UPDATES

ഗെയ്ല്‍ പൈപ്പ്‌ലൈന്‍ ; നിയമം പറയുന്ന അധികാരികളും ആശങ്കകള്‍ അടങ്ങാത്ത ജനങ്ങളും

കോര്‍പ്പറേറ്റുകള്‍ക്ക് സഹായം ചെയ്തുകൊടുക്കുന്ന പദ്ധതിയായതിനാലാണ് സര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷ പോലും നോക്കാതെ പദ്ധതിയുമായി മുന്നോട്ട് പോവുന്നതെന്നും സമരത്തെ നിഷ്ഠൂരമായി അടിച്ചമര്‍ത്തുന്നതെന്നുമാണ് ആരോപണം.

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും (ഗെയില്‍) കേരള വ്യവസായ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ഗെയില്‍ പൈപ്പ്‌ലൈന്‍ പ്രോജക്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ലിക്വിഫൈഡ് നാച്വറല്‍ ഗ്യാസ്(എല്‍എന്‍ജി) കൊച്ചി പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നും പാലക്കാട് ജില്ലയിലെ കൂറ്റനാട് വഴി ബംഗലൂരുവിലേക്കും മംഗലാപുരത്തേക്കും എത്തിക്കുന്ന പദ്ധതിയാണിത്. കൊച്ചി-കൂറ്റനാട്-മംഗലാപുരം-ബംഗലൂരു പൈപ്പ് ലൈന്‍(കെ.കെ.എന്‍.ബി.) പദ്ധതിയാണ് കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പദ്ധതിയ്ക്കായി പൈപ്പിടുന്നതുമായി ബന്ധപ്പെട്ടാണ് നിലവില്‍ പലയിടങ്ങളിലും തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും നിലനില്‍ക്കുന്നത്.

മാംഗ്ലൂര്‍ റിഫൈനറി ആന്‍ പെട്രോകെമിക്കല്‍സ് ലിമിറ്റഡ്, കുതിരേമുഖ് അയണ്‍ ഓര്‍ കമ്പിനി ലിമിറ്റഡ്, മഹാനദി കോള്‍ ഫീല്‍ഡ് ലിമിറ്റഡ് എന്നീ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇന്ധനം എത്തിക്കുക എന്നതാണ് കെകെഎംബി പദ്ധതി പ്രധാനമായും ലക്ഷ്യം വക്കുന്നത്. ഇതിന് പുറമെ മറ്റ് സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ച, കേരളത്തില്‍ തുടങ്ങാനിരിക്കുന്ന സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ പദ്ധതിക്കും കെകെഎംബി വഴി ഇന്ധനം ലഭ്യമാക്കും. പദ്ധതി പ്രകാരം 1114 കിലോ മീറ്റര്‍ പൈപ്പ് ലൈനാണ് ആകെ സ്ഥാപിക്കേണ്ടത്. ഇതില്‍ ഏതാണ്ട് അഞ്ഞൂറ് കിലോമീറ്ററിലധികം പൈപ്പ് ലൈനാണ് കേരളത്തിലൂടെ കടന്നുപോവേണ്ടത്. 24 ഇഞ്ച് വ്യാസമുള്ള പൈപ്പുകള്‍ ഒന്നര മീറ്റര്‍ ആഴത്തില്‍ സ്ഥാപിക്കാനായി 20മീറ്റര്‍ വീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. 2007ലാണ് പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവക്കുന്നത്. 2011ല്‍ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങി. തുടക്കത്തില്‍ കടലിലൂടെയും തീരങ്ങളിലൂടെയും പൈപ്പ് ഇടാനായിരുന്നു ഉദ്ദേശമെങ്കിലും പിന്നീട് ഇതില്‍ മാറ്റം വന്നു. കേരളത്തില്‍ പലയിടത്തും പൈപ്പിടല്‍ പൂര്‍ത്തീകരിച്ചു. എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലൂടെയുള്ള പൈപ്പിടലിനെതിരെ പലയിടത്തും പ്രതിഷേധം ശക്തമായിരുന്നു.

കോഴിക്കോട് മുക്കം എരഞ്ഞമാവില്‍ ദിവസങ്ങളായി ഇതിന്റെ പേരില്‍ സംഘര്‍ഷം തുടരുകയാണ്. 1962ലെ പിഎംപി ആക്ട് (പെട്രോളിയം ആന്‍ഡ് മിനറല്‍സ് പൈപ്പ്‌ലൈന്‍ അക്വിസിഷന്‍ ഓഫ് റൈറ്റ് ഓഫ് യൂസ് ഇന്‍ ലാന്‍ഡ് ആക്ട്) പ്രകാരമാണ് പദ്ധതിയാക്കായുള്ള ഭൂമി ഏറ്റെടുക്കുന്നത്. എന്നാല്‍ ഈ ആക്ടിലെ സെക്ഷന്‍ ഏഴ് എ,ബി,സി, വകുപ്പുകള്‍ പ്രകാരം ആക്ട് നിലവില്‍ വരുന്നതിന് മുമ്പ് താമസസ്ഥലമായിരുന്ന ഭൂമിയോ, ആക്ട് വരുന്നതിന് മുമ്പ് കെട്ടിടങ്ങള്‍ ഉണ്ടായിരുന്ന ഭൂമിയോ, ആള്‍ത്താമസമുള്ള വീടുകളോട് ചേര്‍ന്നുള്ള ഭൂമിയോ പൈപ്പിടുന്നതിനായി ഏറ്റെടുക്കാനാവില്ല എന്ന് പറയുന്നു. എന്നാല്‍ ജനവാസ കേന്ദ്രമായ എരഞ്ഞിമാവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പലപ്പോഴും ആള്‍ത്താമസമുള്ള വീടുകളോട് ചേര്‍ന്ന് പൈപ്പിടാനായി കുഴിയെടുത്തിരിക്കുന്നത് കാണാം. ഇത് നിയമപ്രകാരം തെറ്റായ കാര്യമാണെന്നാണ് സമരരംഗത്തുള്ള നാട്ടുകാരുടെ പക്ഷം. എന്നാല്‍ നിയമത്തില്‍ ദൂരപരിധി നിശ്ചയിച്ചിട്ടില്ലെന്നും അതിനെ ഗെയില്‍ ദുരുപയോഗം ചെയ്യുകയാണെന്നും അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ പറയുന്നു.‘ പിഎംപി നിയമപ്രകാരം വീടുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ പൈപ്പിടാനായി ഏറ്റെടുക്കാനാവില്ല. നിയമത്തിന്റെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. എന്നാല്‍ വീടുകളില്‍ നിന്നോ താമസസ്ഥലങ്ങളില്‍ നിന്നോ എത്ര ദൂരത്തില്‍ പൈപ്പിടാന്‍ പാടില്ല എന്ന കാര്യം നിയമത്തില്‍ പറഞ്ഞിട്ടില്ല. ദൂരപരിധി നിശ്ചയിക്കാത്തതിനാല്‍ ഇക്കാര്യത്തെ ഗെയില്‍ ദുരുപയോഗം ചെയ്യുകയാണ് ചെയ്യുന്നത്.’

പൈപ്പിടുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതിന് പകരം ഭൂമിയുടെ ഉടമസ്ഥാവകാശം ഉടമസ്ഥന് തന്നെ നല്‍കുകയും ഭൂമിയുടെ ഉപയോഗ അവകാശം ഗെയില്‍ ഏറ്റെടുക്കുകയും ചെയ്യും. എന്നാല്‍ ഇങ്ങനെ ഏറ്റെടുക്കുന്ന സ്ഥങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മരങ്ങള്‍ നടുന്നതിനുമുള്‍പ്പെടെ നിയന്ത്രണം നിലവില്‍ വരും. കല്ല് കെട്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ അനുവദിക്കില്ല. വേരിറങ്ങുന്ന മരങ്ങള്‍ നടാനുമാവില്ല. അതിന് പകരം ഭൂമിയിലേക്ക് ആഴത്തില്‍ വേരിറങ്ങാത്ത പച്ചക്കറികളോ മറ്റ് ചെടികളോ മാത്രമേ നടാന്‍ ഉടമസ്ഥന് അവകാശമുണ്ടാവൂ എന്ന് ഗെയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ 10 സെന്റിലും മറ്റും താമസിക്കുന്നവരുടെ ഭൂമി പൈപ്പിടുന്ന ആവശ്യത്തിനായി ഏറ്റെടുക്കുമ്പോള്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ വരുന്നത് ജനജീവിതത്തെ ദുഷ്‌കരമാക്കുമെന്നാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന വിഷയം. ഇതിന് പകരം ഭൂമി ഏറ്റെടുത്ത് അതിന്റെ നഷ്ടപരിഹാരം നല്‍കുകയാണെങ്കില്‍ അതിനോട് യോജിക്കാനും സമരക്കാര്‍ തയ്യാറാണ്. എന്നാല്‍ പിഎംപി നിയമപ്രകാരം ഇതിന് കഴിയില്ലെന്നാണ് ഗെയിലിന്റെ വാദം. ഏറ്റെടുക്കുന്ന ഭൂമിയില്‍ നിലവിലുണ്ടായിരുന്ന കൃഷിയുടേയോ മരങ്ങളുടേയോ നഷ്ടപരിഹാരത്തുക ഉടമസ്ഥന് നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീനും ഗെയില്‍ അധികൃതരും പറയുന്നത്. എന്നാല്‍ ഇതേവരെ ഇത്തരത്തില്‍ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് സമരക്കാരുടെ വാദം.

സുരക്ഷാ പ്രശ്‌നമാണ് സമരക്കാര്‍ ഉന്നയിക്കുന്ന മറ്റൊരു കാര്യം. സ്‌ഫോടന സാധ്യതയുള്ള അപകടകാരിയായ വാതകം കൊണ്ടുപോവുന്ന പൈപ്പുകള്‍ ജനവാസ കേന്ദ്രങ്ങളില്‍ സ്ഥാപിക്കുക വഴി അപകടം ക്ഷണിച്ചുവരുത്തുകയാണെന്നും ജനങ്ങളുടെ സുരക്ഷിതത്വം പദ്ധതി നടപ്പാക്കുന്ന സര്‍ക്കാര്‍ വിലക്കെടുക്കുന്നില്ലെന്നുമാണ് ആരോപണം. എന്നാല്‍ എല്‍പിജിയെയും മറ്റ് വാതകങ്ങളെയും അപേക്ഷിച്ച് എല്‍എന്‍ജിയും സിഎന്‍ജിയും താരതമ്യേന അപകടരഹിത വാതകങ്ങളാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അതീവ സുരക്ഷിതമെന്ന് പറയുമ്പോഴും 2010 നവംബര്‍ ഒമ്പതിന് കര്‍ണാടകയിലെ ഈസ്റ്റ് ഗോദാവരിയിലും, 2009 ഏപ്രില്‍ ഏഴിന് ഗുജറാത്തിലെ ഹസീറയിലും, 20100 ആഗസ്ത് 20ന് ഗോവയിലെ വാസ്‌കോയിലും, 2014 ജൂണ്‍ 27ന് കിഴക്കന്‍ ഗോദാവരിയില്‍ തന്നെയുണ്ടായ ഗെയിലിന്റെ എല്‍എന്‍ജി പൈപ്പുകളിലെ ചോര്‍ച്ചവഴിയുണ്ടായി അപകടങ്ങളാണ് ആക്ടിവിസ്റ്റുകളും സമരക്കാരും ചൂണ്ടിക്കാട്ടുന്നത്. 2014ല്‍ കിഴക്കന്‍ ഗോദാവരിയിലുണ്ടായ അപകടത്തില്‍ ജനവാസപ്രദേശമല്ലാതിരുന്നിട്ടുകൂടി 19 പേര്‍ മരിക്കുകയും രണ്ട് കിലോമീറ്ററോളം തീ വ്യാപിക്കുകയുമുണ്ടായി.

സാധാരണ ഗതിയില്‍ അപകടസാധ്യത വളരെയധികം കുറഞ്ഞ നിരുപദ്രവകാരിയായ ഗ്യാസാണ് എല്‍എന്‍ജി എന്നും എന്നാല്‍ അപകട സാധ്യത അല്‍പ്പമെങ്കിലും നിലനില്‍ക്കുന്നതിനാല്‍ വീടുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പൈപ്പിടുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ്- കെമിക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്റര്‍ ഡയറക്ടര്‍ പ്രമോദ് പറഞ്ഞു. ‘മറ്റേത് പെട്രോളിയം പ്രോഡക്ടുകളേക്കാള്‍ സുരക്ഷിതവും അപകട സാധ്യത കുറഞ്ഞതുമാണ് എല്‍എന്‍ജി. മീഥെയിനാണ് എല്‍എന്‍ജിയില്‍ പ്രധാനമായും വരുന്നത്. ഒന്നര മീറ്റര്‍ ആഴത്തിലാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്. അതുകൊണ്ട് അഥവ വാതക ചോര്‍ച്ചയുണ്ടായാലും കത്തുപിടിക്കാനുള്ള സാധ്യത വളരെ കുറവാണ്. -155ഡിഗ്രി സെല്‍ഷ്യസിലാണ് വാതകത്തെ ലിക്വിഫൈഡ് രൂപത്തിലാക്കുന്നത്. മൈനസ് ഡിഗ്രിയിലുള്ളതിനാല്‍ അഥവ ചോര്‍ച്ചയുണ്ടായാല്‍ തന്നെ പെട്ടെന്ന് അന്തരീക്ഷത്തിലെ ചൂട് ആഗിരണം ചെയ്ത് അത് വാതകമായി മാറി അന്തരീക്ഷത്തില്‍ അലിയും. സ്‌ഫോടന ശേഷി അതിന് കുറവാണ്. സ്‌ഫോടനം നടക്കുന്നതിന് അനുകൂലമായ എന്തെങ്കിലും പ്രത്യേക സാഹചര്യമുണ്ടെങ്കില്‍ മാത്രമേ അത് തീപിടിക്കുകയുള്ളൂ. തണുപ്പിച്ച് ദ്രവരൂപത്തിലാക്കുകയല്ലെങ്കിലുള്ള വഴിയാണ് കംപ്രസ് ചെയ്യുകയെന്നത്. പുതുവൈപ്പിലെ സംഭരണ കേന്ദ്രത്തില്‍ മാത്രമാണ് ദ്രവരൂപത്തിലുള്ള ഗ്യാസ് ഉണ്ടാവുക. അവിടെ നിന്ന് പുറത്തേക്ക് വരുന്നത് കംപ്രസ്ഡ് ഗ്യാസ് ആണ്. ദ്രവരൂപത്തിലുള്ള വാതകം പിന്നീട് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് ആയാണ് പൈപ്പിലൂടെ കൊണ്ടുപോവുന്നത്. ദ്രവരൂപത്തില്‍ നിന്ന് വാതകരൂപത്തിലാവുമ്പോള്‍ തന്നെ അതിന്റെ പ്രഷര്‍ വര്‍ദ്ധിച്ചിരിക്കുമെന്നതിനാല്‍ കൃത്രിമമായി പ്രഷര്‍ കൂട്ടുന്നുമില്ല. എല്‍എന്‍ജിയിലേക്ക് തീപ്പെട്ടിയുരച്ചിട്ടാലും കത്തില്ല. അത് വാതകമായി മാറി അത് വായുവുമായി ചേരുമ്പോഴാണ് കത്തുന്നത്.

മറ്റ് സംസ്ഥാനങ്ങളിലുണ്ടായ അപകടങ്ങളുടെ വീഡിയോകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അവിടെയുണ്ടായ അപകടങ്ങള്‍ക്ക് പലകാരണങ്ങളുള്ളതായാണ് മനസ്സിലാക്കുന്നത്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ പൈപ്പ് പ്രധാനമായും പോവുന്നത് റോഡിനരികിലൂടെയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ റോഡിന്റെ വശങ്ങളില്‍ ഷെഡ്ഡ് കെട്ടി താമസിക്കാറുണ്ട്. അങ്ങനെയുള്ള പ്രദേശങ്ങളില്‍ പൈപ്പ്‌ലൈനില്‍ വലിയ രീതിയില്‍ ചോര്‍ച്ചയുണ്ടാവുമ്പോള്‍, ചിലപ്പോള്‍ അവിടെ താമസിക്കുന്നവര്‍ ഭക്ഷണം പാചകം ചെയ്യുകയോ മറ്റോ ആണെങ്കില്‍ കത്തുപിടിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയായിരിക്കാം അവിടെ അപകടമുണ്ടായിരിക്കുക. പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ ഗെയില്‍ പാലിക്കുകയാണ് ചെയ്യേണ്ടത്. ക്രയോജനിക് മെറ്റീരിയല്‍ പൈപ്പുകള്‍ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ. ചോര്‍ച്ചയുണ്ടായാല്‍ അത് വളരെ പെട്ടെന്ന് കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യാനുള്ള സംവിധാനമുണ്ടാവണം. മറ്റ് സംസ്ഥാനങ്ങളില്‍ അപകടം നടന്ന സ്ഥലങ്ങളില്‍ ചിലപ്പോള്‍ ദ്രുതഗതിയില്‍ ചോര്‍ച്ച തടയുന്നതിനായി ആളുകള്‍ക്ക് എത്തിപ്പെടാനുള്ള വിഷമതകള്‍ ഉണ്ടായിരുന്നിരിക്കണം.

വീടുകളോട് ചേര്‍ന്നുള്ള പൈപ്പിടല്‍ വേണമെങ്കില്‍ ഗെയിലിന് ഒഴിവാക്കാം. വയലുകളിലൂടെയോ മറ്റു തുറന്ന പ്രദേശങ്ങളുടേയോ അടിയിലൂടെ പൈപ്പ് പോവുന്നതില്‍ ഒരുതരത്തിലുള്ള സുരക്ഷാ പ്രശ്‌നവുമില്ല. അപകടസാധ്യത കുറവാണെങ്കിലും വീടുകളോട് തൊട്ടുപറ്റെയുള്ള പൈപ്പിടല്‍ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. കാരണം വീട് എന്ന് പറയുമ്പോള്‍ തീ പടരാനുള്ള സാധ്യതകള്‍ എപ്പോഴും അവിടെയുണ്ടാവും. മരങ്ങളോ ഒന്നുമില്ലാത്ത തുറസ്സായ പ്രദേശമാണെങ്കില്‍ വളരെ പെട്ടെന്ന് തന്നെ വാതകം ബാഷ്പീകണം സംഭവിച്ച് അന്തരീക്ഷത്തില്‍ അലിഞ്ഞ് ചേരും. വാതകം തങ്ങിനില്‍ക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളോ ആണെങ്കില്‍ ഒരു പക്ഷേ തീ പിടിക്കാനുള്ള സാധ്യതയുണ്ടാവും. എന്നാല്‍ മഴയുള്ള സാഹചര്യമോ മറ്റോ ഉണ്ടെങ്കില്‍ വാതകം തങ്ങി നില്‍ക്കാനുള്ള സാധ്യതയുണ്ടാവും. അപകടസാധ്യത കുറവാണെങ്കിലും ഇത്തരം കാര്യങ്ങള്‍ തള്ളിക്കളയാനുമാവില്ല. പൈപ്പിടുന്ന ലേ ഔട്ട് പ്ലാനില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി കുറച്ചുകൂടെ തുറസ്സായ പ്രദേശങ്ങളിലേക്ക് മാറ്റുന്നത് നന്നായിരിക്കും.’

പദ്ധതി കേരള ജനതയ്ക്കും ഉപകാരപ്പെടുന്നതാണെന്ന വാദഗതിയാണ് വ്യവസായ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് വക്കുന്നത്. സാധാരണ ജനതക്കും പാചകവാതകം ലഭ്യമാക്കാന്‍ പദ്ധതി ഉതകുമെന്നും മന്ത്രി പറയുന്നു. എന്നാല്‍ ഫ്‌ലാറ്റ് സമുച്ചയങ്ങളിലേക്കുള്ള സിറ്റി ഗ്യാസ് പദ്ധതിയ്ക്ക് മാത്രമാണ് പദ്ധതി ഉപകാരപ്പെടുകയെന്നും സാധാരണക്കാരുടെ ഭൂമി നഷ്ടമാവുന്നതല്ലാതെ കാര്യമായ മെച്ചം ലഭിക്കുകയില്ലെന്നുമാണ് സമരക്കാരുടെ വാദം. അദാനിയുള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകള്‍ക്കാണ് പദ്ധതിയുടെ അമ്പത് ശതമാനം ഷെയര്‍. നവരത്‌ന കമ്പനിയിലുള്‍പ്പെട്ടതാണ് ഗെയില്‍. നവരത്‌ന കമ്പിനികള്‍ പലതും വിറ്റുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗെയിലും കോര്‍പ്പറേറ്റുകളുടെ കയ്യിലെത്തുമെന്നും ഇതുവഴി അദാനിക്കും മറ്റ് കോര്‍പ്പറേറ്റുകളും ഇന്ധന വിതരണത്തിന്റെ നിയന്ത്രണം ലഭ്യമാക്കുകയാണ് പദ്ധതിയുടെ പിന്നാമ്പുറ ലക്ഷ്യമെന്നും രാഷ്ട്രീയ നിരീക്ഷകരും സമരക്കാരും ആരോപിക്കുന്നു. ഇത്തരത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് സഹായം ചെയ്തുകൊടുക്കുന്ന പദ്ധതിയായതിനാലാണ് സര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷ പോലും നോക്കാതെ പദ്ധതിയുമായി മുന്നോട്ട് പോവുന്നതെന്നും സമരത്തെ നിഷ്ഠൂരമായി അടിച്ചമര്‍ത്തുന്നതെന്നുമാണ് ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതേവരെ മറുപടി നല്‍കിയിട്ടുമില്ല. തിങ്കളാഴ്ച വ്യവസായവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടക്കുന്ന ചര്‍ച്ചയിലാണ് സമരക്കാരുടെ പ്രതീക്ഷ.

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍