാട്ടിന്റെയും പേരുകള്‍ ഉള്‍പ്പെടുകയായിരുന്നു. അവര്‍ ഇരുവരുടെയും പേരുകള്‍ എഫ് ഐ ആറില്‍ കടന്നുകൂടുമെന്ന് തങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇതെങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. എന്തായാലും ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെയും ഫാ. പോള്‍ തേലക്കാടിന്റെയും പേരുകള്‍ ഒഴിവാക്കി എഫ് ഐ ആറില്‍ സംഭവിച്ച പിഴവ് തിരുത്താനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.

കര്‍ദിനാളും സഭ നേതൃത്വും പറയുന്നത് കളവോ?
ഈ രണ്ട് പ്രസ്താവനകളും ചൂണ്ടിക്കാട്ടുന്നത്, എറണാകുളം-അങ്കമാലി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെയും ഫാ. പോള്‍ തേലക്കാട്ടിന്റെയും പേരുകള്‍ പ്രതികളാക്കി ചേര്‍ക്കപ്പെട്ടത് പൊലീസിന്റ ഭാഗത്തു നിന്നുവന്ന വീഴ്ച്ചയാണെന്നാണ്! എന്നാല്‍ അഴിമുഖം ഇതുമായി ബന്ധപ്പെട്ട് പൊലീസിനെ സമീപിക്കുകയും പിഴവുകള്‍ അവരുടെ ഭാഗത്തു നിന്നുണ്ടായതാണോയെന്ന കാര്യം ചോദിക്കുകയും ചെയ്തു. പൊലീസ് പറയുന്നത്, തങ്ങളുടെ ഭാഗത്തു നിന്നും എഫ് ഐ ആര്‍ ഇട്ടതില്‍ യാതൊരു പിഴവും സംഭവിച്ചിട്ടില്ല എന്നാണ്. പ്രതികളാക്കി പറഞ്ഞവരുടെ പേരുകള്‍ തന്നെയാണ് എഫ് ഐ ആറില്‍ ചേര്‍ത്തിരിക്കുന്നത് എന്നും പൊലീസ് സംശയലേശമന്യേ പറയുന്നു.

പൊലീസിന്റെ വാദമാണ് ശരിയെങ്കില്‍, സിറോ മലബാര്‍ സഭയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പറയുന്നത് കളവ് ആവുകയാണ്. അതായത്, ബോധപൂര്‍വം തന്നെയാണ് പരാതിക്കാരന്‍(ഫാ. ജോബി മപ്രക്കാവില്‍) ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെയും ഫാ. പോള്‍ തേലക്കാടിന്റെയും പേരുകള്‍ പറഞ്ഞിരിക്കുന്നത്. ഇതിനുള്ള പ്രധാന തെളിവ് ഫാ. ജോബി മപ്രക്കാവിലിന്റെ വായ് മൊഴിയായ പരാതിയാണ്. ‘കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ അകൗണ്ടിലൂടെ അനധികൃതമായി പണമിടപാട് നടത്തിയെന്ന് ആരോപിച്ച് സിറോ മലബാര്‍ സഭയുടെ മുന്‍ പിആര്‍ഒ യും ഇപ്പോള്‍ കലൂര്‍ ആസാദ് റോഡിലെ റിന്യൂവല്‍ സെന്ററില്‍ താമസിക്കുന്ന സത്യദീപം എന്ന ഇംഗ്ലീഷ് മാഗസിന്റെ ചീഫ് എഡിറ്ററും ആയ ഫാദര്‍ പോള്‍ തേലക്കാട്ട് എന്നയാള്‍ വ്യാജ ബാങ്ക് പണമിടപാട് സ്‌റ്റേറ്റുമെന്റുകള്‍ ഉണ്ടാക്കി എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയ ബിഷപ്പ് ജേക്കബ് മനത്തോടത്ത് എന്നയാള്‍ വഴി മേല്‍ സിനഡില്‍ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാന്‍ ശ്രമിച്ച കാര്യം പറയാന്‍ വന്നതാണ്’. എന്ന ഭാഗം വ്യക്തമാക്കുന്നത് കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ വ്യാജരേഖയുണ്ടാക്കിയതും അഴിമതിക്കാരനാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചതും ഫാ. പോള്‍ തേലക്കാട്ടും ബിഷപ്പ് ജേക്കബ് മനത്തോടത്തും ആണെന്നാണ്. വ്യാജ ബാങ്ക് പണമിടപാട് സ്റ്റേറ്റുമെന്റുകള്‍ ഫാ. പോള്‍ തേലക്കാട്ട് ‘ഉണ്ടാക്കി’ എന്ന് ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട് മൊഴിയില്‍. കര്‍ദിനാളും സഭ അധികൃതരും ഇപ്പോള്‍ പറയുന്നതുപോലെ, വ്യാജരേഖ ചമച്ചവരെ കണ്ടെത്തണമെന്നല്ല ഫാ. ജോബി മപ്രക്കാവില്‍ മൊഴി നല്‍കിയിരിക്കുന്നത്.

എഫ്‌ഐആര്‍ തിരുത്തിയിട്ടില്ല
സിറോ മലബാര്‍ സഭ മാധ്യമ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയില്‍, ഫാ. ജോബി മപ്രക്കാവില്‍ നല്‍കിയ പരാതിയില്‍ ബിഷപ്പ് മനത്തോടത്തിന്റെയോ ഫാ.പോള്‍ തേലക്കാട്ടിന്റെയോ പേരുകള്‍ പ്രതികളാക്കി പറഞ്ഞിരുന്നില്ലെന്നു തെളിയിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് 18/01/2019 ല്‍ കമ്മിഷണര്‍ ഓഫിസില്‍ നല്‍കിയ പരാതിയാണ്. പ്രസ്തുത പരാതിയില്‍, ഫാ. പോള്‍ തേലക്കാട്ട് കൈമാറിയ രേഖ ബിഷപ്പ് ജേക്കബ് മനത്തോടത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പിന് നല്‍കിയെന്നും ഈ രേഖകള്‍ വ്യാജമാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും സിറോ മലബാര്‍ സഭയുടെയും സത്‌പേര് തകര്‍ക്കാനുള്ള ശ്രമാണെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണ് പറഞ്ഞിട്ടുള്ളത്. മാധ്യമ കമ്മീഷന് ഈ പരാതി മുന്നില്‍വച്ച്, ഫാ. പോള്‍ തേലക്കാട്ടിനെയോ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയോ പ്രതികളാക്കി പറഞ്ഞിട്ടില്ലെന്നു സ്ഥപിക്കാമെങ്കിലും കമ്മിഷണര്‍ ഓഫിസില്‍ നിന്നും സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഈ പരാതി കൈമാറുകയും തത്പ്രകാരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതിയുടെ മേല്‍ കേസ് ചാര്‍ജ് ചെയ്ത് എഫ് ഐ ആര്‍ ഇടുന്നതിന്റെ ഭാഗമായി അതേ പരാതിക്കാരനായ ഫാ. ജോബി മപ്രക്കാവില്‍ നല്‍കിയ വായ് മൊഴിയില്‍ കൃത്യമായി ഫാ. പോള്‍ തേലക്കാട്ടിലിനെയും ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും പ്രതികളാക്കി പറയുന്നുണ്ട്. കമ്മിഷണര്‍ ഓഫിസില്‍ നല്‍കിയ പരാതിയുടെ മേല്‍ നടപടികളായി എന്തൊക്കെ നടന്നുവെന്ന കാര്യം മറച്ചുവച്ചാണ് ബിഷപ്പ് ജോസഫ് പാംപ്ലാനി വിശദീകരണങ്ങള്‍ നല്‍കുന്നതെന്നാണ് ഇവിടെ വ്യക്തമാകുന്നത്.

ഒരു പരാതി കിട്ടിയാല്‍ ഉടനെ, അതും ഒരു ബിഷപ്പിനും വൈദികനുമെതിരേയുള്ള പരാതി- എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാറുണ്ടോ പൊലീസ് എന്ന ചോദ്യത്തിന്, ചില ക്രിമിനല്‍ കേസുകളില്‍, ഇന്നവരാണ് പ്രതികളെന്നു പരാതിക്കാരന്‍ വ്യക്തമായി പറയുമ്പോള്‍ എഫ് ഐ ആര്‍ ഇടാറുണ്ടെന്നാണ് തൃക്കാക്കര പൊലീസ് മറുപടി നല്‍കുന്നത്. അതായത്, പരാതിക്കാരനായ ഫാ. ജോബി മപ്രക്കാവില്‍ തന്റെ പരാതിയില്‍ ഫാ. പോള്‍ തേലക്കാട്ടിലിനെയും ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും പ്രതികളാക്കി തന്നെയാണ് സംസാരിച്ചിരിക്കുന്നതെന്ന്. പൊലീസ് തന്നെ പറയുന്ന കാര്യമാണ്.

സെന്‍ട്രല്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ പുറത്ത് വന്നതിനു പിന്നാലെ വന്‍വിവാദം ഉണ്ടായതോടെയാണ് ഇപ്പോള്‍ ന്യായീകരണങ്ങളുമായി സഭ അധികൃതരും കര്‍ദിനാളും രംഗത്തു വന്നിരിക്കുന്നതെന്നാണ് വിശ്വാസികള്‍ ആരോപിക്കുന്നത്. ഇതു ശരിവയ്ക്കും വിധമാണ് സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇട്ടിരിക്കുന്ന എഫ് ഐ ആര്‍ (എഫ് ഐ ആര്‍ നംബര്‍ 0414) അല്ല ശരിക്കുള്ളതെന്നു സ്ഥാപിക്കാനെന്നോണം മാധ്യമ കമ്മിഷന്‍ ചെയര്‍മാന്‍ നിലവിലുള്ള എഫ് ഐ ആര്‍ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ എഫ് ഐ ആര്‍(നംബര്‍ 0342) ആണെന്നു പറയുന്നത്. സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇട്ട, ഫാ. പോള്‍ തേലക്കാട്ടിനെയും ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും ഒന്നും രണ്ടും പ്രതികളാക്കിയുള്ള എഫ് ഐ ആര്‍ തിരുത്തി പുതിയ എഫ് ഐ ആര്‍ ആണോ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ഇട്ടിരിക്കുന്നതെന്ന കാര്യവും അഴിമുഖം തിരക്കി. സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇട്ട അതേ എഫ് ഐ ആര്‍ റി-രജിസ്റ്റര്‍ ചെയ്യുകമാത്രാണ് ഇവിടെ നടന്നിരിക്കുന്നതെന്നാണ് തൃക്കാക്കര പൊലീസ് പറയുന്നത്. അതായത്, ഫാ. തേലക്കാട്ടിലിനെയും ബിഷപ്പ് മനത്തോടത്തെയും പ്രതികളാക്കിയുള്ള എഫ് ഐ ആര്‍ തന്നെയാണ് തൃക്കാക്കരയിലും ഉള്ളത്. എഫ് ഐ ആര്‍ നമ്പര്‍ മാറിയിട്ടുണ്ടെങ്കിലും രണ്ട് എഫ് ഐ ആറും ഒന്നു തന്നെ. എഫ് ഐ ആറിന്റെ ഒറിജനല്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളതാണ്. പിന്നെയെങ്ങനെയാണ് മാറ്റാന്‍ കഴിയുന്നതെന്നും കോടതിക്കു മാത്രമാണ് എന്തെങ്കിലും ചെയ്യാന്‍ അധികാരമുള്ളതെന്നാണ് പൊലീസ് പറയുന്നത്. മറ്റൊരു വശം ചൂണ്ടിക്കാണിക്കുന്നത് ഇങ്ങനെയാണ്; നിലവില്‍ കേസ് അന്വേഷണ ചുമതല അസി. കമ്മിഷണര്‍ക്കാണ്. അദ്ദേഹത്തിനു മുന്നില്‍ എഫ് ഐ ആറില്‍ തിരുത്തലുകള്‍ വേണമെന്നു പറഞ്ഞ് അപേക്ഷ കൊടുക്കാം. അതല്ലാതെ, സിനഡ് യോഗം ചേര്‍ന്ന സെന്റ്. തോമസ് മൗണ്ട് ജൂറിഡിസ്‌കേഷനില്‍ ഉള്‍പ്പെടുന്ന തൃക്കാര പൊലീസ് സ്റ്റേഷനിലേക്ക് സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും കൈമാറിയ കേസിന്റെ എഫ് ഐ ആറില്‍ ഒരു മാറ്റവും വരുത്തിയിട്ടുമില്ല, വരുത്താന്‍ സാധിക്കുകയുമില്ലെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ തീര്‍ച്ചപ്പെടുത്തി പറയുന്നു.

അതായത്, എഫ് ഐ ആര്‍ തിരുത്താന്‍ നടപടി സ്വീകരിച്ചു എന്ന് കര്‍ദിനാളും മാധ്യമ കമ്മിഷനുമൊക്കെ പറയുമ്പോഴും ഫാ. പോള്‍ തേലക്കാട്ടും ബിഷപ്പ് ജേക്കബ് മനത്തോടത്തും ഇപ്പോഴും മാര്‍ ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചെന്ന കേസില്‍ പ്രതികള്‍ തന്നെയാണ്.

എല്ലാം സിനഡ് പറഞ്ഞിട്ട്
പൊലീസില്‍ നിന്നും വിശദീകരണം കിട്ടിയ ശേഷം ഫാ. ജോബി മപ്രക്കാവിലിനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍, തനിക്ക് ഒന്നും സംസാരിക്കാന്‍ ഇല്ലെന്നും താനല്ല, ഔദ്യോഗികമായി പ്രതികരിക്കേണ്ടത് മറ്റുള്ളവര്‍ ആണെന്നുമായിരുന്നു മറുപടി. പരാതിക്കാരന്‍ എന്ന നിലയില്‍, താങ്കളുടെ ഭാഗം സംസാരിക്കാന്‍ തയ്യാറാകണമെന്ന് അറിയിച്ചപ്പോള്‍, തനിക്ക് ഭാഗമൊന്നും ഇല്ലെന്നും സിനഡ് പറഞ്ഞിട്ടാണ് പരാതി നല്‍കിയതെന്നും സിനഡാണ് പരാതിക്കാരനെന്നും പറഞ്ഞ് ഒഴിയുകയാണ് ഫാ. ജോബി മപ്രക്കാവില്‍ ചെയ്തത്.

വത്തിക്കാനും ഇടപെട്ടു?
എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറെ ക്രിമിനല്‍ കേസ് പ്രതിയാക്കിയ സംഭവത്തില്‍ വത്തിക്കാന്‍ ഇടപെട്ടെന്നും വാര്‍ത്തകളുണ്ട്. സിനഡിന്റെ നടപടിക്രമം തെറ്റാണെന്നും, മെത്രാനെയും, വൈദികനെയും പ്രതിചേര്‍ത്ത നടപടി ഉടന്‍ പിന്‍വലിക്കണമെന്നും വത്തിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നാണ് അറിയാന്‍ കഴിയുന്നത്. ബിഷപ്പിനെതിരേയും വൈദികനെതിരേയും പരാതി നല്‍കിയിട്ടില്ലെന്നു വിശദീകരണവുമായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും സഭ നേതൃത്വവും രംഗത്തു വന്നത് ഇതിനു പിന്നിലെയാണെന്നാണ് സൂചന. വത്തിക്കാന്‍ നിയമിച്ച അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററാണ് ബിഷപ്പ് ജേക്കബ് മനത്തോടത്ത്. അങ്ങനെയുള്ളൊരാളെ പ്രതിയാക്കി കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചു എന്ന വാര്‍ത്ത വത്തിക്കാനെ അത്ഭുതപ്പെടുത്തിയെന്നാണ് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സിറോ മലബാര്‍ സിനഡിന്റെ നിര്‍ദ്ദേശാനുസരണമാണ് മെത്രാനെയും, വൈദികനെയും പ്രതി ചേര്‍ത്തത് എന്നതാണ് കൂടുതല്‍ ഗൗരവം. കാത്തലിക് ന്യൂസ് ഏജന്‍സിയിലൂടെയും, അല്ലാതെയും വത്തിക്കാനില്‍ ഇതുമായി ബന്ധപ്പെട്ട് എത്തിയ വാര്‍ത്തയെക്കുറിച്ച് ത്വരിതഗതിയില്‍ അന്വേഷണം നടന്നെന്നും മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശാനുസരണം ഡല്‍ഹിയിലുള്ള നുണ്‍ഷ്യോയില്‍ നിന്ന് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും നുണ്‍ഷ്യോ ഇതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് മാര്‍പ്പാപ്പക്കു സമര്‍പ്പിച്ചതായും വാര്‍ത്തകളില്‍ പറയുന്നുണ്ട്.

സഭയുടെ കാനോന്‍ നിയമത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച മീഡീയ കമ്മീഷനെതിരെയും, മൊഴി കൊടുത്ത ഫാ. ജോബി മാപ്രക്കാവില്‍ എന്ന വൈദികനെതിരെയും നടപടികള്‍ ഉണ്ടാകുമെന്നു വത്തിക്കാനില്‍ നിന്നു റിപ്പോര്‍ട്ടുകള്‍ ഉള്ളതായി കേസുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ത്തി രംഗത്തു വന്നിരിക്കുന്ന വിശ്വാസി സംഘങ്ങളും പറയുന്നുണ്ട്. ഈ സംഭവവികാസങ്ങള്‍ ഭൂമി വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണെന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ ഇതുമായി ബന്ധപ്പെട്ടു വത്തിക്കാനിലേക്കു വിളിപ്പിച്ചിട്ടുണ്ട് എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്.

വിമര്‍ശനങ്ങള്‍ ശക്തം
ബിഷപ്പ് ജേക്കബ് മനത്തോടത്തിനും ഫാ. പോള്‍ തേലക്കാട്ടിനുമെതിരേ കേസ് നല്‍കിയിട്ടില്ലെന്നു സഭ നേതത്വം വിശദീകരിക്കാന്‍ ശ്രമിക്കുമ്പോഴും ഇതിനെതിരേ ശക്തമായ വിമര്‍ശനങ്ങളും എതിര്‍പ്പുകളുമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. കര്‍ദിനാള്‍ ആലഞ്ചേരിക്കും ഫാ. ജോബി മപ്രകാവിലിനുമെതിരേ അതിരൂക്ഷ വിമര്‍ശനവുമായാണ് സഭ സുതാര്യ സമിതി(എഎംടി) രംഗത്തു വന്നത്. ഫാ. ജോബി മപ്രക്കാവിലിനെ പുറത്താക്കണമെന്നതാണ് എഎംടിയുടെ പ്രധാന ആവശ്യം. കൂടാതെ, ഫാ.പോള്‍ തേലക്കാട്ട് ഒന്നാം പ്രതിയും മാര്‍ ജേക്കബ് മാനത്തോടത് രണ്ടാം പ്രതിയും ആയി കൊടുത്തിട്ടുള്ള പരാതി ഉടന്‍ പിന്‍വലിച്ചു മാപ്പ് പറയുക, വ്യാജ രേഖയെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി രജിസ്റ്റര്‍ ചെയ്യുക, അന്വഷണ കമ്മീഷനു മേല്‍ അനാവശ്യ സമ്മര്‍ദ്ദം ഒഴിവാക്കുക, ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട വിശ്വാസികളുടെ മുഴുവന്‍ സംശയങ്ങളും ദൂരീകരിക്കുകയും എറണാകുളം അതിരൂപതയുടെ നഷ്ടം തിരിച്ചു ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്യുക എന്നീ ആവശ്യങ്ങളും എഎംടി സിനഡിനു മുന്നില്‍ വയ്ക്കുന്നുണ്ട്.

എറണാകുളം അതിരൂപത ഭൂമിവിവാദവുമായി ബന്ധപ്പെട്ട അന്വേഷണം അതിന്റെ അവസാനഘട്ടത്തിലേക്ക് എത്തിനില്‍ക്കുന്ന അവസരത്തില്‍ അത് തനിക്ക് എതിരായി വരും എന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട് അതില്‍ നിന്ന് രക്ഷപെടാന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയ വത്തിക്കാന്റെ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയും ഫാ.പോള്‍ തേലക്കാട്ട് ഒന്നാം പ്രതിയും ആക്കി കര്‍ദിനാള്‍ ആലഞ്ചേരിയാണ് ഫാ. ജോബി മപ്രക്കാവിലിനെ കൊണ്ട് കേസ് കൊടുപ്പിച്ചതെന്നാണ് എഎംടിയുടെ ആരോപണം. ഇത്തരത്തില്‍ ഒരു വൈദികനെതിരെ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ കാനോന്‍ നിയമം അനുസരിച്ച് അതാതു മെത്രാന്റെ അനുവാദം വാങ്ങിയിരിക്കണം. മാര്‍പ്പാപ്പ നിയമിച്ച അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്ററെ പ്രതി ചേര്‍ക്കാന്‍ ഇവിടെ മെത്രാന്‍ സിനഡിന് പോലും കാനോന്‍ നിയമം പ്രകാരം സാധിക്കില്ല. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ കേസ് കൊടുക്കാന്‍ ഫാ ജോബിക്ക് പിന്നില്‍ കര്‍ദിനാള്‍ ആലഞ്ചേരി തന്നെ ആണ്. തനിക്കെതിരെ നടക്കുന്ന അന്വേഷണം സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണ് മാര്‍ ആലഞ്ചേരി നടത്തുന്നത്. അതുകൊണ്ട് വിശ്വാസികളുടെ അവകാശങ്ങള്‍ ഹനിക്കാനുള്ള ഏതൊരു നീക്കത്തെയും നേരിടേണ്ടതുണ്ട്; എഎംടിക്കു വേണ്ടി ഇറക്കിയ പ്രസ്താവനയില്‍ ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍, പ്രസിഡന്റ് മാത്യു കാറൊണ്ടുകടവില്‍, വക്താവ് ഷൈജു ആന്റണി എന്നിവര്‍ പറയുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയില്‍പ്പെട്ട ഇടവകകളില്‍ നിന്നും ബിഷപ്പ് മനത്തോടത്തിനും ഫാ. തേലക്കാട്ടിനുമെതിരേ കേസ് നല്‍കിയതില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. കേസ് ചാര്‍ജ് ചെയ്ത നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പുതിയകാവ് ഇടവക വികാരിയുടെയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ നല്‍കിയിരിക്കുന്ന കേസ് ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെയും ഫാ. പോള്‍ തേലക്കാട്ടിന്റെയും സല്‍പ്പേര് നശിപ്പിക്കാനും വിശ്വാസികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതാണെന്നും കേസില്‍ പറയുന്ന വസ്തുതകള്‍ സത്യവിരുദ്ധമാണെന്നുമാണ് ഇടവ വികാരി ഫാ. തോമസ് കക്കാട്ടുചിറ ഇടവക സമൂഹത്തിനു വേണ്ടി നല്‍കുന്ന പരാതിയില്‍ പറയുന്നത്. ആയിരത്തിയഞ്ഞൂറ് അംഗങ്ങള്‍ ഉള്ള ഇടവകയാണ് പുതിയകാവ് ഇടവക. കേസ് നല്‍കിയ ഫാ. ജോബി മപ്രക്കാവിലിന് നിയമപരമായി അതിനുള്ള അധികാരം ഇല്ലെന്നും കേസ് കൊടുക്കാന്‍ അധികാരപ്പെടുത്തിയതായി പറയുന്ന ബിഷപ്പ് വാണിയപ്പുരക്കലിന് സിവില്‍ കേസ് അല്ലാതെ മറ്റുകേസുകള്‍ നല്‍കാന്‍ സിനഡ് അധികാരം നല്‍കിയിട്ടില്ലെന്നും ഈ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ബിഷപ്പിനും വൈദികനുമെതിരേ കേസ് നല്‍കിയ സംഭവത്തില്‍ എറണാകുളം-അങ്കമാലി അതിരൂപത വൈസ് ചെയര്‍മാന്‍മാരുടെ യോഗവും അതിശക്തമായി അപലപിച്ചിരുന്നു. ഫാ. ജോബി മപ്രക്കാവിലിനെതിരേ സിനഡ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ കൂടിയ 182 പേര്‍ പങ്കെടുത്ത യോഗം ഐക്യകണ്‌ഠേന ആവശ്യപ്പെട്ടത്. സഭയിലെ ഒരു വിഭാഗത്തിനു വേണ്ടി ഉന്നത അധികാരികളുടെ അനുഗ്രാശിസ്സുകളോടെ നടന്ന ഗൂഢാലോചനയാണ് ഈ കേസ് എന്നാണ് അവര്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന വിവാദ ഭൂമിക്കച്ചവടത്തെ കുറിച്ച് അന്വേഷിച്ചു തയ്യറാക്കിയ റിപ്പോര്‍ട്ട് ഏപ്രില്‍ ആറിന് വത്തിക്കാന് സമര്‍പ്പിക്കാന്‍ ഇരിക്കവെ, ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കേസ് വിവാദം ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചയാകുന്നത്. വ്യാജ രേഖ കേസില്‍ രണ്ടാം പ്രതിയാക്കപ്പെട്ട ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തെ അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി മാര്‍പാപ്പ നിയമിച്ചുകൊണ്ട് നിര്‍ദേശിച്ചിരുന്നത്, മാര്‍ച്ച് 31 നു മുമ്പായി ഭൂമിപ്രശ്‌നവും കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സാമ്പത്തിക ഇടപാടുകളും അന്വേഷിച്ച് റിപ്പോര്‍ട്ട് രഹസ്യമായി വത്തിക്കാന് സമര്‍പ്പിക്കാനായിരുന്നു. ഇതുപ്രകാരം അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടുമായി മാര്‍ ജേക്കബ് മനത്തോടത്ത് ഏപ്രിലില്‍ വത്തിക്കാനില്‍ പോകാന്‍ തയ്യാറെടുത്ത് നില്‍ക്കുമ്പോഴാണ് അദ്ദേഹം ക്രിമിനല്‍ കേസില്‍ പ്രതിയാകുന്നത്. വരും ദിവസങ്ങളില്‍ സിറോ മലബാര്‍ സഭയെ പിടിച്ചു കുലുക്കുന്ന കൂടുതല്‍ സംഭവവികാസങ്ങള്‍ ഇതിനു പിന്നാലെ ഉണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍