UPDATES

“ഈ പോലീസുകാരെ നടുക്കു നിര്‍ത്തിയാണോ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വരുന്നത്? ആദ്യം നിര്‍മാണം നിര്‍ത്തിവയ്ക്കട്ടെ”; മുക്കംകാര്‍ പറയുന്നു

പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനുള്ള അനുയോജ്യമായ സ്ഥലങ്ങള്‍ മുക്കത്ത് തന്നെയുണ്ട്. അത് ഞങ്ങള്‍ കാണിച്ച് കൊടുത്തതുമാണ്. ഇത്രയെല്ലാം മൃദു സമീപനം കാണിക്കുന്ന ജനങ്ങളോട് എന്തിനിത്ര ക്രൂരത..?

ദീഷ്‌ണ സി.

ദീഷ്‌ണ സി.

കോഴിക്കോട് മുക്കം എരിഞ്ഞമാവില്‍ ഗെയില്‍ ലൈന്‍ പദ്ധതിക്കെതിരേ സമരം നടത്തുന്നവരുമായി സര്‍വകക്ഷി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കോഴിക്കോട് കളക്ടര്‍ ഒടുവില്‍ അറിയിച്ചെങ്കിലും ചര്‍ച്ചയല്ല, ഇപ്പോള്‍ നടത്തി വരുന്ന പൈപ്പ്‌ലൈന്‍ ജോലികള്‍ നിര്‍ത്തിവയ്ക്കുകയാണ് ആദ്യം വേണ്ടതെന്ന നിലപാടിലാണ് മുക്കത്തുകാര്‍. സമരം നടത്തുന്നവരുമായും നാട്ടുകാരുമായി സംസാരിക്കുമ്പോഴെല്ലാം എല്ലാവരുടെയും ആവശ്യം പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ നിര്‍ത്തിവയ്ക്കുകയാണ് ആദ്യം വേണ്ടത് എന്നാണ്. സമര സമിതിയുമായി തിങ്കളാഴ്ച്ചയാണ് സര്‍ക്കാര്‍ ചര്‍ച്ചക്കൊരുങ്ങുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്താല്‍ തന്നെ അത് തങ്ങളുടെ പ്രതിഷേധം എന്തിനാണെന്ന് അധികാരികളെ വ്യക്തമാക്കി കൊടുക്കുന്നതിനായിരിക്കുമെന്നും സമരസമിതിക്കാര്‍ അഴിമുഖത്തോട് പറഞ്ഞു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കണോ എന്ന കാര്യത്തില്‍ സമരസമിതി അന്തിമ തീരുമാനം എടുത്തിട്ടില്ല.

“ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് എത്രയും വേഗത്തില്‍, ഒരു ശാശ്വത പരിഹാരം കാണണം എന്നു തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. സര്‍ക്കാരുമായും ഗെയ്ല്‍ ലൈന്‍ പദ്ധതിയുടെ ഉന്നത അധികാരികളുമായും ഒരു അടിയന്തിര ചര്‍ച്ച ഞങ്ങളും ആഗ്രഹിക്കുന്നു. എന്നാല്‍, നിലവിലെ ഗെയ്ല്‍ ലൈന്‍ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെച്ചാല്‍ മാത്രമേ സമര സമിതി ചര്‍ച്ചയ്ക്ക് തയ്യാറാവുകയുള്ളൂ. കമ്മിറ്റി യോഗം കൂടി എടുത്ത തീരുമാനമാണ്. ഞങ്ങള്‍ അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു. നിലവിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാത്തിടത്തോളം ഒരു സമാധാന ചര്‍ച്ചക്ക് പ്രസക്തിയില്ല;” മുക്കം സ്വദേശിയും സമര സമിതിയിലെ അംഗവുമായ സാദിഖ് പറയുന്നു.

‘എതിര്‍ക്കുന്നവര്‍ അവര്‍ക്ക് തീവ്രവാദികള്‍; ഇത് നിലനില്‍പ്പിനായുള്ള സമരം’- ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരേ മുക്കത്തുകാര്‍ പറയുന്നു

“ഗെയ്ല്‍ പൈപ്പുകള്‍ മുക്കത്ത് കൊണ്ടു വന്നോട്ടെ… ഞങ്ങള്‍ക്ക് വിരോധമില്ല. എന്നാല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസ മേഖലയില്‍ നിന്നും ഈ പദ്ധതി മാറ്റി സ്ഥാപിക്കണം. ഇതു മാത്രമാണ് ഞങ്ങള്‍ മുന്നോട്ടു വെക്കുന്ന ആവശ്യം. പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനുള്ള അനുയോജ്യമായ സ്ഥലങ്ങള്‍ മുക്കത്ത് തന്നെയുണ്ട്. അത് ഞങ്ങള്‍ കാണിച്ച് കൊടുത്തതുമാണ്. ഇത്രയെല്ലാം മൃദുസമീപനം കാണിക്കുന്ന ജനങ്ങളോട് എന്തിനിത്ര ക്രൂരത? അമ്പലങ്ങളും പള്ളികളും പൊളിച്ച് വീടുകള്‍ക്കടിയിലൂടെ തന്നെ പൈപ്പുകള്‍ കൊണ്ട് പോകണമെന്ന വാശിയെന്തിന്? ഇതിന്റെ ഭവിഷത്തുകള്‍ മുഴുവന്‍ അനുഭവിക്കേണ്ടി വരുന്നത് മുക്കത്തെ ജനങ്ങളാണ്. അതിനാല്‍ തന്നെ ഞങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ തന്നെ ഒന്നിക്കുന്നു. പൈപ്പ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവച്ചെങ്കില്‍ മാത്രമേ തിങ്കളാഴ്ച ഞങ്ങള്‍ സര്‍ക്കാരുമായൊരു കൂടിക്കാഴ്ച്ചക്ക് ഒരുങ്ങുകയുള്ളൂ. ഇത് ഞങ്ങളുടെ അടിയന്തിര തീരുമാനമാണ്”- സാദിഖ് തുടര്‍ന്നു പറഞ്ഞു.

മുക്കത്ത് വനപ്രദേശത്തുകൂടി പൈപ്പ് ലൈന്‍ കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇതിനനുയോജ്യമായ സ്ഥലം തങ്ങള്‍ തന്നെ കണ്ടെത്തി സര്‍ക്കാരിനെ അറിയിക്കുമെന്നും മുക്കത്തുള്ളവര്‍ പറയുന്നുണ്ട്. ജനവാസകേന്ദ്രങ്ങളല്ലാത്ത ഇടങ്ങള്‍ ഉള്ളപ്പോള്‍ തന്നെ വീടുകളുടെ മുന്നിലൂടെ തന്നെ പൈപ്പ് ലൈന്‍ കോണ്ടുപോകണമെന്ന വാശി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും നാട്ടുകാര്‍ പറയുന്നു. ആകെയുള്ള സ്ഥലം അഞ്ചു സെന്റും മറ്റുമാണ്. വീടിരിക്കുന്നയിടം പോയാല്‍ പിന്നെ ആകെ ഇത്തിര മണ്ണേയുള്ളൂ. അതും ഇപ്പോള്‍ ഇങ്ങനെയായാല്‍. ഞങ്ങളൊക്കെ പലവിധ പ്രാരാബ്ദക്കാരാണ്. നാളെ ഈ സ്ഥലം വില്‍ക്കാന്‍ വച്ചാപ്പോലും ആരും വാങ്ങില്ല. ഇങ്ങനെയൊരു സാധാനം അടീല് കിടക്കണില്ലേ. ഈ ഭൂമി പണയം വച്ച് കാശ് തരാന്‍ ബാങ്കുകാരു പോലും തയ്യാറാകുമോ? സലീനയുടെ ഈ ഭയം ഇവിടെയുള്ളവര്‍ക്കെല്ലാമുണ്ട്. ഗെയ്ല്‍ പദ്ധതി നല്ലതൊക്കെയാണെന്ന് ഇവര്‍ പറയുമ്പോഴും അതിന്റെ പേരില്‍ തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകുന്നതിലാണ് ഇവര്‍ പരാതിയുയര്‍ത്തുന്നത്. സര്‍ക്കാരിന്റെ പ്രസ്താവനകള്‍ കൊണ്ടൊന്നും ഇവരുടെ ആശങ്കകള്‍ ഇല്ലാതാകുന്നുമില്ല.

ഗെയ്ല്‍ പദ്ധതിയുടെ ഗുണം ആര്‍ക്ക്? സുരക്ഷയ്ക്ക് എന്തു ഗ്യാരണ്ടി?-സി ആര്‍ നീലകണ്ഠന്‍ എഴുതുന്നു

സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുമ്പോഴും പൊലീസ് ഇവിടെ നടത്തിയ അതിക്രമത്തില്‍ എന്ത് നടപടിയെടുക്കുമെന്ന ചോദ്യവും മുക്കത്തെ സമരക്കാര്‍ ചോദിക്കുന്നുണ്ട്. “പോലീസ് ഇവിടെ ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. സമരം ചെയ്യുന്നവരെ തീവ്രവാദികളാക്കി, യഥാര്‍ത്ഥത്തില്‍ തീവ്രവാദികളെ പോലെ പെരുമാറിയത് സര്‍ക്കാരിന്റെ ഭാഗമായ പോലീസാണ്. സമരം ചെയ്തവര്‍ക്കെതിരേ ലാത്തി ചാര്‍ജ് നടത്തുക മാത്രമല്ല, വീടുകളില്‍ കയറി മര്‍ദ്ദിക്കുകയും സ്ത്രീകളെ ഭയപ്പെടുത്തുകയും ചെയ്തു. യാതൊരു പ്രകോപനവുമുണ്ടാക്കാതെ നിന്ന സമര സമിതിയുടെ നേരെ എസ് ഐ ജീപ്പ് ഇരച്ചു കയറ്റി നിര്‍ത്തി. സ്ത്രീകളെന്നോ കുട്ടികളെന്നോ നോക്കാതെയാണ് ലാത്തി ചാര്‍ജ് നടത്തിയത്”- സമരസമതിയിലുള്ള കാരശ്ശേരി സി.വി. ഗഫൂര്‍ പറയുന്നു.

ഗെയില്‍ പദ്ധതി തടസ്സപ്പെടുത്തുന്നവര്‍ കേരളത്തിന്റെ വികസനത്തെ തകര്‍ക്കുന്നവര്‍; വ്യവസായ മന്ത്രിയുടെ വിശദീകരണം

“കഴിഞ്ഞ ദിവസം നെല്ലിക്കാപറമ്പ് ഉച്ചക്കാവ് വീട്ടില്‍ മുഹമ്മദ് നബീല്‍ എന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ വീട്ടില്‍ കയറിയാണ് പൊലീസ് തലങ്ങും വിലങ്ങും തല്ലിയത്. യാതൊരു പ്രകോപനങ്ങള്‍ക്കും പോകാതെ വീട്ടില്‍ ഇരിക്കുകയായിരുന്നു നബീല്‍. നബീലിന്റെ വീടിന്റെ കുളിമുറിയുടെ വാതില്‍ പോലീസ് ചവിട്ടി പൊളിക്കുകയും, ആ സമയത്ത് വീട്ടുജോലിക്കാരി കുളിച്ച് കൊണ്ടിരിക്കുകയായിരുന്നു. അത്രയ്ക്ക് മോശമാണ് പൊലീസ് ഓരോന്ന് ചെയ്യുന്നത്”- നെല്ലിക്കാപറമ്പ് സ്വദേശി സൈനബ പറയുന്നു. “മുക്കത്തെ ഓരോ വീടുകളിലും ചുരുങ്ങിയത് ഒരാളെങ്കിലും മുറിവും പാടുകളുമായാണ് ഇരിക്കുന്നത്. പത്തോളം വലിയ ബസ്സുകളിലായി നൂറോളം പൊലീസുകാര്‍ ഇവിടെ തമ്പടിച്ചിട്ടുണ്ട്; ഇതിന്റെയിടയ്ക്കാണ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യാന്‍ വരുന്നത്. ആദ്യം അവര്‍ ജനങ്ങളെ മര്‍ദ്ദിക്കുന്നത് അവസാനിപ്പിക്കട്ടെ”-സാദിഖ് പറയുന്നു.

പ്രണയത്തിന്റെ ബോംബ് പൊട്ടിയ മുക്കത്ത് മറ്റൊരു ‘ബോംബ്’

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍