UPDATES

വീണ്ടുമൊരു ഫെബ്രുവരി; പ്രണയപരാജയത്തിന്റെ പേരില്‍ അന്ന് ഗാന്ധിനഗറില്‍ കത്തിച്ചത് 21-കാരിയെ; ഇന്ന് തിരുവല്ലയില്‍

ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു

കേരളം നടുങ്ങിയ ദിവസമായിരുന്നു 2017 ഫെബ്രുവരി 1. കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കഷന്‍ ക്ലാസ് മുറിയില്‍ 21-കാരി തീയിലെരിഞ്ഞ് കൊല്ലപ്പെട്ട ദിവസം. നാലാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥി ലക്ഷ്മിയായിരുന്നു ആ ദാരുണ സംഭവത്തിലെ ഇര. പ്രണയപരാജയത്തില്‍ ക്ഷുഭിതനായ ആദര്‍ശ് എന്ന 25 കാരന് ചെയ്ത ക്രൂരത. അതേ സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന ആദര്‍ശ് ലക്ഷ്മി തന്റെ പ്രണയം നിരസിച്ചതിന്റെ വാശിയിലാണ് ക്ലാസ് മുറിയിലേക്ക് പെട്രോളുമായി കടന്നെത്തിയത്. പെട്രോള്‍ ലക്ഷ്മിയുടെ ശരീരത്തിലേക്ക് ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. ആദര്‍ശും പിന്നീട് തന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. രണ്ടുപേരും കൊല്ലപ്പെട്ടു.

കേരളം മറക്കാത്ത ഈ ദുരന്തം നടന്ന് രണ്ട് വര്‍ഷത്തിനുശേഷം മറ്റൊരു ഫെബ്രുവരിയില്‍ ഒരിക്കല്‍ കൂടി കോട്ടയത്ത് അതേ ക്രൂരത നടന്നരിക്കുകയാണ്. തിരുവല്ലയില്‍ നഗരത്തിലെ പകല്‍ വെളിച്ചത്തില്‍ റോഡിലൂടെ നടന്നു പോവുകയായിരുന്ന 19-കാരിയായ വിദ്യാര്‍ത്ഥിയെ തടഞ്ഞു നിര്‍ത്തി വയറ്റില്‍ കത്തി കുത്തിയിറക്കിയശേഷം പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. ഇവിടെയും കാരണം പ്രണയനിരാസം തന്നെ. ഇവിടെ പെണ്‍കുട്ടി മരണപ്പെട്ടില്ല എന്നതുമാത്രമാണ് ഒരു വ്യത്യാസം. ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു.

തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപം രീവിലെ 9 മണി കഴിഞ്ഞപ്പോഴായിരുന്നു ആ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കച്ചവട സ്ഥാപനങ്ങളൊക്കെ തുറന്നു വരുന്നതേയുണ്ടായിരുന്നുള്ളു. ഈ സമയത്താണ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പ്രതി തടഞ്ഞു നിര്‍ത്തിയതും ആക്രമിച്ചതും. ഇവര്‍ രണ്ടുപേരും ഒരു ജംക്ഷനില്‍ നിന്നും നടന്നു വരുന്നത് കണ്ടവരുണ്ട്. എന്നാല്‍ ഇത്രവലിയൊരു അപകടം ആരും മുന്നില്‍ കണ്ടിരുന്നില്ല. റോഡില്‍ നിന്നും രണ്ടു പേര്‍ സംസാരിക്കുകയാണെന്നാണ് എല്ലാവരും കരുതിയത്. പെട്ടെന്നായിരുന്നു പോക്കറ്റില്‍ നിന്നെടുത്ത കത്തി കൊണ്ട് പ്രതിയെ പെണ്‍കുട്ടിയെ കുത്തുന്നത്. പെണ്‍കുട്ടി വയറു പൊത്തിപ്പിടിച്ച് കരയുന്നത് സമീപത്തെ സിസിടിവിയില്‍ കാണാം. എന്താണെന്നു മറ്റുള്ളവര്‍ക്ക് മനസിലാകുന്നതിനു മുന്നെ യുവാവ് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ തലവഴി ഒഴിച്ച് ലൈറ്റര്‍ കത്തിച്ച് തീകൊളുത്തി. തീ ആളിപ്പടര്‍ന്നതോടെയാണ് ആദ്യത്തെ അമ്പരപ്പ് മാറി നാട്ടുകാര്‍ ഓടിയടുത്തത്. ഫ്ലക്‌സ് ബോര്‍ഡുകളും മറ്റും ഉപയോഗിച്ചാണ് ആദ്യം തീകെടുത്താന്‍ നോക്കിയത്. പിന്നീട് ബക്കറ്റുകളായി വെള്ളം കൊണ്ട് ഒഴിച്ച് ഒരുവിധത്തില്‍ തീ കെടുത്തുകയായിരുന്നു. ഈ സമയം കൊണ്ട് പെണ്‍കുട്ടിക്ക് സാരമായ പൊള്ളലേറ്റിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആദ്യം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് എത്തിച്ചത്. അവിടെ നിന്നും എറണാകുളം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു.

പെണ്‍കുട്ടിയെ കത്തിച്ച കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പ്രണയ പരാജയമാണ് ഇത്തരമൊരു കൃത്യത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന അജിന്‍ പോലീസിനോട് പറഞ്ഞു. കുറ്റകൃത്യം ചെയ്ത ശേഷംതാന്‍ ചെയ്ത പ്രവര്‍ത്തിയില്‍ യാതൊരു കുറ്റബോധവും ഇല്ലെന്ന മട്ടില്‍ റോഡില്‍ അക്ഷോഭ്യനായി നില്‍ക്കുകയായിരുന്നു അജിന്‍. നാട്ടുകാരില്‍ ചിലര്‍ ഇയാളെ പിടിച്ചുവയ്ക്കുകയും പൊലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസില്‍ തങ്ങള്‍ ഒരുമിച്ച് പഠിച്ചിരുന്നവരായിരുന്നുവെന്നും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നുമാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. പിന്നീട് പെണ്‍കുട്ടി തങ്ങള്‍ക്കിടയിലെ ബന്ധത്തില്‍ നിന്നും പിന്മാറിയതാണ് ഇത്തരമൊരു കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രതി പറയുന്നത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പ്രതിയുടെ തീരുമാനം എന്നും പൊലീസ് കണക്കുകൂട്ടുന്നുണ്ട്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന കത്തി, പെട്രോള്‍, കയര്‍ എന്നിവ അതിന്റെ സൂചനയാണെന്നാണ് പൊലീസ് പറയുന്നത്.

ഗാന്ധിനഗറില്‍ പെണ്‍കുട്ടിയെ ക്ലാസ് മുറിയില്‍ കയറി കത്തിച്ചു കൊന്ന യുവാവും പറഞ്ഞിരുന്നത് ഇതേ കഥയാണ്. പെണ്‍കുട്ടി പ്രണയം നിരസിച്ചതില്‍ നിന്നുണ്ടായ പക. ഒരാളെ കൊന്ന് മറ്റൊരാള്‍ സ്വയം മരിക്കാന്‍ എടുത്ത തീരുമാനം.

Also Read: പ്രണയം നിരസിച്ചു; തിരുവല്ലയില്‍ യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍