UPDATES

ട്രെന്‍ഡിങ്ങ്

മൂന്ന് കൂട്ടുകാരികള്‍ക്ക് ഒരേ സമയം പ്രണയ നൈരാശ്യം വരുമോ? അമ്പലപ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിയില്‍ മരിച്ചു കിടന്ന കേസ് പോലീസ് കുഴിച്ചു മൂടുന്നു

ലൈംഗിക പീഡനവും ആത്മഹത്യ പ്രേരണയും ചുമത്തപ്പെട്ട സഹപാഠികളായ പ്രതികള്‍ പുറത്ത്

2017 നവംബര്‍ 17 ന് ആണ് അമ്പലപ്പുഴ ഗവ.മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ക്ലാസ് മുറിയില്‍ ജൂലി(17), വേണി(17) അനില(17) എന്നീ രണ്ടാം വര്‍ഷ വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടികളെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാത്രി ഒമ്പത് മണിയോടെ ക്ലാസ് മുറിയില്‍ മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കാണുന്നത്.

പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികള്‍ ക്ലാസ് മുറിയില്‍ ജീവനൊടുക്കിയ വാര്‍ത്ത ഏറെ ഞെട്ടലാണ് ഉണ്ടാക്കിയത്. എന്തിന് അവര്‍ അങ്ങനെ ചെയ്തു എന്ന ചോദ്യത്തിന് പൊലീസിനുണ്ടായിരുന്ന ഉത്തരം പ്രേമനൈരാശ്യം എന്നതായിരുന്നു. അമ്പലപ്പുഴ പൊലീസും പിന്നീട് ആലപ്പുഴ ഡിവൈഎസ്പിയും കേസ് അന്വേഷിച്ചപ്പോഴും എത്തിയത് പെണ്‍കുട്ടികളുടേത് പ്രേമനൈരാശ്യം മൂലമുള്ള ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഷം ഉള്ളില്‍ ചെന്നാണ് പെണ്‍കുട്ടികള്‍ മരിച്ചതെന്നും വ്യക്തമായിരുന്നു.

പക്ഷേ, മരിച്ച കുട്ടികളുടെ കുടുബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും അത് വിശ്വസിക്കാന്‍ തയ്യാറായില്ല. മൂന്നു പെണ്‍കുട്ടികള്‍ക്കും ഒരേപോലെ പ്രേമനൈരാശ്യം വരികയോ? അതല്ല കാരണമെന്ന് അവര്‍ പ്രതിഷേധമുയര്‍ത്തി. മൂന്നു മരണങ്ങള്‍ക്കു പിന്നിലും ദുരൂഹയുണ്ടെന്ന് ആരോപണം ശക്തമായി. സത്യം കണ്ടെത്താനല്ല, കേസ് ഒതുക്കി തീര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നു ജനങ്ങള്‍ പരാതിപ്പെട്ടു. നീതി ആവശ്യപ്പെട്ട പ്രതിഷേധങ്ങളും സമരങ്ങളും നടത്തി. ഒടുവില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസില്‍ പുനരന്വേഷണം നടത്താന്‍ തീരുമാനം ഉണ്ടായി. പുനരന്വേഷണം ക്രൈം ഡിറ്റാച്ച്‌മെന്റ് ബ്യൂറോയ്ക്ക് കൈമാറി. അന്വേഷണ ചുമതല കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജഗോപാലിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘത്തിന് നല്‍കി.

ഈ അന്വേഷണത്തിലാണ് മരിച്ച പെണ്‍കുട്ടികളുടെ സഹപാഠികളായ ഷാനവാസ്, സൗഫര്‍ എന്നിവരിലേക്ക് പൊലീസ് എത്തുന്നത്. തുടക്കം മുതല്‍ ഇവരുടെ മേല്‍ സംശയങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല. പുനരന്വേഷണ സംഘം ഈ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് നടത്തുകയുമായിരുന്നു. ലൈംഗിക പീഡനവും ആത്മഹത്യ പ്രേരണയും ചുമത്തിയാണ് സൗഫറിനെയും ഷാനവാസിനെയും അറസ്റ്റ് ചെയ്യുന്നത്.

സഹപാഠികളുടെ ഭീഷണിയും ഉപദ്രവുമാണ് പെണ്‍കുട്ടികളെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു അന്വേഷണംഘത്തിന്റെ കണ്ടെത്തല്‍. പ്രേമം നടിച്ച് പെണ്‍കുട്ടികളെ വശത്താക്കുകയായിരുന്നു പ്രതികള്‍ ചെയ്തത്. മരിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് പെണ്‍കുട്ടികള്‍ പ്രതികളായവര്‍ക്കൊപ്പം ആലപ്പുഴ ബിച്ചിന് സമീപമുള്ള ഒരു ആളൊഴിഞ്ഞ കെട്ടിട്ടതില്‍ വന്നിരുന്നുവെന്നും ഇവിടെ വച്ച് പ്രതികള്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയുയായിരുന്നുവെന്നും പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഇതുകാണിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ പല തവണയായി പീഡിപ്പിച്ചെന്നും ഇത്തരം ഉപദ്രവവും ഭീഷണിയും പ്രതികളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരുന്നതിനെ തുടര്‍ന്ന് മാനസികപ്രായാസത്തിലാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതികളെന്ന് കരുതിയ വിദ്യാര്‍ത്ഥികളെ വെറുതെ വിട്ടുകൊണ്ട് കോടതി പറഞ്ഞിരിക്കുന്നത് കുറ്റം തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നാണ്. നാട്ടുകാര്‍ ആരോപിക്കുന്നതുപോലെ തുടക്കം മുതല്‍ ലോക്കല്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ കോടതിയില്‍ തിരിച്ചടിയായെന്നാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും പറയുന്നത്. പ്രധാന തെളിവായി മാറേണ്ടിയിരുന്ന പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഈ ഫോണ്‍ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാതിരുന്നത് വലിയ തിരിച്ചടിയായി. 72 സാക്ഷികളെ കേസില്‍ വിസ്തരിച്ചിരുന്നു. പക്ഷേ, വ്യക്തമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു ആലപ്പുഴ ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് എച്ച് പഞ്ചാപകേശന്‍.

പ്രതികളെ വെറുതെ വിട്ടതിനു പിന്നാലെ, മൂന്നു പെണ്‍കുട്ടികള്‍ ഒരേപോലെ സ്വന്തം ക്ലാസ് മുറിയില്‍ ജീവനൊടുക്കിയതിനു പിന്നില്‍ വെറും പ്രേമനൈരാശ്യം മാത്രമാണോ എന്ന ചോദ്യം വീണ്ടും ശക്തമായിരിക്കുകയാണ്. ആത്മഹത്യയാണെങ്കില്‍ തന്നെയും അതിനു പിന്നില്‍ നിസ്സാരമായ എന്തെങ്കിലും കാരണമാണുള്ളതെന്നു വിശ്വാസിക്കാന്‍ തുടക്കം മുതല്‍ തയ്യാറാകാത്തവര്‍ വീണ്ടും തങ്ങളുടെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പക്ഷേ, അതിനുള്ള ഉത്തരം ഇനി കിട്ടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍