UPDATES

‘ആ സാറ് അങ്ങനെയാ, നിങ്ങളൊന്നു ശ്രദ്ധിച്ചാല്‍ മതി’; പെണ്‍കുട്ടികളെ മടിയിലിരുത്തുന്ന അധ്യാപകനെ കുറിച്ചാണ്

നമ്മുടെ സംസ്ഥാനത്തെ സ്കൂളുകളില്‍ കുട്ടികള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ എത്രത്തോളം സുരക്ഷിതരാണ്‌ എന്നുള്ള ഒരന്വേഷണമാണ് ഞങ്ങള്‍ നടത്തുന്നത്- അന്വേഷണ പരമ്പര; ഭാഗം 2

നമ്മുടെ സംസ്ഥാനത്തെ സ്കൂളുകളില്‍ കുട്ടികള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ എത്രത്തോളം സുരക്ഷിതരാണ്‌ എന്നുള്ള ഒരന്വേഷണമാണ് ഞങ്ങള്‍ നടത്തുന്നത്. വിവിധ ജില്ലകളിലെ സ്കൂളുകളില്‍ നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഈ അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അധ്യാപകരും അനധ്യാപകരും കുട്ടികളെ ശാരീരികമായി ചൂഷണം ചെയ്യുന്നതിന്റെ, പരാതികള്‍ മൂടി വയ്ക്കുന്നതിന്റെ, പീഡനങ്ങള്‍ തുടരുന്നതിന്റെ ഒക്കെ അനുഭവ വിവരങ്ങള്‍, ഭയപ്പാടോടെ ചില കുട്ടികള്‍ ഈ പീഡനങ്ങള്‍ സഹിക്കുന്നതിന്റെയും ചിലര്‍ പഠനം തന്നെ അവസാനിപ്പിക്കേണ്ടി വരുന്നതിനെയും നേര്‍ചിത്രങ്ങള്‍. ഇന്നലെ ഞങ്ങള്‍ പുറത്തുവിട്ടത് കാസര്‍കോഡ് നഗരത്തിലുള്ള ഒരു സ്കൂളില്‍ അഞ്ചു മുതല്‍ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ നിരവധി കുട്ടികളെ ഒരധ്യാപകനും അനധ്യാപകനും ചേര്‍ന്ന് വര്‍ഷങ്ങളായി പീഡിപ്പിക്കുന്നതിന്റെ വിവരങ്ങളാണ്. ഈ കുട്ടികള്‍ അവസാന ആശ്രയമെന്ന നിലയില്‍ സ്കൂളില്‍ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടിയില്‍ ഈ വിവരങ്ങള്‍ എഴുതി ഇട്ടെങ്കിലും ഒരിക്കലും അതൊന്നും അധികൃതരിലേക്ക് എത്തിയില്ല, പകരം കുറ്റാരോപിതര്‍ തന്നെ ഇത് കൈക്കലാക്കുകയും ഇതിന്റെ പേരില്‍ ആ കുട്ടികള്‍ വീണ്ടും പീഡനത്തിന് ഇരയാക്കപ്പെടുകയും ചെയ്തു. അവിടെ നടക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ ശരിയാണെന്ന് ഒരധ്യാപിക തന്നെ ഞങ്ങളോട് തുറന്നു പറയുകയും ചെയ്തു.

ആ സ്കൂളിലെ കുറ്റാരോപിതനായ അനധ്യാപക ജീവനക്കാരന്‍ സ്‌കൂളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ചെങ്കിലും അധ്യാപകന്‍ ഇപ്പോഴും സ്‌കൂളില്‍ സേവനം തുടരുകയാണ്. പരാതി പറഞ്ഞ കുട്ടികളും അതേ സ്‌കൂളില്‍ പഠിക്കുന്നു. കുട്ടികള്‍ നല്‍കുന്ന വിവരം അനുസരിച്ച് അയാള്‍ ഇപ്പോഴും കുറ്റകൃത്യങ്ങള്‍ തുടരുകയും ചെയ്യുന്നു. എല്ലാമറിഞ്ഞിട്ടും നടപടിയെടുക്കാത്ത സ്‌കൂള്‍ അധികൃതര്‍ പാലിക്കുന്ന മൗനവും നിസംഗതയുമാണ് ഇത്തരക്കാര്‍ക്ക് പ്രോത്സാഹനമാവുന്നതും. ഈ അന്വേഷണ പരമ്പരയുടെ ആദ്യ ഭാഗം (പെണ്‍കുട്ടികള്‍ സ്കൂളുകളില്‍ നേരിടുന്നത് തല മരപ്പിക്കുന്ന ലൈംഗികാതിക്രമങ്ങള്‍; പിന്നില്‍ അധ്യാപകരും അനധ്യാപകരും; കേസുകള്‍ 1000-ത്തിലധികം) പ്രസിദ്ധീകരിച്ചതിന് പിന്നാലെ സംസ്ഥാനത്തെ നിരവധി സ്കൂളുകളില്‍ നിന്നുള്ള അധ്യാപകരുടെയും സ്കൂള്‍ കൌണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ ഉള്ളവരുടെയും വെളിപ്പെടുത്തലുകളും ഞങ്ങളെ തേടിയെത്തുകയുണ്ടായി. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ നിരവധി കാരണങ്ങള്‍ കൊണ്ട് പുറംലോകത്തോട്‌ വെളിപ്പെടുത്തല്‍ നടത്താന്‍ കഴിയാത്ത കേസുകളായിരുന്നു ഇവയില്‍ പലതും. അന്വേഷണത്തില്‍ ബോധ്യപ്പെട്ട മറ്റു കാര്യങ്ങളിലൂടെ. ഭാഗം – 2

സ്‌കൂളിന്റെ ‘നിലയും വിലയും’ കണക്കിലെടുത്ത് നല്ലപേര് കാത്ത് സൂക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇനി പറയുന്നത്. തിരുവനന്തപുരത്തെ അണ്‍എയ്ഡഡ് സ്‌കൂളിലെ പത്താംക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്തു. ഒരു തവണയല്ല, മൂന്ന് തവണ. സംഭവം അറിഞ്ഞപ്പോള്‍ പരാതി നല്‍കിയ രക്ഷിതാക്കളെ, മകളുടെ നല്ലഭാവിയെക്കുറിച്ച് പറഞ്ഞ് ‘ബോധവത്ക്കരിച്ച്’ കേസ് പിന്‍വലിപ്പിച്ചത് സ്‌കൂള്‍ അധികൃതരാണ്. കുട്ടി നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ച് പറഞ്ഞത് പെണ്‍കുട്ടിയുടെ അമ്മ തന്നെയാണ്. “നല്ലവണ്ണം പഠിക്കുന്ന കുട്ടിയായിരുന്നു. അതുകൊണ്ട് തന്നെ സ്‌കൂളിലെ അധ്യാപകര്‍ക്കെല്ലാം വലിയകാര്യമായിരുന്നു. മെഡിസിന് പോവണമെന്ന ആഗ്രഹമുള്ളതുകൊണ്ട് ബയോളജി അവള്‍ക്ക് കൂടുതല്‍ ഇഷ്ടമായിരുന്നു. ആ താത്പര്യമാണ് അയാള്‍ മുതലെടുത്തത്. അയാള്‍ക്ക് പത്തമ്പത്തഞ്ച് വയസ്സുണ്ട്. മോളോട് വലിയ താത്പര്യമാണ് കാണിച്ചിരുന്നത്. മറ്റ് അധ്യാപകര്‍ കാണിക്കുന്നതിലധികം വാത്സല്യത്തോടെയാണ് അയാള് പെരുമാറിയിരുന്നത്. വീട്ടില്‍ നിന്ന് കറികള്‍ വരെ അവള്‍ക്ക് കൊണ്ടുവന്നുകൊടുക്കും. അവള്‍ക്കും വലിയ സന്തോഷമായിരുന്നു. എല്ലാ കഥകളും ഇവിടെ വന്ന് പറയാറുമുണ്ട്. ചില ശനിയാഴ്ചകളില്‍ സ്‌പെഷ്യല്‍ ക്ലാസ് വയ്ക്കും. ഒരിക്കല്‍ സ്‌പെഷ്യല്‍ ക്ലാസിന് പോയി വന്നിട്ട് ഇവക്ക് മിണ്ടാട്ടവുമില്ല, ഒന്നുമില്ല. കൊറേ ചോദിച്ചെങ്കിലും ഒന്നും പറഞ്ഞുമില്ല. പിന്നെ കുട്ടിക്ക് ക്ലാസില്‍ പോവാന്‍ മടിയായി. ‘അവിടെയൊന്നും ഇല്ലമ്മാ, ഇവിടിരുന്നാല്‍ കുറേക്കൂടി കോണ്‍സണ്‍ട്രേറ്റ് ചെയ്ത് പഠിക്കാം’ എന്നൊക്കെ പറഞ്ഞ് വീട്ടിലിരിപ്പായി. അവസാനം ക്ലാസ് ടീച്ചറും എല്ലാം കൂടി വിളിച്ച് ബഹളമായപ്പോള്‍ പിന്നേം സ്‌കൂളില്‍ പോവാന്‍ തുടങ്ങി. കുറച്ചൊന്ന് ഉഷാറായി വന്നപ്പഴേക്കും പിന്നേം എന്തോ പ്രശ്‌നമായി. അപ്പോ നോക്കുമ്പോ, ഇവള്‍ക്ക് പിരീഡ്‌സ് ഇടക്കിടെ വരുന്നു, ബ്ലീഡിങ് നിക്കുന്നുമില്ല. അതിന്റെ ആരോഗ്യപ്രശ്‌നം ആയിരിക്കും ഇതെല്ലാം എന്ന് കരുതി ഞങ്ങളുടെ ഫ്രണ്ടായ ഒരു ലേഡി ഡോക്ടറെ ചെന്നു കണ്ടു. അവര് പരിശോധനയൊക്കെ കഴിഞ്ഞപ്പഴാണ്, ബ്ലീഡിങ് മാത്രമല്ല, കുഞ്ഞിന്റെ ആ ഭാഗത്തൊക്കെ ചുമന്ന് തുടുത്ത് കിടക്കുകയാണ്. കുറേ മുറിവുകളും ഒക്കെ. ഡോക്ടര്‍ക്ക് സംശയം തോന്നിയിട്ട് കൂടുതല്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയെ ആരോ എന്തോ ചെയ്തിട്ടുണ്ടെന്ന് മനസ്സിലാവുന്നത്. മോള് തന്നെയാണ് വാവിട്ട് കരഞ്ഞുകൊണ്ട് എല്ലാ കാര്യങ്ങളും പറഞ്ഞത്. സ്‌പെഷ്യല്‍ ക്ലാസ് വച്ച ഒരു ദിവസം ക്ലാസ് കഴിഞ്ഞിട്ട് സ്റ്റാഫ്‌റൂമിലേക്ക് വരണമെന്ന് ആ സാറ് മോളോട് പറഞ്ഞു. സ്റ്റാഫ് റൂമിലെത്തിയപ്പോള്‍ ലാബില്‍ അസ്ഥികൂടമുണ്ട്, നിനക്ക് അനാട്ടമി പഠിക്കണ്ടേ എന്ന് പറഞ്ഞ് ലാബിലേക്ക് വിളിച്ചുകൊണ്ട് പോയി. ലാബില്‍ മുഴുവന്‍ ഇരുട്ടായിരുന്നു. അവിടെ വച്ച് അയാള്‍ കുട്ടിയെ ശരിക്കും ഉപദ്രവിച്ചു. അതിന്റെയായിരുന്നു അവളുടെ സ്വഭാവമാറ്റം എന്ന് പിന്നെയാണ് മനസ്സിലായത്. റേപ്പ് ആണ് നടന്നത്. പിന്നെയും അയാള്‍ അവളെ പലതും പറഞ്ഞ് ഭീഷണിപ്പെടുത്തിയും മറ്റും രണ്ട് തവണകൂടി ഉപദ്രവിച്ചു. കുട്ടിയെ സമാധാനിപ്പിച്ചിട്ട് ഞങ്ങള്‍ ആദ്യം പോലീസില്‍ പരാതി കൊടുത്തു. പക്ഷെ പിന്നെ അത് പിന്‍വലിച്ചു. സ്‌കൂളുകാരും പറയുന്നത് മോളുടെ ഭാവിയെക്കുറിച്ചാണ്. ഞങ്ങള്‍ക്കും വലിയ പ്രതീക്ഷകളുണ്ട്. അവള്‍ നന്നായി പഠിക്കുന്നതുകൊണ്ട് ഇത്തരം കേസിലേക്കൊന്നും വലിച്ചിഴക്കേണ്ടെന്ന് ഞങ്ങളും തീരുമാനിച്ചു. ഇപ്പോള്‍ കുട്ടി ഓക്കെ ആണ്. പ്ലസ് വണ്ണിന് മറ്റൊരു സ്‌കൂളില്‍ പഠിക്കാന്‍ ചേര്‍ന്നു. ഞങ്ങള്‍ ഇനി ഇത് ഒരാളുടെ അടുത്തും പരാതി പറയാന്‍ പോണില്ല. ഇതിപ്പോള്‍ ഇങ്ങനെ ചിലത് നടക്കുന്നുണ്ടെന്ന് രക്ഷിതാക്കളും അധ്യാപകരും സ്‌കൂളുകാരും എല്ലാം അറിഞ്ഞിരിക്കാന്‍ വേണ്ടി പറയുന്നതാണ്.” കേസ് ഉണ്ടായത് ഒത്തുതീര്‍പ്പാക്കിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ അധ്യാപകനെ സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ടു. “എന്നാല്‍ അധ്യാപകരോട് പോലും ഒരു കുട്ടിക്ക് തുറന്ന അടുപ്പം കാണിക്കാന്‍ പറ്റില്ല എന്നല്ലേ ഇതിലൂടെ മനസ്സിലായത്. റേപ്പ് നടന്നാലും ശാരീരികമായി ഒന്നും നഷ്ടപ്പെടുന്നില്ലെന്ന് വിശ്വസിക്കുന്ന എന്നെപ്പോലെ ഒരു അമ്മ ഉള്ളതുകൊണ്ട് എന്റെ കുട്ടിക്ക് ആ അവസ്ഥ മറികടക്കാനായി. എല്ലാവര്‍ക്കും അതുണ്ടായി എന്ന് വരില്ല. ഇങ്ങനെയൊക്കെയാണ് കുട്ടികളുടെ ഭാവി നശിപ്പിക്കപ്പെടുന്നത്. ഇനിയെങ്കിലും സ്‌കൂളുകാരും രക്ഷിതാക്കളും കുട്ടികളുമൊക്കെ ഒന്നു കരുതിയിരിക്കുകയും കരുതലോടെ ഇടപെടുകയും ചെയ്യുന്നത് നന്നായിരിക്കും” പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞുനിര്‍ത്തി.

അട്ടപ്പാടിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകന്റെ ലൈംഗികാതിക്രമത്തിന് ഇരയാവേണ്ടി വന്നത് ഏഴ് വയസ്സ് മാത്രം പ്രായമുള്ള രണ്ടാം ക്ലാസുകാരിയാണ്. കുട്ടിയുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങള്‍ കണ്ടാണ് സ്‌കൂള്‍ കൗണ്‍സിലര്‍ പെണ്‍കുട്ടിയുമായി സംസാരിക്കുന്നത്. ഏഴ് വയസ്സുള്ള പെണ്‍കുട്ടിക്ക് താന്‍ അനുഭവിച്ചത് എന്തെന്ന് പറയാന്‍ പോലുമറിയില്ലായിരുന്നു. തന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും തന്നെ ‘സ്‌നേഹിക്കുക’യും ചെയ്യുന്ന ക്ലാസ് ടീച്ചറെക്കുറിച്ച് അവള്‍ കൗണ്‍സിലറോട് പറഞ്ഞു. എന്തോ ‘ചീത്ത’യാണ് സാറ് ചെയ്യുന്നതെന്നും അവള്‍ പറഞ്ഞു. കൗണ്‍സിലര്‍ ചൈല്‍ഡ്‌ലൈനിനെ വിവരമറിയിക്കുകയും അതനുസരിച്ച് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്‌കൂള്‍ കൗണ്‍സിലര്‍ പറയുന്നു: “കേസ് അറിഞ്ഞയുടനെ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ മൊഴിയെടുക്കാന്‍ വന്നപ്പോഴാണ് എന്നോട് പറഞ്ഞതൊന്നുമായിരുന്നില്ല ആ കുട്ടി ശരിക്കും അനുഭവിച്ചിരുന്നത് എന്നറിയുന്നത്. കേട്ടാല്‍ അറപ്പും വെറുപ്പും ഉണ്ടാവുന്ന പല പ്രവര്‍ത്തികളും അയാള്‍ ആ കുട്ടിയോട് ചെയ്തിരുന്നു. അധ്യാപകനെ ഉടനെ തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും 42 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. രണ്ട് വര്‍ഷത്തോളമായി കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനകം ആ കുട്ടിയുടെ മൊഴി എത്രയോ തവണ രേഖപ്പെടുത്തപ്പെട്ടു. ആ കുഞ്ഞ് അനുഭവിച്ച വേദനയേക്കാള്‍ ഭീകരമാണ് പലരും വന്നുള്ള ഈ മൊഴിയെടുപ്പ്. കേസില്‍ പ്രതിയായ അധ്യാപകനെതിരെ നടപടിയുണ്ടായി. എന്നാല്‍ അവിടെ തീരുന്നതല്ലല്ലോ വിഷയങ്ങള്‍. ദിവസവും എത്രയോ കാര്യങ്ങളാണ് കൗണ്‍സിലര്‍ എന്ന നിലയില്‍ ഞാന്‍ കേള്‍ക്കുന്നത്. അധ്യാപകരുടെ ചെയ്തികള്‍ ആരോട് പറയണമെന്ന് പോലും കുട്ടികള്‍ക്ക് പലപ്പോഴും അറിയില്ല. മാര്‍ക്ക് കുറക്കുമോ, തന്റെ പഠനത്തില്‍ ശ്രദ്ധിക്കാതിരിക്കുമോ, സ്‌കൂളില്‍ താന്‍ ഒറ്റപ്പെടുമോ, അങ്ങനെ പല ഭയത്താലാണ് കുട്ടികള്‍ പലരും അധ്യാപകരില്‍ നിന്നുണ്ടാവുന്ന അതിക്രമങ്ങള്‍ മറച്ചുവക്കുന്നത്.”

ആലപ്പുഴയുടെ വടക്കേയറ്റത്ത് കുട്ടികളെ മടിയിലിരുത്തി പഠിപ്പിക്കുന്ന ഒരു അധ്യാപകനുണ്ടായിരുന്നു. ‘പഞ്ചാരക്കുട്ടന്‍’, ‘കോഴി’ എന്നൊക്കെ പേരുകളില്‍ ഈ അധ്യാപകന്‍ സ്‌കൂളില്‍ ‘പ്രശസ്തനു’മായിരുന്നു. പെണ്‍കുട്ടികളെ കണ്ടാല്‍ മുഖത്തും കഴുത്തിലും തലോടി സുഖാന്വേഷണം നടത്തും. തോളില്‍ കയ്യമര്‍ത്തി സംസാരിക്കും. മടിയിലിരുത്തും. വസ്ത്രത്തിന്റേയും ശരീരത്തിന്റെയും അളവുകള്‍ തിട്ടപ്പെടുത്തും. വിവരങ്ങള്‍ തന്നത് ആ സ്‌കൂളില്‍ നിന്ന് പഠിച്ച് പുറത്തിറങ്ങിയ വിദ്യാര്‍ഥിനി തന്നെയാണ്. അധ്യാപകന്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കൂളില്‍ നിന്ന് വിരമിച്ചു. എന്നാല്‍ അയാളുടെ പെരുമാറ്റം പലപ്പോഴും അധ്യാപകരെ ബോധ്യപ്പെടുത്തിയിരുന്നെങ്കിലും ‘നിങ്ങള്‍ ശ്രദ്ധിച്ച് നടക്ക്’ എന്ന ഉപദേശമാണ് വിദ്യാര്‍ഥികള്‍ക്ക് കിട്ടിയിരുന്നത്.

അയ്യോ, അയാളെക്കൊണ്ട് വലിയ പാടായിരുന്നു. ഞങ്ങളാരും അടുത്ത് പോലും ചെല്ലില്ല. കോറിഡോറില്‍ അയാളെ കണ്ടാല്‍ പരമാവധി മാറി നടക്കും. ഇല്ലെങ്കില്‍ കൈ നീണ്ടുവരും. കണ്ടാല്‍ അയാള്‍ സ്‌നേഹത്തോടെ തൊടുകയാണെന്നേ തോന്നൂ. അങ്ങനെയല്ലെന്ന് ഞങ്ങള്‍ക്കല്ലേ അറിയാവൂ. കമ്പ്യൂട്ടര്‍ ലാബില്‍ അയാള്‍ വന്നിരിക്കും. പെണ്‍കൊച്ചുങ്ങളെ മടിയില്‍ പിടിച്ചിരുത്തുന്നതാണ് മെയിന്‍ പരിപാടി. വേണ്ടെന്ന് പറഞ്ഞ് ഓടിമാറാന്‍ ശ്രമിച്ചാലും അയാള് പിടിച്ചിരുത്തും. അയാളെക്കുറിച്ച് ആലോചിക്കുമ്പോ തന്നെ അറപ്പ് വരും. കമ്പ്യൂട്ടറില്‍ നമ്മളോരോന്ന് ചെയ്‌തോണ്ടിരിക്കുമ്പോള്‍ അടുത്ത് വന്ന് ചുരിദാറിന്റെ ടോപ്പ് പിടിച്ച് നോക്കിയിട്ട് ‘നീയെന്തിനാ ഈ കഴുത്ത് ഇത്രയും കയറ്റിത്തയ്പ്പിച്ചിരിക്കുന്നത്‘ എന്ന് ചോദിച്ച് കഴുത്തിലും തൊടും. തോളില്‍ പിടിച്ചിട്ട്, ‘നീയിതൊക്കെ ഇടാന്‍ തുടങ്ങിയോ? അത്രക്കൊന്നുമില്ലല്ലോ?’ എന്നൊക്കെ ചോദിക്കും. ‘എന്തെങ്കിലുമൊക്കെ കഴിച്ച് ഇത്തിരി നന്നാവാന്‍ നോക്ക്’ എന്ന് ഉപദേശവും തരും. കമ്പ്യൂട്ടറിന്റെ മൗസില്‍ കൈവച്ച് കൈ ഞങ്ങളുടെ ദേഹത്ത് തൊടും. കുറേ പ്രാവശ്യം ടീച്ചര്‍മാരോട് പറഞ്ഞിട്ടുണ്ട്. ‘അയാള്‍ അങ്ങനെയാ. വേറെയും പിള്ളേര്‍ കംപ്ലയിന്റ് തന്നിട്ടുണ്ട്. നിങ്ങളൊന്ന് ശ്രദ്ധിച്ച് നടന്നാ മതി, കൂടുതലായാല്‍ നമുക്ക് പരാതി കൊടുക്കാം’ എന്ന് പറഞ്ഞ് ഞങ്ങളെ തിരികെ അയയ്ക്കും. ഹെഡ്മാസ്റ്റര്‍ വിളിച്ച് ചോദ്യം ചെയ്തിട്ടുണ്ട്. പക്ഷെ അയാളുടെ പെരുമാറ്റത്തിലൊന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് അയാള്‍ പെന്‍ഷന്‍ ആയിപ്പോയി. അപ്പഴാണ് ഒരു ആശ്വാസം വന്നത്. സ്‌കൂളിലൂടെ സമാധാനത്തില്‍ നടക്കാന്‍ പറ്റി”, ഒരു തമാശ പറയുന്നത് പോലെ ലാഘവത്തോടെയാണ് ആ പെണ്‍കുട്ടി ഇത് പറഞ്ഞതെങ്കിലും അവളുള്‍പ്പെടെയുള്ളവര്‍ അനുഭവിച്ച അരക്ഷിതാവസ്ഥ അതില്‍ വ്യക്തമായിരുന്നു.

സ്‌കൂള്‍ അധികൃതരുടെ നടപടി ഒരു താക്കീതിനപ്പുറത്തേക്ക് കടക്കുന്നില്ല എന്നതാണ് പല കേസുകളിലും കാണുന്നത്. ഈ പട്ടികയില്‍ ഒന്നോ രണ്ടോ സ്‌കൂളുകളല്ല, കണക്കെടുത്താല്‍ കേരളത്തിലെ ഒട്ടുമിക്ക സ്‌കൂളുകളിലും കുട്ടികള്‍ ഇതെല്ലാം നേരിടുന്നുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പലപ്പോഴും നടപടികള്‍ക്ക് മുതിരുന്നില്ലെന്നും ഹൈസ്‌കൂള്‍ അധ്യാപികയായ ഗിരിജാദേവി പറയുന്നു. സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്‍സികള്‍ റാന്‍ഡം സര്‍വേയെങ്കിലും ഇക്കാര്യത്തില്‍ നടത്തണമെന്ന അഭിപ്രായവും അവര്‍ പങ്കുവക്കുന്നു

ഇവിടെ തീരുന്നതല്ല കുട്ടികള്‍ക്ക് നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ലൈംഗികാതിക്രമങ്ങള്‍. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കാസര്‍കോഡ് തുടങ്ങിയ ജില്ലകളിലെ വിവിധ സ്കൂളുകളില്‍ നടത്തിയ അന്വേഷണത്തില്‍ അറിഞ്ഞ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും. കുട്ടികള്‍ക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങള്‍ പലതും ഇവിടെ എഴുതാന്‍ പോലും കഴിയാത്തത്ര വിധത്തില്‍ വേദനയും അമ്പരപ്പും ഉണ്ടാക്കുന്നതാണ്. അതുപോലെ തന്നെയാണ്, സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന കൌണ്‍സിലര്‍മാരും ഒപ്പം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും നല്‍കുന്ന വിവരങ്ങള്‍. ഓരോ ദിവസവും നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതില്‍ കൂടുതലും പ്രതിസ്ഥാനത്ത് അധ്യാപകര്‍ തന്നെയാണ്. ഇതിപ്പോള്‍ തുടങ്ങിയ ഒരു കാര്യമല്ല, ദശകങ്ങളായി തുടരുന്ന ഒരു കാര്യമാണ്, കുട്ടികളായിരിക്കുമ്പോള്‍ ഇതൊന്നും മനസിലാവുക പോലുമില്ല, പ്രതികരിക്കാനും മടിക്കും, ഇപ്പോള്‍ കുറച്ചെങ്കിലും പുറത്തു വരുന്നു, എന്നാണ് മലയാളത്തിലെ ഒരു എഴുത്തുകാരി തന്നെ ഞങ്ങളോട് തുറന്നു പറഞ്ഞത്.

(തുടരും)

പെണ്‍കുട്ടികള്‍ സ്കൂളുകളില്‍ നേരിടുന്നത് തല മരപ്പിക്കുന്ന ലൈംഗികാതിക്രമങ്ങള്‍; പിന്നില്‍ അധ്യാപകരും അനധ്യാപകരും; കേസുകള്‍ 1000-ത്തിലധികം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍