UPDATES

പീഡനത്തിനിരയാകുന്ന കുട്ടികള്‍ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമാണ്; നമ്മുടെ സ്കൂളുകളില്‍ സംഭവിക്കുന്നത്

അധ്യാപകരാല്‍ അതിക്രമിക്കപ്പെടുന്ന കുട്ടികളുടെ കാര്യത്തില്‍ ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. ഒരിക്കല്‍ പീഡനത്തിന് ഇരയായ, അത് കൊച്ചുകുട്ടികളാണെങ്കില്‍ പോലും, വീണ്ടും ലൈംഗിക പ്രവര്‍ത്തികള്‍ തുടര്‍ന്നെന്നിരിക്കാം- ഭാഗം 4

സംസ്ഥാനത്തെ സ്കൂളുകളില്‍ അധ്യാപക- അനധ്യാപകരില്‍ നിന്ന് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ലൈംഗികാതിക്രമത്തിനു വിധേയരാകുന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ ഞങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, അധ്യാപകര്‍, സ്കൂള്‍ കൌണ്‍സലര്‍മാര്‍, കുട്ടികള്‍ തുടങ്ങിയവരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിവരങ്ങള്‍ പങ്കു വച്ചത്. രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ ആയിരത്തിലേറെ കേസുകളാണ് ഉണ്ടായിരിക്കുന്നത് എന്നാണ് ഈ വിവരങ്ങള്‍ പങ്കുവച്ചവര്‍ വെളിപ്പെടുത്തിയത്.

അടിസ്ഥാന വിദ്യാഭ്യാസം അതിന്റെ എല്ലാ സാധ്യതകളോടെയും നടപ്പാക്കാന്‍ സര്‍ക്കാര്‍ നൂതന ആശയങ്ങളും പുതിയ പദ്ധതികളുമായെത്തുന്ന ഈ സമയത്ത് തന്നെയാണ് കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ ഇപ്പോഴും തുടരുന്നത് എന്ന യാഥാര്‍ത്ഥ്യം നമ്മുടെ കണ്മുന്നില്‍ നില്‍ക്കുന്നത്. ശാരീരികമോ, മാനസികമോ, ലൈംഗികമോ ആയ അതിക്രമങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഏജന്‍സികളോട് തുറന്നുപറയാനുള്ള ‘പരാതിപ്പെട്ടി’, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ജാഗ്രതയോടെ നിലനില്‍ക്കുന്ന സ്‌കൂള്‍തല ജാഗ്രതാസമിതി, കുട്ടികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പഠിക്കാനും പരിഹാരത്തിനായി ശ്രമിക്കാനും സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍. ഇത്തരം സംവിധാനങ്ങളെല്ലാം ഏറിയും കുറഞ്ഞും സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിന് പുറമെ കൗമാരപ്രായക്കാര്‍ക്കായി നടത്തുന്ന ബോധവത്ക്കരണ പരിപാടികള്‍, ‘സൗഹൃദ ക്ലബ്ബ്’, ചൈല്‍ഡ്‌ലൈന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങനെ കുട്ടികളുടെ സുരക്ഷയ്ക്കും വ്യക്തിത്വ വികാസതിനുമായുള്ള നിരവധി കാര്യപരിപാടികളാണ് നിലനില്‍ക്കുന്നത്.

എന്നാല്‍ യാഥാര്‍ത്ഥ്യം ഇങ്ങനെയല്ല എന്നാണ് കഴിഞ്ഞ റിപ്പോര്‍ട്ടുകളില്‍ ഞങ്ങള്‍ പറയാന്‍ ശ്രമിച്ചത്. കാസര്‍കോട് നഗരത്തിലെ ഒരു സ്കൂളില്‍ നിരവധി വിദ്യാര്‍ഥികള്‍ നിരന്തരം പീഡനത്തിന് വിധേയരായിട്ടും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നു മാത്രമല്ല, ആ അധ്യാപകന്‍ ഇപ്പോഴും അവിടെ പഠിപ്പിക്കുകയും ചെയ്യുന്നു. ഇത് ഒരു തവണയോ ഒരു ദിവസമോ സംഭവിച്ചതല്ല. വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന, ഇപ്പോഴും തുടരുന്ന കാര്യമാണ്. മൂന്നാം ക്ലാസിലെ പിള്ളേരെപ്പോലും ഈ അധ്യാപകനും അനധ്യാപകനും ചേര്‍ന്ന് ഉപദ്രവിച്ചിട്ടുണ്ട് എന്ന് സ്കൂളിലെ ഒരധ്യാപിക തന്നെ ഞങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി അതുപോലെ  തിരുവനന്തപുരത്തെ അണ്‍എയ്ഡഡ് സ്‌കൂളിലെ പത്താംക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്തത് ഒരു തവണയാണ്. സംഭവം അറിഞ്ഞപ്പോള്‍ പരാതി നല്‍കിയ രക്ഷിതാക്കളെ, മകളുടെ നല്ലഭാവിയെക്കുറിച്ച് പറഞ്ഞ് ‘ബോധവത്ക്കരിച്ച്’ കേസ് പിന്‍വലിപ്പിച്ചത് സ്‌കൂള്‍ അധികൃതരാണ്. അട്ടപ്പാടിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകന്റെ ലൈംഗികാതിക്രമത്തിന് ഇരയാവേണ്ടി വന്നത് ഏഴ് വയസ്സ് മാത്രം പ്രായമുള്ള രണ്ടാം ക്ലാസുകാരിയാണ്. കുട്ടിയുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങള്‍ കണ്ടാണ് സ്‌കൂള്‍ കൗണ്‍സിലര്‍ പെണ്‍കുട്ടിയുമായി സംസാരിക്കുന്നത്. ഏഴ് വയസ്സുള്ള പെണ്‍കുട്ടിക്ക് താന്‍ അനുഭവിച്ചത് എന്തെന്ന് പറയാന്‍ പോലുമറിയില്ലായിരുന്നു. ആലപ്പുഴയുടെ  വടക്കേയറ്റത്ത് കുട്ടികളെ മടിയിലിരുത്തി പഠിപ്പിക്കുന്ന ഒരു അധ്യാപകന്‍ അറിയപ്പെട്ടിരുന്നത് ‘പഞ്ചാരക്കുട്ടന്‍’, ‘കോഴി’ എന്നൊക്കെ പേരുകളിലാണ്. പെണ്‍കുട്ടികളെ കണ്ടാല്‍ മുഖത്തും കഴുത്തിലും തലോടി സുഖാന്വേഷണം നടത്തും. തോളില്‍ കയ്യമര്‍ത്തി സംസാരിക്കും. മടിയിലിരുത്തും. വസ്ത്രത്തിന്റേയും ശരീരത്തിന്റെയും അളവുകള്‍ തിട്ടപ്പെടുത്തും. വിവരങ്ങള്‍ തന്നത് ആ സ്‌കൂളില്‍ നിന്ന് പഠിച്ച് പുറത്തിറങ്ങിയ വിദ്യാര്‍ഥിനി തന്നെയാണ്. അധ്യാപകന്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കൂളില്‍ നിന്ന് വിരമിച്ചു. എന്നാല്‍ അയാളുടെ പെരുമാറ്റം പലപ്പോഴും അധ്യാപകരെ ബോധ്യപ്പെടുത്തിയിരുന്നെങ്കിലും ‘നിങ്ങള്‍ ശ്രദ്ധിച്ച് നടക്ക്’ എന്ന ഉപദേശമാണ് വിദ്യാര്‍ഥികള്‍ക്ക് കിട്ടിയിരുന്നത്.  

ആ റിപ്പോര്‍ട്ടുകള്‍ ഇവിടെ വായിക്കാം

അധ്യാപകരുടെ ലൈംഗികാതിക്രമത്തിന്‌ ഇരകളാകുന്നവരില്‍ ആണ്‍കുട്ടികളും; മിക്ക കേസുകളിലും നിര്‍ബന്ധിത ഒത്തുതീര്‍പ്പ് 

‘ആ സാറ് അങ്ങനെയാ, നിങ്ങളൊന്നു ശ്രദ്ധിച്ചാല്‍ മതി’; പെണ്‍കുട്ടികളെ മടിയിലിരുത്തുന്ന അധ്യാപകനെ കുറിച്ചാണ് 

പെണ്‍കുട്ടികള്‍ സ്കൂളുകളില്‍ നേരിടുന്നത് തല മരപ്പിക്കുന്ന ലൈംഗികാതിക്രമങ്ങള്‍; പിന്നില്‍ അധ്യാപകരും അനധ്യാപകരും; കേസുകള്‍ 1000-ത്തിലധികം

ഭാഗം 4

കുട്ടികളെ ഏതു വിധത്തിലാണ് ഈ കാര്യങ്ങള്‍ ബാധിക്കുക എന്നത് സംബന്ധിച്ച് തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ചൈല്‍ഡ് സൈക്കോളജിസ്റ്റായ ഡോ. ജയപ്രകാശ് സംസാരിക്കുന്നു.

അധ്യാപകരില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലൈംഗികാതിക്രമം ഉണ്ടാവുന്നു എന്ന് പറഞ്ഞാല്‍ എല്ലാ അധ്യാപകരും അങ്ങനെയാണെന്നല്ല. പീഡകരുടെ പൊതുസ്വഭാവം ആണ് ഇതിലെ കാര്യം. അതില്‍ ചിലര്‍ അധ്യാപകരായി മാറുന്നു എന്നുമാത്രം. പീഡകരുടെ പൊതുസ്വഭാവം അങ്ങനെയുള്ള അധ്യാപകരും പ്രകടിപ്പിക്കുന്നു. എന്റെയടുത്ത് ഒരു കേസ് വന്നിരുന്നു. ഒരു സ്‌കൂളിലെ സ്‌പോര്‍ട്‌സ് അധ്യാപകന് ആ സ്‌കൂളിലെ എട്ടാം ക്ലാസ്സില്‍ പടിക്കുന്ന പെണ്‍കുട്ടിയുമായി പ്രേമം. അയാള്‍ക്ക് പ്രേമിക്കണമെങ്കില്‍ തരത്തിലുള്ള ആളുകളുമായി ആവാം. എട്ടാം ക്ലാസ്സിലെ പെണ്‍കുട്ടിയെ പ്രേമിക്കുന്നത് അത്ര ശരിയായ കാര്യമല്ലല്ലോ. ഒന്നുകില്‍ അയാളുടെ സ്വഭാവം ശരിയല്ല, അല്ലെങ്കില്‍ ഉദ്ദേശം ശരിയല്ല. സ്‌കൂള്‍ അന്തരീക്ഷത്തില്‍ നിരന്തരം കണ്ടുമുട്ടുകയും ഇടപഴകുകയും ചെയ്യുന്ന ഒരു കുട്ടിയെ പ്രേമിക്കുന്നതില്‍ തന്നെയാണ് അതിന്റെ കുഴപ്പം കിടക്കുന്നത്. പീഡിപ്പിക്കുന്ന സ്വഭാവം അധ്യാപകരായാലും മാറുന്നില്ല. എന്ന് മാത്രമല്ല സ്‌കൂള്‍ പോലെ കുട്ടികളുമായി അടുത്ത് ഇടപഴകാനുള്ള അവസരമൊരുക്കുന്ന ജോലി സ്വീകരിക്കുന്നതോടെ അവര്‍ ആ സാധ്യതകളേയും ഉപയോഗിക്കാനിടയാവും. അത് അധ്യാപകര്‍ മാത്രമല്ല, പ്രൊഫഷനെ ഇതിനായും ഉപയോഗിക്കുന്ന പ്രൊഫഷണല്‍സ് എല്ലാ മേഖലയിലും ഉണ്ട്.

അധ്യാപകരാല്‍ അതിക്രമിക്കപ്പെടുന്ന കുട്ടികളുടെ കാര്യത്തില്‍ ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. ഒരിക്കല്‍ പീഡനത്തിന് ഇരയായ, അത് കൊച്ചുകുട്ടികളാണെങ്കില്‍ പോലും, വീണ്ടും ലൈംഗിക പ്രവര്‍ത്തികള്‍ തുടര്‍ന്നെന്നിരിക്കാം. പീഡിപ്പിക്കപ്പെടുന്ന എല്ലാ കുട്ടികളും ഇങ്ങനെയാവുമെന്നല്ല പറഞ്ഞതിനര്‍ഥം. പക്ഷെ അത്തരത്തിലുള്ള പ്രവണതയുണ്ടാവാനുള്ള സാധ്യതകളുണ്ട്. ഓറല്‍ സെക്‌സിന് വിധേയമാക്കപ്പെടുന്ന കുട്ടി അത് മറ്റ് കുട്ടികളോടോ മുതിര്‍ന്നവരോടോ പോലും ആവര്‍ത്തിച്ചെന്നിരിക്കാം. സ്വന്തം അനുജനോട് അത്തരത്തില്‍ ചെയ്യുന്ന ഒരു കുട്ടിയേയും കൊണ്ട് ഒരിക്കല്‍ ഒരമ്മ എന്റെയടുത്ത് എത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്കും ഇത്തരം സാധ്യതകളുണ്ട്. എട്ടും പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ മുതിര്‍ന്ന ആണ്‍കുട്ടികളുമായി ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടേക്കാം.

മറ്റിടങ്ങളിലെ പീഡനങ്ങളില്‍ നിന്ന് അതിക്രമം സ്‌കൂളുകള്‍ക്കുള്ളില്‍ തന്നെ ആവുമ്പോള്‍ അത് കുട്ടികളെ വളരെയധികം ബാധിക്കും. ഏറ്റവും അടുത്ത് നില്‍ക്കുന്നയാളുകള്‍ അതിക്രമിക്കുമ്പോള്‍ കുട്ടികളിലുണ്ടാവുന്ന സൈക്കോളജിക്കല്‍ സ്‌ട്രെസ് കൂടുതലായിരിക്കും. അത് കുട്ടികളുടെ സ്വഭാവത്തെ ബാധിക്കും, പാനിക് അറ്റാക്ക്, ഡിപ്രഷന്‍, മാനസിക സമ്മര്‍ദ്ദം, ആങ്‌സൈറ്റി, വിഷാദരോഗം, അസ്വസ്ഥമാകല്‍ തുടങ്ങിയ സ്വഭാവരീതികളിലേക്ക് പോവാനുള്ള സാധ്യതയുമുണ്ട്. പഠനത്തെ വളരെ കാര്യമായി ബാധിക്കും. മുതിര്‍ന്നവരുടെ പീഡനകേസുകള്‍ പോലെ കുട്ടികളിലെ പീഡനം അത്രപെട്ടെന്ന് പുറത്തേക്ക് വെളിപ്പെടില്ല. ചിലപ്പോള്‍ കുട്ടികള്‍ ക്ലാസില്‍ വിഷമിച്ചിരിക്കുമ്പോഴും പഠനത്തില്‍ പെട്ടെന്ന് പുറകോട്ട് വരുമ്പോഴുമൊക്കെയാണ് അവരെ ശ്രദ്ധിക്കുക. ഇത്തരം കുട്ടികളില്‍ മാനസിക സംഘര്‍ഷം ഏറിയിരിക്കും. മന:ശാസ്ത്ര വിദഗ്ദ്ധരുടെയടുത്ത് കേസ് എത്തുമ്പോള്‍ മാത്രമേ പല വിവരങ്ങളും അവരില്‍ നിന്ന് ലഭിക്കുകയുള്ളൂ. ചില കുട്ടികള്‍ തുടര്‍ന്ന് സ്‌കൂളില്‍ പോവാന്‍ പോലും കൂട്ടാക്കാറുമില്ല. പക്ഷെ മന:ശാസ്ത്ര വിദഗ്ദ്ധരുടെ അടുത്ത് എത്തി ശരിയായ കൗണ്‍സലിങ് കിട്ടുന്ന കുട്ടികള്‍ ആ അവസ്ഥയില്‍ നിന്ന് പുറത്തുപോരാറുമുണ്ട്. എന്നാല്‍ അതിനുള്ള സാഹചര്യമില്ലാത്ത കുട്ടികളാണ് അപ്പോള്‍ അനുഭവിക്കുന്ന അതേ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാനാവാതെ നില്‍ക്കുക.

സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ പല കേസുകളും കണ്ടെത്താറുണ്ട്. എന്നാല്‍ അവയൊന്നും നടപടിയിലേക്കെത്തിക്കാന്‍ പലപ്പോഴും കഴിയാറില്ല. കൗണ്‍സിലര്‍മാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരും. അവര്‍ക്ക് സംരക്ഷണവും പിന്തുണയും കിട്ടാതിരിക്കുകയും ചെയ്യുന്നു. പലപ്പോഴും കേസിലേക്ക് പോവുമ്പോള്‍ സ്‌കൂളിന്റെ ഇമേജ് കാത്തുസൂക്ഷിക്കാനേ സ്‌കൂള്‍ അധികൃതര്‍ നോക്കൂ. പരാതി നല്‍കുന്ന കുട്ടിയും കൗണ്‍സിലറും സ്‌കൂളില്‍ ഒറ്റപ്പെടുകയും ചെയ്യും. കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഏജന്‍സി അത് ഗൗരവമേറിയ കേസ് ആയെടുത്ത് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇതിനായി ഒരു ഏജന്‍സിയെ തന്നെ ചുമതലപ്പെടുത്താവുന്നതുമാണ്. സര്‍ക്കാരിന്റെ കുറേ പാക്കേജുകള്‍ ഇതിനായി ഉണ്ട്. എന്നാല്‍ അതൊക്കെയുള്ളപ്പോഴും ഇത് എത്രത്തോളം തടയാന്‍ പറ്റുന്നതാണെന്ന് പറയാന്‍ കഴിയില്ല. കുട്ടികളെ ശാക്തീകരിക്കാനുള്ള പദ്ധതി നടപ്പാക്കാം. പീഡന സാഹചര്യങ്ങള്‍ മനസ്സിലാക്കാനും അത്തരം സാഹചര്യത്തില്‍ പ്രതിരോധം സൃഷ്ടിക്കാനും കുട്ടികളെ മനസ്സിലാക്കിക്കണം. അതിനായി ചര്‍ച്ചകളും ക്ലാസുകളുമെല്ലാം സംഘടിപ്പിക്കാം.

എനിക്ക് പറയാനുള്ള മറ്റൊന്ന് കൂടെയുണ്ട്. സമൂഹം എപ്പോഴും പെണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ മാത്രമേ പറയുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നുള്ളൂ. എന്നാല്‍ പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ പീഡനത്തിനിരകളാവാറുണ്ട്. ആണ്‍കുട്ടികള്‍ ആ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാന്‍ സാധ്യത ഏറെയാണെന്നിരിക്കെ അത് സ്വവര്‍ഗലൈംഗികത ഉള്‍പ്പെടെയുള്ള പല തലങ്ങളിലേക്ക് വളര്‍ന്നേക്കാം. ആണ്‍കുട്ടികള്‍ അനുഭവിക്കുന്ന വിഷയങ്ങളും കൂടി സമൂഹം കണക്കാക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമുണ്ട്.

പെണ്‍കുട്ടികള്‍ സ്കൂളുകളില്‍ നേരിടുന്നത് തല മരപ്പിക്കുന്ന ലൈംഗികാതിക്രമങ്ങള്‍; പിന്നില്‍ അധ്യാപകരും അനധ്യാപകരും; കേസുകള്‍ 1000-ത്തിലധികം

‘ആ സാറ് അങ്ങനെയാ, നിങ്ങളൊന്നു ശ്രദ്ധിച്ചാല്‍ മതി’; പെണ്‍കുട്ടികളെ മടിയിലിരുത്തുന്ന അധ്യാപകനെ കുറിച്ചാണ്

അധ്യാപകരുടെ ലൈംഗികാതിക്രമത്തിന്‌ ഇരകളാകുന്നവരില്‍ ആണ്‍കുട്ടികളും; മിക്ക കേസുകളിലും നിര്‍ബന്ധിത ഒത്തുതീര്‍പ്പ്

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍