UPDATES

പെണ്‍കുട്ടികള്‍ സ്കൂളുകളില്‍ നേരിടുന്നത് തല മരപ്പിക്കുന്ന ലൈംഗികാതിക്രമങ്ങള്‍; പിന്നില്‍ അധ്യാപകരും അനധ്യാപകരും; കേസുകള്‍ 1000-ത്തിലധികം

ഒരു പ്രായത്തില്‍ അച്ഛനമ്മമാരേക്കാള്‍/രക്ഷിതാക്കളേക്കാള്‍ കുട്ടികള്‍ വിശ്വാസമര്‍പ്പിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന കുട്ടികളോട് അധ്യാപകര്‍ (ചിലരെങ്കിലും) ചെയ്യുന്നതെന്താണ്? അന്വേഷണം- ഭാഗം 1

കേരളത്തിലെ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്നത് ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍. കുറ്റക്കാരില്‍ അധ്യാപകരും അനധ്യാപകരും. രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ കേസുകള്‍ ആയിരത്തിലധികം… അന്വേഷണ പരമ്പര- ഭാഗം 1

ക്ലാസ് മുറികള്‍ സ്മാര്‍ട്ടാവുന്നു, സ്‌കൂളുകള്‍ ഹൈടെക് ആവുന്നു. അടിസ്ഥാന വിദ്യാഭ്യാസം അതിന്റെ എല്ലാ സാധ്യതകളോടെയും നടപ്പാക്കാന്‍ സര്‍ക്കാര്‍ നൂതന ആശയങ്ങളും പുതിയ പദ്ധതികളുമായെത്തുന്നു. സ്‌കൂളുകളുടെ നിലവാരമുയര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പ് കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. പെണ്‍കുട്ടികള്‍ക്കായി എന്തെല്ലാമാണ് ഓരോ സ്‌കൂളിലും ഒരുക്കിയിരിക്കുന്നത്? ഈ ചോദ്യത്തിന് വ്യക്തവും കൃത്യവുമായ ഉത്തരം സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ വകുപ്പിനുമുണ്ട്. ശാരീരികമോ, മാനസികമോ, ലൈംഗികമോ ആയ അതിക്രമങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഏജന്‍സികളോട് തുറന്നുപറയാനുള്ള ‘പരാതിപ്പെട്ടി’, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ജാഗ്രതയോടെ നിലനില്‍ക്കുന്ന സ്‌കൂള്‍തല ജാഗ്രതാസമിതി, കുട്ടികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പഠിക്കാനും പരിഹാരത്തിനായി ശ്രമിക്കാനും സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍. ഇത്തരം സംവിധാനങ്ങളെല്ലാം ഏറിയും കുറഞ്ഞും സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിന് പുറമെ കൗമാരപ്രായക്കാര്‍ക്കായി നടത്തുന്ന ബോധവത്ക്കരണ പരിപാടികള്‍, ‘സൗഹൃദ ക്ലബ്ബ്’, ചൈല്‍ഡ്‌ലൈന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങനെ പോവുന്നു കാര്യപരിപാടികള്‍.

എന്നാല്‍ ഈ സ്‌കൂളുകളിലേക്കയക്കുന്ന കുട്ടികള്‍ക്ക്, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക് എന്ത് സുരക്ഷിതത്വമാണുള്ളത്? ഒരു ദിവസത്തിന്റെ ഏതാണ്ട് ഭൂരിഭാഗം സമയവും സ്‌കൂളുകളില്‍ ചെലവഴിക്കേണ്ടി വരുന്ന കുട്ടികള്‍ എത്രകണ്ട് അരക്ഷിതരാണ്? ഒരു പ്രായത്തില്‍ അച്ഛനമ്മമാരേക്കാള്‍/രക്ഷിതാക്കളേക്കാള്‍ കുട്ടികള്‍ വിശ്വാസമര്‍പ്പിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന കുട്ടികളോട് അധ്യാപകര്‍ (ചിലരെങ്കിലും) ചെയ്യുന്നതെന്താണ്? ചില വ്യക്തമായ സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം കേരളത്തിലെ കുറെയേറെ ജില്ലകളിലെ പല സ്‌കൂളുകളിലേക്കും നീണ്ടു. അധ്യാപകരുമായി, രക്ഷിതാക്കളുമായി, കുട്ടികളുമായി, സ്‌കൂള്‍ കൗണ്‍സിലര്‍മാരുമായി ദീര്‍ഘനേരം സംസാരിച്ചു. ഒടുവില്‍ ഇവരില്‍ നിന്നെല്ലാം ലഭിച്ചത് മന:സാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. തുറന്നുപറച്ചിലുകളുടെ കാലത്ത് തുറന്ന് പറയാന്‍ പോലുമറിയാതെ നിസ്സഹായരായിപ്പോവുന്ന ബാല്യവും കൗമാരവും ആരുടെ ഉത്തരവാദിത്തം?

‘അഴിമുഖം’ ചില അനുഭവങ്ങള്‍ (കുട്ടികളുടെ, അധ്യാപകരുടെ, കൗണ്‍സിലര്‍മാരുടെ, രക്ഷിതാക്കളുടെ) തുറന്നുപങ്കുവക്കുകയാണ്. അനുഭവങ്ങളിലെ ‘അ’ശ്ലീല പദങ്ങള്‍ റിപ്പോര്‍ട്ടില്‍ ഒഴിവാക്കുകയാണ്. പൊതുസമൂഹത്തിന് ‘ശ്ലീല’മാവാത്തതുകൊണ്ടല്ല, മറിച്ച്, അത് നേരിട്ട് കേള്‍ക്കുകയോ കാണുകയോ അനുഭവിക്കുകയോ ചെയ്ത കുഞ്ഞുങ്ങളുടെയും അവരുടെ ഉറ്റവരുടെയും വേദനയെ അത് ഇരട്ടിപ്പിക്കും എന്നത് കൊണ്ടാണ് അവ ഒഴിവാക്കുന്നത്. ഇതിന് പുറമെ കുട്ടികളുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ഉതകുന്ന പേരുകളും സ്ഥലനാമങ്ങളും ഒഴിവാക്കുന്നു. 

‘പെണ്‍കുട്ടികളെ ആ സാറ് ഭയങ്കരായിട്ട് ഉപദ്രവിക്കും. നെഞ്ചത്തും ദേഹത്തും മറ്റ് പല ഭാഗങ്ങളിലും പിടിക്കും. കരഞ്ഞാലും വിടില്ല. അതുകൊണ്ട് ഞങ്ങള്‍ സ്‌കൂളില്‍ വരാതിരിക്കുന്നുണ്ട്. വീട്ടിലെത്തിയാല്‍ ഒന്നും തിന്നാന്‍ തോന്നുന്നില്ല. ഞങ്ങള്‍ക്ക് നാണക്കേടും പേടിയുമുണ്ട്. ഈ കെട്ടകാര്യങ്ങള്‍ മാത്രം പഠിക്കാനാണോ സ്‌കൂളില്‍ വരുന്നത്. വലിയ കുട്ടികളെ മാത്രമല്ല ചെറിയ കുട്ടികളേയും ഇങ്ങനെ ഉപദ്രവിക്കാറുണ്ട്.’ കാസര്‍കോഡ് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു സ്‌കൂളിലെ ഒരു പെണ്‍കുട്ടി വളരെ സ്വകാര്യമായി സ്കൂളിലെ ‘പരാതിപ്പെട്ടി’യില്‍ ഇട്ട കത്തിലെ വാക്കുകളാണ്. ഈ കത്തുകള്‍ എത്തേണ്ടത് സ്കൂളിലെ ഉത്തരാവാദിത്തപ്പെട്ടവര്‍ക്കും പിന്നീട് ചൈല്‍ഡ് ലൈനും അതിനു ശേഷം നമ്മുടെ നീതി ന്യായ വ്യവസ്ഥയിലുമാണ്; എന്നാല്‍ സംഭവിച്ചതോ? പകരം കുറ്റക്കാരെന്ന് കുട്ടികള്‍ ആരോപിച്ചവര്‍ക്കായി പരാതിപ്പെട്ടിയുടെ പൂട്ട് പൊളിക്കപ്പെട്ടു. ഒന്നല്ല, നിരവധി കുട്ടികള്‍ ആ സ്‌കൂളില്‍ ഇതേപോലെ ‘പരാതിപ്പെട്ടി’യില്‍ കത്ത് നിക്ഷേപിച്ചെങ്കിലും ഒന്നും എത്തേണ്ടിടത്ത് എത്തിയില്ല. രക്ഷിക്കണമെന്ന ആവശ്യം ആരും കേട്ടതുമില്ല.

ആ സ്‌കൂളില്‍ നടന്ന/നടന്നുവരുന്ന ലൈംഗികാതിക്രമങ്ങള്‍ അഞ്ചും ആറും ഏഴും ക്ലാസ്സുകളില്‍ പഠിക്കുന്ന/പഠിച്ചിരുന്ന കുട്ടികളുടെ കത്തുകളിലൂടെയാണ് ‘അഴിമുഖ’വും അറിയുന്നത്. ഒരു അധ്യാപകനും അനധ്യാപകനും ചേര്‍ന്ന് നടത്തിയ അതിക്രമങ്ങളില്‍ സഹികെട്ടാണ് കുട്ടികള്‍ അത് പരാതിയായി നല്‍കാന്‍ തീരുമാനിക്കുന്നത്. കുട്ടികള്‍ എഴുതിയ കത്തുകളിലൂടെ (ചില വാക്കുകളും വാചകങ്ങളും ഒഴിവാക്കി)…

‘പെങ്കുട്യോളുടെ പാന്റ്‌സ് ഊരുന്ന പ്യൂണിനെ സ്‌കൂളിനെന്തിനാ? ഓനെ തൂക്കിക്കൊല്ലണം. എവിടെ നിന്നാലും തന്നേ നിക്കുമ്പോ വന്ന് പിടിക്കും. ഞങ്ങക്ക് സഹിക്കാന്‍ വയ്യ. എവിടേങ്കിലും പോയ് ചത്താമതിന്ന് തോന്നും. രണ്ട് കൊല്ലം കൊണ്ട് ഓന്‍ ഞങ്ങളെ ദ്രോഹിക്കുകയാണ്. ഒരുദിവസം അയാള്‍ പിടിച്ചപ്പോ വെപ്രാളത്തില്‍ താഴേക്ക് ചാടാന്‍ പോയേന്. അപ്പഴേക്കും ഒരു ഓട്ടോ വന്ന് നിന്നതോണ്ട്. അഞ്ചില്‍ പഠിക്കുമ്പോഴും നെഞ്ചത്ത് പിടിക്കുമായിരുന്നു. ആണ്‍കുട്ടികളുടെ മുമ്പില്‍ വച്ചും. ഞങ്ങക്ക് ഒരു സമാധാനവുമില്ല. ഞങ്ങളെ രക്ഷിക്കണം’;

‘ക്ലാസ് റൂം അടിച്ചുവാരണമെന്ന് പറഞ്ഞ് ഞങ്ങളെ വിളിക്കും. ഞങ്ങള്‍ ക്ലാസ്മുറി തൂത്തുവാരുമ്പോ പുറകിക്കൂടെ വന്ന് എന്തെല്ലോ ചെയ്യും, മൂത്രമൊഴിക്കുന്ന സ്ഥലത്ത് പിടിക്കും. മിഠായി വാങ്ങിത്തരാം, ആരോടും ഒന്നും പറയരുത് എന്ന് പറയും. ഞങ്ങക്ക് മിഠായിയും വാങ്ങിത്തരാറുണ്ട്. ദേശീയഗാനം ചൊല്ലുമ്പോള്‍ പെണ്‍കുട്ടികളുടെ പുറകിലൂടെ വന്ന് പെണ്‍കുട്ടികളുടെ തോളത്തുകൂടെ കയ്യിട്ട് ചാരി നില്‍ക്കും. വെപ്രാളപ്പെട്ട് ചൊല്ലുമ്പോള്‍ വരികള്‍ പലതും തെറ്റിപ്പോവുന്നുണ്ട്. ഞങ്ങക്ക് മതിയായി.’

‘ശരീരത്തില്‍ പല ഭാഗങ്ങളിലും പിടിച്ച് വേദനിപ്പിക്കും. ബോര്‍ഡില്‍ ചീത്ത വാക്കുകള്‍ എഴുതിയിട്ട് പെണ്‍കുട്ടികളെക്കൊണ്ട് വായിപ്പിക്കും. അത് കേട്ട് ആണ്‍കുട്ടികളും ചിരിക്കും. പഠിപ്പിക്കുമ്പോള്‍ ആ സാറ് നെഞ്ചത്ത് നോക്കിയിരിക്കും. ചീത്തവാക്കുകള്‍ പറഞ്ഞ് സമയം കളയും. പിന്നെ വലിയ പെണ്‍കുട്ടികളുടെ അടുത്ത് എപ്പഴും വന്നിരിക്കും.’

‘ഷഡ്ഡിയൂരിക്കാണിച്ച് തന്നിട്ടാണോ സാറ് നിങ്ങളെ ചിരിപ്പിക്കണതെന്ന് ആ സാറ് ചോദിക്കും. അത് നിങ്ങള്‍ക്ക് ഇഷ്ടമാണോന്ന് ചോദിക്കും. പെണ്‍കുട്ടികള്‍ ബാത്‌റൂമില്‍ പോണെന്ന് പറയുമ്പോ ഞാനും കൂടി വരട്ടെയെന്ന് ചോദിക്കും. കുട്ടികളുടെ ഭാവി കളയുന്ന മാഷന്‍മാരെ ഒഴിവാക്കണം.’

ഒട്ടനവധി കുട്ടികള്‍ ഒരധ്യാപനും അനധ്യാപകനുമെതിരെ നല്‍കിയ കത്തുകളില്‍ ചിലതിലെ വാക്കുകള്‍ മാത്രമാണിതെല്ലാം. ക്രൂരതയുടെ തെളിവായി ഇനിയുമേറെ കത്തുകള്‍ അവശേഷിക്കുന്നു. അതേ സ്‌കൂളിലെ ഒരധ്യാപിക പറയുന്നത് ഇങ്ങനെ: “എന്റെ കണ്‍മുന്നില്‍ ഞാന്‍ കണ്ടിട്ടുണ്ട് ഇവന്‍മാരുടെ വൃത്തികേടുകള്‍. യു പി സ്‌കൂളിലെ പിള്ളേര്‍ എന്നു പറഞ്ഞാല്‍ എന്ത് പ്രായമുണ്ട്? ആ കുഞ്ഞുങ്ങളോടാണ് ഇവരിത് ചെയ്യുന്നത്. ഇത് ഒരു തവണയോ ഒരു ദിവസമോ സംഭവിച്ചതല്ല. വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന, ഇപ്പോഴും തുടരുന്ന കാര്യമാണ്. മൂന്നാം ക്ലാസിലെ പിള്ളേരെപ്പോലും ഈ അധ്യാപകനും അനധ്യാപകനും ചേര്‍ന്ന് ഉപദ്രവിച്ചിട്ടുണ്ട്. ഇത് വെറും തോണ്ടലോ മാന്തലോ ഒന്നുമല്ല. കൈക്രിയകളാണ് കൂടുതലും. എന്നാല്‍ അതിലും കടന്ന സംഭവങ്ങളുമുണ്ട്. പിള്ളേര്‍ പേടിച്ചിട്ട് പറയില്ലായിരുന്നു. ഒരു ദിവസം ഒരു കുട്ടി എന്റെയടുത്ത് വന്ന് ചില കഥകള്‍ പറഞ്ഞു. അതോടെ മറ്റ് കുട്ടികള്‍ക്കും ധൈര്യമായി. ഓരോരുത്തര്‍ പറയുന്നത് കേട്ട് അധ്യാപികയായ ഞാന്‍ തരിച്ചിരുന്നുപോയി. വീട്ടുകാര്‍ വിശ്വസിച്ച് ഏല്‍പ്പിച്ച് വിട്ടേക്കുന്നതല്ലേ സ്‌കൂളിലേക്ക്. അതും ഈ നാട്ടുകാരാണെങ്കില്‍ പച്ചപ്പാവങ്ങളും നിഷ്‌കളങ്കരുമാണ്. അധ്യാപകര്‍ എന്ന് പറഞ്ഞാല്‍ അവര്‍ക്കൊക്കെ ദൈവംപോലെയാണ്. പിള്ളേരാണെങ്കില്‍ പേടിച്ചിട്ട് വീട്ടില്‍ പറയുകയുമില്ല. പിള്ളേര്‍ ആദ്യമൊക്കെ എന്നോട് വന്ന് പറയുമ്പോള്‍ നിര്‍ത്താതെ വിറയലായിരുന്നു. വല്ലാത്ത വെപ്രാളവും സങ്കടവും ഒക്കെ. കുറേ പിള്ളേര്‍ വന്ന് പറഞ്ഞ് പോയതോടെ ഞാന്‍ ഹെഡ്മാസ്റ്ററോട് കാര്യം പറഞ്ഞു. അദ്ദേഹം അത് ഗൗനിച്ചതേയില്ല. നടപടിയൊന്നുമെടുത്തില്ലെങ്കിലും ചുരുങ്ങിയത് അധ്യാപകര്‍ക്ക് ക്ലാസ് എങ്കിലും കൊടുക്കണ്ടേ. ഇത് അതും ചെയ്തില്ല. ഞാന്‍ പക്ഷെ കുട്ടികള്‍ക്ക് ക്ലാസില്ലാത്ത നേരങ്ങളില്‍ കൗണ്‍സലിങ്ങും ബോധവത്ക്കരണവുമെല്ലാം കൊടുക്കാന്‍ തുടങ്ങി. ക്ലാസില്‍ ഒറ്റക്കിരിക്കരുത്, രാവിലെ നേരത്തെ വരരുത്, വൈകിട്ട് സ്‌കൂള്‍ വിട്ടാല്‍ ഉടനെ വീട്ടില്‍ പോവണമെന്നും പിള്ളേരെ പറഞ്ഞ് മനസ്സിലാക്കി. ഞാന്‍ പറഞ്ഞത് കേട്ട് കുട്ടികള്‍ പരാതിയുമായി ഹെഡ്മാസ്റ്ററെ കാണാന്‍ ചെന്നു. പരാതിയുണ്ടെങ്കില്‍ പരാതിപ്പെട്ടിയില്‍ ഇടാനാണ് അദ്ദേഹം കുട്ടികളോട് നിര്‍ദ്ദേശിച്ചത്. പിള്ളേരെല്ലാം പരാതി എഴുതിയിട്ടു. അതുകഴിഞ്ഞ് കുറേ നാള്‍ കുട്ടികള്‍ കാത്തിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ആ കുട്ടികളെ ഉപദ്രവിച്ചു എന്ന് പറയുന്ന സാറും മറ്റയാളും ഈ പിള്ളേരെയൊക്കെ ക്ലാസിലെത്തി ഭീഷണിപ്പെടുത്തി. എന്തിനാണ് പരാതി പറഞ്ഞത് എന്ന് ചോദ്യമാണ് ആ കുട്ടികള്‍ നേരിടേണ്ടി വന്നത്. പരാതിപ്പെട്ടിയില്‍ നിന്ന് ആ കത്തുകള്‍ പുറത്തുപോയതോടെ ഈ അതിക്രമങ്ങള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാനും കഴിഞ്ഞില്ല.

സ്‌കൂളുകളില്‍ അധ്യാപകരാല്‍ ലൈംഗിക അതിക്രമത്തിന് വിധേയരാവേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ അനുഭവങ്ങള്‍ ഇവിടെ തീരുന്നില്ല. പല ജില്ലകളില്‍ നിന്നായി ലഭിച്ച വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഞങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. ഒപ്പം, ഇത്രയേറെ സുരക്ഷാ, ബോധവത്ക്കരണ പരിപാടികള്‍ നടപ്പാക്കിയിട്ടും ആ സംവിധാനങ്ങള്‍ വിജയകരമാണോ, എവിടെയൊക്കെയാണ് പാകപ്പിഴകള്‍ എന്നുള്ള കാര്യവും പരിശോധിക്കേണ്ടതുണ്ട്. ഞങ്ങള്‍ അന്വേഷിച്ച നിരവധി സ്കൂളുകളില്‍ ഇത്തരത്തിലുള്ള പീഡനങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് മനസിലായത്; ചില കേസുകളില്‍ എങ്കിലും അധ്യാപകര്‍ വിചാരണ നേരിടുന്നു; അതൊക്കെ കണക്കില്‍ മാത്രമുള്ളതാണ്, എന്നാല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത, അല്ലെങ്കില്‍ പരാതികള്‍ പുറംലോകം കാണാതെ ഒതുക്കുന്ന നിരവധി കേസുകള്‍ ഉണ്ട് എന്നതിന്റെ ഒരുദാഹരണമാണ് മുകളില്‍ പറഞ്ഞിരിക്കുന്ന സ്കൂളിലേത്.

(തുടരും)

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍