ചിറയന്‍കീഴും പള്ളിപ്പാടും വീടുകളുള്ള രാജനെ കാണാതായാലും ആരും അന്വേഷിച്ച് വരില്ല എന്നതായിരുന്നു പ്രതികളുടെ വിശ്വാസം
ഒരാഴ്ച മുമ്പ് കാണാതായ വിമുക്ത ഭടന്‍ രാജന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് പള്ളിപ്പാട് ഗ്രാമം കേട്ടത്. വെള്ളിയാഴ്ച രാവിലെ 10.30-തോടെയാണ് രാജന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത നാട്ടുകാരും വീട്ടകാരും അറിയുന്നത്. ‘ദൃശ്യം’ സിനിമ മോഡലില്‍ ആസൂത്രണം ചെയ്ത കൊലപാതകം പുറംലോകമറിയുന്നത് പോലീസിന്റെ പഴുതുകളടച്ചുള്ള അന്വേഷണത്തിലൂടെയാണ്. ആള്‍ത്താമസമില്ലാത്ത വീടിന്റെ പറമ്പില്‍ രാജനെ കൊന്ന് കുഴിച്ചിട്ടു എന്നല്ലാതെ എവിടെ, എങ്ങനെ, ആര് എന്നൊന്നും പോലീസ് പുറത്ത് വിട്ടില്ല. കുഴിച്ചിട്ടയടുത്ത് നിന്ന് മൃതദേഹം പ്രതികളെയെത്തിച്ച് പുറത്തെടുക്കുമെന്നല്ലാതെ നാട്ടുകാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയതുമില്ല. ഒടുവില്‍ മൂവര്‍ സംഘം രാജനെ ഇല്ലാതാക്കിയ കഥ കേട്ട് നാട്ടുകാര്‍ ഞെട്ടി. ആരുമറിയാതെ പോവുമായിരുന്ന അതിക്രൂരമായ കൊലപാതകമാണ് പോലീസ് അന്വേഷണ മികവിലൂടെ പുറത്തുകൊണ്ടുവന്നത്.
കൊല്ലപ്പെട്ട രാജനോടൊപ്പം എല്ലാകാര്യങ്ങള്‍ക്കും കൂട്ടിനുണ്ടായിരുന്നയാളാണ് രാജേഷ്. അച്ഛന്‍ എന്നാണ് ഇയാള്‍ രാജനെ വിളിച്ചിരുന്നത്. രാജന്‍ പലര്‍ക്കും പലിശയ്ക്ക് പണം നല്‍കിയിരുന്നു. എന്നാല്‍ ഈട് വാങ്ങാതെ ഇയാള്‍ പണം നല്‍കിയിരുന്ന ഒരേയൊരാളും രാജേഷ് ആയിരുന്നു. ഇരുപത് ലക്ഷത്തിനടുത്ത് രൂപ രാജനില്‍ നിന്ന് രാജേഷ് പലപ്പോഴായി വാങ്ങിയിട്ടുണ്ട്. ഇത് തിരികെ ചോദിക്കാന്‍ തുടങ്ങിയതോടെ രാജേഷിന് രാജനോട് എതിര്‍പ്പായി. പണം തിരികെ ചോദിക്കുന്നത് പതിവായപ്പോള്‍ രാജനെ ഇല്ലാതാക്കാമെന്ന തീരുമാനത്തില്‍ രാജേഷ് എത്തുകയായിരുന്നു. സുഹൃത്തുക്കളായ വിഷ്ണുവും ശ്രീകാന്തുമായി ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഒരാഴ്ച മുമ്പ് തന്നെ നടന്ന ആസൂത്രണത്തില്‍ വണ്ടിയിടിപ്പിച്ച് കൊല്ലാനും കുരൂക്കാട് ജംഗ്ഷന് സമീപമുള്ള വയലില്‍ കുഴിച്ചുമൂടാനുമായിരുന്നു പദ്ധതി. പിന്നീട് ക്ലോറോഫോം മണപ്പിച്ചതിന് ശേഷം കൊലപാതകം എന്ന തീരുമാനത്തിലേക്ക് സംഘമെത്തി. രാജനെ പണം തരാമെന്ന് പറഞ്ഞാണ് രാജേഷ് കാറില്‍ കയറ്റിയത്. എന്നാല്‍ കാറില്‍ കയറിയ രാജനെ ക്ലോറോഫോം മണപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രാജന്‍ അത് തട്ടിമാറ്റിയതോടെ കഴുത്തില്‍ വയറും തോര്‍ത്തും ചുറ്റി കൊലപ്പെടുത്തി.
രാജന്‍ മരിച്ചു എന്ന ഉറപ്പ് വരുത്തിയതിന് ശേഷം കാറിന്റെ പിന്‍വശത്തെ സീറ്റില്‍ സീറ്റ് ബെല്‍റ്റിട്ട് ഇയാളുടെ മൃതദേഹം ഇരുത്തി. ഹരിപ്പാട് നഗരത്തിലൂടെ പലതവണ കാറില്‍ മൃതദേഹവുമായി രാജേഷും സംഘവും കറങ്ങി. രാത്രി രാജേഷിന്റെ വീടിന് സമീപം കാര്‍ എത്തിച്ച് സീറ്റുകള്‍ക്കിടയില്‍ മൃതദേഹം കിടത്തി മുകളില്‍ കോട്ടും ഷീറ്റും കൊണ്ട് മൂടി. കുറച്ച് സമയത്തിന് ശേഷം മൃതദേഹവുമായി സംഘം കുരീക്കാട് ജംഗ്ഷന് സമീപമെത്തി. എന്നാല്‍ മഴ പെയ്താല്‍ വെള്ളം കയറി മൃതദേഹം പുറത്ത് വരുമെന്ന് ഭയന്ന് മൃതദേഹം വയലില്‍ കുഴിച്ചിടേണ്ട എന്ന് തീരുമാനിച്ചു. പിന്നീടാണ് ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടുപറമ്പില്‍ മൃതദേഹം കുഴിച്ചിടാന്‍ ഇവര്‍ തീരുമാനിക്കുന്നത്.
മൃതദേഹം വയലിലൂടെ ചുമന്നുകൊണ്ടു പോയി മതിലിന് മുകളിലൂടെ പറമ്പിലേക്കിട്ടു. വീടിന് പിന്നിലെ പറമ്പില്‍ കുഴിയെടുത്ത് മൃതദേഹം മൂടി. കുഴിച്ചിട്ടതിന് മുകളിലായി പറമ്പില്‍ ഇറക്കിയിരുന്ന ഹോളോബ്രിക്‌സും നിരത്തി. വീട്ടുടമസ്ഥര്‍ പറമ്പില്‍ നിറയ്ക്കാനായി ഗ്രാവല്‍ ഇറക്കിയിരുന്നു. ഇത് നിരത്തുന്നതോടെ ‘ദൃശ്യം’ മോഡലില്‍ തെളിവുകളില്ലാതാവും എന്നതായിരുന്നു യുവാക്കളുടെ ധാരണ.
രാജനെ കാണാനില്ല എന്ന പരാതിയുമായി പോലീസിനെ സമീപിച്ച ബന്ധുക്കള്‍ക്കൊപ്പം രാജേഷുമുണ്ടായിരുന്നു. അവര്‍ക്കൊപ്പം നിന്ന് ദു:ഖത്തില്‍ പങ്കാളിയാവുന്നതായി അഭിനയിച്ച രാജേഷിനെ ആരും സംശയിച്ചിരുന്നില്ല. എന്നാല്‍ അന്വേഷണം ആരംഭിച്ച പോലീസിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവായി. ഇവര്‍ രാജനെ കൊലപ്പെടുത്തിയ കാര്‍ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. കാറിന് പിന്നാലെ നടത്തിയ അന്വേഷണം രാജേഷിലേക്കും സുഹൃത്തുക്കളിലേക്കും എത്തി. ഫോണ്‍ നെറ്റ് വര്‍ക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണം തന്റെ വഴിക്ക് നീങ്ങാതിരിക്കാന്‍ രാജനെ വിളിച്ചതിന് ശേഷം ഫോണ്‍ വീട്ടില്‍ വച്ചിട്ടാണ് രാജേഷ് പുറത്ത് പോയത്. ഫോണ്‍ കേന്ദ്രീകരിച്ചുളള അന്വേഷണവും ഇവര്‍ക്കെതിരെയുള്ള തെളിവായി. സംശയം തോന്നിയത് മുതല്‍ പോലീസ് പലതവണ യുവാക്കളെ ചോദ്യം ചെയ്‌തെങ്കിലും അവര്‍ ചോദ്യങ്ങളില്‍ നിന്ന് വിദഗ്ദ്ധമായി ഒഴിഞ്ഞ് മാറി. പക്ഷെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ പ്രതികളെല്ലാവരും കുറ്റം സമ്മതിച്ചു. മൂന്ന് പേരുടേയും മൊഴികളില്‍ വ്യത്യാസമുണ്ടായിരുന്നതും പോലീസിന് സഹായമായി.
ചിറയന്‍കീഴും പള്ളിപ്പാടും വീടുകളുള്ള രാജനെ കാണാതായാലും ആരും അന്വേഷിച്ച് വരില്ല എന്നതായിരുന്നു പ്രതികളുടെ വിശ്വാസം. ഭാര്യയും മക്കളുമില്ലാത്ത, നാട്ടുകാരുമായോ ബന്ധുക്കളുമായോ കാര്യമായ അടുപ്പം കാണിക്കാത്ത രാജനെ അന്വേഷിച്ച് ആരും എത്തില്ല എന്ന വിശ്വാസം രാജന്റെ സഹോദരിയുടെ മകന്‍ പോലീസില്‍ പരാതി നല്‍കിയതോടെ ഇല്ലാതായി.
കുറ്റം സമ്മതിച്ച പ്രതികള്‍ മൃതദേഹം കുഴിച്ചിട്ടിരിക്കുന്ന സ്ഥലം പോലീസിന് കാട്ടിക്കൊടുത്തു. മൃതദേഹം പുറത്തെടുക്കുമ്പോള്‍ അഴുകിയിരുന്നു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.