UPDATES

സര്‍ക്കാര്‍ സ്കൂളുകള്‍ എന്ന് ഇന്നാരും അവജ്ഞയോടെ പറയില്ല; വിദ്യാഭ്യാസ രംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിക്കുകയാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍

അധ്യയനത്തിൽ ഉയർന്ന മാർക്കും ഉന്നതനിലവാരവും നിലനിർത്തിക്കൊണ്ടു തന്നെയാണ് കേരളത്തിലെ സർക്കാർ വിദ്യാലയങ്ങൾ ഇപ്പോൾ ഈ നിലകളിൽ വേറിട്ട മാതൃകകൾ സൃഷ്ടിക്കുന്നത്.

കെ.എ ഷാജി

കെ.എ ഷാജി

പാലക്കാടിനടുത്ത് കോങ്ങാടുള്ള സർക്കാർ വിദ്യാലയത്തിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി ആർ സഞ്ജന കഴിഞ്ഞ ഒരു അക്കാദമിക് വര്‍ഷം അധിക വായനയ്ക്ക് ഉപയോഗിച്ചത് ഇംഗ്ളീഷിലും മലയാളത്തിലുമുള്ള അറുപത്തിമൂന്ന് പുസ്തകങ്ങളാണ്. അതും പഠനത്തിലും പഠ്യേതര പ്രവർത്തനങ്ങളിലും നല്ല നിലയിൽ മുന്നിൽ നിൽക്കവേ തന്നെ. സഞ്ജനയുടെ സഹപാഠി കെ.എസ് ആയിഷ വായിച്ചത് അറുപത് പുസ്തകങ്ങൾ. ഗൗതം കൃഷ്ണനും എസ് അരവിന്ദും ഇതേ കാലയളവിൽ വായിച്ചത് അൻപത്തിയഞ്ചു പുസ്തകങ്ങൾ വീതം.

ടെലിവിഷനും ഇന്റർനെറ്റും പുതുതലമുറയുടെ വായനയെ നശിപ്പിക്കുന്നു എന്ന് വ്യാപകമായി ആക്ഷേപിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് ഈ സർക്കാർ സ്കൂൾ വായനയിൽ സമൂലമായ വിപ്ലവം സൃഷ്ടിക്കുന്നത്. നന്തനാരും കോവിലനും മുതൽ ദൊസ്തെയെവ്സ്കിയും ഗുന്തർഗ്രാസും വരെ എത്തുന്ന പരന്ന വായന. സാഹിത്യം മാത്രമല്ല ജീവിതത്തിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട വൈജ്ഞാനിക ഗ്രന്ഥങ്ങളും കുട്ടികൾ ഇവിടെ വായിക്കുന്നു. ഒപ്പം ചർച്ച ചെയ്യുകയും അറിവ് പങ്കുവയ്ക്കുകയും ചെയ്യുന്നു.

129 വർഷത്തെ ചരിത്രമുണ്ട് ഈ സ്കൂളിന്. എന്നാൽ ഈ സ്കൂളിനെ വേറിട്ടതാക്കുന്നത്‌ ഇവിടുത്തെ ലൈബ്രറിയാണ്. 5300 പുസ്തകങ്ങൾ. അവയെല്ലാം വീടുകൾ കയറി പണം പിരിച്ച്, കഴിഞ്ഞ ചില വർഷങ്ങളിൽ ഇവിടുത്തെ അധ്യാപകരും വിദ്യാർത്ഥികളും ചേര്‍ന്ന് നിര്‍മിച്ചെടുത്തതാണ്.  വിദ്യാർത്ഥികൾക്ക് മാത്രമല്ല അവരുടെ രക്ഷിതാക്കൾക്കും ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുക്കാം. സാമ്പത്തീകമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാൻ സ്കൂളിൽ കുട്ടികളുടേതായ ബാങ്ക് ഉണ്ട്. കണക്കിൽ പിന്നാക്കം നിൽക്കുന്നവർക്ക് മാത്തമാറ്റിക്സ് ക്ലബ് ഉണ്ട്. ഇംഗ്ളീഷ് ഭാഷയിലും വ്യാകരണത്തിലും പ്രത്യേകം പരിശീലനം ഉണ്ട്. എന്തിനേറെ പറയുന്നു, ഒരു കുഞ്ഞു ബൊട്ടാണിക്കൽ ഗാർഡൻ വരെ ഇവിടുണ്ട്.

ഇതേ ജില്ലയില്‍ തന്നെ വട്ടേനാട് സർക്കാർ ഹയർ സെക്കണ്ടറി സ്കൂളുമുണ്ട്. അധ്യാപകരും പൂർവ വിദ്യാർത്ഥികളും ചേർന്ന് സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് സോളാർ പാനലുകളുടെ ഒരു ഗ്രിഡ് ഉണ്ടാക്കിയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. മുഴുവൻ ഊർജ ആവശ്യങ്ങളും ഗ്രിഡിൽ നിന്ന്. അവധി ദിനങ്ങളിൽ വൈദ്യതി വകുപ്പിന് ഈ ഗ്രിഡിൽ നിന്നും വൈദ്യതി വിൽക്കും. ഭിന്ന ശേഷിയുള്ള കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ക്ലാസ്സ് മുറികളാണ് ഇവിടുത്തെ വേറെ ഒരു പ്രത്യേകത.

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ രാജാസ് സർക്കാർ വിദ്യാലയത്തിൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നത് വിഖ്യാത എഴുത്തുകാരൻ ഒ വി വിജയൻറെ പേരിലുള്ള സ്‌മൃതിവനമാണ്. അതിൽ കുട്ടികൾ രൂപപ്പെടുത്തിയ വിജയൻറെ കഥാപാത്രങ്ങൾ. ഇംഗ്ളീഷിനും ഹിന്ദിക്കും മലയാളത്തിനും ഒപ്പം സ്കൂൾ ഏറിയ പ്രാധാന്യം നൽകുന്ന ഒരു വിഷയമുണ്ട്; കഥകളി.

കാസർഗോഡ് ജില്ലയിലെ കക്കാട്ടുള്ള സർക്കാർ വക ഹയർ സെക്കണ്ടറി സ്കൂൾ ശ്രദ്ധേയമാകുന്നത് ആ പ്രദേശത്തെ ജലസംഭരണികളുടെ സംരക്ഷണവും പരിപാലനവും ഏറ്റെടുത്തു കൊണ്ടാണ്. ജൈവവൈവിധ്യ പാർക്കും ആരണ്യകം എന്ന കൊച്ചു വനവും ആ സ്കൂളിൽ ഉണ്ട്.

മുഴുവൻ കുട്ടികൾക്കും നീന്തലിൽ പരിശീലനം കൊടുക്കുന്ന ഒന്നാണ് ആലപ്പുഴ ജില്ലയിലെ ചുനക്കരയിലെ സർക്കാർ വിദ്യാലയം. വീടില്ലാത്ത സഹപാഠികൾക്കു വീട് നിർമിച്ചു നൽകുന്ന ഒരു പദ്ധതി അടക്കം സ്കൂളിൽ ഉണ്ട്. നാടക കളരി മുതൽ നാടൻ പാട്ട് പരിശീലനം വരെ കുട്ടികൾക്ക് ലഭിക്കുന്നു.

മാലിന്യ നിർമാർജന യൂണിറ്റുകൾ, കൊച്ചു ശാസ്ത്ര പ്രതിഭകളെ കണ്ടെത്താൻ ഉള്ള ഇൻക്യൂബേറ്ററുകൾ, പെൺകുട്ടികളുടെ ഫുട്ബോൾ ടീം, പ്രതിഭകളെ വിളിച്ചു കൊണ്ട് വന്നു അവരുമായുള്ള സംവാദങ്ങൾ, പ്രാദേശിക റേഡിയോ പ്രക്ഷേപണം, പച്ചക്കറി കൃഷി, പാവ കളി പരിശീലനം, നദീ സംരക്ഷണം, ജൈവ വൈവിധ്യ പരിപാലനം, ഗ്രാമീണ ചരിത്ര നിർമ്മാണം എന്നിങ്ങനെ വിവിധങ്ങളും വൈവിധ്യങ്ങൾ നിറഞ്ഞതുമായ മേഖലകളിൽ മാതൃക കാണിക്കുകയാണ് കേരളത്തിലെ ഒട്ടു മിക്ക സർക്കാർ വിദ്യാലയങ്ങളും. പ്ലാസ്റ്റിക്കിൽ നിർമിക്കുന്ന പേനകൾ ഒഴിവാക്കി പെൻസിലുകൾ കൊണ്ട് മാത്രം എഴുതുന്ന സ്കൂളുകൾ വരെ ഉണ്ട് അവയിൽ. ഒരു വിദ്യാർത്ഥി പോലും വിശപ്പിലും പട്ടിണിയിലും ആകരുത് എന്നും എല്ലാവര്‍ക്കും കയറി കിടക്കാൻ വീട് വേണം എന്നും പോലും നിർബന്ധമുള്ള ഒരുപാട് സ്കൂളുകൾ. പാലിയേറ്റിവ് കെയർ പോലുള്ള മേഖലകളിൽ പോലും അവർ പുതിയ മാതൃകകൾ സൃഷ്ടിക്കുന്നു.

അധ്യയനത്തിൽ ഉയർന്ന മാർക്കും ഉന്നതനിലവാരവും നിലനിർത്തിക്കൊണ്ടു തന്നെയാണ് കേരളത്തിലെ സർക്കാർ വിദ്യാലയങ്ങൾ ഇപ്പോൾ ഈ നിലകളിൽ വേറിട്ട മാതൃകകൾ സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഇന്ന് വലിയൊരു നിശബ്ദ വിപ്ലവമാവുകയാണ് സർക്കാർ സ്കൂളുകൾ. ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ അടച്ചു പൂട്ടൽ ഭീഷണി നേരിട്ടവയാണ് ഇവയിൽ മിക്കതും. ഒരിക്കൽ കുട്ടികൾ കൊഴിഞ്ഞു പോയിരുന്ന സ്ഥാപനങ്ങളിൽ ഇന്ന് കുട്ടികൾ ധാരാളമായി ഒഴുകിയെത്തുന്നു. സ്വാശ്രയ ഇംഗ്ളീഷ് മീഡിയം സ്കൂളുകളിലെ ചെലവേറിയ വിദ്യാഭ്യാസം തേടി മക്കളെ മാറ്റി കൊണ്ടുപോയിരുന്ന സമൂഹത്തിലെ ഉന്നതകുലജാതർ വരെ ഇന്ന് സർക്കാർ സ്കൂളുകളുടെ മഹത്വം തിരിച്ചറിയുന്നു. സമ്പൂർണവും സമഗ്രവും വിദ്യാർത്ഥി കേന്ദ്രീകൃതവുമായ വിദ്യാഭ്യാസം എന്നതിലേക്കുള്ള ഒരു വലിയ കുതിച്ചുചാട്ടം സമീപ നാളുകളിൽ ആർജിക്കാൻ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ആയിട്ടുണ്ട്.

വിദ്യാർത്ഥികളേ ഇതിലേ ഇതിലേ…/ ഡോക്യുമെന്റെറി 

 

ഇതൊന്നും ആകസ്മികമായി സംഭവിക്കുന്നതല്ല. ഈ മെയ് മാസം ആദ്യം കേരളത്തിലെ സർക്കാർ സ്കൂളുകളിൽ പ്രവേശന നടപടികൾ ആരംഭിച്ചത് ഇപ്പോഴും തുടരുന്നു. 60,000-ത്തിനു മുകളിൽ കുട്ടികൾ നിലവിൽ ചേർന്ന് കഴിഞ്ഞു എന്നാണ് അധികൃതരുടെ നിഗമനം. കൃത്യമായ കണക്കുകൾ ലഭ്യമാകാൻ ഇനിയും പത്തു പതിനഞ്ച് ദിവസങ്ങൾ എടുത്തേക്കാം. പോയ വർഷം പൊതു വിദ്യാഭ്യാസ സഥാപനങ്ങളിൽ വിവിധ ക്ലാസ്സുകളിലായി വന്നു ചേർന്നത് ഒരു ലക്ഷത്തി എൺപതിനായിരം കുട്ടികളായിരുന്നു. അതിനു മുൻപത്തെ വർഷത്തേക്കാൾ നാല്‍പ്പതിനായിരം കൂടുതൽ. കഴിഞ്ഞ കാൽനൂറ്റാണ്ടിൽ ആദ്യമായാണ് ഇത്ര വലിയ ഒരു ഒഴുക്ക് പൊതുവിദ്യാഭ്യാസ സഥാപനങ്ങളിലേക്ക് ഉണ്ടായത് എന്നിടത്താണ് കാര്യമിരിക്കുന്നത്. തീർച്ചയായും സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പൊതുവിദ്യാഭ്യാസത്തോടുള്ള മനോഭാവത്തിന്റേയും സമീപനങ്ങളുടെയും വിജയം കൂടിയാണിത്.

2016 വരെ അടച്ചു പൂട്ടൽ ഭീഷണി നേരിട്ടിരുന്ന 5715 സ്കൂളുകൾ ഇന്ന് വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്നവയുടെ പട്ടികയിലാണ്. സംസ്ഥാനത്തെ വിജയകരമായി പ്രവർത്തിക്കുന്ന പൊതുവിദ്യാലയങ്ങളുടെ എണ്ണം ഇപ്പോൾ 13,000-ത്തിനു മുകളിലാണ്. എന്താണ് ഈ നേട്ടങ്ങൾക്കു പിന്നിലുള്ള കാരണം? പണച്ചെലവുള്ള വിദ്യാഭ്യാസം നല്ല വിദ്യാഭ്യാസം ആയിരിക്കണം എന്നില്ല എന്ന് കേരളം പതിയെ തിരിച്ചറിഞ്ഞു വരികയാണ്. സർക്കാർ സ്കൂളുകളിൽ കുട്ടികളെ ചേർക്കുന്നതിൽ മധ്യവർഗത്തിനു മുൻപുണ്ടായിരുന്ന വിപ്രതിപത്തിയെ മറികടക്കാൻ പ്രതിഭാധനരും സാമൂഹിക പ്രതിബദ്ധതയും ഭാവനയുമുള്ള അധ്യാപകർക്കായി. അത്തരം അധ്യാപകരുടെ കൂട്ടായ്മകൾ സൃഷ്ടിച്ചും അവർക്കു വേണ്ടുന്ന പിന്തുണ നൽകിയും വിഭവ സമാഹരണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും മികച്ച പിൻബലം നൽകിയും സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടെ നില്കുന്നു. സർക്കാരും അധ്യാപക സമൂഹവും എടുക്കുന്ന നിലപാടുകളിൽ ആവേശം കൊണ്ട് രക്ഷിതാക്കളും വലിയ നിലയിലുള്ള ഇടപെടലുകളുമായി മുന്നോട്ടു വരുന്നു.

Read More : മുഹമ്മദ് ദില്‍ഷാദ് എന്ന ബിഹാറി ബാലനിലൂടെ കേരളം വീണ്ടും ഇന്ത്യക്ക് മാതൃകയാകുമ്പോള്‍

മിക്ക സർക്കാർ സ്കൂളുകളിലും പഠനം ഇപ്പോൾ പാഠപുസ്തകങ്ങളിൽ ഒതുങ്ങുന്നില്ല. വാർഷിക പരീക്ഷകൾക്കുമപ്പുറം പ്രതിഭകളെ കണ്ടെത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും സ്വഭാവ രൂപീകരണത്തിലും എല്ലാം സ്കൂളുകൾ വലിയ വിജയം നേടുന്നു. ലിംഗ നീതി, സാമൂഹിക ഐക്യം, പരിസ്ഥിതി ബോധം, ദുർബലരുടെ അവകാശങ്ങൾ എന്നിവയിലെല്ലാം സ്വകാര്യ സ്വാശ്രയ സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടികളെക്കാൾ ഏറെ മുന്നിലാണ് ഇന്ന് സർക്കാർ സ്കൂളുകളിലെ കുട്ടികൾ.

2017 ജനുവരി 27-നാണ്‌ കേരളത്തിൽ സമഗ്രമായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിക്കുന്നത്. ഒരു ക്ലാസ്സിൽ ചുരുങ്ങിയത് പതിനഞ്ചു കുട്ടികൾ എങ്കിലും ഉണ്ടാകണം എന്ന നിബന്ധനയ്ക്കു കീഴിൽ മിക്ക സ്കൂളുകളും അടച്ചു പൂട്ടൽ ഭീഷണി നേരിട്ടപ്പോൾ. സർക്കാരും രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ചു നിന്ന് ആ ഭീഷണിയെ നേരിട്ടതിന്റെ ഗുണഫലമാണ് ഇന്ന് സ്വകാര്യ വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങളിൽ കുട്ടികൾ കുറയുന്നതും സർക്കാർ സ്കൂളുകളിൽ കുട്ടികൾ കൂടുന്നതും. ഓരോ നിയമസഭാ മണ്ഡലത്തിലെയും ഓരോ സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്നതിലും അവയ്ക്കു വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും സർക്കാരിനായി. ഇന്നിപ്പോൾ 141 മികവിന്റെ കേന്ദ്രങ്ങൾ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഉണ്ട്. അവയിലും മറ്റിടങ്ങളിലുമായി 45,000 ഡിജിറ്റൽ ക്ലാസ്സ് മുറികളും നിലവിൽ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. മെച്ചപ്പെട്ടതും സുരക്ഷിതവും മനോഹരവുമായ കെട്ടിടങ്ങൾ, പഠനത്തിനും ഇതര ബോധന പരിപാടികൾക്കും അനുയോജ്യവും വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെടുന്നതുമായ ക്ലാസ് മുറികൾ എന്നിവയെല്ലാം വ്യാപകമായ അളവിൽ കേരളത്തിൽ സർക്കാർ നടപ്പിലാക്കി വരികയാണ്.

Also Read: വഴികാട്ടുന്ന കേരളം; രാജ്യത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ‘റോഷ്നി’ വിദ്യാഭ്യാസ പദ്ധതി രൂപമെടുത്തത് ബിനാനിപുരം ഗവ. ഹൈസ്‌കൂളിലാണ്

വായനയുടെയും അറിവിന്റെയും വലിയ ലോകമാണ് ഇന്ന് സർക്കാർ വിദ്യാലയങ്ങൾ തുറക്കുന്നത്. 866 അപ്പർ പ്രൈമറി സ്കൂളുകളിലും 1225 ഹൈസ്‌കൂളുകളിലും വിപുലമായ ലൈബ്രറികൾ നിലവിൽ വന്നു കഴിഞ്ഞു. കംപ്യൂട്ടർ വിദ്യാഭ്യാസ സൗകര്യങ്ങളും ഗണനീയമായി വർധിച്ചിട്ടുണ്ട്.

സർക്കാർ സ്കൂളുകളിൽ ഒരു സമയത്ത് കുട്ടികളെ വിടുന്നതിൽ രക്ഷിതാക്കളെ വിലക്കിയിരുന്നത് അവ ഇംഗ്ളീഷ് ഭാഷാ പ്രാവീണ്യത്തിനു വലിയ പ്രാധാന്യം നൽകിയിരുന്നില്ല എന്ന കാരണം കൊണ്ടാണ്. ആ കാലമെല്ലാം കഴിഞ്ഞു പോയി. സ്വകാര്യ സ്കൂളുകളെ അപേക്ഷിച്ച് ഇംഗ്ളീഷിൽ വലിയ അറിവും പരിജ്ഞാനവും പരിശീലനവുമുള്ള അധ്യാപകരുടെ നീണ്ട നിര ഇന്ന് സർക്കാർ സ്കൂളുകളിലുണ്ട്. ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകളും ഇംഗ്ളീഷ് ലാബുകളും ഇംഗ്ളീഷിൽ ദുര്‍ബലരായവർക്കു വേണ്ടിയുള്ള അധിക പരിശീലനവും മിക്ക സ്കൂളുകളിലും ഉണ്ട്. ഗണിതത്തിന്റെ മേഖലയിലും ദുർബലരെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ പൊതുവിദ്യാഭ്യാസം വിജയിച്ചു കഴിഞ്ഞു. ആദിവാസി, ദളിത്, മത്സ്യത്തൊഴിലാളി മേഖലകളിൽ വലിയ തോതിൽ അടിസ്ഥാനപരമായ സാമൂഹിക മാറ്റം കൊണ്ട് വരുന്നതിനു പൊതുവിദ്യാഭ്യാസ പ്രസ്ഥാനത്തിന് ആയിട്ടുണ്ട്. അട്ടപ്പാടിയിൽ സർക്കാർ സ്കൂളുകളിലെ ഉയർന്ന വിജയ ശതമാനം തന്നെ ഉദാഹരണം. സ്കൂൾ വിദ്യാഭ്യാസത്തേക്കാൾ കോളജ്, സർവകലാശാല വിദ്യാഭ്യാസ മേഖലകളിലാണ് ഇന്ന് ആദിവാസി, ദളിത് വിദ്യാർത്ഥികൾ പ്രവേശനത്തിലും തുടർപഠനത്തിലും വെല്ലുവിളി നേരിടുന്നത്.

പണവും വിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും മാത്രമല്ല കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ രക്ഷിച്ചു നിർത്തുന്നത്. അത് മനുഷ്യരുടെ മനോഭാവങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ കൂടി ഫലമാണ്. സ്വകാര്യമായതും പണം മുടക്കുന്നതുമായ എല്ലാം നല്ലതും അടിസ്ഥാനപരവും സൗജന്യവും സർവത്രികവുമായത് എല്ലാം മോശവും എന്ന മനോഭാവം മാറി വരുന്നു എന്നതിലാണ് കാര്യം. സമീപ കാലങ്ങളിൽ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ ദൃശ്യമാകുന്ന ഗുണനിലവാര പ്രതിസന്ധിയും അനഭിലഷണീയ പ്രവണതകളും ആർത്തിയും കുട്ടികളെ ക്രിമിനലുകളെക്കാൾ മോശമായി കൈകാര്യം ചെയ്യുന്ന രീതിയുമെല്ലാം ഈ മനോഭാവത്തിലെ മാറ്റത്തിനു കാരണം ആകുന്നു എന്നാണ് മനസ്സിലാകുന്നത്.

മറ്റൊന്ന് സർക്കാർ സ്‌കൂളുകളിലെ അധ്യാപകരുടെ മനോഭാവത്തിൽ വന്ന മാറ്റമാണ്. സ്കൂളുകൾ അടച്ചുപൂട്ടപ്പെടുകയും പലർക്കും തൊഴിൽ തന്നെ നഷ്ടമാകുകയും ചെയ്ത അവസ്ഥയിൽ അതിജീവനം വലിയ പ്രശ്നമായി. അതേവരെ സാമ്പത്തീക തൊഴിൽ സുരക്ഷയുടെ കോട്ടയ്ക്കുള്ളില്‍ അഭിരമിച്ചിരുന്നവർ കഠിനാധ്വാനവും സമർപ്പണവും ഇല്ലാതെ പിടിച്ചു നില്‍ക്കാൻ ആകില്ല എന്ന തിരിച്ചറിവിൽ എത്തി. കുട്ടികൾ പഠിക്കാത്തതിന് പ്രധാന കാരണം അധ്യാപകർ പഠിപ്പിക്കാത്തത് തന്നെയാണ്. ക്രൂരരും പരിമിത വിഭവരും കുട്ടികളോട് വൈര്യനിര്യാതനബുദ്ധി വച്ച് പുലർത്തുന്നവരുമായി നിരവധി അധ്യാപകർ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഒരു പാട് പ്രതിഭകളെ അവരാണ് മുരടിപ്പിച്ചു കളഞ്ഞതും.

രാജ്യം തീവ്രമതസങ്കുചിതത്വങ്ങളാൽ നിയന്ത്രിതമാകുന്ന വർത്തമാനകാല അവസ്ഥയിൽ മതേതരവും ഗുണപരവും സാമൂഹിക പ്രതിബദ്ധത ഉള്ളതും ബഹുസ്വരതയിലും സഹിഷ്ണുതയിലും സൗഹാർദത്തിലും അടിയുറച്ചതുമായ വിദ്യാഭ്യാസം തന്നെയാണ് മാറ്റത്തിനു വഴി കാട്ടേണ്ടത്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടേണ്ടത് ഈ നാടിൻറെ നിലനിൽപ്പിന്റെ മാത്രമല്ല അതിജീവനത്തിന്റെയും ആവശ്യമാണ്.

സര്‍ക്കാരിന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഒറ്റനോട്ടത്തില്‍

1. അഞ്ച് കോടി രൂപ രൂപയുടെ ധനസഹായത്തില്‍ 141 സ്ക്കൂളുകള്‍ മികവിന്‍റെ കേന്ദ്രങ്ങള്‍ ആക്കാനുള്ള പദ്ധതി പുരോഗമിക്കുന്നു. ഇവയില്‍ നൂറ്റിപ്പതിമൂന്നു കേന്ദ്രങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു. ഊന്നല്‍ അടിസ്ഥാന സൌകര്യ വികസനത്തിന്‌.

2. മൂന്നു കോടി രൂപയുടെ ധനസഹായത്തില്‍ 229 സ്ക്കൂളുകളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കാന്‍ പദ്ധതി. അന്‍പത് ഇടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

3. പ്രകൃതി ക്ഷോഭം, സാംക്രമിക രോഗങ്ങള്‍ എന്നിവയടക്കമുള്ള വെല്ലുവിളികള്‍ അധ്യയന ദിനങ്ങള്‍ നഷ്ടപ്പെടുത്തുന്ന അവസ്ഥയില്‍ 200 അധ്യയന ദിനങ്ങള്‍ എങ്കിലും പ്രതിവര്‍ഷം ഉറപ്പാക്കാന്‍ തീവ്രശ്രമം നടക്കുന്നു.

4. എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും പഠന നിലവാരം ഉയര്‍ത്താന്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ നിര്‍ബന്ധിതമാക്കി.

5 ശ്രദ്ധ എന്ന പൊതു പരിപാടി വഴി പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക പിന്തുണ നല്‍കി വിജയത്തിലേക്ക് നയിക്കുന്നു.

6. പ്രൈമറിതലം മുതല്‍ ഭാഷാ പ്രവീണ്യം ഉറപ്പാക്കാന്‍ പദ്ധതി. ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകളില്‍ ഇംഗ്ലീഷ് നിലവാരം ഉയര്‍ത്താന്‍ പദ്ധതി.

7. സംസ്ഥാനത്താകമാനം ഹൈസ്കൂള്‍ തലത്തില്‍ 43329 ഹൈടെക്ക് ക്ലാസ്സ്‌ മുറികള്‍. ലാപ്ടോപ്, പ്രൊജക്ടര്‍ അടക്കമുള്ള പഠന സാമഗ്രികള്‍. പ്രൈമറി തലത്തില്‍ 9941 ഹൈടെക്ക് ക്ലാസ്സ്‌ മുറികള്‍.

8. അധ്യയന നിലവാരം ഉയര്‍ത്താന്‍ സമഗ്ര പഠന പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

9. അക്കാദമിക് മോണിട്ടറിംഗ് കര്‍ക്കശമാക്കി. എ ഇ ഓ, ഡി ഇ ഓ, ഡി ഡിമാരുടെ സ്കൂള്‍ പരിശോധന ശക്തമാക്കി.

10. പഠന നിലവാരം മെച്ചപ്പെടുന്നത് പൊതുജനങ്ങളുമായി പങ്കുവയ്ക്കാന്‍ കുട്ടികളുടെ മികവുത്സവങ്ങള്‍ സംസ്ഥാന വ്യാപകമായി നടത്തുന്നു.

Read More : ഇടിഞ്ഞാർ ട്രൈബൽ സ്‌കൂൾ; ഒരു പൊതുവിദ്യാഭ്യാസ മാതൃക

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍