UPDATES

20 മീറ്ററില്ലെങ്കില്‍ 5 മീറ്ററായാലും മതിയെന്ന് ഗെയില്‍; ഇതെവിടുത്തെ ന്യായമെന്ന് ജനം; പൈപ്പ് ലൈന്‍ സമരം മറ്റു ജില്ലകളിലേക്കും

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മാത്രം 150 കിലോമീറ്ററോളം നീളത്തിലാണ് പൈപ്പിടാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

ഗെയില്‍ പൈപ്പ്‌ലൈന്‍ ജനവാസ കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്നതിനെതിരെയുള്ള ജനകീയ സമരം വിപുലപ്പെടുത്താനൊരുങ്ങി സമരസമിതി. അലൈന്‍മെന്റ് മാറ്റാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് നിലവില്‍ സമരസമിതി. ഒന്നോ രണ്ടോ ഇടങ്ങളില്‍ മാത്രമായി പ്രതിഷേധങ്ങളെ ചുരുക്കാതെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനൊരുങ്ങുന്ന എല്ലാ ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിനായി സംസ്ഥാനതല കോഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുണ്ടാവുന്ന സംഘര്‍ഷങ്ങള്‍ പരമാവധി ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും സമരസമിതി അംഗങ്ങള്‍ പറയുന്നു.

കോഴിക്കോട് മുക്കം എരഞ്ഞിമാവില്‍ ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും പ്രതിഷേധങ്ങളും രൂപപ്പെടുകയും ദിവസങ്ങളോളം പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ പോലീസ് അക്രമമുറയിലൂടെ നേരിട്ടതിനെതിരെ വ്യാപകമായ എതിര്‍പ്പുകളുമുണ്ടായി. ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള പൈപ്പിടല്‍ ജോലികള്‍ തുടരാന്‍ അനുവദിക്കില്ലെന്ന നിലപാട് സമരക്കാര്‍ സ്വീകരിച്ചതോടെ സര്‍ക്കാരും ഗെയില്‍ അധികൃതരും വെട്ടിലായി. കഴിഞ്ഞ തിങ്കളാഴ്ച വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന ചര്‍ച്ചയിലും പ്രശ്‌നത്തിന് പരിഹാരം കാണാനായില്ല. അലൈന്‍മെന്റില്‍ മാറ്റം വരുത്താനാവില്ലെന്നും നഷ്ടപരിഹാരവും ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും സര്‍ക്കാര്‍ പ്രതിനിധികളും ഗെയിലും നിലപാടെടുത്തതോടെ ചര്‍ച്ച എങ്ങുമെത്താതെ പിരിഞ്ഞു. തങ്ങള്‍ക്ക് ആ നിലപാടിനോട് യോജിപ്പില്ലെന്നും അലൈന്‍മെന്റ് മാറ്റുന്ന കാര്യമല്ലാതെ മറ്റൊന്നും തങ്ങള്‍ക്ക് സംസാരിക്കാനില്ലെന്നുമായിരുന്നു സമരക്കാരുടെ വാദം. പിന്നീട് നടന്ന ജനകീയ സമരസമിതി യോഗത്തില്‍ സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ചര്‍ച്ചയിലും പിന്നീടും ഗെയില്‍ അധികൃതര്‍ മുന്നോട്ടുവച്ച പരിഹാര മാര്‍ഗങ്ങള്‍ കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായി സമരസമിതി അംഗങ്ങള്‍ പറയുന്നു. പൈപ്പിടുന്നതിനായി 20 മീറ്റര്‍ ഭൂമി ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നാട്ടുകാരുടെ എതിര്‍പ്പ് രൂക്ഷമായ സാഹചര്യത്തില്‍ 10 മീറ്റര്‍ ഉടമസ്ഥന് തന്നെ തിരികെ നല്‍കാമെന്നാണ് ഗെയില്‍ അധികൃതര്‍ മുന്നോട്ട് വച്ച പോംവഴി. എന്നാല്‍ സ്ഥലമടയാളപ്പെടുത്തലിന് പുറകെ അടയാളപ്പെടുത്തിയ 20 മീറ്റര്‍ സ്ഥലത്തെ മരങ്ങളെല്ലാം വെട്ടിക്കളഞ്ഞതിന് ശേഷം 10 മീറ്റര്‍ തിരികെ തരാമെന്ന് പറയുന്നതില്‍ എന്ത് കാര്യമെന്നാണ് എരഞ്ഞമാവ് സ്വദേശികള്‍ ചോദിക്കുന്നത്. സ്ഥലം അളന്നുതിട്ടപ്പെടുത്തി പോവുന്നതല്ലാതെ ആര്‍ക്കും ഒരു നോട്ടീസ് പോലും നല്‍കിയിട്ടില്ലെന്ന പരാതിയും സമരക്കാര്‍ ഉന്നയിക്കുന്നു.

‘എതിര്‍ക്കുന്നവര്‍ അവര്‍ക്ക് തീവ്രവാദികള്‍; ഇത് നിലനില്‍പ്പിനായുള്ള സമരം’- ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരേ മുക്കത്തുകാര്‍ പറയുന്നു

എരഞ്ഞമാവിലെ സമരസമിതി രക്ഷാധികാരി ചെറിയ മുഹമ്മദ് സംസാരിക്കുന്നു- “സമരസംഘാടനം വിപുലീകരിക്കാനാണ് നിലവിലെ തീരുമാനം. ഇത് ഒരു പ്രത്യേക പ്രദേശത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഗെയില്‍ പൈപ്പ് ലൈന്‍ കടന്നുപോവുന്ന എല്ലാ ജില്ലകളിലെയും ജനങ്ങള്‍ ഇതേ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരോ അഭിമുഖീകരിക്കേണ്ടവരോ ആണ്. ഒരിടത്ത് മാത്രം അടിച്ചമര്‍ത്തിയാല്‍ തീരാവുന്ന വിഷയമല്ല ഇത്. മലപ്പുറവും കോഴിക്കോടുമുള്‍പ്പെടെ ആറ് ജില്ലകളിലൂടെ ഗെയില്‍ പൈപ്പ് ലൈന്‍ കടന്നുപോവുന്നുണ്ട്. പൈപ്പിടുന്നത് സംബന്ധിച്ച് ഗെയില്‍ അധികാരികള്‍ക്ക് തന്നെ കൃത്യതയില്ല എന്നാണ് ഒടുവില്‍ അവരില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇരുപത് മീറ്റര്‍ സ്ഥലം പൈപ്പിടുന്നതിനായി ഏറ്റെടുക്കുമെന്നാണ് ഇത്രയും കാലം അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ 10 മീറ്റര്‍ ഉടമസ്ഥന് തിരികെ നല്‍കാമെന്നായി. ഇവിടെ രണ്ട് വീടുകള്‍ക്കിടയിലൂടെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് വീടുകളും തമ്മിലുള്ള അകലം അഞ്ച് മീറ്ററോളമേ വരൂ. ഇവര്‍ 20 മീറ്റര്‍ സ്ഥലമെടുത്താല്‍ പുരയിടം പൊളിക്കേണ്ടി വരും. അപ്പോള്‍ ഗെയില്‍ അധികൃതര്‍ തന്നെ അതിന് പോംവഴി നിര്‍ദ്ദേശിച്ചു. പുരയിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടി വരുന്ന അത്തരം കേസുകളില്‍ പൈപ്പിടാന്‍ രണ്ട് മീറ്റര്‍ മുതല്‍ അഞ്ച് മീറ്റര്‍ വരെ മതിയാവും എന്നാണ് പറയുന്നത്. അപ്പോള്‍ രണ്ട് മീറ്ററിലും പൈപ്പിടാമെന്നാണോ? ഗെയില്‍ അധികൃതര്‍ ഇക്കാര്യത്തില്‍ ആദ്യം ഒരു കൃത്യത വരുത്തുന്നത് നന്നാവും.

വിയോജിക്കാം, പക്ഷെ ഗ്യാസ് ലൈന്‍ ആയതുകൊണ്ട് എന്ത് ‘ഗ്യാസും’ അടിക്കാം എന്ന് കരുതരുത്

സ്ഥലം അടയാളപ്പെടുത്തി, അളന്ന് തിട്ടപ്പെടുത്തി പോവുന്നതല്ലാതെ ഇന്നേവരെ ഒരാള്‍ക്കും നോട്ടീസ് കൊടുത്ത് കണ്ടിട്ടില്ല. നോട്ടീസ് പോലും കൊടുക്കാതെ അന്യന്റെ വസ്തുവില്‍ കയറി അടയാളപ്പെടുത്തുന്നത് അതിക്രമമായല്ലേ കണക്കാക്കേണ്ടത്. ഒരാള്‍ക്കും നഷ്ടപരിഹാരം കിട്ടിയതായും അറിവില്ല. ഏറ്റവും ഒടുവില്‍ പൈപ്പിന് സംരക്ഷണം ഉറപ്പ് വരുത്തേണ്ടത് ഉടമസ്ഥന്റെ ബാധ്യതയാണെന്നാണ് യോഗത്തില്‍ ഗെയില്‍ അധികൃതര്‍ പറഞ്ഞത്. ആരെങ്കിലും മണ്ണ് മാന്തുന്നുണ്ടോ, കുഴിക്കുന്നുണ്ടോ എന്നൊക്കെ നോക്കേണ്ടത് ഭൂമിയുടെ ഉടമസ്ഥനാണ് പോലും. ഇതെവിടുത്തെ ന്യായമാണെന്ന് മനസ്സിലാവുന്നില്ല. ഇങ്ങനെയാണെങ്കില്‍ പൈപ്പ് ഇട്ടിരിക്കുന്ന വയലിലൊന്നും നാളെ ഒരു ട്രാക്ടര്‍ പോലും ഇറക്കേണ്ടി വരില്ല.

പ്രണയത്തിന്റെ ബോംബ് പൊട്ടിയ മുക്കത്ത് മറ്റൊരു ‘ബോംബ്’

മറ്റൊന്ന് ഞങ്ങളൊരിക്കലും സംഘര്‍ഷം ഉണ്ടാക്കിയിട്ടില്ല. പ്രതിഷേധിച്ചു എന്നത് സത്യമാണ്. പക്ഷെ പോലീസിന്റെ ഇടപെടലോടെ അത് സംഘര്‍ഷമായതാണ്. പിന്നെ, തീവ്രവാദികളാണ് സമരം ചെയ്യുന്നതെന്ന കാര്യം. സമരത്തിന്റെ പേരില്‍ അറസ്റ്റിലായ പത്ത് പേര്‍ ഇന്ന് ജാമ്യത്തിലിറങ്ങി. അവരെല്ലാം സിപിഎമ്മുകാരാണ്. അവര്‍ സിപിഎമ്മുകാരായല്ല, പകരം നാട്ടുകാരായാണ് സമരത്തില്‍ പങ്കെടുത്തത്. അതുകൊണ്ടുതന്നെ അവരെ ഏതെങ്കിലും തരത്തില്‍ ഞങ്ങള്‍ ഒറ്റപ്പെടുത്തില്ല. പക്ഷെ ഇതുപോലെ തന്നെയാണ് മറ്റ് സമരക്കാരും. പലര്‍ക്കും പല രാഷ്ട്രീയമുണ്ടാവാം. പക്ഷെ അതൊന്നുമല്ല സമരത്തിന്റെ കാരണം.”

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മാത്രം 150 കിലോമീറ്ററോളം നീളത്തിലാണ് പൈപ്പിടാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഇതേവരെ 10 കിലോമീറ്ററില്‍ താഴെ മാത്രമേ പൈപ്പ് ഇടല്‍ നടന്നിട്ടുള്ളൂ. മറ്റ് സ്ഥലങ്ങളില്‍ സ്ഥലമടയാളപ്പെടുത്തലും സ്ഥലമൊരുക്കലും മാത്രമാണ് നടന്നിരിക്കുന്നത്. പൈപ്പിടല്‍ പ്രാരംഭഘട്ടത്തില്‍ തന്നെ നില്‍ക്കുന്നതിനാല്‍ അലൈന്‍മെന്റ് മാറ്റുന്ന കാര്യം സര്‍ക്കാരിനും ഗെയിലിനും ഇനിയും ചിന്തിക്കാവുന്നതേയുള്ളൂ എന്നാണ് സമരസമിതിയുടെ നിലപാട്.

ഗെയ്ല്‍ പൈപ്പ്‌ലൈന്‍ ; നിയമം പറയുന്ന അധികാരികളും ആശങ്കകള്‍ അടങ്ങാത്ത ജനങ്ങളും

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍