UPDATES

പട്ടികജാതിക്കാരെന്താ പട്ടികളാണോ? പഞ്ചായത്ത് ഓഫീസിനുള്ളില്‍ ആത്മഹത്യഭീഷണി മുഴക്കി നാല് സ്ത്രീകള്‍

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പത്ത് കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും പഞ്ചായത്ത് വാഗദാനം ചെയ്തത്.

ആലുവ കടുങ്ങല്ലൂര്‍ പഞ്ചായത്ത് ഓഫീസിനുള്ളില്‍ ആത്മഹത്യാഭീഷണി മുഴക്കി നാല് സ്ത്രീകള്‍. കടുങ്ങല്ലൂര്‍ പഞ്ചായത്ത് ഭരണസമിതി വീടും ഭൂമിയും വാഗ്ദാനം നല്‍കി കബളിപ്പിച്ചു എന്നാരോപിച്ച് പട്ടികജാതി കുടുംബങ്ങളിലെ സ്ത്രീകളാണ് പഞ്ചായത്ത് ഓഫീസിനുള്ളില്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നത്. ഇനി തങ്ങള്‍ക്ക് നല്‍കുന്ന ഭൂമിയുടെ കാര്യത്തില്‍ തീര്‍പ്പാവാതെ പഞ്ചായത്ത് ഓഫീസില്‍ നിന്ന് ഇറങ്ങില്ലെന്നാണ് ഇവരുടെ ഉറച്ച തീരുമാനം. ഭൂമി നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ തങ്ങളുടെ ഏഴും എട്ടും വയസ്സുള്ള കുഞ്ഞുങ്ങളെ സാക്ഷി നിര്‍ത്തി പഞ്ചായത്ത് ഓഫീസിന്റെ ഉത്തരത്തില്‍ തൂങ്ങി മരിക്കുമെന്നും ഇവര്‍ പറയുന്നു.

‘കുഞ്ഞുങ്ങളേയും കൊണ്ട് ബന്ധു വീടുകളില്‍ മാറിമാറി താമസിച്ച് മടുത്തു. കൂലിപ്പണിക്കാരാണ് ഞങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍. വാടക കൊടുത്ത് എവിടെയെങ്കിലും താമസിക്കാന്‍ നിവൃത്തിയില്ല. സ്ഥലവും വീടും പഞ്ചായത്ത് ഏഴ് വര്‍ഷം മുമ്പ് വാഗ്ദാനം ചെയ്തതാണ്. ഇപ്പോള്‍ വലിയ ഒരു വെള്ളക്കുഴി പോലെ കിടക്കുന്ന പാടം കാണിച്ചിട്ട് അതിന്റെ നടുക്കുള്ള സ്ഥലത്ത് താമസിച്ചോളാന്‍ പറയുകയാണ്. ഇത് ഞങ്ങള്‍ അനുവദിക്കില്ല. ഒന്നുകില്‍ ഞങ്ങള്‍ക്ക് കുടുംബമായി താമസിക്കാന്‍ യോഗ്യമായ സ്ഥലം. ഇല്ലെങ്കില്‍ ഈ പഞ്ചായത്തില്‍ തീരട്ടെ ഞങ്ങള്‍ടെ ജീവിതം. ആരും ചോദിക്കാനും പറയാനുമില്ലാത്തവരല്ലേ. ഇവിടെ തീരട്ടെ. ഇല്ലെങ്കില്‍ അധികാരികള്‍ ഞങ്ങളോട് നീതി പാലിക്കണം. പട്ടികജാതിക്കാര്‍ എന്താ പട്ടികളാണോ, ഏത് വെള്ളക്കുണ്ട് കാട്ടിത്തന്നാലും അവിടെ അടിഞ്ഞൊതുങ്ങാന്‍?’ ആത്മഹത്യാ ഭീഷണി മുഴക്കി പഞ്ചായത്ത് ഓഫീസിനുള്ളിലെ പൂട്ടിയ മുറിയില്‍ കഴിയുന്ന രാധ ചോദിക്കുന്നു.

പട്ടികജാതി കുടുംബങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ഭൂമി നല്‍കാത്തതില്‍ പ്രതിഷേധിച്ച് എട്ട് കുടുബങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ ഇന്നലെ താമസം ആരംഭിച്ചിരുന്നു. രാധ, ബിന്ദു, ഷേര്‍ളി, ബിന്ദു സുനില്‍ എന്നീ വീട്ടമ്മമാരാണ് ആത്മഹത്യ ഭീഷണി മുഴക്കി പഞ്ചായത്ത് ഓഫീസിനുള്ളില്‍ കഴിയുന്നത്. ഇവരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പോലീസും ഫയര്‍ഫോഴ്സും സന്നദ്ധരായി എത്തിയെങ്കിലും പൂട്ടിയ മുറി തുറക്കാന്‍ പോലും ഇവര്‍ തയ്യാറായിട്ടില്ല. അതിനാല്‍ ആര്‍ക്കും അവിടേയ്ക്ക് പ്രവേശിക്കാനായിട്ടില്ല. കഴിഞ്ഞ ഒന്നര ആഴ്ചയായി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഷെഡ്ഡ് കെട്ടി താമസിച്ചിരുന്ന കുടുംബങ്ങള്‍ നിരാഹാര സമരവും ആരംഭിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്ന് അനുകൂലമായ പ്രതികരണമുണ്ടാവാത്തതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ പഞ്ചായത്ത് ഓഫീസിനുള്ളില്‍ കുടുംബാംഗങ്ങള്‍ താമസമാക്കുകയായിരുന്നു.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പത്ത് കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും പഞ്ചായത്ത് വാഗദാനം ചെയ്തത്. ഉപഭോക്തൃവിഹിതമായി 67,000 രൂപ ഇവരില്‍ നിന്ന് പഞ്ചായത്ത് അധികൃതര്‍ കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ 15 അടിയോളം താഴ്ച്ചയുള്ള തണ്ണീര്‍ത്തമാണ് ഇവര്‍ക്കായി നല്‍കിയത്. ‘ഏഴ് വര്‍ഷം മുമ്പാണ് ഞങ്ങള്‍ പത്ത് കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങാന്‍ പദ്ധതിയുണ്ടെന്ന് പഞ്ചായത്ത് അറിയിക്കുന്നത്. തുടര്‍ന്ന് അന്നത്തെ യുഡിഎഫ് ഭരണസമിതി ഞങ്ങള്‍ക്ക് ഒരു സ്ഥലം കാട്ടിത്തരികയും ചെയ്തു. പക്ഷെ പിന്നീട് അറിയാന്‍ കഴിഞ്ഞത് വര്‍ഷത്തിലെല്ലാ ദിവസവും വെള്ളം മൂടിക്കിടക്കുന്ന പാടത്തിന്റെ നടുക്കാണ് ഞങ്ങളുടെ സ്ഥലമെന്ന്. പഞ്ചായത്ത് ഞങ്ങളോട് വഞ്ചനയാണ് ചെയ്തത്. പിന്നീട് വേറെ ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസില്‍ പലതവണ കയറിയിറങ്ങി. ഇതിനിടെ ഭരണം മാറി എല്‍ഡിഎഫ് ഭരണം വന്നു. എന്നിട്ടും ഞങ്ങള്‍ക്ക് രക്ഷയില്ല. ഒടുവില്‍ ഒരു രക്ഷയുമില്ലാതെ വന്നപ്പോഴാണ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിരാഹാരമിരിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഒന്നിലും രണ്ടിലും പഠിയ്ക്കുന്ന ഞങ്ങളുടെ കുഞ്ഞുങ്ങള്‍ സ്‌കൂളില്‍ പഠിക്കാന്‍ പോവുന്നത് പഞ്ചായത്തിന് മുന്നില്‍ കെട്ടിയിരിക്കുന്ന നിരാഹാര പന്തലില്‍ നിന്നാണ്. 67,000 രൂപ ഞങ്ങളും കൊടുത്തു. കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ്. അതങ്ങനെ കളയാന്‍ പറ്റുമോ? ഞങ്ങള്‍ക്ക് നീതി ലഭിക്കണം. അതിനാണ് സമരം’– സമരസമിതി നേതാവ് സുനില്‍ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ചര്‍ച്ചയില്‍ പ്രസിഡന്റ് പങ്കെടുത്തില്ലെന്നാരോപിച്ചാണ് സമരം ശക്തമാക്കിയത്. തിങ്കളാഴ്ച ചര്‍ച്ച ചെയ്യാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിരുന്നെങ്കിലും സമരക്കാരെ പരിഗണിക്കാതെ പ്രസിഡന്റ് ഉച്ചയോടെ പഞ്ചായത്ത് ഓഫീസ് വിട്ടുപോയതാണ് സമരക്കാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ കുടുംബങ്ങള്‍ താമസമാക്കുകയായിരുന്നു. ഇന്ന് രാവിലെ സമരക്കാരെ ഓഫീസില്‍ നിന്ന ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാല് സ്ത്രീകള്‍ ഒരു മുറിയില്‍ കയറി വാതിലടച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

‘മൂന്ന് സെന്റ് ഭൂമിയാണ് ഈ കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് വാഗ്ദാനം ചെയ്തത്. വെള്ളക്കുഴിയിലേക്ക് കുഞ്ഞുങ്ങളേയും കൊണ്ട് എങ്ങനെ പോവാനാണ്. പാടത്തിന് നടുക്കുള്ള 30 സെന്റ് 10 കുടുംബങ്ങള്‍ അളന്നെടുത്തുകൊള്ളാനാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. വെള്ളക്കെട്ടുള്ള പാടത്തിന്റെ നടുക്ക് സ്ഥലം കൊടുത്താല്‍ അങ്ങോട്ട് പോവാന്‍ വഴി പോലുമില്ല. എങ്ങനെയെങ്കിലും ഭൂമി കൊടുത്ത് ഒഴിവാക്കിവിടാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്. എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും ഇവര്‍ക്ക് വലിയ പ്രയോജനമില്ല’– പൊതുപ്രവര്‍ത്തകനായ ഉല്ലാസ് കുമാര്‍ പറയുന്നു.

ഈ കുടുംബങ്ങള്‍ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നുള്ളത് വാസ്തവമാണെന്ന് കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ് പറയുന്നു. “ഭൂമി നല്‍കാമെന്ന് പറഞ്ഞ് 20 അടിയോളം താഴ്ചയുള്ള തണ്ണീര്‍ത്തടം നല്‍കിയാല്‍ ആ ഭൂമി ആര്‍ക്കും പ്രയോജനപ്പെടില്ലെന്ന് ഇപ്പോഴത്തെ പഞ്ചായത്ത് ഭരണസമിതിക്കറിയാം. ഇവര്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള പണം നേരത്തെ ഉപയോഗിച്ച് പോയതുകൊണ്ട് ഇനി വേറെ ഭൂമി വാങ്ങുന്നതിന് പണം ലഭിക്കില്ല. പകരം ഈ കുടുംബങ്ങളെ സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍പ്പെടുത്തി പുനരധിവസിപ്പിക്കണമെന്ന് ഞാന്‍ മുഖ്യമന്ത്രിയാട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ സമരക്കാര്‍ക്ക് ലൈഫ് പദ്ധതിയില്‍ അംഗങ്ങളാവാന്‍ താത്പര്യമില്ല. ഒന്നുകില്‍ വാസയോഗ്യമായ ഭൂമി, അല്ലെങ്കില്‍ നിലവിലുള്ള ഭൂമി മണ്ണിട്ട് നികത്തി വാസയോഗ്യമാക്കുക എന്ന ആവശ്യമാണ് പത്ത് കുടുംബങ്ങളും ഉന്നയിക്കുന്നത്.

അവര്‍ക്ക് നല്‍കിയിരിക്കുന്ന തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തണമെങ്കില്‍ ചുരുങ്ങിയത് രണ്ട് കോടി രൂപയെങ്കിലും പഞ്ചായത്തിന് ചെലവ് വരും. അതിനാല്‍ അത് പ്രായോഗികമല്ല. ചര്‍ച്ചയ്ക്ക് വിളിച്ചപ്പോഴൊക്കെ സമരക്കാര്‍ക്ക് ഞാന്‍ ഔദ്യോഗികമായി കത്ത് നല്‍കിയിട്ടുണ്ട്. ഇന്നലെ ഞാന്‍ ഇവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നില്ല. ശനിയാഴ്ച എനിക്കുണ്ടായ ദുരനുഭവവും അതിനൊരു കാരണമാണ്. ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ തങ്ങള്‍ക്ക് നല്‍കിയ ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്ന ആവശ്യമാണ് അവര്‍ മുന്നോട്ട് വച്ചത്. അത് ഞാനംഗീകരിക്കുകയും മിനിറ്റ്സിന്റെ കോപ്പി അവര്‍ക്ക് നല്‍കുകയും ചെയ്തു. ഈ തീരുമാനം ആദ്യം അംഗീകരിച്ചവര്‍ പിന്നീട് ഇത് തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് കാട്ടി എന്നെ പഞ്ചായത്ത് ഓഫീസില്‍ പൂട്ടിയിട്ടു. ഇതൊന്നും പുറത്താരും അറിഞ്ഞില്ല. ഞാന്‍ ആരേയും അറിയിച്ചില്ല. കാരണം, എനിക്കറിയാം ഈ കുടുംബങ്ങള്‍ വഞ്ചിക്കപ്പെട്ടവരാണെന്ന്. അവര്‍ പാവങ്ങളാണ്. അവരുടെ കഷ്ടപ്പാട് ഞങ്ങള്‍ക്കറിയാം. അതിനാല്‍ ഇനിയും നിയമപരമായ സഹായങ്ങളെല്ലാം ഇവര്‍ക്കായി ചെയ്യാന്‍ പഞ്ചായത്ത് ഒരുക്കമാണ്“- രത്നമ്മ സുരേഷ് പറഞ്ഞു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍