UPDATES

പോപ്പുലര്‍ ഫ്രണ്ട് ഒരു ചെറിയ മീനല്ല; പിന്നില്‍ അക്രമികളെങ്കില്‍ മുന്നിലുള്ളത് ക്രീമിലെയര്‍ ബുദ്ധിജീവികളാണ്

സിമിയിൽ നിന്ന് എസ്‌ഡിപിഐയിലേക്ക്: മതതീവ്രവാദം വളർന്ന വഴികൾ

മുസ്ലിങ്ങൾ രാജ്യത്തനുഭവിക്കുന്ന വിവേചനത്തിന് കാരണമാകുന്ന മാധ്യമ അജണ്ടകൾക്കെതിരെ പ്രവർത്തിക്കുക തുടങ്ങിയ ആലോചനകൾക്ക് നേതൃത്വം വഹിക്കുന്ന ഒരു വിചാരകേന്ദ്രമായിരുന്നു ഉദ്ദേശ്യം. ഇങ്ങനെയാണ് സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ അഥവാ സിമി രൂപം കൊള്ളുന്നത്. 1977 ഏപ്രിൽ മാസത്തിലായിരുന്നു ഇത്; അലിഗഢിൽ വെച്ച്.

ഇസ്ലാം മതത്തിലെ അതൃപ്തരായ അഭ്യസ്തവിദ്യരുടെ കൂട്ടായ്മായായിരുന്നു സിമി. മുസ്ലിങ്ങൾ വേട്ടയാടപ്പെടുന്ന സമൂഹമാണെന്ന ചിന്തയായിരുന്നു ഈ അതൃപ്തിയുടെ കാരണം. സംഘടനയുടെ സ്ഥാപകനും നിലവിൽ യുഎസ്സിൽ ഇംഗ്ലീഷ്-ജേണലിസം പ്രൊഫസറായി ജോലി നോക്കുന്നയാളുമായ മൊഹമ്മദ് അഹ്മദുള്ള സിദ്ദിഖി പറയുന്നത് പ്രകാരം, അക്കാലത്ത് തീവ്രവാദമനോഭാവം സംഘടനയിൽ വളര്‍ന്നിരുന്നില്ല.

ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ വിദ്യാർത്ഥി സംഘടന എന്ന നിലയിലായിരുന്നു സിമി രംഗത്തു വന്നത്. 1956ൽ രൂപം കൊണ്ട ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ എസ്ഐഒ (സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ) വേണ്ടരീതിയില്‍ ചലനശേഷി കാണിക്കുന്നില്ലെന്ന തോന്നല്‍ പലർക്കുമുണ്ടായിരുന്നു. ഈ സംഘടനയെ പോഷിപ്പിച്ചെടുക്കുക എന്ന ഉദ്ദേശ്യം എസ്ഐഒ സ്ഥാപിച്ചവരെല്ലാം പങ്കുവെച്ചു. ഇതിനായി ഒരു ബൗദ്ധികവിചാര കൂട്ടായ്മയായി നിലനിൽക്കുക എന്നത് സംഘടനയുടെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്നായി.

സംഘടനയ്ക്കകത്ത് തീവ്രമെന്നും മിതമെന്നും വിളിക്കാവുന്ന രണ്ട് ധാരകൾ തുടക്കം മുതലേ ഉണ്ടായിരുന്നു. സർക്കാരും മാധ്യമങ്ങളും കാണിക്കുന്ന വിവേചനം സംബന്ധിച്ച അതൃപ്തി തന്നെയായിരുന്നു ഇരുകൂട്ടരുടെയും പ്രധാന പ്രശ്നമെങ്കിലും. സംഘടനയ്ക്കകത്ത് ഉരുണ്ടുകൂടിയ തീവ്ര-മിത നിലപാടുകൾ പതുക്കെ തികട്ടി പുറത്തു വരാൻ തുടങ്ങി. തീവ്രനിലപാടുള്ളവർ അതിശക്തരായി മാറുകയും സിമിയുടെ യഥാർത്ഥ മുഖം പുറത്തുകാണിക്കുകയും ചെയ്ത സംഭവം 1981ൽ ഉണ്ടായി. പലസ്തീൻ ലിബറേഷൻ ഓര്‍ഗനൈസേഷൻ നേതാവ് യാസർ അറാഫത്ത് ഇന്ത്യ സന്ദർശിച്ചപ്പോഴായിരുന്നു അത്.

Also Read: സൈമണ്‍ ബ്രിട്ടോ/അഭിമുഖം: അഭിമന്യുവിന്റെ കൊലപാതകം ഒരു രാഷ്ട്രീയ പ്രശ്‌നമല്ല, സാമൂഹിക പ്രശ്‌നമാണ്

സിമിയിലെ ഭൂരിഭാഗം വരുന്ന തീവ്രമനോനിലയുള്ളവർ യാസർ അറാഫത്തിനെ കണ്ടിരുന്നത് പാശ്ചാത്യ നാടുകൾക്കു വേണ്ടി പ്രവർത്തിക്കുന്ന പാവയായാണ്. അറാഫത്തിനെതിരെ സമരം നടത്താൻ അവർ തീരുമാനിച്ചു. ഇറാനിലെ മതവിപ്ലവത്തെ പരസ്യമായി പിന്തുണച്ച് സിമി രംഗത്തു വന്നതും ഇക്കാലത്താണ്. സിമിയുടെ പരസ്യനിലപാടുകള്‍ തങ്ങളെ കെണിയിലാക്കുമെന്ന് ബോധ്യപ്പെട്ട ജമാ അത്തെ ഇസ്ലാമി ഹിന്ദ് അവരുമായി വേർപെട്ടു. ഇതുകൂടാതെ, അടിയന്തിരാവസ്ഥക്കാലത്ത് അനുഭവിച്ച നിരോധനവും മറ്റ് പീഢകളും ജമാഅത്തെ ഇസ്ലാമിയെ തളർത്തിയിരുന്നു. യുവാക്കൾക്ക് ഈ തളർച്ചയിൽ നിന്നൊരു മോചനം ആവശ്യമായി വന്നതും വേർപെടലിന്റെ കാരണമായി പറയാം.

ജമാഅത്തെ ഇസ്ലാമി തള്ളിപ്പറഞ്ഞെങ്കിലും തങ്ങൾക്ക് ഊർജമായി പ്രവർത്തിക്കുന്ന നേതാക്കളുടെ കൂട്ടത്തിൽ ജമാഅത്തെ സ്ഥാപകൻ മൗലാന സയ്യിദ് അബുൽ അ അ്ലാ മൗദൂദിയാണെന്ന് അവർ പ്രഖ്യാപിച്ചു. വേൾഡ് ട്രേഡ‍് സെന്റർ തകർക്കാൻ 1993ൽ പദ്ധതിയിട്ട് വര്‍ഷങ്ങളായി ജയിലിൽ കഴിയുന്ന ശൈഖ് ഉമർ അബ്ദുർ റഹ്മാൻ, ആധുനിക ഇസ്ലാമിക തീവ്രവാദത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സയ്യിദ് ഖുത്ബ്, കുപ്രസിദ്ധ ഇസ്ലാമിക തീവ്രവാദിയായ ശൈഖ് അബൂ മുഹമദ് അൽ മഖ്ദീസി, അൽ ഖായിദയിലെ രണ്ടാമനായി അറിയപ്പെടുന്ന ഡോ. അയ്മൻ സവാഹിരി തുടങ്ങിയവരിൽ നിന്നാണ് സിമി പിന്നീട് ഊർജമുൾക്കൊള്ളുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്രമനസ്ഥിതിയുള്ള ചെറുപ്പക്കാരെ ഒരുമിപ്പിക്കാനും പടർന്നു പന്തലിക്കാനുനും സിമിക്ക് ചുരുങ്ങിയ കാലയളവിൽ സാധിച്ചു. ഇസ്ലാമിക ഭരണം സ്ഥാപിക്കുക തുടങ്ങിയ ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളെ പ്രായോഗികവത്ക്കരിക്കാൻ സിമിക്ക് മാത്രമേ സാധിക്കൂ എന്ന് അവർ കണ്ടു.

2001ലാണ് സിമി ആദ്യമായി നിരോധനം നേരിടുന്നത്; അമേരിക്കയില്‍ നടന്ന ഇരട്ട ടവര്‍ ആക്രമണത്തിന്റെ പാശ്ചാത്തലത്തില്‍. വളരെ ചുരുങ്ങിയ കാലത്തേക്കേ ഈ നിരോധനം നീണ്ടു നിന്നുള്ളൂവെങ്കിലും സംഘടനയുടെ വരുംകാലത്തെക്കുറിച്ചുള്ള ഒരു സൂചന പ്രസ്തുത നിരോധനത്തിലുണ്ടായിരുന്നു. തുടര്‍ന്ന് 2003-ല്‍ ഉണ്ടായ നിരോധനം 2005 വരെ നീണ്ടു. 2006-ല്‍ വീണ്ടും നിരോധിക്കുന്നത് വരെ സിമിയുടെ പ്രവര്‍ത്തനം തുടര്‍ന്നു. എന്നാല്‍ ഈ  പ്രശ്നത്തെ നേരിടാൻ ഓരോ സംസ്ഥാനങ്ങളിൽ പ്രത്യേക സംഘടനകളായി സിമി പ്രച്ഛന്നവേഷമെടുത്തു. കർണാടകയില്‍ ഫോറം ഫോർ ഡിഗ്നിറ്റി, തമിഴ്നാട്ടിൽ മനിതനീതി പാസറൈ, ഗോവയിൽ സിറ്റിസൺസ് ഫോറം തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ ഇവർ അറിയപ്പെട്ടു. ഈ സംഘടനകളെയെല്ലാം ചേർത്താണ് പോപ്പുലർ ഫ്രണ്ട് എന്ന സംഘടനയ്ക്ക് 2006ൽ രൂപം കൊടുക്കുന്നത്. ആ വർഷം സിമി പൂര്‍ണമായും നിരോധിക്കപ്പെട്ടതിനു ശേഷമായിരുന്നു ഇത്.

Read Also: ക്യാമ്പസ് ഫ്രണ്ടിനെ അത്രയെളുപ്പം തള്ളിപ്പറയാന്‍ പറ്റുമോ എസ്ഡിപിഐക്ക്?

1992ല്‍ ബാബറി മസ്ജിദ് തകർക്കപ്പെട്ട സംഭവം രാജ്യത്തെമ്പാടും മുസ്ലീങ്ങൾക്കിടയിലുണ്ടാക്കിയ അരക്ഷിതാവസ്ഥ മുതലെടുക്കാൻ കഴിഞ്ഞത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ശക്തിയേകുകയുണ്ടായി. ഈ സന്ദർഭത്തിൽ മുസ്ലിം യുവാക്കളിൽ തീവ്രമതവികാരം വളരുകയും പലരും ഇസ്ലാമിക് സേവക് സംഘ് (ISS) പോലുള്ള സംഘടനകളിലേക്ക് ആകൃഷ്ടരാകുകയും ചെയ്തു. എന്നാൽ, അപകടകരമായ സാഹചര്യം മുന്നിൽക്കണ്ട് കേന്ദ്രസര്‍ക്കാർ അഞ്ച് സംഘടനകളെ ഉടൻ നിരോധിച്ചു. മൂന്ന് മുസ്ലിം സംഘടനകളും രണ്ട് ഹിന്ദു സംഘടനകളുമാണ് നിരോധിക്കപ്പെട്ടത്. ഇവയിലൊന്ന് ഐഎസ്എസ് ആയിരുന്നു.

തീവ്രമനോഭാവമുള്ളവരുൾപ്പെട്ട ഇത്തരം നിരവധി ചെറുസംഘടനകൾ അക്കാലത്ത് നിലവിലുണ്ടായിരുന്നു. നാദാപുരം ഡിഫൻ‌സ് ഫോഴ്സ് എന്ന പേരിൽ നാദാപുരം മേഖലയിൽ മാത്രം പ്രവർത്തിച്ചിരുന്ന സംഘടന അത്തരത്തിലുള്ള ഒന്നാണ്. 1987ലെ നായനാർ മന്ത്രിസഭയുടെ കാലത്ത് നാദാപുരത്തും സമീപപ്രദേശങ്ങളിലും നടന്ന ചില വർഗീയ സ്വഭാവമുള്ള കലാപങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സംഘടന പിറവി കൊണ്ടത്. പ്രദേശത്ത് പരമ്പരാഗതമായി നിലനിൽക്കുന്ന കളരിയഭ്യാസത്തെ തീവ്രവാദ പരിശീലനത്തിന്റെ ഭാഗമാക്കി ഇവർ. ഈ സംഘടനയോട് മുസ്ലിം ലീഗിന് കാര്യമായ താത്പര്യം ഉണ്ടായിരുന്നില്ല. ഇതോടെ നാദാപുരം ഡിഫൻസ് ഫോഴ്സ് നേതാക്കന്മാർ സിമി നേതാക്കളെ പോയിക്കണ്ടു. ഇങ്ങനെയാണ് എൻഡിഎഫ് എന്ന സംഘടനയുടെ ആവിർഭാവത്തിന് വഴിയൊരുങ്ങിയത്. അന്ന് നാഷണൽ ഡിഫന്‍സ് ഫോഴ്സ് എന്ന പേരാണ് സ്വീകരിച്ചത്. അക്കാലത്ത് മുസ്ലിങ്ങൾക്കിടയിൽ വളർന്നിരുന്ന ഭീതി ചൂണ്ടിക്കാട്ടി സുന്നികളും മുജാഹിദുമൊക്കെയായ പുരോഹിതരെ തങ്ങളിലേക്കടുപ്പിക്കാൻ അവർക്ക് സാധിച്ചു. പുരോഹിതരുടെ സാന്നിധ്യം കണ്ടതോടെ സാധാരണക്കാരും ധൈര്യസമേതം സംഘടനയിലെത്തി. എൻഡിഎഫിന്റെ യഥാർത്ഥ മുഖം സംഘടനയിലെ സിമി നേതാക്കൾക്കൊഴികെ മറ്റാർക്കും വ്യക്തമല്ലായിരുന്നു എന്നു പറഞ്ഞാൽ തെറ്റുണ്ടാവില്ല. 1993 നവംബറിൽ കോഴിക്കോട് ടൗൺഹാളിൽ ചേർന്ന യോഗത്തിൽ വെച്ചാണ് നാഷണൽ ഡിഫൻസ് ഫോഴ്സ് എന്ന പേര് നാഷണൽ ഡവലപ്മെന്റ് ഫ്രണ്ട് എന്നാക്കി മാറ്റുന്നത്. ഡിഫൻസ് അഥവാ പ്രതിരോധം എന്ന വാക്കിനെ ബുദ്ധിപൂർവ്വം ഗോപ്യമാക്കി വെച്ചു.

80കളുടെ അവസാനം മുതൽ മഞ്ചേരി കേന്ദ്രീകരിച്ച് എൻഡിഎഫിന്റെ ആദ്യകാലനേതാക്കൾ, അഥവാ സിമി നേതാക്കൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അബ്ദുൾനാസർ മദനിയുടെ നിരോധിക്കപ്പെട്ട ഇസ്ലാമിക് സേവക് സംഘിലെ ആളുകളും മേൽപ്പറഞ്ഞ ഇതര ചെറുസംഘടനകളുമെല്ലാം ചേർന്ന് ഒറ്റ സംഘടനയായി ഐക്യപ്പെടാനുള്ള സാഹചര്യവും സംഘപരിവാറുകാര്‍ ബാബറി മസ്ജിദ് തകര്‍ത്തത്തിലൂടെ എൻഡിഎഫിന് ഒരുക്കിക്കൊടുത്തു. അന്നത്തെ വൈകാരിക പശ്ചാത്തലം ഉപയോഗപ്പെടുത്തി വലിയ മൈലേജുണ്ടാക്കാനും എൻഡിഎഫിന് സാധിച്ചു. ഇതിൽ ഏറ്റവും കൂടുതൽ സഹായകമായത് ഇസ്ലാമിക് സേവക് സംഘ് നിരോധിക്കപ്പെട്ടതു തന്നെയായിരുന്നു. ഇതോടൊപ്പം മുസ്ലിം ലീഗിൽ നിന്നുള്ള ഒരു വിഭാഗം കലാപം സൃഷ്ടിച്ച് പുറത്തിറങ്ങിയതും എൻഡിഎഫിന് പരോക്ഷമായി ഗുണം ചെയ്തു. അന്നത്തെ ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷനൽ ലീഗ് എന്ന പേരിൽ ഒരു വിഭാഗം കലാപമുണ്ടാക്കി പുറത്തു പോയി. പാണക്കാട് തങ്ങളുടെ നേതൃത്വത്തിലുള്ള മിതവാദപരമായ സമീപനത്തെ ചോദ്യം ചെയ്യുകയായിരുന്നു ഇവർ.

കേരളത്തിൽ ഗൾഫ് സലഫിസത്തിന്റെ വേരോട്ടം തുടങ്ങിയ 90-കളിൽ സാമ്പത്തികമായ സഹായങ്ങൾ ധാരാളം വന്നുചേർന്നിരുന്നു എൻഡിഎഫിൽ. മഞ്ചേരി ഗ്രീന്‍വാലി മസ്ജിദ്, മാനന്തവാടി ടൗണ്‍ മസ്ജിദ് തുടങ്ങിയ പള്ളികൾ തങ്ങളുടെ ആശയഗതി പിന്തുടരുന്നവരുടേതാക്കി മാറ്റാൻ ഇവർക്ക് സാധിച്ചു. ഒരു ഘട്ടത്തിൽ ഇകെ സുന്നികൾക്കുള്ളിലെ ‘രഹസ്യവിഭാഗം’ എന്ന അപകടകരമായ നിലയിലേക്കു വരെ കാര്യങ്ങളെത്തിയിരുന്നു. സംഗതിയുടെ ഗൗരവം മണത്തറിഞ്ഞതോടെ മുതിർന്ന പുരോഹിതർ വരെ ഇടപെട്ട് ഈ ഭീഷണിക്കെതിരെ സംഘടനയിലെ യുവാക്കൾക്ക് ശക്തമായ താക്കീത് നൽകുകയുണ്ടായി.

Read Also: ഈ വീട് കണ്ടോ? ഇതായിരുന്നു അഭിമന്യുവിന്റെ വീട്… 

ജമാഅത്തിന്റെ മൗദൂദിയൻ ആശയഗതികളും നവ സലഫിസത്തിന്റെ സ്വാധീനവും കൂടിക്കലർന്നതാണ് എൻഡിഎഫിന്റെ ആശയലോകം. എൻഡിഎഫ് ഉരുത്തിരിഞ്ഞ കാലത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം നിമിത്തം അവർക്ക് സുന്നി വിഭാഗങ്ങൾക്കിടയിലെ യുവാക്കളെയും ആകർഷിക്കാനായി എന്നതും യാഥാര്‍ത്ഥ്യമാണ്. നിലമ്പൂരിലും മറ്റും ആശ്രമങ്ങൾ സ്ഥാപിച്ചും നവമാധ്യമങ്ങളിലൂടെ പ്രബോധനങ്ങൾ നൽകിയുമെല്ലാം പിൽക്കാലത്ത് സ്വാധീനമുറപ്പിക്കുകയും, അവിശ്വസനീയമെന്ന് ഇന്നും കേരളത്തിലെ മുസ്ലിങ്ങൾക്ക് തോന്നുന്ന വിധത്തിൽ, ‘ആടുമേയ്ക്കലി’നു വരെ ആളെ അയയ്ക്കുന്ന നിലയിലേക്ക് വളരുകയും ചെയ്ത ഈ സലഫി സിദ്ധാന്തങ്ങളുടെ ആദ്യകാല പ്രയോക്താക്കൾ എൻഡിഎഫിന് കേരളത്തിൽ വളക്കൂറുള്ള മണ്ണ് സൃഷ്ടിച്ചു കൊടുക്കുന്നതിൽ ഒട്ടൊക്കെ വിജയിച്ചു. മുസ്ലീം സമുദായത്തോട് ഭീതി ജനിപ്പിക്കുന്ന പ്രതിച്ഛായ ഇതര വിഭാഗങ്ങൾക്കിടയിൽ സൃഷ്ടിച്ചു നൽകിയതിലും അവര്‍ക്കുള്ള പങ്ക് ചെറുതല്ല.

സമുദായത്തിലെ ‘അന്ധവിശ്വാസങ്ങള്‍‌’ക്കെതിരെ കായികമായി ആക്രമണം സംഘടിപ്പിക്കുന്നത് എൻഡിഎഫ് ആദ്യകാലത്ത് നടത്തിയിരുന്ന സംഘടനാ പ്രവർത്തനങ്ങളിലൊന്നായിരുന്നു. പിന്നീടിത് ഇതരമതസ്ഥരെ വിവാഹം ചെയ്യുന്നവരെ ആക്രമിക്കുന്നതിലേക്ക് വളർന്നു. ഈ മതപരമായ ക്വട്ടേഷനുകൾക്കൊപ്പം പൊതുസമൂഹത്തിൽ അന്ന് അധികമാരും ശ്രദ്ധ വെക്കാതെ കിടന്നിരുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ, ജാതിപ്രശ്നങ്ങൾ, സംവരണം തുടങ്ങിയവയെല്ലാം ഏറ്റെടുത്ത് പൊതുസമൂഹത്തിൽ ഇടം കണ്ടെത്താൻ ശ്രമങ്ങൾ തുടങ്ങി. സാംസ്കാരികരംഗത്ത് പ്രവർത്തിക്കാൻ നിരവധി വോളന്റിയർമാരെ രംഗത്തിറക്കി. മുകുന്ദൻ സി മേനോൻ, എൻപി ചെക്കുട്ടി, സിവിക് ചന്ദ്രൻ തുടങ്ങിയ, ലിബറൽ-പാരിസ്ഥിതിക നിലപാടെടുക്കുന്ന നിരവധി പേരെ തങ്ങളുടെ വേദികളില്‍ എത്തിക്കാന്‍ ഇവര്‍ക്കായി. ആവശ്യമായ ഫണ്ട് കേരളത്തിൽ നിന്നും വിദേശത്തു നിന്നും എളുപ്പത്തിൽ ഒപ്പിച്ചെടുക്കാനും കഴിഞ്ഞു.

2006ലാണ് പോപ്പുലർ ഫ്രണ്ട് എന്ന പേരിൽ ദേശീയതലത്തിലേക്ക് എൻഡിഎഫ് പ്രവർത്തനം വ്യാപിപ്പിക്കാൻ തയ്യാറെടുത്തത്. കർണാടകത്തിലെയും തമിഴ്നാട്ടിലെയും മുൻ സിമി പ്രവർത്തകർ രൂപം കൊടുത്ത സംഘടനകളെ ഒരുമിച്ചു ചേർത്തായിരുന്നു ഇവരുടെ പ്രവർത്തനം. കേരളത്തിൽ മുസ്ലിങ്ങൾക്കൊപ്പം ദളിത് വിഭാഗങ്ങളുടെ നേതാക്കളെയും ബുദ്ധിജീവികളെയും കൂടെക്കൂട്ടുക എന്ന അജണ്ടയും ഇവർ വിജയകരമായി നടപ്പാക്കി. നേരത്തെ ജമാഅത്തെ ഇസ്ലാമി പരീക്ഷിച്ചു വിജയിച്ച ഈ തന്ത്രം ഏറെക്കുറെ പ്രവർത്തിക്കുകയും ചെയ്തു. 2009ൽ തീവ്രമനോഭാവമുള്ള വേറെയും ചില സംഘടനകൾ പോപ്പുലർ ഫ്രണ്ടിനൊപ്പം ചേർന്നു. കോഴിക്കോട് വെച്ച് നടന്ന ദേശീയ രാഷ്ട്രീയ സമ്മേളനത്തിൽ വെച്ചായിരുന്നു ഈ ലയനം. പിന്നീട് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കുള്ള വരവ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എന്ന സംഘടന രൂപീകരിച്ച് നടപ്പാക്കി; 2009-ല്‍.

യുഎപിഎ തുടങ്ങിയ കരിനിയമങ്ങൾക്കെതിരായ സമരങ്ങളെയും പോപ്പുലർ ഫ്രണ്ട് ഏറ്റെടുത്തു. ഇതിന്റെയെല്ലാം എതിർപക്ഷത്ത് വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളാണെന്ന് വരുത്തിത്തീർക്കാനും അവർക്ക് സാധിച്ചു. കാമ്പസ്സുകളിൽ സ്വാധീനമുറപ്പിക്കാൻ കാമ്പസ് ഫ്രണ്ട്, സ്ത്രീകള്‍ക്കായി നാഷണൽ വിമൻ ഫ്രണ്ട് തുടങ്ങിയ ഉപസംഘടനകൾ സ്ഥാപിക്കപ്പെട്ടു. ജനകീയ മുഖമുള്ള ചില ഇടത് സംഘടനകളെയും ഇവർക്ക് വരുതിയിലാക്കാൻ സാധിച്ചിട്ടുണ്ട്. സിപിഐ മാവോയിസ്റ്റിന്റെ ശക്തമായ പിന്തുണയും അവര്‍ക്കുണ്ട്. ജനകീയ സമരങ്ങളെ ഏറ്റെടുക്കാൻ എൻഡിഎഫ്, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് നിരുപാധികമെന്നു തന്നെ വിളിക്കാവുന്ന പിന്തുണയാണ് സിപിഐ മാവോയിസ്റ്റുകൾ നൽകി വരുന്നത്. മാവോയിസ്റ്റ് പ്രവർത്തനത്തിന്റെ പേരിൽ അറസ്റ്റിലായ രൂപേഷ്, ഷൈന ദമ്പതികളുടെ മകളും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകയുമായ ആമി, കേരളത്തിലെ ഏറ്റവും മികച്ച വിദ്യാർത്ഥി സംഘടന ക്യാമ്പസ് ഫ്രണ്ടാണെന്നു പ്രസ്താവിച്ചത് മനോരമ പോലുള്ള മാധ്യമങ്ങൾ വാർത്തയാക്കിയിരിക്കുന്നു. ആശയവിസ്തൃതിയുടെയും ആളെണ്ണത്തിന്റെയും കാര്യത്തിൽ മാവോയിസ്റ്റുകൾ കേരളത്തിൽ ഒരു സാന്നിധ്യം പോലുമല്ലെങ്കിലും കേരള ചരിത്രത്തിലെ നക്സൽ കാലഘട്ടം സമ്മാനിച്ച പരമ്പരാഗതപ്രൗഢി നവ നക്സലുകൾക്കുണ്ട്. ഈ പ്രൗഢിയെ ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത് പോപ്പുലർ ഫ്രണ്ടാണെന്നു മാത്രം. സമാനമായ അസ്തിത്വപ്രതിസന്ധി നേരിടുന്ന ദളിത് സംഘടനകളും പോപ്പുലർ ഫ്രണ്ടിനൊപ്പമുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമൂഹികാംഗീകാരം നേടിക്കൊടുക്കാൻ ഈ രാഷ്ട്രീയചാവേർ സംഘടനകൾക്ക് സാധിക്കുന്നു.

സംഘപരിവാറിനെതിരായി രാജ്യത്തുയർന്നു വരുന്ന രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഗുണഭോക്താക്കളാകാൻ പോപ്പുലര്‍ ഫ്രണ്ടിന് സാധിക്കുന്നത് ചാവേറുകളായി കൂടെക്കൂടിയിട്ടുള്ള ചെറു സംഘടനകളുടെയും ചെറു ബുദ്ധിജീവികളുടെയും സഹായത്താലാണ്. ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയുമെല്ലാം അതിവിദഗ്ധമായി പയറ്റി വിജയിച്ച തന്ത്രങ്ങളാണിവയെല്ലാം. കിനാലൂർ സമരം, ഗെയ്ൽ വിരുദ്ധ സമരം തുടങ്ങിയവയെല്ലാം പോപ്പുലർ ഫ്രണ്ട് കൈക്കലാക്കിയത് ഈ ചാവേറുകളെ ഉപയോഗിച്ചാണെന്നു കാണാം.

കശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തയച്ചതിന്റെ പേരിലും ഐഎസ്സിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ പേരിലും ആരോപണങ്ങൾ നേരിടുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. ആടു മേയ്ക്കലിന്റെ ഒരു ഉപവിഭാഗം പോലെ ഈ ചടങ്ങും നടന്നുവന്നു. തടിയന്റവിട നസീര്‍, സര്‍ഫ്രാസ് നവാസ് ഉള്‍പ്പെടെ 13 പേർ പ്രതികളായ കേസാണ് കശ്മീർ റിക്രൂട്ട്മെന്റ്. 18 പ്രതികളാണുണ്ടായിരുന്നത്. ഈ കേസിൽ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം വിധിച്ച് കൊച്ചിയിലെ എൻഐഎ കോടതി 2013 ഒക്ടോബറിൽ ഉത്തരവായി.

Read Also: അഭിമന്യുവിനെ കുത്തിയത് പ്രൊഫഷണല്‍ കൊലയാളി; എസ് ഡി പി ഐ കേന്ദ്രങ്ങളില്‍ റെയ്ഡ്; 80 പേര്‍ കസ്റ്റഡിയില്‍

കേരളത്തിൽ പോപ്പുലർ ഫ്രണ്ട് തീവ്രവാദ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും ഐഎസ്സിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. പാനായിക്കുളം, വാഗമണ്‍ സിമി ക്യാമ്പുകള്‍, നാറാത്ത് കേസ് തുടങ്ങിയവയിൽ പോപ്പുലർ ഫ്രണ്ടിന്റെ സാന്നിധ്യമുണ്ടെന്നും എൻഐഎ ചൂണ്ടിക്കാട്ടി. ഇത്തരം ചില കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് ആരോപണമുണ്ടെങ്കില്‍ പോലും ഈ സംഭവങ്ങളിലൊക്കെ സ്ഥിരമായി പ്രതിസ്ഥാനത്തു വരുന്നത് പോപ്പുലര്‍ ഫ്രണ്ട് ആണ് എന്നതും വസ്തുതയാണ്. കേരളത്തില്‍ നിന്ന് ഐഎസ്സിൽ ചേർന്ന 15 പേർ മുന്‍ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുകയുണ്ടായി.

മറ്റു സംഘടനകൾ മതപ്രചാരണവേലയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നില്ലെന്നും ഈ പിഴവ് തിരുത്തേണ്ടതുണ്ടെന്നും എൻഡിഎഫിന്റെ ഉന്നത നേതാക്കൾ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. സത്യസരണിയെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ സംഘടന നിര്‍ബന്ധിത മതപരിവര്‍ത്തനം അടക്കമുള്ള കാര്യങ്ങള്‍ നടത്തുന്നുണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മതംമാറ്റത്തിനായി സംഘടനാ സംവിധാനങ്ങൾ വളരെ കാര്യക്ഷമമായി പോപ്പുലർ ഫ്രണ്ട് ഉപയോഗിക്കുന്നത് സമീപകാലത്തെ സംഭവങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടു വന്നു.

തങ്ങളുടെ അജണ്ടകൾ ബുദ്ധിജീവികളിൽ ബാധ്യതകളായി അടിച്ചേൽപ്പിക്കാനും, അവരെക്കൊണ്ട് തങ്ങളുന്നയിക്കുന്ന വിഷയങ്ങളിൽ മറുപടി പറയിക്കാനും പോപ്പുലർ ഫ്രണ്ട് നടത്തിയ ബൗദ്ധികനീക്കങ്ങൾ പ്രത്യേകം പഠിക്കാൻ പോന്നൊരു വിഷയമാണ്. സമാനമായ പ്രശ്നങ്ങൾ പിന്നീടുയർന്നു വരുമ്പോൾ ആരും ആവശ്യപ്പെടാതെ തന്നെ ബിദ്ധിജീവികളെക്കൊണ്ട് ഉന്നയിപ്പിക്കാനും പോപ്പുലർ ഫ്രണ്ടിനായി. മനുഷ്യമസ്തിഷ്കങ്ങളിൽ കയറിക്കൂടാനും പ്രക്ഷോഭം സംഘടിപ്പിക്കാനും ഈ സംഘടനയ്ക്കുള്ള ശേഷിയെ കുറച്ചു കാണുന്നത് മണ്ടത്തരമായിരിക്കും. ഇന്ന് കായികബലം കൊണ്ട് സമൂഹത്തെ ഭീതിയിൽ നിറുത്തുന്ന പോപ്പുലർ ഫ്രണ്ടിന് പത്തുനാൽപ്പത് കൊല്ലത്തോളം പിന്നിലേക്ക് നീളുന്ന ഒരു ഭൂതകാലമുണ്ടായിരുന്നെന്നും, അവിടെ സമുദായത്തിലെ ക്രീമിലെയറിൽ പെട്ട ബുദ്ധിജീവികൾ രൂപപ്പെടുത്തിയ പിഴവില്ലാത്ത ഒരു ബൗദ്ധികഘടനയാണ് ഇന്നും അവരുടെ ശക്തിയെന്നും ഓർമയിൽ വെക്കേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

തിരുത്ത്: സി പി ഐ എം എല്‍ റെഡ്ഫ്ളാഗ് നേതാവ് പി സി ഉണ്ണിച്ചെക്കന്‍ എന്‍ ഡി എഫ് പിന്തുണയോടെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്ന തെറ്റായ വിവരം ലേഖനത്തില്‍ ഉള്‍പ്പെട്ടതില്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നു. പ്രസ്തുത ഭാഗം ലേഖനത്തില്‍ നിന്നും നീക്കം ചെയ്തതായി അറിയിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍