UPDATES

കേരളം

സംസ്ഥാനം അടിയന്തിരാവസ്ഥയിലേക്കോ?

Avatar

കൃഷ്ണകുമാര്‍ കെ.കെ.

ബജറ്റവതരണവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കകത്തുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ പി.സദാശിവം കൈക്കൊണ്ട തീരുമാനം ആശങ്ക ഉയര്‍ത്തുന്നതാണ്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിവരിച്ചുകൊണ്ട് ഭരണഘടനയുടെ 356-ാം വകുപ്പനുസരിച്ച് രാഷ്ട്രപതിക്ക് കത്തയക്കും എന്നാണ് ഗവര്‍ണര്‍ ഇറക്കിയ കുറിപ്പ് വ്യക്തമാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് തന്നെ തിരിച്ചടി നല്‍കിക്കൊണ്ടാണ് ഗവര്‍ണറുടെ നിലപാട് പുറത്ത് വന്നിരിക്കുന്നത്. അതെസമയം തന്നെ ബജറ്റവതരിപ്പിക്കാന്‍ അനുമതി കൊടുത്ത സ്പീക്കറുടെ പ്രവര്‍ത്തി അംഗീകരിക്കുകയും ചെയ്തത് ആശങ്കക്കിടയാക്കുന്നുണ്ട്.

ഗവര്‍ണറുടെ തീരുമാനമനുസരിച്ച് ചിന്തിക്കുമ്പോള്‍ സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകര്‍ന്നിരിക്കുന്നു എന്ന് വേണം അനുമാനിക്കാന്‍. അങ്ങനെയെങ്കില്‍ കേരളത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നതിനുള്ള മുന്നോടിയായിട്ടുവേണം ഇതിനെ കാണാന്‍.

356-ാം വകുപ്പനുസരിച്ച് ഏതെങ്കിലും സംസ്ഥാനത്തിലെ ഭരണകൂടം ഭരണഘടനാപരമായ കര്‍ത്തവ്യങ്ങള്‍ വേണ്ടതുപോലെ നിര്‍വ്വഹിക്കാന്‍ പരാജയപ്പെടുകയോ, സംസ്ഥാനത്തിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് പരിഹരിക്കാന്‍ കഴിയാതെ വരികയോ ചെയ്യുമ്പോള്‍ ആ അവസ്ഥ വിവരിച്ചുകൊണ്ട് ആ സംസ്ഥാനത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ക്ക് രാഷ്ട്രപതിയോട് നിര്‍ദ്ദേശിക്കാം.

ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം നിയമസഭക്കകത്തെ സംഭവവികാസങ്ങളെ നോക്കിക്കാണേണ്ടത്. മുന്‍പെങ്ങുമുണ്ടാകാത്ത രീതിയില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തിലാണ് കേരളനിയമസഭയില്‍ ബജറ്റവതരണം നടന്നു എന്ന് പറയപ്പെടുന്നത്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമാണെങ്കില്‍ കൂടിയും ഭരണഘടനാപരമായ പദവിയായ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍ നിഷ്പക്ഷനായിരിക്കണം എന്നാണ് ചട്ടം. എന്നാല്‍ ഇവിടെ സ്പീക്കര്‍ തികച്ചും പക്ഷപാതപരമായി പെരുമാറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അതിന്റെ ഏറ്റവും വലിയ തെളിവാണ് കൈകൊണ്ട് ആംഗ്യം നല്‍കി ബജറ്റവതരണത്തിന് അനുമതി നല്‍കിയത്. യഥാര്‍ത്ഥത്തില്‍ സ്പീക്കര്‍ സഭയ്ക്കുള്ളില്‍ പ്രവേശിച്ച് പ്രോപ്പര്‍ സീറ്റില്‍ വന്നിരുന്ന് സഭ ഓര്‍ഡറാക്കുകയും സമ്മേളിക്കുന്നതായി അറിയിക്കുകയും ചെയ്ത് ബജറ്റ് അവതരണത്തിന് ധനമന്ത്രിയെ അല്ലെങ്കില്‍ ആരാണോ അവതരിപ്പിക്കുന്നത് അയാളെ ക്ഷണിക്കുകയും വേണം. എന്നാല്‍ ഇത്തരം നടപടിക്രമങ്ങളൊന്നും അവിടെ ഉണ്ടായിട്ടില്ല.

പതിമൂന്നാം ബജറ്റ് പതിമൂന്നിന് തന്നെ അവതരിപ്പിക്കണം എന്ന മാണിയുടെ താത്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാരിന് കൂട്ട് നില്‍ക്കുകയാണ് സ്പീക്കര്‍ എന്‍ ശക്തന്‍ കഴിഞ്ഞ ദിവസം സഭയില്‍ ചെയ്തത്. കാര്യങ്ങള്‍ ഇത്രയും വഷളായ സ്ഥിതിക്ക് ഭരണകക്ഷിയേയും പ്രതിപക്ഷത്തേയും വിളിച്ച് ചര്‍ച്ച നടത്തി സമവായത്തിലൂടെ ബജറ്റവതരണത്തിന് വേറെ തിയതി നിശ്ചയിക്കാന്‍ സ്പീക്കറിന് സാധിക്കണമായിരുന്നു. എന്നാല്‍ ഇവിടെ അതുണ്ടായില്ല എന്ന് മാത്രമല്ല ഇന്ത്യാ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാവുകയും ചെയ്തു.

കേരള മോഡല്‍ ഓഫ് ഡെവലപ്പ്‌മെന്റ് എന്ന പേരില് പ്രശസ്തമായ പല നയ തീരുമാനങ്ങളും എടുത്ത് നടപ്പിലാക്കിയ ഒരു സഭയ്ക്കകത്താണ് വനിതാ അംഗങ്ങള്‍ക്കു പോലും രക്ഷയില്ലാത്ത വിധമുള്ള പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയത്. വിരലിലെണ്ണിയാല്‍ പോലും തീരാത്തത്ര അഴിമതി ആരോപണവുമായുള്ള മുഖ്യമന്ത്രിയും, അഴിമതിക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ധനമന്ത്രിയും ആരോപണങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന മന്ത്രിസഭയും ചേര്‍ന്ന് ഇനിയും മുന്നോട്ട് പോയാല്‍ തുടര്‍ന്ന് വരുന്ന സമരപരമ്പരകളില്‍ ചിലപ്പോള്‍ ക്രമസമാധാനം തന്നെ താറ്മാറായേക്കാം എന്ന തിരിച്ചറിവാകാം ഗവര്‍ണറെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്.

സഭയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ അംഗങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം ഈമാസം 30ന് മുന്‍പ് വോട്ടോണ്‍ അക്കൗണ്ടും ബജറ്റും പാസ്സാക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. സഭയ്ക്കകത്ത് പ്രശ്‌നമുണ്ടാക്കിയ അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ അത് ഭരണ പ്രതിപക്ഷങ്ങളെ ഒരുപോലെ ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല ബജറ്റ് പാസ്സാക്കാന്‍ കഴിയാതെ വരികയും ചെയ്യാം. അങ്ങനെവരുമ്പോള്‍ സ്വാഭാവികമായും സംസ്ഥാനത്ത് ഭരണഘടനാപ്രതിസന്ധി ഉണ്ടാകും. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക സര്‍ക്കാരിനെയായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍