UPDATES

ട്രെന്‍ഡിങ്ങ്

ഭക്ഷണത്തില്‍ പുഴുവാണെങ്കിലും കഴിപ്പിക്കും; പെൺകുട്ടികൾ കോൺവെന്റ് വിട്ടിറങ്ങിയത് പീഡനങ്ങള്‍ സഹിക്കവയ്യാതെ

നിർധന കുടുംബത്തിൽ നിന്നും വരുന്ന കുട്ടികൾ മാത്രമാണ് ക്രൈസ്റ്റ് കിംഗ് കോൺവെന്റിൽ താമസിച്ചു പഠിക്കുന്നത്

ദീഷ്‌ണ സി.

ദീഷ്‌ണ സി.

അധികൃതരുടെ പീഡനങ്ങൾ സഹിക്കവയ്യാതെ കോൺവെന്റ് വിട്ടിറങ്ങി പെൺകുട്ടികൾ. എറണാകുളത്ത് വൈറ്റിലയ്ക്ക് സമീപം പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ്‌ കോൺവെന്റ് ഗേൾസ് ഹൈസ്കൂളിലെ ഇരുപത് പെൺകുട്ടികളാണ് വാർഡന്മാരായ സിസ്റ്റർമാരിൽ നിന്നുമുണ്ടായ മാനസിക പീഡനങ്ങളെത്തുടർന്ന് വെള്ളിയാഴ്ച്ച രാത്രി കോൺവെന്റ് വിട്ടിറങ്ങിയത്. നാട്ടുകാരുടെയും പോലീസിന്റെയും ഇടപെടലിനെയും, കുട്ടികളെ സുരക്ഷിതരായി സംരക്ഷിച്ചു കൊള്ളാമെന്ന സ്കൂൾ അധികാരികളുടെയും ഉറപ്പിനെയും തുടർന്ന് കുട്ടികളെ വീണ്ടും കോൺവെന്റിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ മൊഴി പ്രകാരം വാർഡന്മാരായ രണ്ട് സിസ്റ്റർമാർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച്ച രാത്രി ഒൻപതരയോടെയാണ് അവിടെ താമസിച്ചിരുന്ന ഇരുപത്തിനാല് പെൺകുട്ടികളിൽ ഇരുപത് പേർക്കും കോൺവെന്റിൽ നിന്നും പുറത്തിറങ്ങേണ്ടി വന്നത്. ഏഴു മുതൽ പതിനഞ്ചു വയസ്സ് വരെയുള്ള കുട്ടികള്‍ ഇതിൽ ഉൾപ്പെടും. കോൺവെന്റിന്റെ ഗേറ്റ് അടക്കമുള്ള വാതിലുകളുടെ താക്കോൽ കൂട്ടം കാണാതായതിനെത്തുടർന്ന് ദിവസങ്ങളോളം തങ്ങൾക്ക് ഭക്ഷണം തന്നിട്ടില്ലെന്നും ഫാൻ പോലും ഉപയോഗിക്കാൻ സമ്മതിക്കാറില്ലെന്നും പെൺകുട്ടികൾ പരാതിപ്പെടുന്നു. സിസ്റ്റർമാരിൽ നിന്നുമുണ്ടായ ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിക്കവയ്യാതെയാണ് കോൺവെന്റിൽ നിന്നും ഇറങ്ങേണ്ടി വന്നതെന്നാണ് കുട്ടികൾ ഒരേ സ്വരത്തിൽ പറയുന്നത്.

നിർധന കുടുംബത്തിൽ നിന്നും വരുന്ന കുട്ടികൾ മാത്രമാണ് ക്രൈസ്റ്റ് കിംഗ് കോൺവെന്റിൽ താമസിച്ചു പഠിക്കുന്നത്. സൗജന്യ പഠനവും താമസവുമാണ് ക്രൈസ്റ്റിലുള്ളത്. സാമൂഹ്യപ്രവർത്തകരും മറ്റ് ഉദാരമതികളായ ജനങ്ങളും നൽകുന്ന സംഭവനയിലാണ് കോൺവെന്റ് നടത്തിക്കൊണ്ട് പോകുന്നത്. എന്നാൽ, അതിനെല്ലാം സിസ്റ്റർമാർ കണക്കു പറയാറുണ്ടെന്നും അവരുടെ ഔദാര്യത്തിൽ ഭക്ഷണം കഴിക്കുന്നതിന് കണക്കെയുള്ള കുത്തുവാക്കുകളാണ് കേൾക്കേണ്ടി വരുന്നതെന്നും പെൺകുട്ടികൾ പരാതിപ്പെടുന്നു.

കോൺവെന്റിൽ നിന്നും പുറത്തിറങ്ങിയ പെൺകുട്ടികളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കരഞ്ഞും ഭയപ്പെട്ടുകൊണ്ടും കുട്ടികൾ പറയുന്നത് ഇപ്രകാരം: “കളഞ്ഞുപോയ താക്കോലിന്റെ പേരിൽ നിരന്തരം ഞങ്ങൾക്ക് പീഡനം ഏൽക്കേണ്ടി വരുന്നു. വാക്കുകൾ കൊണ്ടുമാത്രമല്ല, അവരിൽ നിന്ന് അടിയും കിട്ടാറുണ്ട്. താക്കോൽ ഞങ്ങൾ ഒളിപ്പിച്ചു വച്ചെന്ന പോലെയാണ് ഞങ്ങളുടെ ബാഗുകളും മറ്റും അവർ പരിശോധിക്കുന്നത്. അത് കണ്ടുകിട്ടുന്നത് വരെ ഭക്ഷണം തരില്ലെന്ന് പറയുകയും മുറിക്കകത്ത് കയറാൻ സമ്മതിക്കാത്തതിനാൽ ഞങ്ങൾക്ക് ഒരു ദിവസം ഹാളിൽ കിടന്നുറങ്ങേണ്ടിയും വന്നു. ഫാൻ ഇടാൻ സമ്മതിക്കുന്നില്ലെന്ന് മാത്രമല്ല, ‘നിങ്ങളുടെ വീട്ടിൽനിന്നും കൊണ്ടുവന്നതാണോ ഇതെല്ലാം’ എന്നുമാണ് ചോദിക്കുന്നത്. ഭക്ഷണമുൾപ്പെടെ ഞങ്ങൾക്ക് ലഭിക്കുന്ന എല്ലാത്തിനും അവർ കണക്കുപറയാറുണ്ട്. ഒരിക്കൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ട സമയത്ത്, അത് സവാളയാണെന്ന് പറഞ്ഞ് ഞങ്ങളെ നിർബന്ധിച്ച് കഴിപ്പിച്ചു. അന്ന് എല്ലാവരും ഛർദ്ദിക്കുകയാണുണ്ടായത്. തുടർന്ന് ഒരാഴ്ച്ച ചോറിനൊപ്പം വെറും അച്ചാർ മാത്രമാണ് ഞങ്ങൾക്ക് നൽകിയത്. ഇതിനെല്ലാം പുറമെ, ഞങ്ങളുടെ മാതാപിതാക്കളോട്, ‘ഇവളെയൊക്കെ കെട്ടിച്ചുവിട്ടാൽ പോരെ, പഠിപ്പിക്കേണ്ട കാര്യമുണ്ടോ’ എന്നുമാണ് ചോദിക്കുന്നത്.

കളഞ്ഞുപോയ താക്കോൽക്കൂട്ടം കണ്ടുകിട്ടുന്ന വരെ ഭക്ഷണം തരില്ലെന്ന് കുട്ടികളോട് പറഞ്ഞിരുന്ന കാര്യം വാസ്തവമാണെങ്കിലും, അപ്രകാരം ചെയ്തില്ലെന്ന് സിസ്റ്റർമാർ പ്രതികരിച്ചതായി പ്രശ്നത്തിൽ ഇടപെട്ട് പ്രവർത്തിച്ചവരിൽ ഒരാളായ ഷഫീക്ക് തമ്മനം അറിയിച്ചു. ഇന്നലെ സാമൂഹ്യ നീതി വകുപ്പിന്റെയും പോലീസിന്റെയും ചൈൽഡ് ലൈനിന്റെയും നേതൃത്വത്തിൽ സ്കൂൾ അധികൃതരുമായി ചർച്ച നടന്നെന്നും, ചർച്ചയ്ക്ക് ശേഷം പെൺകുട്ടികളെ കാണാനുള്ള അനുമതി സിസ്റ്റർമാർ സാമൂഹ്യ പ്രവർത്തകർക്ക് നൽകിയില്ലെന്നും ഷഫീക്ക് പറയുന്നു. രക്ഷകർത്താവിന്റെ സമ്മതപ്രകാരം ഒരു കുട്ടി സ്വയമേവ വീട്ടിലേക്ക് മടങ്ങിയെന്ന് അറിയാൻ സാധിച്ചെന്നും, കുട്ടിയുടെ മറ്റു വിവരങ്ങൾ ഒന്നും തന്നെ സിസ്റ്റർമാർ തങ്ങൾക്ക് നൽകിയില്ലെന്നും ഷഫീക്ക് കൂട്ടിച്ചേർത്തു.

ക്രൈസ്റ്റ് കിംഗ്‌ കോൺവെന്റിലെ ഇത്തരം പീഡനങ്ങൾ ആദ്യ സംഭവമല്ലെന്നും ഇതിനു മുൻപും പലതവണ പരാതി ലഭിച്ചിട്ടുണ്ടെന്നും എറണാകുളം ചൈൽഡ്‌ലൈൻ അധികൃതർ വ്യക്തമാക്കി. ചൈൽഡ് ലൈനിന്റെ വിശദീകരണമിങ്ങനെ; “സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന നിർധന കുടുംബത്തിലെ കുട്ടികളാണ് സിസ്റ്റർമാരുടെ പീഡനത്തിനിരയായിരിക്കുന്നത്. വീട്ടുകാരുടെ നിസ്സഹായത അറിയുന്നതിനാൽത്തന്നെ എന്ത് പീഡനവും സഹിച്ച് പെൺകുട്ടികൾ കോൺവെന്റിൽ നിൽക്കുമെന്ന് അറിയുന്നതിനാലാണ് രണ്ടു സിസ്റ്റർമാരും ഇത്രയധികം അവരെ ക്രൂശിച്ചത്. വളരെ അരക്ഷിതമായ ഒരു സാമൂഹിക സാഹചര്യത്തിൽ അർധരാത്രി ഇരുപത് പെൺകുട്ടികൾക്ക് റോഡിലേക്ക് ഇറങ്ങിപ്പോകേണ്ടി വന്നു എന്നത് നടക്കാൻ പാടില്ലാത്ത സംഭവമാണ്. ചെറിയ പ്രായമാണ് എല്ലാവർക്കും. ഇതെല്ലാം ചൂഷണം ചെയ്യുന്ന ഇത്തരം ഹോസ്റ്റൽ നടത്തിപ്പുകാരെ നിയമത്തിനു മുൻപിൽ ഇനിയും കൊണ്ടുവരേണ്ടതുണ്ട്. മുൻപും പലതവണ ഭക്ഷണത്തിലെ മാലിന്യവും മറ്റും കാണിച്ച് ക്രൈസ്റ്റ് കോൺവെന്റിനെക്കുറിച്ച് പരാതി ലഭിക്കുകയും ചൈൽഡ് ലൈൻ ഇടപെട്ട് താക്കീത് നൽകുകയും ചെയ്തിരുന്നതാണ്. എങ്കിലും അതെല്ലാം തുടർന്നിരുന്നെന്ന് ഇപ്പോൾ അറിയാൻ സാധിക്കുന്നു.

താക്കോൽ കളഞ്ഞുപോയി എന്നൊരു നിസ്സാര സംഭവത്തെച്ചൊല്ലിയാണ് ഇത്രയധികം മാനസിക വിഷമങ്ങൾ അവർ കുട്ടികളിൽ അടിച്ചേല്പിച്ചത്.അത്തരമൊരു ആരോപണത്തിൽ വാസ്തവമുണ്ടെങ്കിൽ തന്നെ ഒന്നോ രണ്ടോപേർ ചെയ്ത കുറ്റത്തിന് എന്തിന് ഇത്രയധികം കുഞ്ഞുങ്ങളെ പട്ടിണിക്കിട്ടു എന്ന ചോദ്യത്തിന് എന്ത് ന്യായീകരണമാണ് പറയാനുള്ളത്.? വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും”.

രണ്ടാംക്ലാസ്സ് മുതൽ പത്താം ക്ലാസ് വരെയുള്ള പെൺകുട്ടികളാണ് കോൺവെന്റ് വിട്ടിറങ്ങിയതെന്നും, ലഭ്യമായ ഒരു കുട്ടിയിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് സിസ്റ്റർമാർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കടവന്ത്ര പോലീസ് അറിയിച്ചു.

സ്കൂൾ അധികൃതകരുടെയും പോലീസ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ട സിസ്റ്റർമാരുടെയും വിശദീകരണങ്ങൾക്കായി പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുകൂട്ടരും പ്രതികരിക്കാന്‍ തയാറായില്ല.

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍