UPDATES

ഗെയില്‍ പദ്ധതി തടസ്സപ്പെടുത്തുന്നവര്‍ കേരളത്തിന്റെ വികസനത്തെ തകര്‍ക്കുന്നവര്‍; വ്യവസായ മന്ത്രിയുടെ വിശദീകരണം

ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ കുപ്രചാരണങ്ങളില്‍ കുടുങ്ങരുതെന്ന് മന്ത്രി എ സി മൊയ്തീന്‍

ഗെയില്‍ പദ്ധതി തടസ്സപ്പെടുത്തുന്നവര്‍ കേരളത്തിന്റെ വികസനത്തെ തകര്‍ക്കുന്നവരാണെന്ന് വ്യവാസയ മന്ത്രി എ സി മൊയ്തീന്‍. ഗെയില്‍ പൈപ്പ് ലൈനിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തന്നെ നേരിട്ട് യോഗങ്ങള്‍ വിളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമിക്കും വിളകള്‍ക്കും അര്‍ഹമായ നഷ്ടപരിഹാര തുക ഗെയില്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിച്ചുകൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളതെന്നും മന്ത്രി പറയുന്നു. വസ്തുതകള്‍ ഇതാണെന്നിരിക്കെ ചില നിക്ഷിപ്ത താത്പര്യക്കാര്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും വ്യാപകമായ രീതിയിലുള്ള കുപ്രചരണങ്ങള്‍ ഗെയില്‍ പദ്ധതിക്കെതിരെ പ്രചരിപ്പിക്കുകയാണെന്നും ഇത് ചെറിയൊരു വിഭാഗം ജനങ്ങളെയെങ്കിലും ആശയങ്കയിലാക്കുന്ന അവസ്ഥയാണുള്ളതെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു. ഗെയില്‍ പദ്ധതിയെക്കുറിച്ചും സര്‍ക്കാരിന്റെ നിലപാടുകളെക്കുറിച്ചും വിശദീകരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മന്ത്രി എ സി മൊയ്തീന്‍ ഈ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. മന്ത്രിയുടെ വിശദീകരണത്തിന്റെ പൂര്‍ണരൂപം താഴെ

ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ കുപ്രചാരണങ്ങളില്‍ കുടുങ്ങരുത്…

എല്ലാവിധ ജനവിഭാഗങ്ങള്‍ക്കും പ്രകൃതിവാതകത്തിന്റെ ഗുണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കൊച്ചിയില്‍ എല്‍.എന്‍.ജി പെട്രോനൈറ്റ് സ്ഥാപിച്ചത്. കൊച്ചിയിലെ എല്‍.എന്‍.ജി പെട്രോനെറ്റില്‍ നിന്ന് കേരളത്തിലെ വിവിധ ജില്ലകളില്‍ കൂടി ഗ്യാസ് പൈപ്പ് ലൈന്‍ വഴി മംഗലാപുരത്തേക്കും കോയമ്പത്തൂരേക്കും ഗ്യാസ് അതോററ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ മേല്‍നോട്ടത്തില്‍ പ്രകൃതി വാതകം (എല്‍.എന്‍.ജി) എത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. കേരളത്തിലെ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കൂടിയാണ് ഗെയില്‍ പൈപ്പ് കടന്നുപോകുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പതിനയ്യായിരം കിലോമീറ്ററോളം ദൂരത്തില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ ശൃംഖലകളുണ്ട്.

കേരളത്തില്‍ 503 കിലോമീറ്റര്‍ ദൂരത്തില്‍ ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ വീടുകളിലേക്കുള്ള പാചകവാതക വിതരണം (സിറ്റി ഗ്യാസ് ഡിസ്ട്രിബൂഷന്‍) കൊച്ചിയില്‍ ആരംഭിച്ചിരുന്നു. ഇതിനു പുറമെ കൂടുതല്‍ വീടുകളിലേക്കുള്ള പൈപ്പ് ലൈനിന്റെയും വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രകൃതി വാതക ഇന്ധന വിതരണത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇതിനുപുറമേ കൊച്ചിയിലെ വ്യവസായശാലകള്‍ക്കും എല്‍.എന്‍.ജി നല്‍കുന്നുണ്ട്.

എന്താണ് എല്‍.എന്‍.ജി
നിറമോ, മണമോ, വിഷാംശമോ, രാസപ്രവര്‍ത്തന ശക്തിയോ ഇല്ലാത്ത ദ്രാവകമാണ് എല്‍.എന്‍.ജി. മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് എല്‍.എന്‍.ജി യുടെ ഇന്ധന ചെലവ് വളരെയധികം കുറവാണ്. മാത്രമല്ല പ്രകൃതിവാതകം മൂലമുള്ള അന്തരീക്ഷ മലിനീകരണവും വളരെ കുറവാണ്. അതുകൊണ്ട് തന്നെ പ്രകൃതി വാതകം ഹരിത ഇന്ധനം എന്നും അറിയപ്പെടുന്നു. പ്രകൃതി വാതകം വീട്ടില്‍ ഉപയോഗിക്കുന്ന എല്‍.പി.ജിയേക്കാള്‍ ഭാരം കുറവായതിനാല്‍ എന്തെങ്കിലും കാരണവശാല്‍ ലീക്കേജ് ഉണ്ടാകുന്ന പക്ഷം അത് നിലത്ത് തളം കെട്ടി നില്‍ക്കാതെ അന്തരീക്ഷത്തിലേക്ക് എളുപ്പം അലിഞ്ഞു ചേരുകയും അപകട സാധ്യത വളരെ കുറയുകയും ചെയ്യുന്നതാണ്. പ്രകൃതി വാതകം മൂലം മണ്ണിന് യാതൊരു മാറ്റമോ നാശമോ സംഭവിക്കുന്നില്ല.

പ്രണയത്തിന്റെ ബോംബ് പൊട്ടിയ മുക്കത്ത് മറ്റൊരു ‘ബോംബ്’

ഇതുകൊണ്ടുള്ള നേട്ടം
പ്രകൃതി വാതക വിതരണത്തിലൂടെ കേരള സംസ്ഥാന ഖജനാവിലേക്ക് നികുതി ഇനത്തില്‍ ദിനം പ്രതി 8090 ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ട്. അതായത് പ്രതിവര്‍ഷം 320 കോടി. ഈ പദ്ധതി രണ്ടാം ഘട്ടം പൂര്‍ത്തീകരിക്കുന്നതോടെ നികുതി വരുമാനം കുതിച്ചുയരും. പ്രകൃതി വാതക ഉപയോഗം നിമിത്തം വ്യവസായ ശാലകളുടെ ഇന്ധന ചെലവും കുറയ്ക്കാന്‍ സാധിക്കുന്നതാണ്.

കൊച്ചിയിലെ പോലെ തന്നെ പൈപ്പ് ലൈന്‍ കടന്നുപോകുന്ന എല്ലാ ജില്ലകളിലെയും ജനങ്ങള്‍ക്കും വ്യവസായശാലകള്‍ക്കും പ്രകൃതി വാതക വിതരണം ചെയ്യുന്നതിനുള്ള സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ പദ്ധതി നടപ്പിലാക്കുകയാണ്. ഗെയില്‍ പൈപ്പ് ലൈന്‍ ശൃംഖല പൂര്‍ത്തിയാകുന്നതോടുകൂടി വാഹനങ്ങള്‍ വഴിയുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ നീക്കം ഒരളവു വരെയെങ്കിലും കുറയ്ക്കാന്‍ സാധിക്കും. ഇതുമൂലം റോഡുകളിലെ അപകടങ്ങള്‍, ട്രാഫിക് പ്രശ്‌നങ്ങള്‍, വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന വായു മലിനീകരണം എന്നിവയും കുറയ്ക്കാന്‍ സാധിക്കും.

ഭൂമി ഏറ്റെടുക്കലും പദ്ധതിയും
സ്ഥലം ഏറ്റെടുക്കുന്നത് 10 മീറ്റര്‍ വീതിയിലാണ്. എങ്കിലും നിര്‍മ്മാണ സമയത്ത് 20 മീറ്റര്‍ വീതി ആവശ്യമുള്ളതിനാല്‍ വിളകള്‍ക്ക് 20 മീറ്റര്‍ വീതിയില്‍ നഷ്ടപരിഹാരം നല്‍കുന്നു. മാത്രമല്ല സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഉപയോഗ അവകാശം മാത്രമാണ് ഏറ്റെടുക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നില്ല. അതിനാല്‍ അതിന്റെ ഭാഗമായി സ്ഥലത്തിന്റെ പുതുക്കിയ ന്യായ വിലയുടെ 50 ശതമാനവും കൂടാതെ വിളകളുടെ വിലയും നല്‍കുന്നു.

വിളകളുടെ നഷ്ടപരിഹാര നിരക്ക്
വിവിധ വിളകള്‍ക്ക് അവയുടെ ഉത്പാദനവും വിലയും കണക്കിലെടുത്താണ് നഷ്ടപരിഹാരം നല്‍കുന്നത്. ചെടികളുടെ സവിശേഷതകള്‍ അനുസരിച്ചും പ്രാദേശിക പ്രത്യേകതകളും വിളകളുടെ ആയുസ്സും കണക്കിലെടുത്തുകൊണ്ടാണ് വിളകളുടെ നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. ഗെയില്‍ കണക്കാക്കിയിട്ടുള്ള പ്രാഥമിക നഷ്ടപരിഹാര തുക ചുവടെ ചേര്‍ക്കുന്നു. അന്തിമ കണക്കില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യത ഉണ്ട്. എറ്റവും കൂടിയ നിരക്കാണ് താഴെ കൊടുക്കുന്നത്.

‘എതിര്‍ക്കുന്നവര്‍ അവര്‍ക്ക് തീവ്രവാദികള്‍; ഇത് നിലനില്‍പ്പിനായുള്ള സമരം’- ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരേ മുക്കത്തുകാര്‍ പറയുന്നു

വിള നിരക്ക് (രൂപ)
തെങ്ങ് 12078
കവുങ്ങ് 3934
മാവ് 11750
തേക്ക് 43840/ാ3
ആഞ്ഞിലി 8850/ാ3
വാഴ 320
റബ്ബര്‍ 5443
ജാതി 54562
പ്ലാവ് 8710/ാ3
കപ്പ 68

ഭൂമിയുടെ നഷ്ടപരിഹാരം
നിലവിലുള്ള സ്ഥിതിയനുസരിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി കരഭൂമിയായി 377 ഏക്കറും തോട്ടം, തണ്ണീര്‍ത്തടം എന്നീ വകയില്‍ 880 ഏക്കറുമായി മൊത്തം 1257 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്.

ഭൂമിക്ക് വരുന്ന നഷ്ടപരിഹാരത്തിന്റെ കണക്ക്, ജില്ല തിരിച്ച് താഴെ കൊടുക്കുന്നു.
ജില്ല നീളം (KM) കൃഷിക്ക് ന്യായവിലയുടെ 50 ശതമാനം മൊത്തം (കോടി)
എറണാകുളം 16 5 8 13
തൃശ്ശൂര്‍ 78 14 20 34
പാലക്കാട് 105 9 16 25
മലപ്പുറം 58 11 15 26
കോഴിക്കോട് 80 20 24 44
കണ്ണൂര്‍ 83 26 17 43
കാസര്‍ഗോഡ് 83 29 16 45
മൊത്തം 503 114 116 230
നെല്‍പ്പാടത്തിന് നഷ്ട പരിഹാരം കുറവായതിനാല്‍ അതാത് ജില്ലകളിലെ കര്‍ഷകരുമായി കളക്ടര്‍ ചര്‍ച്ച നടത്തി നഷ്ടപരിഹാരം നല്‍കുകയാണ് ചെയ്യുന്നത്.

ഗെയ്ല്‍ പദ്ധതിയുടെ ഗുണം ആര്‍ക്ക്? സുരക്ഷയ്ക്ക് എന്തു ഗ്യാരണ്ടി?-സി ആര്‍ നീലകണ്ഠന്‍ എഴുതുന്നു

സര്‍ക്കാരിന്റെ ഇടപെടല്‍
ഗെയില്‍ പൈപ്പ് ലൈനിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തന്നെ നേരിട്ട് യോഗങ്ങള്‍ വിളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമിക്കും വിളകള്‍ക്കും അര്‍ഹമായ നഷ്ടപരിഹാര തുക ഗെയില്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിച്ചുകൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.

തെറ്റിദ്ധാരണകള്‍ തിരുത്തണം
വസ്തുതകള്‍ ഇതാണെന്നിരിക്കെ ചില നിക്ഷിപ്ത താത്പര്യക്കാര്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും വ്യാപകമായ രീതിയിലുള്ള കുപ്രചരണങ്ങള്‍ ഗെയില്‍ പദ്ധതിക്കെതിരെ പ്രചരിപ്പിക്കുന്നുണ്ട്. ഇത് ചെറിയൊരു വിഭാഗം ജനങ്ങളെയെങ്കിലും ആശയങ്കയിലാക്കുന്ന അവസ്ഥയാണുള്ളത്. ഗെയില്‍ പദ്ധതി തടസ്സപ്പെടുത്തുന്നവര്‍ കേരളത്തിന്റെ വികസനത്തെ തകര്‍ക്കുന്നവരാണ്. ചിലരാവട്ടെ രാഷ്ട്രീയ മുതലെടുപ്പിന് പരിശ്രമിക്കുകയാണ്. ഇത് വികസന തത്പരരായ ജനങ്ങള്‍ തിരിച്ചറിയും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിക്ഷിപ്ത താത്പര്യക്കാര്‍ക്കും വികസന വിരുദ്ധരായ ന്യൂനപക്ഷം വരുന്ന ഒരു വിഭാഗത്തിന്റെ കള്ള പ്രചരണത്തില്‍ ആരും കുടുങ്ങിപ്പോകരുത്. പൊതുജനങ്ങളുടെ സഹകരണത്തോടുകൂടി തന്നെ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സമയബന്ധിതമായി ഗെയില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍