UPDATES

പിപി മുകുന്ദന്‍/അഭിമുഖം: ഇവിടെ പന്തല്‍ പോലും നാട്ടിയിട്ടില്ല; പാര്‍ട്ടിയില്‍ ദീർഘവീക്ഷണത്തോടെ ചിന്തിക്കുന്ന നേതാക്കളില്ല

‘ആർ എസ് എസ്സിന് ഒരു പ്രതിജ്ഞയുണ്ട്. ഈ വ്രതം ഞാൻ ആജന്മം പാലിക്കും എന്ന് കാവിക്കൊടിയെ സാക്ഷിനിർത്തി എടുക്കുന്ന പ്രതിജ്ഞ. എത്ര അവഗണിക്കപ്പെട്ടാലും ആ പ്രതിജ്ഞ ഞാൻ മറക്കില്ല.’

രാവിലെ പതിനൊന്നു മണിയോടെ കണ്ണൂർ പേരാവൂരിനടുത്തുള്ള മണത്തണയിലെ വീട്ടിലെത്തുമ്പോൾ പിപി മുകുന്ദൻ എന്ന പഴയ തീപ്പൊരി നേതാവ് ഫോൺ കോളുകളുടെ തിരക്കിലായിരുന്നു. വർത്തമാനം പറഞ്ഞു തുടങ്ങുമ്പോൾ വീണ്ടും ഫോൺ. വയനാട്ടിൽ നിന്ന് കെകെ രാമചന്ദ്രൻ മാസ്റ്റർ ആണ്. സ്നേഹാന്വേഷണവും വ്യക്തിപരമായ ചില കാര്യങ്ങളും പങ്കുവെച്ചതായി മുകുന്ദൻ. പലരും വിളിക്കും, കഴിയാവുന്ന സഹായങ്ങളെല്ലാം ചെയ്തു കൊടുക്കും. ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധം ഇപ്പോഴും സൂക്ഷിക്കുന്നു. 72 വയസ്സിലെത്തി നിൽക്കുമ്പോൾ ഊർജസ്വലത കൈവിടാതിരിക്കാൻ ശ്രദ്ധിക്കുന്നു. ബന്ധങ്ങളാണ് മുകുന്ദൻ എന്ന രാഷ്ട്രീയ നേതാവിന്റെ ശക്തി. രാഷ്ട്രീയത്തിൽ മാത്രമല്ല, സിനിമ, സാമൂഹ്യ രംഗങ്ങളിൽ എല്ലാം വളരെ അടുത്ത സൗഹൃദങ്ങൾ അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ ആക്ഷേപങ്ങളും ഉയർന്നിരുന്നു. പക്ഷെ അതൊന്നും അദ്ദേഹത്തിനൊരു പ്രശ്നമേയല്ല.

വിശ്രമജീവിതമാണെന്നു തോന്നുമെങ്കിലും മുകുന്ദന് തിരക്കുണ്ട്. ഇടയ്ക്കിടെ യാത്രകൾ, പൊതുപരിപാടികൾ, കുടുംബ ക്ഷേത്രത്തിന്റെ കാര്യങ്ങൾ അങ്ങനെ… ഇതെല്ലാമാണെങ്കിലും സ്വന്തം പാർട്ടിയിൽ നിന്ന് പലപ്പോഴും നേരിടേണ്ടിവരുന്ന അവഗണനയിൽ അനുഭവിക്കുന്ന വേദനയും നിരാശയും ആ മുഖത്തുണ്ട്; അദ്ദേഹം സമ്മതിക്കില്ലെങ്കിലും.രണ്ടു മാസം അനാഥാവസ്ഥയിൽ കഴിഞ്ഞ സംസ്ഥാന ബിജെപിക്ക് ഒടുവിൽ പ്രസിഡന്റായി. അനുഭവ സമ്പത്തുള്ള നേതാവ് എന്ന നിലയിൽ പി പി മുകുന്ദനും ചില കാര്യങ്ങൾ പറയാനുണ്ട്. അത് അഴിമുഖവുമായി പങ്കുവെക്കുകയാണ് പിപി മുകുന്ദന്‍.

രണ്ടു മാസത്തോളം നാഥനില്ലാതെ അനിശ്ചിതത്വത്തിലായിരുന്നു ബിജെപി കേരളം ഘടകം. ഇപ്പോൾ പി എസ് ശ്രീധരൻ പിള്ള പ്രസിഡന്റ് ആയിരിക്കുന്നു. പക്ഷെ ആ തീരുമാനത്തിൽ എത്തുന്നതിനു പോലും നേതൃത്വത്തിന് ഏറെ ക്ലേശിക്കേണ്ടി വന്നു. എന്തുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്?

രണ്ടു മാസം മുൻപും പി എസ് ശ്രീധരൻപിള്ള ഇവിടെ ഉണ്ടായിരുന്നു. ഈ നടപടി അന്നേ ചെയ്യേണ്ടതായിരുന്നു. മുൻ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം അനുഭവസ്ഥനാണ്. അതുകൊണ്ട് ഉടനെ തന്നെ കേന്ദ്രത്തിനു ഇത് ചെയ്യാമായിരുന്നു. നിശ്ചയിക്കുന്നതിൽ കാലതാമസം വന്നു. ഏതായാലും അനുഭവസ്ഥനായ ഒരാൾ വന്നു എന്നത് നല്ലത് തന്നെ.

പി എസ് ശ്രീധരൻപിള്ള താങ്കളെ വിളിക്കുകയോ കാണുകയോ ഉണ്ടായോ? പ്രസിഡന്റ് ആയതിനു ശേഷം?

എന്നെ വിളിച്ചിരുന്നു. ഇച്ഛാശക്തിയോടെ മുന്നോട്ട് പോവുക എന്ന് മാത്രം പറഞ്ഞു. അദ്ദേഹത്തിന്റെ സ്കൂൾ കാലം തൊട്ട് എനിക്കറിയാം. ആർഎസ്എസ് കാലം തൊട്ട്. 53 വർഷത്തെ ബന്ധമില്ലേ ഞങ്ങൾ തമ്മിൽ! ഉൾക്കാമ്പ് ഉണ്ട്. നല്ല സാമൂഹ്യ ബന്ധമുണ്ട്. ഇന്റലക്ച്വൽ ആണ്.

അദ്ദേഹം കൂടുതല്‍ എന്തെങ്കിലും പറഞ്ഞോ? താങ്കൾ പറഞ്ഞതല്ലാതെ…?

കഴിഞ്ഞ ദിവസം ട്രെയിനിൽ നിന്നാണ് വിളിച്ചത്. ഡൽഹിയിൽ പോകുന്ന ദിവസവും വിളിച്ചിരുന്നു. കൂടുതൽ കാര്യങ്ങളൊന്നും പറഞ്ഞില്ല.

പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുരേന്ദ്രനുൾപ്പടെയുള്ള പേരുകളാണ് സജീവമായി ഉയർന്നു കേട്ടത്. എന്ന് പറഞ്ഞാൽ ഗ്രൂപ്പ് പോരിന്റെ ഭാഗമായുള്ള വാർത്തകൾ. ഒടുക്കം തീരുമാനം ഈവിധത്തിലാണ് വന്നതും. സുരേന്ദ്രൻ പ്രസിഡന്റ് ആകുന്നതിന് എന്താണ് തടസമായിട്ടുണ്ടാവുക?

കുറെയൊക്കെ മാധ്യമ സൃഷ്ടിയാണ്. കെ സുരേന്ദ്രൻ ആ സമയത്ത് ശ്രീധരന്‍പിള്ളയെക്കാൾ സജീവമായിരുന്നു. അങ്ങനെ ആ പേരും ഉയർന്നു വന്നു. മാധ്യമങ്ങളിൽ ആരാണോ നിറഞ്ഞു നിൽക്കുന്നത് ആ വ്യക്തി ചർച്ച ചെയ്യപ്പെടുന്നത് സ്വാഭാവികമാണ്. അഭിപ്രായ വ്യത്യാസം ഉണ്ടാവാം. കേരളത്തിൽ നേടിയെടുക്കാൻ പ്രത്യേകിച്ച് ഒന്നുമില്ല. മുന്നണി രാഷ്ട്രീയത്തിനിടയിൽ കൂടി കടന്നു പോവുക അത്ര എളുപ്പവുമല്ല. ഇതുപോലെ മാരാര്‍ജിയെ കുറിച്ചും പണ്ട് പറഞ്ഞിരുന്നു. അദ്വാനിയും അടൽജിയും ഉടക്കിലാണ് എന്ന പ്രചാരണം വന്നിരുന്നു. അതൊക്കെ അവഗണിക്കുകയാണ് വേണ്ടത്.

കെ സുരേന്ദ്രന് ഒരുകാലത്ത് പ്രിയപ്പെട്ട നേതാവായിരുന്നു പി പി മുകുന്ദൻ. താങ്കളുടെ ചാവേർ എന്ന് വരെ വിളിക്കപ്പെട്ടിരുന്നു. പക്ഷെ കാലം മാറിയപ്പോൾ സുരേന്ദ്രൻ മുരളീധരന്റെ കൂടെയായി. സുരേന്ദ്രൻ പ്രസിഡന്റ് ആകണമെന്ന് എപ്പോഴെങ്കിലും തോന്നിയിരുന്നോ?

സുരേന്ദ്രനായാലും കൃഷ്ണദാസ് ആയാലും മിക്കവരെയും ഞാൻ കൊണ്ടുവന്നതാണ്. സംഘടനാ സെക്രട്ടറി ആയിരുന്ന ഘട്ടത്തിൽ. ഈയടുത്ത് സുരേന്ദ്രൻ ഇവിടെ (മണത്തണയിൽ) വന്നിരുന്നു. എനിക്കിവരെ എല്ലാവരെയും അറിയാം. നായകത്വം വലിയ ഘടകമാണ്. നേതൃത്വത്തിന് പരസ്പരം ഹൃദയബന്ധം ഉണ്ടാവണം. പൾസ് അറിയണം. പിന്നെ പോരായ്മകൾ പരിഹരിക്കാവുന്നതല്ലേ ഉള്ളൂ. എല്ലാവരോടും ആത്മബന്ധം ഉണ്ടാക്കാൻ ശ്രമിക്കണം എന്നേ ഇക്കാര്യത്തിൽ പറയാനുള്ളൂ. സുരേന്ദ്രന് പഴയ ബന്ധം ഇല്ല എന്ന് തോന്നുന്നില്ല. നെഹ്റു യുവ കേന്ദ്രയുടെ ചുമതലയായിരുന്നു മുരളിക്ക്. സുരേന്ദ്രൻ സ്വാഭാവികമായിട്ട് അവരുടെ ആളായി. അത്രയേ ഉള്ളൂ.

പി എസ് ശ്രീധരൻ പിള്ളയുടെ കാര്യത്തിലോ?

ആരായാലും അനുഭവസ്ഥർ വരണം എന്നേയുള്ളൂ. എല്ലാവരെയും കൂട്ടിയോജിപ്പിക്കാൻ പറ്റുന്ന കാഴ്ചപ്പാടുള്ള ആൾ. അത് ഇന്നേ ആളായിരിക്കണം എന്നൊന്നും തോന്നിയിട്ടില്ല. പുറത്തു നിന്നുള്ള ആൾ വരും എന്ന് വാർത്തകൾ കണ്ടു. ഗ്രൂപ്പുകളുടെ പേരിൽ വരുമ്പോൾ അതൊക്കെ ഒരു പരിധി വരെ വിശ്വസിക്കപ്പെട്ടു. ശ്രീധരന്‍ പിള്ളയ്ക്ക് അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മാനേജ് ചെയ്തുള്ള പരിചയമുണ്ട്. കുമ്മനം പക്ഷെ പൊളിറ്റിക്കൽ ലീഡർ ആയിരുന്നില്ല. ഹിന്ദു നേതാവ് ആണ്. പഠിക്കാൻ അവസരവും കിട്ടിയില്ല. പരിചിതരായ ആൾക്കാർ ഉണ്ടാവണം. ജഡ്ജ്മെന്റ് കുറച്ചുകൂടി ആലോചിച്ച ശേഷം ആകാമായിരുന്നു.

അപ്പോൾ ചേരിതിരിവ് ശക്തമാണ് എന്ന് താങ്കളും ഉറപ്പിക്കുകയാണ്…?

പ്രശ്നങ്ങളുണ്ട്. പരിഹരിക്കാവുന്ന പ്രശ്നങ്ങളേയുള്ളൂ. ഒരു ടീമായിട്ട് ഇവർ ഒരുമിച്ചിരിക്കണം. ശ്രീധരൻപിള്ള അതിനുള്ള അവസരം സൃഷ്ടിച്ചാൽ സാധിക്കും. നിസ്സംഗരോ നിഷ്ക്രിയരോ ആയവരെ സജീവമാക്കാനും സാധിക്കണം. കേന്ദ്രം വളരെ സ്ട്രോങ്ങ് ആണെന്നാണ് കരുതുന്നത്. അവർ തീരുമാനിച്ചതാണ് പിള്ളയെ. അദ്ദേഹത്തിന് പണ്ടത്തേക്കാളും വലിയ ഉത്തരവാദിത്തമാണ് ഇപ്പോൾ ഉള്ളത്.

അതുകൊണ്ടായിരിക്കുമോ വെല്ലുവിളികൾ നേരിട്ട് മുന്നോട്ട് പോകും എന്ന് പിള്ള പറഞ്ഞത്?

കേരളത്തിലെ രാഷ്ട്രീയ പ്രശ്നങ്ങളെ കുറിച്ചാവാം അങ്ങനെ പറഞ്ഞത്. പാർട്ടിയെ മുന്നോട്ട് നയിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പാർട്ടിക്കകത്ത് തന്നെയാണ് പരിഹരിക്കേണ്ടത്.

കുമ്മനത്തെ വീണ്ടും കൊണ്ടുവന്നേക്കാം എന്നും കേൾക്കുന്നുണ്ടല്ലോ?

കുമ്മനത്തെ ഇനി കൊണ്ടുവരുമെന്ന് തോന്നുന്നില്ല.

ഏറെ അനിശ്ചിതത്വങ്ങൾക്കും അവഗണനയ്ക്കും ശേഷം താങ്കളെ കുമ്മനമാണ് തിരികെ എത്തിക്കാൻ മുൻകൈയെടുത്തത്. പക്ഷെ മാരാർജി ഭവനിൽ പോയപ്പോൾ ആരും ഗൗനിച്ചുമില്ല,അവിടെ ഉണ്ടായിരുന്ന പ്രവർത്തകരെ മാറ്റുകയും ചെയ്തു. താങ്കൾക്കത് ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു. ആ അവഗണനാ മനോഭാവത്തിൽ നിന്ന് നേതൃത്വം മാറി എന്ന് ഇപ്പോഴും താങ്കൾ വിശ്വസിക്കുന്നുണ്ടോ?

സാധാരണ പോകുന്ന പോലെയാണ് മാരാർജി ഭവനിൽ പോയത്. പോയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. രണ്ടു പേരോട് മാറി നിൽക്കാൻ നിർദേശിച്ചു എന്ന് അവിടെ ഉണ്ടായിരുന്ന ഒരാൾ പറയുകയും ചെയ്തു. ആ നിർദേശിച്ച ആളെ അറിയാം. പക്ഷെ പേര് പറയുന്നില്ല. കുമ്മനം തെരഞ്ഞെടുപ്പ് പരിപാടിയിൽ ആയിരുന്നു. പക്ഷെ ആ സംഭവങ്ങൾ ഒന്നും ഇപ്പോൾ വലിയ കാര്യമായി തോന്നുന്നില്ല.

രണ്ടുമാസം പാർട്ടി നാഥനില്ലാ കളരി ആയി. കേരളം വലിയ ലക്ഷ്യമായി അമിത്ഷാ തന്നെ പ്രഖ്യാപിച്ചിട്ടും ഇതായിരുന്നു അവസ്ഥ. അമിത് ഷായ്ക്ക് അത്ര എളുപ്പമാണോ കാര്യങ്ങൾ?

കേരളത്തിൽ അനിശ്ചിതത്വം ഉണ്ടാകാൻ പാടില്ലായിരുന്നു. ഒരാളെ താത്ക്കാലികമായെങ്കിലും നിശ്ചയിക്കാമായിരുന്നു. കോൺഗ്രസ്സിനെ നോക്കൂ, ഹസ്സന് പെട്ടന്ന് ചുമതല നൽകിയ പോലെ. അത് കേന്ദ്രം ചെയ്യേണ്ടതായിരുന്നു. ഇനിയിപ്പോ ആരെയും മാറ്റി നിർത്തരുത്. പുനഃസംഘടനയല്ല വേണ്ടത്. പുനഃക്രമീകരണം നടത്തണം. തെരഞ്ഞെടുപ്പ് വരുമ്പോൾ പ്രത്യേകിച്ചും. ശ്രീധരൻപിള്ള തന്നെ ഓരോ ആളെയും വിളിച്ചു സംസാരിക്കണം. പ്രസിഡന്റിന്റെ അധികാരമാണത്. വെല്ലുവിളികൾ ഉണ്ട് എന്ന് മനസ്സിലാക്കി അതിനനുസരിച്ചു പ്രവർത്തനം നിശ്ചയിച്ചാൽ നന്നാവും. നോമിനേഷൻ ദീര്‍ഘദൃഷ്ടിയിൽ ഗുണം ചെയ്യില്ല. ഇഷ്ടമുള്ളവരല്ല, പ്രവർത്തിക്കുന്ന ആൾ വരണം. നോമിനേഷൻ പരിപാടി തിരുത്തണം.

ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ വി മുരളീധരന്റെ പ്രസ്താവനകൾ വിവാദമായിരുന്നു. പാർട്ടിയിൽ മുരളിയുടെ താല്പര്യം എന്താവാം?

എറിഞ്ഞ കല്ലും പറഞ്ഞ വാക്കും അവിടെ കിടക്കും. ശ്രീധരൻപിള്ള തന്നെ അക്കാര്യം പറഞ്ഞല്ലോ. അനുഭവം ആണല്ലോ ഗുരു. മുരളിയും അക്കാര്യങ്ങൾ തിരുത്തിയിട്ടുണ്ട്.

ബിജെപി ഒരു കേഡർ പാർട്ടി ആണെന്നാണ് താങ്കൾ പറയുന്നത്. പക്ഷെ ബിജെപിക്ക് എന്ത് കേഡർ സ്വഭാവമാണ് ഉള്ളത്? പ്രസിഡന്റിനെ തീരുമാനിക്കാൻ പോലും രണ്ടുമാസം വേണ്ടിവന്നു!

കേഡർ സ്വഭാവത്തിന്റെ അഭാവം തീർച്ചയായും പാർട്ടിയിൽ ഉണ്ട്. റെയിൽപ്പാളം പോലെയാവണം പാർട്ടി. സംഘടനയും ജനകീയ ഇടപെടലും ചേർന്ന് പോകണം. ഭരണ നേട്ടങ്ങൾക്കു ജനങ്ങളിൽ പബ്ലിസിറ്റി കിട്ടണമെങ്കിൽ നല്ല കേഡർ സ്വഭാവും ഉണ്ടാവണം. എന്തെങ്കിലും ചെയ്യുന്നുണ്ടാവാം. പക്ഷെ ജനങ്ങളിലെത്തുന്നില്ല. ശുഷ്കാന്തി വേണം. താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് ക്ലാസ് കൊടുക്കണം. അതിന്റെ കുറവ് വന്നപ്പോളാണ് സിപിഎം പോലും പ്രശ്നം നേരിടുന്നത് എന്നും കാണണം. ബൂത്ത് കമ്മിറ്റികളൊക്കെ ദുർബലമാണ്. അതിനെ മിനുക്കലാണ് പിള്ളയുടെ ദൗത്യം. മീൻ പിടിക്കുന്ന വല പോലെ കണ്ണികളെ യോജിപ്പിക്കണം.

ഇത്രയൊക്കെ അവഗണിക്കപ്പെട്ടിട്ടും വേദനകൾ മാത്രം നൽകിയിട്ടും താങ്കൾ വേറൊരു പാർട്ടിയിലേക്ക് പോവുകയോ അല്ലെങ്കിൽ സ്വന്തം പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുകയോ ചെയ്തില്ല, അതിനുള്ള സാധ്യതകൾ ഉണ്ടായിട്ടും. എന്തുകൊണ്ടാണത്?

ആർഎസ്എസ്സിന് ഒരു പ്രതിജ്ഞയുണ്ട്. ഈ വ്രതം ഞാൻ ആജന്മം പാലിക്കും എന്ന് കാവിക്കൊടിയെ സാക്ഷിനിർത്തി എടുക്കുന്ന പ്രതിജ്ഞ. എത്ര അവഗണിക്കപ്പെട്ടാലും ആ പ്രതിജ്ഞ ഞാൻ മറക്കില്ല.

പക്ഷെ പ്രതിജ്ഞ പാലിക്കുന്ന സംഘ മനസ്സുണ്ടായിട്ടും കോഴിക്കോട്ടെ സമ്മേളനത്തിൽ പഴയ നേതാക്കളെ ആദരിച്ചപ്പോൾ താങ്കളെ വിളിക്കുക പോലും ചെയ്തില്ല. അപ്പോൾ ഈ പറയുന്ന പ്രതിജ്ഞ നേതൃത്വത്തിലെ ചിലർക്ക് ഇല്ല എന്നാണോ? താങ്കൾ പിന്നീട് അതെ ചൊല്ലി നരേന്ദ്ര മോദിക്ക് പരാതിയും അയച്ചു.

പരാതി അയച്ചിട്ടൊന്നുമില്ല. ഞാൻ ഒരു പൊളിറ്റീഷ്യൻ ആണെങ്കിൽ പ്രയാസം തോന്നില്ല. അങ്ങനെയാണെങ്കിൽ അമിത് ഷാ പയ്യന്നൂരിൽ വന്ന സമയത്തും ആരും വിളിച്ചില്ലല്ലോ. ഇതൊക്കെ സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കാനാണ് താല്പര്യം. പരാതിയോ പരിഭവമോ ഇല്ല. ഞാൻ ആർഎസ്എസ് ആണ്. നിരാശ ലവലേശം ഇല്ല. പക്ഷെ കോഴിക്കോട്ടെ പരിപാടി വിളിക്കാൻ തലേദിവസം ഇപ്പോഴത്തെ കണ്ണൂർ ജില്ലാ പ്രസിഡന്റ് വന്നിരുന്നു. അത് പോരല്ലോ.

വേറെ പ്രസ്ഥാനത്തെ കുറിച്ച് ആലോചിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പറഞ്ഞില്ല…

അതൊരു വിഡ്ഢിത്തരം ആവും എന്ന ബോധ്യം ഉണ്ടായിരുന്നു. കരുണാകരന്റെ ഒക്കെ അനുഭവം മുന്നിലുണ്ടല്ലോ. (ചിരിക്കുന്നു) ഒരു കാര്യം കൂടി പറയാം. ദീർഘവീക്ഷണത്തോടെ ചിന്തിക്കുന്ന ലീഡർമാർ പാർട്ടിയിൽ ഇല്ല. ലീഡർഷിപ്പിന്റെ പാളിച്ചകളും ഉണ്ട്. കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലം കൂടുതൽ മനസ്സിലാക്കാൻ ദേശീയ നേതൃത്വം ശ്രമിക്കണം.

ഒരു കാര്യം കൂടി, നടൻ ദിലീപ് ഏത് തരം കേസിലാണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന് താങ്കൾക്ക് അറിയാമല്ലോ. വലിയ വിവാദമാണത്. അതിനിടെയാണ് താങ്കൾ മൂകാംബിയിൽ പോയി ദിലീപിന് വേണ്ടി പൂജ നടത്തിയത്. എന്തായിരുന്നു അങ്ങനെ തോന്നാൻ കാര്യം?

ദിലീപ് വിഷയം കത്തിനിൽക്കുന്ന സമയത്ത് ഞാൻ കുടുംബത്തിലെ ചിലർക്കൊപ്പം മൂകാംബിയിലുണ്ടായിരുന്നു. ഒരു കുടുംബ പൂജ ഉണ്ടായിരുന്നു. പെട്ടന്ന് ദിലീപിന്റെ പേരും പറയണമെന്ന് തോന്നി. ഇവിടെ നാട്ടിലെ ക്ഷേത്രത്തിന്റെ പരിപാടിക്ക് ദിലീപ് വന്നിരുന്നു. പിന്നെ കുട്ടിക്കാലത്ത് ബാലഗോകുലവുമായി ദിലീപിന് ബന്ധമുണ്ടായിരുന്നു എന്നറിയാം. പൂജ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ദിലീപ് ജയിലിൽ നിന്ന് ഇറങ്ങുകയും ചെയ്തു. വിളിച്ചിരുന്നു.

ഒന്നുകൂടി, സിപിഎമ്മിൽ പി ശശിയെ പോലുള്ള നേതാക്കളെ അവർ തിരികെ എത്തിക്കുകയാണ്. ബിജെപിയിൽ താങ്കളുടെ കാര്യം എന്താവും?

അത് ബിജെപി മനസ്സിലാക്കണം. അവർ ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള വർക്ക് തുടങ്ങി. ഇവിടെ പന്തലിന്റെ കാല് പോലും ഇട്ടിട്ടില്ല. അറിയപ്പെടുന്ന ആൾക്കാരെയൊക്കെ എത്തിക്കാനുള്ള ശ്രമം നടത്തണം.

ഷിജിത്ത് വായന്നൂര്‍

ഷിജിത്ത് വായന്നൂര്‍

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍