UPDATES

അധ്യാപകരുടെ ലൈംഗികാതിക്രമത്തിന്‌ ഇരകളാകുന്നവരില്‍ ആണ്‍കുട്ടികളും; മിക്ക കേസുകളിലും നിര്‍ബന്ധിത ഒത്തുതീര്‍പ്പ്

പണം കൊടുത്തും സ്വാധീനമുപയോഗിച്ചും കേസ് ഒത്തുതീര്‍പ്പാക്കുന്ന നിരവധി സംഭവങ്ങളാണ് ഞങ്ങളുടെ അന്വേഷണത്തില്‍ വെളിവായത്; അന്വേഷണ പരമ്പര ഭാഗം- 3

അധ്യാപകരും അനധ്യാപകരും പീഡകരായാല്‍ സ്കൂളിലെത്തുന്ന നമ്മുടെ കുട്ടികള്‍ എന്തുചെയ്യും? കേരളത്തിലെ വിവിധ ജില്ലകളിലെ സ്കൂളുകളില്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് നമ്മുടെ സ്കൂളുകളില്‍ അധ്യാപക-അനധ്യാപകരുടെ ലൈംഗികാതിക്രമങ്ങള്‍ക്ക് പെണ്‍കുട്ടികള്‍ വ്യാപകമായി തന്നെ ഇരകളാകുന്നുണ്ട് എന്നാണ്. ചില കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നുണ്ട് എങ്കിലും മിക്ക കേസുകളും ഒത്തുതീര്‍പ്പാവുകയാണ് ചെയ്യുന്നത് എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് മനസിലായത്. പീഡിപ്പിക്കെട്ട കുട്ടികള്‍ ഭീഷണിയുടെയും ബ്ലാക്ക് മെയിലിംഗിന്റെയും മറവില്‍ വീണ്ടും പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ നിരവധി നടപടികളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇവയൊന്നും തന്നെ ഫലവത്താകുന്നില്ല എന്നു കൂടിയാണ് ഈ സംഭവങ്ങള്‍ കാണിക്കുന്നത്. നിരവധി കുട്ടികളെ ലൈംഗികാതിക്രമത്തിന് വിധേയനാകക്കിയ ഒരധ്യാപകന്‍ ഇപ്പോഴും കാസര്‍കോട്ടെ ഒരു സ്കൂളില്‍ പഠിപ്പിക്കുന്നുണ്ട്. കുട്ടികള്‍ പരാതികള്‍ എഴുതി ‘പരാതിപ്പെട്ടി’യിലിട്ടതിനു ശേഷവും ഇതായിരുന്നു അവസ്ഥ എന്നതും തിരിച്ചറിയേണ്ടതാണ്. ഈ അന്വേഷണ പരമ്പരയുടെ ആദ്യ രണ്ടു ഭാഗങ്ങള്‍ ഇവിടെ വായിക്കാം:

പെണ്‍കുട്ടികള്‍ സ്കൂളുകളില്‍ നേരിടുന്നത് തല മരപ്പിക്കുന്ന ലൈംഗികാതിക്രമങ്ങള്‍; പിന്നില്‍ അധ്യാപകരും അനധ്യാപകരും; കേസുകള്‍ 1000-ത്തിലധികം

‘ആ സാറ് അങ്ങനെയാ, നിങ്ങളൊന്നു ശ്രദ്ധിച്ചാല്‍ മതി’; പെണ്‍കുട്ടികളെ മടിയിലിരുത്തുന്ന അധ്യാപകനെ കുറിച്ചാണ്

ഭാഗം 3

മലപ്പുറത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്‌ക്കൊരുങ്ങുന്നത് സ്‌കൂളിലെ ചില വിദ്യാര്‍ഥികളാണ് കണ്ടത്. ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ച കുട്ടികള്‍ ആ സംഭവം സ്‌കൂള്‍ കൗണ്‍സിലര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കൗണ്‍സിലര്‍ സ്‌കൂളിലെത്തിയതോടെ സ്‌കൂള്‍ അധികൃതര്‍ മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തി പെണ്‍കുട്ടിയെ കാണാന്‍ അനുവദിച്ചില്ല. പെണ്‍കുട്ടിയെ കാണാനും സംസാരിക്കാനുമായി കൗണ്‍സിലര്‍ പലവഴി നോക്കിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ അയഞ്ഞില്ല. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങളുമായി കൗണ്‍സിലര്‍ എത്തിയതോടെ സ്‌കൂളുകാര്‍ക്ക് പിന്നീട് തടസ്സം നില്‍ക്കാനായില്ല. എന്നാല്‍ കൗണ്‍സിലര്‍ കുട്ടിയോട് സംസാരിക്കരുതെന്ന് അധികൃതര്‍ വാശിപിടിച്ചു. സ്‌കൂളിലെ കുട്ടികളും താനും തമ്മിലുള്ള മാനസിക അടുപ്പമാണ് അധികൃതരെ ഭയപ്പെടുത്തിയതെന്ന് കൗണ്‍സിലര്‍ പറയുന്നു. പിന്നീട് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് ലൈംഗികാതിക്രമം പുറത്ത് വരുന്നത്. സ്‌കൂളില്‍ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തിരുന്നയാള്‍ ഈ പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടായിരുന്നു. സൗഹൃദം മുതലെടുത്ത് സ്‌കൂളിനോട് ചേര്‍ന്നുള്ള ട്യൂഷന്‍ സെന്ററില്‍ പെണ്‍കുട്ടിയുമായി ചെന്നു. സ്വസ്ഥമായി സംസാരിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ അവിടെ എത്തിക്കുകയായിരുന്നു. എന്നാല്‍ അവിടെവച്ച് പെണ്‍കുട്ടിയെ അയാള്‍ ലൈംഗികമായി അതിക്രമിച്ചു. ഈ സംഭവത്തിന് ശേഷം ഭയവും സങ്കടവും താങ്ങാനാവാതെ ജീവിതം അവസാനിപ്പിക്കാന്‍ പെണ്‍കുട്ടി തീരുമാനിക്കുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അതോടെ സ്‌കൂള്‍ അധികൃതര്‍ക്ക് പറയാന്‍ ന്യായങ്ങളില്ലാതായി. ഗസ്റ്റ് അധ്യാപകനെ പിരിച്ചുവിട്ടു. എന്നാല്‍ സ്‌കൂള്‍ അധികൃതരുടേയും പെണ്‍കുട്ടിയുടെ വീട്ടുകാരുടേയും ഇടപെടലിനെ തുടര്‍ന്ന് കേസ് തേഞ്ഞുമാഞ്ഞുപോയി.

പണം കൊടുത്തും സ്വാധീനമുപയോഗിച്ചും കേസ് ഒത്തുതീര്‍പ്പാക്കുന്ന നിരവധി സംഭവങ്ങളാണ് ഞങ്ങളുടെ അന്വേഷണത്തില്‍ വെളിവായത്. കാസര്‍കോട് ഒരു സ്‌കൂളില്‍ നടന്ന ലൈംഗികാതിക്രമം നാല് ലക്ഷം രൂപ കൊടുത്ത് ഒതുക്കിയെന്ന് സ്‌കൂളിലെ അധ്യാപകരും കൗണ്‍സിലറും പറയുന്നു. സ്‌കൂളിലെ ബയോളജി അധ്യാപകനായിരുന്നു പ്രതി. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടി കമ്പ്യൂട്ടര്‍ ലാബില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ വസ്ത്രത്തിനുള്ളിലൂടെ സ്വകാര്യഭാഗങ്ങളില്‍ പിടിച്ചു. അധ്യാപകനില്‍ നിന്ന് അപ്രതീക്ഷിതമായ പെരുമാറ്റം ഉണ്ടായപ്പോള്‍ പെണ്‍കുട്ടി കൈ തട്ടിമാറ്റി ഇറങ്ങിയോടി. ക്ലാസ്സില്‍ കരഞ്ഞുകൊണ്ടിരുന്ന പെണ്‍കുട്ടിയോട് അധ്യാപകരും കൗണ്‍സിലറും വിവരം തിരക്കി. പിന്നീട് സ്‌കൂളിലെ പ്രധാനാധ്യാപിക തന്നെ ഡിഇഒയേയും ഡിഡിയേയും വിവരം അറിയിച്ചു. പോലീസ് കേസെടുത്തു. എന്നാല്‍ അപ്പോഴേക്കും കേസ് എടുക്കേണ്ടെന്നും അധ്യാപകനെ സ്ഥലം മാറ്റിയാല്‍ മതിയെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സ്‌കൂള്‍ അധികൃതരെ സമീപിച്ചു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ കേസുമായി മുന്നോട്ട് പോയി. ഇതോടെ അധ്യാപകന്‍ ഒളിവില്‍ പോയി. അറസ്റ്റ് ഉണ്ടായതുമില്ല. അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സര്‍വീസില്‍ നിന്ന് സസ്പന്‍ഡ് ചെയ്തു. എന്നാല്‍ പിന്നീട് കേസ് ഒത്തുതീര്‍പ്പാക്കിയ വിവരമാണ് എസ്‌ഐ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറിയത്. നാല് ലക്ഷം രൂപ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പോലീസ് സ്‌കൂള്‍ അധികൃതരെ അറിയിച്ചു. സസ്പന്‍ഷന്‍ കാലാവധി അവസാനിച്ചപ്പോള്‍ അധ്യാപകന്‍ കാസര്‍കോട് തന്നെയുള്ള മറ്റൊരു സ്‌കൂളില്‍ നിയമിതനാവുകയും ചെയ്തു.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും നീതി ലഭിക്കാതെ പോയ അനുഭവമാണ് ആലപ്പുഴയിലെ എയ്ഡഡ് സ്‌കൂളിലെ ആണ്‍കുട്ടികള്‍ പറയുന്നത്. എട്ട് കുട്ടികള്‍ ഒന്നുചേര്‍ന്നായിരുന്നു പരാതി നല്‍കിയത്. സ്‌കൂളില്‍ പുതുതായി നിയമിതനായ പ്രധാനാധ്യാപകന്‍ ലൈംഗികാതിക്രമം നടത്തുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു പരാതി. ലൈംഗികാവയവത്തില്‍ സ്പര്‍ശിക്കുകയും കല്ലു വലിച്ചെറിയുകയും, ഷര്‍ട്ട് ഇന്‍സര്‍ട്ട് ചെയ്യാത്തതിന്റെ ശിക്ഷയായി പാന്റസിനുള്ളിലൂടെ കമ്പ് കൊണ്ട് കുത്തുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുട്ടികള്‍ തുറന്നുപറഞ്ഞു. അധ്യാപകന്‍ ചെയ്യുന്ന ക്രൂരതകള്‍ പറഞ്ഞിട്ടും അന്വേഷിക്കാന്‍ എത്തിയ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ കുട്ടികള്‍ക്ക് പരാതിയില്ല എന്ന് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇപ്പോഴും ആ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ തങ്ങള്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് പറയുന്നു. മത മേലധ്യക്ഷന്‍മാരുടെ സ്വാധീനത്തിന് വഴങ്ങി കേസ് ഒത്തുതീര്‍പ്പാക്കി എന്ന ആരോപണമാണ് കുട്ടികളും രക്ഷിതാക്കളും മുന്നോട്ട് വക്കുന്നത്.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അധ്യാപകരില്‍ നിന്ന് നേരിടുന്ന ലൈംഗികാതിക്രമങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് അഴിമുഖം നല്‍കിത്തുടങ്ങിയത് മുതല്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്നുള്ള അധ്യാപകരും കൗണ്‍സിലര്‍മാരും വിദ്യാര്‍ഥികളും രക്ഷിതാക്കളും കൂടുതല്‍ വെളിപ്പെടുത്തലുകളും അനുഭവങ്ങളുമായി സമീപിച്ചു. എന്നാല്‍ അവയെല്ലാം ഉള്‍പ്പെടുത്തുക എന്നത് ദുഷ്‌കരമായതിനാല്‍ അവയില്‍ ചിലത് മാത്രമാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുള്ളത്. ലൈംഗികാതിക്രമങ്ങള്‍ സ്‌കൂളുകളില്‍ തുടര്‍ കഥയാവുമ്പോള്‍ അധികാരികളും, സര്‍ക്കാര്‍ ഏജന്‍സികളും നിസംഗത പാലിക്കുകയോ, കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നതിന്റെ നേരനുഭവങ്ങളും കൂടിയാണ് പലരും പങ്കുവച്ചത്. ഇത്രത്തോളം അരക്ഷിതാവസ്ഥ സ്‌കൂളുകളില്‍ നേരിടുമ്പോള്‍ അതില്‍ നിന്ന് വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടലാണ് ആവശ്യം. കൃത്യമായ നയം ഇതിനായി രൂപവത്ക്കരിക്കുകയും അത് നടപ്പാക്കാന്‍ ശ്രമിക്കുന്നതിലൂടെയുമേ ഈ സ്ഥിതി മറികടക്കാനാവൂ എന്ന അഭിപ്രായമാണ് സാമൂഹ്യപ്രവര്‍ത്തകരും അധ്യാപകരമുള്‍പ്പെടെയുള്ളവര്‍ പങ്കുവക്കുന്നത്.

പെണ്‍കുട്ടികള്‍ സ്കൂളുകളില്‍ നേരിടുന്നത് തല മരപ്പിക്കുന്ന ലൈംഗികാതിക്രമങ്ങള്‍; പിന്നില്‍ അധ്യാപകരും അനധ്യാപകരും; കേസുകള്‍ 1000-ത്തിലധികം

ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകനായ ശിഹാബ് പറയുന്നത്: “അധ്യാപകരുടെ ലൈംഗികാതിക്രമങ്ങള്‍ കൂടുന്നു എന്ന് പറയാന്‍ പറ്റില്ല. പകരം കുട്ടികള്‍ അതിനെക്കുറിച്ച് കൂടുതല്‍ ബോധവാന്മാമാരയതുകൊണ്ടാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അധ്യാപകരുടെ ഭാഗത്തുനിന്ന് ഇത്തരം പെരുമാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ കുട്ടികള്‍ വല്ലാത്ത അവസ്ഥയിലാവും. യഥാര്‍ഥത്തില്‍ അതിക്രമങ്ങള്‍ക്കെതിരെ കുട്ടികളെ ബോധവത്ക്കരിക്കാനും അവര്‍ക്ക് ഊര്‍ജ്ജം പകരാനും ശ്രമിക്കേണ്ടവരാണ് അധ്യാപകര്‍. അവരില്‍ നിന്ന് തന്നെ അതിക്രമങ്ങളുണ്ടാവുമ്പോള്‍ അത് കുട്ടികളുടെ ഭാവിയെ തന്നെ ഗുരുതരമായി ബാധിക്കും. സാധാരണ ഗതിയില്‍ ഇത്തരം അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന കുട്ടികളുടെ മാനസികാവസ്ഥ വളരെ ഗുരുതരമായിരിക്കും. അവരുടെ വളര്‍ച്ചയേയും ഭാവിയേയും അത് ബാധിക്കും. കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഇടപഴകുന്നവര്‍ എന്ന നിലയില്‍ അധ്യാപകരാണ് അത് മനസ്സിലാക്കേണ്ടത്. ആ നിലയ്ക്ക് അധ്യാപകരില്‍ നിന്നുണ്ടാവുന്ന മോശം പെരുമാറ്റങ്ങള്‍ അതീവഗുരുതരമായ അവസ്ഥയിലേക്കാണ് കുട്ടികളെ തള്ളിവിടുക. കുട്ടികള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നതിനൊപ്പം അധ്യാപകര്‍ക്കും ബോധവത്ക്കരണം നല്‍കേണ്ടതുണ്ട്. മറ്റൊരു കാര്യം ലൈംഗികാതിക്രമ കേസുകളില്‍, വളരെ ചുരുക്കം കേസുകളില്‍ മാത്രമാണ് ശിക്ഷ ലഭിക്കുന്നത്. നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് പ്രതികള്‍ രക്ഷപെടുകയും ചെയ്യുന്നു. അതിലൊരു മാറ്റമുണ്ടായാല്‍ തന്നെ അധ്യാപകരടക്കമുള്ള പൊതുസമൂഹം അല്‍പം കൂടി ബോധവാന്‍മാരാവും.”

ദിവസേന ഇത്തരം നിരവധി കേസുകള്‍ കേള്‍ക്കുകയും കൈകാര്യം ചെയ്യുന്നവരുമാണ് സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍. എന്നാല്‍ പലപ്പോഴും കേസ് പ്രതീക്ഷിക്കുന്നത് പോലെ നടത്തിക്കൊണ്ട് പോവാന്‍ കഴിയാത്തത് വലിയ തിരിച്ചടിയാവുന്നതായി കൗണ്‍സിലറായ രാധിക പറയുന്നു. കൗമാരക്കാരായ കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഒരു തവണ ഇരകളായാല്‍ പിന്നീടും അവരെ ഇരയാക്കാനുള്ള സാഹചര്യം ഏറെയാണെന്നും രാധിക പറയുന്നു; “തിരുവനന്തപുരത്തെ കേസ് അഴിമുഖത്തില്‍ കണ്ടപ്പോള്‍ അതിശയം തോന്നിയില്ല. അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ അല്ലെങ്കില്‍ രക്ഷിതാക്കള്‍ പലപ്പോഴും ഇത്തരം സംഭവങ്ങള്‍ കേസ് ആക്കുന്നതിന് വിമുഖത പ്രകടിപ്പിക്കുന്നതിനാല്‍ പോക്‌സോ പ്രകാരം കേസെടുക്കാനോ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനോ കഴിയുന്നില്ല. ഇരകളായ കുട്ടികള്‍ക്ക് പലപ്പോഴും കേസുമായി മുന്നോട്ട് പോവണമെന്ന് പറയാന്‍ മാത്രം അറിവോ, അതിനുള്ള സാഹചര്യമോ ഉണ്ടാവില്ല. അവര്‍ അധ്യാപകരും രക്ഷിതാക്കളും പറയുന്നത് കേട്ട് ഒത്തുതീര്‍പ്പിന് സമ്മതിക്കുന്ന സാഹചര്യവുമുണ്ട്. ഇനി കേസ് ആയാല്‍ തന്നെ അതന്വേഷിക്കാന്‍ വരുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പലപ്പോഴും മുന്‍ധാരണകളോടെയാണ് കേസിനെ സമീപിക്കുന്നത്. പലപ്പോഴും കമ്മറ്റി അംഗങ്ങള്‍ ഒത്തുതീര്‍പ്പിന് മധ്യസ്ഥരാവുന്നതും നേരിട്ട് അനുഭവമുണ്ട്. ആ രീതി മാറിയാലേ കുഞ്ഞുങ്ങള്‍ക്ക് നീതി കിട്ടൂ. തിരുവനന്തപുരത്തെ സ്‌കൂളിലെ കുട്ടി മൂന്ന് തവണയാണ് അതിക്രമിക്കപ്പെട്ടതെന്ന് പറയുന്നു. അതിനുള്ള സാധ്യത കൂടുതലാണ്. ഒരു തവണ അതിക്രമത്തിന് ഇരകളായാല്‍, ഭീഷണിയുടെയോ ബ്ലാക്ക്‌മെയിലിങ്ങിന്റെയോ സ്വരം ഇല്ലാതെ തന്നെ കുട്ടികളെ വീണ്ടും അത്തരം കൃത്യങ്ങളിലേക്ക് നയിച്ചുകൊണ്ട് വരാനുള്ള സാധ്യത ഏറെയാണ്. കൗമാരക്കാരുടെ മനസ്സ് അത്തരത്തിലാണ് പലപ്പോഴും പ്രതികരിക്കുക. പക്ഷെ അതിനെ കണ്‍സന്റ് ആയി കാണുന്ന അധ്യാപകരെക്കുറിച്ചാണ് ആലോചിക്കേണ്ടത്. കൗമാരക്കാരുടെ മാനസികാവസ്ഥയാണ് അതെന്ന് മനസ്സിലാക്കാനെങ്കിലും അധ്യാപകര്‍ ശ്രമിക്കേണ്ടതല്ലേ. അത് ചെയ്യുന്നതിന് പകരം വീണ്ടും വീണ്ടും കുട്ടിയെ ലൈംഗികമായി അതിക്രമിക്കുകയാണ് അവര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ തലത്തില്‍ പോളിസി തന്നെയുണ്ടാക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരത്തില്‍ ആരോപിതരായ അധ്യാപകരെ സ്ഥലം മാറ്റുകയോ സസ്പന്‍ഡ് ചെയ്യുകയോ ചെയ്തതുകൊണ്ട് എന്ത് ഫലം ഉണ്ടാവാനാണ്? നടപടിയാണ് വേണ്ടത്”.

‘ആ സാറ് അങ്ങനെയാ, നിങ്ങളൊന്നു ശ്രദ്ധിച്ചാല്‍ മതി’; പെണ്‍കുട്ടികളെ മടിയിലിരുത്തുന്ന അധ്യാപകനെ കുറിച്ചാണ്

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍