ഇന്നലെയാണ് ഗീത ഗോപി എംഎല്‍എ സമരമിരുന്നയിടത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ചാണകവെള്ളം തളിച്ച് ‘ശുദ്ധി’ വരുത്തിയത്
താന്‍ സമരമിരുന്നയിടത്ത് ചാണകവെള്ളം തളിച്ച് ‘ശുദ്ധി’ വരുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ക്കൊരുങ്ങി നാട്ടിക എംഎല്‍എ ഗീതാ ഗോപി. കഴിഞ്ഞ ദിവസമാണ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനാവശ്യപ്പെട്ട് ഗീതാ ഗോപി പഞ്ചായത്തംഗങ്ങള്‍ക്കൊപ്പം സിവില്‍ സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
പ്രതിഷേധത്തെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് നേരിട്ട് ഇടപെട്ട് അറ്റകുറ്റപ്പണികള്‍ നടത്താമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു. ഇതിനു ശേഷമാണ് ദളിത് സമുദായാംഗം കൂടിയായ ഗീതാ ഗോപി ഇരുന്നു പ്രതിഷേധിച്ചയിടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാറും ചേര്‍ന്ന് ചാണക വെള്ളം തളിച്ചത്. നിയമസഭാ സാമാജികയായ തനിക്ക് ഇത്രയേറെ കടുത്ത ജാതീയത നേരിടേണ്ടിവരുന്നുണ്ടെങ്കില്‍, സാധാരണക്കാരായ പട്ടികജാതിക്കാര്‍ക്കു നേരെ എന്തു തരത്തിലുള്ള അതിക്രമങ്ങള്‍ക്കും ഇവര്‍ മടിക്കുകയില്ലെന്നും, അതിനെതിരായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഗീതാ ഗോപി എംഎല്‍എ അഴിമുഖത്തോട് പ്രതികരിച്ചു.
തനിക്കു പോലും ഇത്തരം അവഹേളനമാണ് നേരിടേണ്ടിവരുന്നതെങ്കില്‍, നാളെ പട്ടികജാതിക്കാര്‍ നടക്കുന്ന വഴിയിലെല്ലാം ചാണക വെള്ളം തളിക്കപ്പെടില്ലെന്ന് എന്താണുറപ്പെന്ന് ഗീതാ ഗോപി ചോദിക്കുന്നു. “നാട്ടിക നിയമസഭയെ കഴിഞ്ഞ എട്ടു വര്‍ഷമായി പ്രതിനിധീകരിക്കുന്നയാളാണ് ഞാന്‍. മണ്ഡലത്തിനകത്ത് ഒരുപാട് പൊതുവിഷയങ്ങളുണ്ട്. ഒരു സാമാജിക എന്ന നിലയില്‍ അതില്‍ ഇടപെടുന്നതും ഉദ്യോഗസ്ഥരുമായി സംസാരിച്ച് പരിഹരിക്കുന്നതും സാധാരണ വിഷയമാണ്. ഇന്നലെ നടന്നത് പക്ഷേ, അസ്വാഭാവികമായ കാര്യമായിരുന്നു. റോഡില്‍ അപകട സാധ്യത കാണുകയും, ജനങ്ങള്‍ പ്രതിഷേധിക്കുകയും അതിനു പരിഹാരമുണ്ടാക്കാന്‍ എംഎല്‍എ എന്ന നിലയില്‍ സിവില്‍ സ്റ്റേഷനു മുന്നില്‍ കുത്തിയിരിക്കേണ്ടിവരികയുമാണ് ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മെംബര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മണിക്കൂറുകളോളമാണ് ഞാന്‍ സിവില്‍ സ്‌റ്റേഷനു മുന്നിലിരുന്നത്. അപ്പോള്‍ത്തന്നെ പ്രശ്‌നം മന്ത്രിയുടെ ഓഫീസില്‍ നിന്നും ഇടപെട്ട് പരിഹരിച്ചു. റോഡിലെ കുഴികളടച്ച് ഗതാഗത സൗകര്യം പുനസ്ഥാപിക്കാനുള്ള ഉറപ്പ് കിട്ടിയ ശേഷമാണ് ഞാന്‍ സമരം അവസാനിപ്പിച്ചത്. ഞാനും മെമ്പര്‍മാരും ഇരുന്നു പ്രതിഷേധിച്ച അതേയിടത്ത് ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് ബക്കറ്റും ചാണകവും വെള്ളവുമായി അടിച്ചു കഴുകുന്ന രംഗമാണ് ഞാന്‍ പിന്നെ സമൂഹമാധ്യമങ്ങള്‍ വഴി കാണുന്നത്.
സത്യത്തില്‍ ഞാനതു കണ്ട് ഞെട്ടിപ്പോയി. കേരള സംസ്ഥാനത്ത് ഇങ്ങനെ ഇനി നടക്കാന്‍ പാടില്ല എന്ന് അപ്പോള്‍ത്തന്നെ മനസ്സില്‍ ഉറപ്പിക്കുകയും ചെയ്തു. വളരെ വേദനാജനകമായ ഒരു വിഷയമാണത്. നിയമസഭാംഗവും പട്ടികജാതിക്കാരിയുമായ എനിക്ക് ഇന്ന് ഇത് സംഭവിച്ചിട്ടുണ്ടെങ്കില്‍, നാളെ മറ്റു പല സ്ത്രീകള്‍ക്കും ഇത് അനുഭവിക്കേണ്ടി വന്നേക്കാം. ഒരിക്കലും അതുണ്ടാകരുത്. ആ തീര്‍ച്ചയുടെ പുറത്ത് പാര്‍ട്ടി നേതൃത്വത്തെ വിവരമറിയിച്ചിട്ടുണ്ട്. അവരുമായി കൂടിയാലോചിച്ച് സാധ്യമായിടത്തെല്ലാം പരാതികളും കൊടുത്തിട്ടുണ്ട്. കേരളത്തിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന ഈ സര്‍ക്കാരിന്റെ ഒരു എംഎല്‍എയ്ക്ക് ഇങ്ങനെ സംഭവിക്കാന്‍ പാടില്ല എന്നാണ് എന്റെ പരാതികളുടെ ഉള്ളടക്കം. അക്കാര്യത്തില്‍ മുഖ്യമന്ത്രി എനിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന വിശ്വാസവുമുണ്ട്. ഏറ്റവും അപഹാസ്യമായ കാര്യമാണ് ഇന്നലെ സംഭവിച്ചത്. മനുഷ്യനായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയാര്‍ക്കുമില്ലേ? ആ സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് ഉറപ്പുവരുത്താനുള്ള ജനാധിപത്യ വ്യവസ്ഥയിലെ ഒരു സാമാജികയ്ക്കാണ് ഇന്നിത് സംഭവിച്ചിരിക്കുന്നത്. അങ്ങനെയുണ്ടായ സ്ഥിതിക്ക് നാളെ സാധാരണ ജനങ്ങള്‍ക്ക് എന്തെല്ലാം സംഭവിച്ചേക്കാം? അതാണ് എന്റെ വിഷയം. നാളെയിവര്‍ പട്ടികജാതിക്കാര്‍ നടക്കുന്ന വഴിയിലെല്ലാം പുറകെ നടന്ന് ചാണകവെള്ളം തളിച്ചാല്‍ എന്തു ചെയ്യാന്‍ പറ്റും? യുവാക്കള്‍ക്ക് ഇതാണ് അന്തസ്സ് എന്നല്ലേ അവര്‍ ഈ പ്രവൃത്തിയിലൂടെ പറഞ്ഞുവയ്ക്കുന്നത്?”
Also Read: ഗീതാ ഗോപി എംഎല്‍എ ഇരുന്നിടത്ത് ചാണകവെള്ളം തളിച്ച് ‘ശുദ്ധം വരുത്തി’ യൂത്ത് കോണ്‍ഗ്രസ്
സിപിഐ നേതൃത്വത്തിനൊപ്പം ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെത്തി ഇന്നലെ രാത്രി 11 മണിയോടെ ഗീതാ ഗോപി പരാതി കൈമാറിയിട്ടുണ്ട്. മുപ്പതാം തീയതി രാവിലെ മുഖ്യമന്തിയുടെ വസതിയിലെത്തി നേരിട്ട് പരാതിയറിയിക്കുകയും ചെയ്യും. ഇന്ന് രാവിലെ സ്പീക്കര്‍ക്കും രേഖാമൂലം പരാതി നല്‍കും. എസ്.സി/ എസ്.ടി വകുപ്പു പ്രകാരം കേസെടുക്കാന്‍ പട്ടികജാതി വകുപ്പു മന്ത്രി എ.കെ ബാലനോട് ആവശ്യപ്പെടുകയും ചെയ്യുമെന്ന് ഗീതാ ഗോപി എംഎല്‍എ പറയുന്നു. സാധ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഏതറ്റം വരെയും പോകും എന്നാണ് എംഎല്‍എയുടെ നിലപാട്.
Read Azhimukham: തിരുവനന്തപുരമടക്കമുള്ള വിമാനത്താവളങ്ങള്‍ അദാനിക്ക് നല്‍കിയത് ധനമന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും ശിപാര്‍ശകള്‍ തള്ളി