UPDATES

മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ കെട്ടിവയ്ക്കും; കരിപ്പൂരിലെ സ്വര്‍ണക്കള്ളക്കടത്തിന്റെ അമ്പരപ്പിക്കുന്ന പുതുവഴികള്‍

ദുബായ്, സൗദി, ഖത്തര്‍, ഒമാന്‍, ബഹറൈന്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കടല്‍ കടന്നെത്തുന്ന സ്വര്‍ണം ഇങ്ങനെ പല ട്രിക്കുകളിലൂടെ സുരക്ഷാവലയം ഭേദിച്ചു കഴിഞ്ഞാല്‍, പിന്നീടെങ്ങോട്ടാണ് പോകുന്നത്?

ശ്രീഷ്മ

ശ്രീഷ്മ

“കരിപ്പൂര്‍ വിമാനത്താവളം വഴി ഒളിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി” – ആവര്‍ത്തിച്ചു കേട്ട് പഴകിപ്പോയ ചില പതിവു തലക്കെട്ടുകളിലൊന്ന്. കരിപ്പൂരില്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ച ആദ്യ കാലങ്ങളിലൊഴിച്ചാല്‍, മലബാറിലേക്കുള്ള സ്വര്‍ണക്കടത്തും സ്വര്‍ണവേട്ടകളും ഒരുകാലത്തും വലിയ വാര്‍ത്തകളായിട്ടേയില്ല. സ്വര്‍ണം കടത്തുന്നവരുടെ മാഫിയാ ബന്ധങ്ങള്‍, രാഷ്ട്രീയ ബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷണങ്ങളും പരിശോധനകളുമെല്ലാം മുറയ്ക്കു നടന്നിട്ടുണ്ടെന്നത് വാസ്തവം തന്നെ. എന്നാല്‍, കരിപ്പൂര്‍ വിമാനത്താവളവും അതുവഴി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മലബാറിലേക്കെത്തിച്ചേരുന്ന കോടിക്കണക്കിനു രൂപയുടെ സ്വര്‍ണവും വലിയ ആശങ്കകളോ അത്ഭുതമോ പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടേയില്ല. തമാശയായി പറയുന്ന കാര്യമാണെങ്കിലും, കണ്ണൂരില്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍, എല്ലാവരും ഉറ്റുനോക്കിയതും ആരായിരിക്കും, എങ്ങനെയായിരിക്കും ആദ്യം വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതെന്നാണ്. അത്രയേറെ സാമാന്യവത്ക്കരിക്കപ്പെട്ടുപോയിട്ടുണ്ട് ഈ അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് ശൃംഖലകള്‍.

കഴിഞ്ഞ ദിവസങ്ങളിലൊന്നിലാണ് കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച ഒന്നരക്കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തതായും കേസില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പതിവു സംഭവമെന്നതിലുപരി വലിയ പ്രാധാന്യമൊന്നും ആരും കൊടുത്തില്ലെങ്കിലും, ഏറെ രസകരമായ ഒരു വസ്തുത ഈ പുതിയ സംഭവവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്തിന്റെ പുതിയ രീതിയാണത്. മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ കെട്ടിവച്ചാണ് മെറ്റല്‍ ഡിറ്റക്ടറുകളെപ്പോലും കബളിപ്പിച്ച് സ്വര്‍ണം ഇത്തവണ കടത്താന്‍ ശ്രമിച്ചത്. കരിപ്പൂര്‍ വഴിയുള്ള കള്ളക്കടത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട ചരിത്രത്തിലെ ഏറ്റവും പുതിയ മാറ്റമാണ് ഈ മിശ്രിതരൂപത്തിലുള്ള കടത്ത്. ആദ്യ ഘട്ടം മുതല്‍ വളരെ തന്ത്രപരമായ പല വഴികളും കള്ളക്കടത്തുകാര്‍ സ്വര്‍ണം കടത്താനായി ആവിഷ്‌കരിച്ചും പരീക്ഷിച്ചും പോരുന്നുണ്ട്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കടക്കം ഏറെ കൗതുകമുണ്ടാക്കുന്നതാണ് സ്വര്‍ണക്കടത്തിന്റെ വഴികളും രീതികളും. ഒരു രീതി പിടിക്കപ്പെടുമ്പോള്‍ അടുത്തത് എന്ന കണക്കില്‍ പുതിയവ കളത്തിലിറങ്ങുന്നത് പലപ്പോഴും തലവേദനയാകാറുമുണ്ട്. എന്നാല്‍ കടത്തുവിദ്യകളുടെ ചരിത്രം പരിശോധിച്ചു പോയാല്‍ ബഹുരസമാണ് താനും.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നികുതിവെട്ടിച്ച് കേരളത്തിലേക്ക് സ്വര്‍ണമെത്തുന്ന പതിവിന് കേരളത്തിലെ ആദ്യകാല പ്രവാസിചരിത്രത്തോളം പഴക്കമുണ്ട്. കപ്പലുകളിലെത്തിയിരുന്ന സ്വര്‍ണം ഉരു വഴിയും വള്ളങ്ങള്‍ വഴിയുമാണ് അന്നത്തെ കേന്ദ്രങ്ങളായിരുന്ന കാസര്‍കോട്ടും ചാവക്കാട്ടും എത്തിയിരുന്നത്. കരിപ്പൂരില്‍ വിമാനത്താവളം വന്നതോടെ, കടത്ത് പ്രധാനമായും അതുവഴിയായി. അതോടെ, മലബാറിലേക്കുള്ള സ്വര്‍ണത്തിന്റെ കുത്തൊഴുക്കിന്റെ ഭൂപടത്തില്‍ കൊടുവള്ളിക്കും ചെറുതല്ലാത്ത സ്ഥാനം കൈവന്നു. കരിപ്പൂര്‍ വഴി മാത്രമല്ല, ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്നും വയനാടു വഴി ചുരമിറങ്ങിയെത്തുന്ന സ്വര്‍ണവും കൊടുവള്ളിയിലെ സ്വര്‍ണ്ണക്കടകളില്‍ രൂപം മാറിത്തുടങ്ങി. മാഹിയിലെ വൈന്‍ഷോപ്പുകളെപ്പോലെ, കൊടുവള്ളിയില്‍ അടുത്തടുത്ത കടമുറികളില്‍ ജ്വല്ലറികള്‍ തുറക്കപ്പെട്ടു. പിടിക്കപ്പെടുന്തോറും കൂടുതല്‍ക്കൂടുതല്‍ സ്വര്‍ണം കരിപ്പൂരില്‍ വിമാനമിറങ്ങിക്കൊണ്ടുമിരുന്നു. ആദ്യ കാലങ്ങളില്‍ സ്യൂട്ട് കേസുകളില്‍ ഒളിപ്പിച്ചും, കമ്പിരൂപത്തിലാക്കിയുമെല്ലാമാണ് സ്വര്‍ണം കടത്തിക്കൊണ്ടിരുന്നതെങ്കില്‍, പതിയെ ആ പതിവു മാറി. സ്യൂട്ട് കേസിന്റെ വശങ്ങളില്‍ രഹസ്യ അറകളുണ്ടാക്കി, അതിലൊളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസുകള്‍ ധാരാളമായിരുന്നു അക്കാലത്ത്. ഇത് പതിവായതോടെ കൃത്യമായി കള്ളക്കടത്തുകാരെ കസ്റ്റംസ് പിടികൂടാന്‍ തുടങ്ങി. പോകെപ്പോകെ പുതിയ രീതികളിലേക്ക് മാറുകയും ചെയ്തു.

ഉപകരണങ്ങള്‍ക്കുള്ളിലും ഷൂസിനകത്തുമെല്ലാം ഒളിപ്പിച്ചു കടത്തുന്ന കേസുകളാണ് അടുത്ത ഘടത്തില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ട്രാന്‍സിസ്റ്ററുകള്‍, ഹെയര്‍ ഡ്രൈയറുകള്‍, മിക്‌സികള്‍ എന്നിവയിലെല്ലാം സ്വര്‍ണം പല രൂപത്തില്‍ ഒളിപ്പിച്ചു കടത്തുന്ന രീതികള്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മിക്‌സിയ്ക്കകത്തെ കോയില്‍ മാറ്റി, പകരം സ്വര്‍ണം കൊണ്ടുണ്ടാക്കിയവ ഘടിപ്പിച്ചും ഏറെക്കാലം കടത്തിയിരുന്നു. എന്തിനധികം, ശീതളപാനീയമുണ്ടാക്കാനുപയോഗിക്കുന്ന ‘ടാങ് പൗഡര്‍’ തരികള്‍ക്കിടയില്‍ സ്വര്‍ണത്തരികള്‍ ഇടകലര്‍ത്തിപ്പോലും കള്ളക്കടത്തുകള്‍ കരിപ്പൂരില്‍ നടന്നിട്ടുണ്ട്. ഇങ്ങനെ ക്രിയാത്മകമായ പല രീതികളും പയറ്റിത്തെളിഞ്ഞ് പഴകിയപ്പോഴാണ് കടത്തുകാര്‍ പുതിയൊരു മാര്‍ഗ്ഗവുമായി കളത്തിലിറങ്ങിയിരിക്കുന്നത്.

ആ മാര്‍ഗ്ഗത്തില്‍ വളരെ വിദഗ്ധമായി സ്വര്‍ണം കടത്താമെന്നതിന്റെ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം കരിപ്പൂരില്‍ കണ്ടത്. സ്വര്‍ണത്തെ മറ്റു ചില വസ്തുക്കളുമായി ചേര്‍ത്ത് മിശ്രിതമാക്കുന്നതാണ് രീതി. കുഴമ്പുപരുവത്തില്‍, കണ്ടാല്‍ മണ്ണുപോലിരിക്കുന്ന ഈ മിശ്രിതം എവിടെ വേണമെങ്കിലും എളുപ്പത്തില്‍ ഒളിപ്പിക്കാനാകുമെന്നതാണ് കാര്യം. ശരീരത്തില്‍ അരഭാഗത്തോടു ചേര്‍ന്ന് കെട്ടിവച്ചും, അടിവസ്ത്രത്തിനകത്തെ അറകളില്‍ ഒളിപ്പിച്ചുമാണ് മിശ്രിതം കടത്തിക്കൊണ്ടിരിക്കുന്നത്. കാലില്‍ കെട്ടിവച്ച് സോക്‌സും ജീന്‍സും ഇട്ടു കഴിഞ്ഞാല്‍, ഒരുതരത്തിലും സ്വര്‍ണത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ സാധിക്കില്ല. സ്ത്രീകളും പുരുഷന്മാരുമടക്കമുള്ള കാരിയര്‍മാര്‍ ഇങ്ങനെ കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം, മെറ്റല്‍ ഡിറ്റക്ടറുകളില്‍ പിടിക്കപ്പെടില്ല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, അല്ലെങ്കില്‍ ശരീര ചലനങ്ങളില്‍ സംശയം തോന്നി നടത്തുന്ന ദേഹപരിശോധനയില്‍ മാത്രമേ മിശ്രിതരൂപത്തിലുള്ള സ്വര്‍ണം കണ്ടെത്താനാകൂ. കഴിഞ്ഞ ദിവസം കരിപ്പൂരില്‍ നടന്ന സ്വര്‍ണവേട്ട, ഇത്തരത്തില്‍ രഹസ്യവിവരം ഉപയോഗപ്പെടുത്തിയുള്ളതായിരുന്നു.

Also Read: പ്രളയം സമ്മാനിച്ച പുഞ്ച വിളവില്‍ പൊന്ന് കൊയ്ത് കുട്ടനാട്

ഇത്രയേറെ വിദഗ്ധമായ രീതിയാണ് നിലവില്‍ കള്ളക്കടത്തുകാര്‍ ഉപയോഗിക്കുന്നത് എന്നതുകൊണ്ടുതന്നെ, പിടിക്കപ്പെടുന്നതിനേക്കാള്‍ എത്രയോ മടങ്ങ് സ്വര്‍ണം അനായാസമായി പരിശോധനകള്‍ താണ്ടി പുറത്തെത്തുന്നുണ്ട് എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും അഭിപ്രായം. വിമാനത്താവളത്തിനു പുറത്തെത്തിക്കഴിഞ്ഞാല്‍ ബന്ധപ്പെട്ട ആളുകള്‍ വഴി രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് ഈ മിശ്രിതങ്ങളില്‍ നിന്നും സ്വര്‍ണം ഉരുക്കി വേര്‍തിരിച്ചെടുക്കും. രണ്ടരക്കിലോ മിശ്രിതത്തില്‍ നിന്നും ഇത്തരത്തില്‍ ഒരു കിലോ തൊള്ളായിരം ഗ്രാം വരെ സ്വര്‍ണം വേര്‍തിരിക്കാനാകും. ഒരു കിലോ സ്വര്‍ണം കടത്തിയാല്‍ ഏകദേശം മൂന്നര ലക്ഷത്തോളം രൂപ നികുതിയിനത്തില്‍ ലാഭമായി കിട്ടുമെന്നാണ് കണക്കുകള്‍. ഒരു വിമാനത്തില്‍ത്തന്നെ പല ഡീലര്‍മാര്‍ക്കായി കടത്തുന്ന ക്യാരിയര്‍മാരുണ്ടാകും. ഉദ്യോഗസ്ഥരെ സ്വാധീനിച്ചും, പേരിന് നൂറോ ഇരുന്നൂറോ ഗ്രാം സ്വര്‍ണവുമായി പിടികൊടുത്തും ആ മറവില്‍ കിലോക്കണക്കിന് സ്വര്‍ണം പ്രതിദിനം കരിപ്പൂരില്‍ നിന്നും പുറത്തെത്തുന്നുണ്ട്. മിശ്രിതം രംഗത്തെത്തിയതോടെ ഇത് പതിന്മടങ്ങായി വര്‍ദ്ധിച്ചിട്ടുമുണ്ട്. സ്വര്‍ണം കടത്തുന്നവര്‍ക്ക് സാധാരണഗതിയില്‍ ആര്‍ക്കുവേണ്ടിയാണെന്നോ എങ്ങോട്ടാണെന്നോ അറിവുണ്ടായിരിക്കില്ലെന്നതാണ് വാസ്തവം. നിശ്ചിത തുകയും വിമാനടിക്കറ്റുമാണ് ഇവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കെത്താന്‍ യാത്രാചെലവിനുള്ള പണമില്ലാതെ വിഷമിക്കുന്നവരെ ഇത്തരത്തില്‍ സൗജന്യ വിമാനടിക്കറ്റുകള്‍ നല്‍കി മാഫിയകള്‍ ഉപയോഗപ്പെടുത്താറുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. വിമാനത്താവളത്തിന് പുറത്തു നില്‍ക്കുന്നയാള്‍ക്ക് സ്വര്‍ണം കൈമാറുന്നതോടെ ക്യാരിയറുടെ ജോലിയും കഴിയുന്നു. പ്രായമായ സ്ത്രീകളെയടക്കം വിസിറ്റിംഗ് വിസയില്‍ വിദേശത്തേക്ക് കൊണ്ടുപോയി കടത്തിനായി ഉപയോഗിക്കുന്ന പതിവുമുണ്ട്.

ദുബായ്, സൗദി, ഖത്തര്‍, ഒമാന്‍, ബഹറൈന്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കടല്‍ കടന്നെത്തുന്ന സ്വര്‍ണം ഇങ്ങനെ പല ട്രിക്കുകളിലൂടെ സുരക്ഷാവലയം ഭേദിച്ചു കഴിഞ്ഞാല്‍, പിന്നീടെങ്ങോട്ടാണ് പോകുന്നത്? പല ഉത്തരങ്ങളാണ് ഇതിനുള്ളതെങ്കിലും, കൊടുവള്ളി അതിലൊരു പ്രധാന ലക്ഷ്യസ്ഥാനം തന്നെയാണ്. മലബാറിലേക്കുള്ള സ്വര്‍ണക്കടത്തിന്റെ ബേസ് പോയിന്റ് എന്നു പോലും വിശേഷിപ്പിക്കാവുന്ന കൊടുവള്ളിയില്‍ പല ബിസിനസ്-രാഷ്ട്രീയ ഭീമന്മാര്‍ക്കും ശക്തമായ സംഘങ്ങളുണ്ട്. ബിസ്‌കറ്റ് രൂപത്തിലാക്കി കടത്താനുള്ള പ്രയാസം കണക്കിലെടുത്താകണം, ഇവിടെയെത്തുന്ന സ്വര്‍ണം ജ്വല്ലറികളില്‍ വച്ച് ആഭരണങ്ങളായി രൂപാന്തരപ്പെടുന്നു. കരിപ്പൂര്‍ വഴിയും ബാംഗ്ലൂര്‍ വിമാനത്താവളം വഴിയും ദിവസേന എത്തിച്ചേരുന്ന കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണത്തെ കേന്ദ്രീകരിച്ചു മാത്രം ഒരു സമാന്തര സമ്പദ് വ്യവസ്ഥ ഇവിടങ്ങളില്‍ നിലനില്‍ക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുക തന്നെ വേണ്ടിവരും. ഈ സ്വര്‍ണത്തിന്റെ ബലത്തില്‍ മാത്രം ധനികരായി മാറുകയും ധനികരായിത്തന്നെ നിലനില്‍ക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം മലബാറിലുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഈ ശൃംഖലകള്‍ സജീവമായിത്തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. കാഠ്മണ്ഡു വഴിയും കരിപ്പൂര്‍ വഴിയുമെല്ലാം സ്വര്‍ണം കടത്തിയ കേസുകളുടെ പേരില്‍ അറിയപ്പെട്ട അബുലൈസിനെ ആരും മറന്നിരിക്കാനിടയില്ല. എയര്‍ ഹോസ്റ്റസുമാര്‍ വഴി പോലും സ്വര്‍ണം കടത്തിയിരുന്ന അബുലൈസ് പിടിയിലായതും, ഇയാളുടെ കേസില്‍ ഏറെ താത്പ്പര്യപ്പെട്ടു തന്നെ എംഎല്‍എ മാരായ പിടിഎ റഹീമും കാരാട്ട് റസാഖും ഇടപെട്ടിരുന്നുവെന്ന ആരോപണങ്ങളും വിരല്‍ ചൂണ്ടുന്നത് ഈ സമാന്തര സമ്പദ് വ്യവസ്ഥയിലേക്കുതന്നെ. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ തടവില്‍ക്കഴിയുന്ന കൊടി സുനിയുമായും മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖരുമായും സ്വര്‍ണക്കടത്ത് കേസ് പ്രതി ഫയാസിനുള്ള ബന്ധവും ചര്‍ച്ച ചെയ്യപ്പെടുന്നത് മറ്റൊന്നും കൊണ്ടല്ല. കരിപ്പൂരില്‍ നിന്നുമെത്തുന്ന സ്വര്‍ണത്തിന്റെ മേല്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നവരില്‍ സമൂഹത്തിന്റെ പ്രധാന സ്വാധീന മേഖലകളില്‍പ്പെട്ടവരെല്ലാമുണ്ടെന്ന് സാരം.

സ്വര്‍ണ്ണക്കടത്തും കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അക്രമിസംഘങ്ങളും, ഇവര്‍ തമ്മിലുള്ള കിടമത്സരങ്ങളും, പരസ്പരം ആക്രമിച്ച് പണം തട്ടാന്‍ ശ്രമിക്കുന്ന സംഘങ്ങളുമെല്ലാമടങ്ങുന്ന മറ്റൊരു മുഖവും മലബാറിനുണ്ട് എന്നതാണ് വാസ്തവം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട രസങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനൊപ്പം തന്നെ പരിഗണിക്കപ്പെടേണ്ട വസ്തുതയാണിതും. എന്തായാലും, കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്വര്‍ണക്കടത്തിലുണ്ടായ വര്‍ദ്ധനവ് അഞ്ചിരട്ടിയോളമായിരുന്നെങ്കില്‍, ഇത്തവണ അതിലുമേറെയായിരിക്കും എന്നതില്‍ തര്‍ക്കമില്ല. അകപ്പെടുന്നവരെ പെട്ടെന്ന് രക്ഷപ്പെടാവുന്ന ചെറിയ കേസുകളില്‍ മാത്രം പെടുത്തിയും, ഉദ്യോഗസ്ഥതലത്തില്‍ പണം വാരിയെറിഞ്ഞും മലബാറിലെ സ്വര്‍ണക്കടത്തു സംഘങ്ങള്‍ ജൈത്രയാത്ര തുടരുകയാണ്. രാജ്യാന്തര ബിസിനസ് ടൈക്കൂണുകള്‍ മുതല്‍ ചെറുകിട സ്വര്‍ണവ്യാപാരികള്‍ വരെ കണ്ണികളായുള്ള ഈ ശൃംഖല വിചാരിക്കുന്നതിലുമധികം ശക്തവുമാണ്. മെറ്റല്‍ ഡിറ്റക്ടറില്‍ രേഖപ്പെടുത്തപ്പെടാത്ത മിശ്രിതങ്ങള്‍ പിടികൂടാന്‍ അധികൃതര്‍ വഴി കണ്ടെത്തുന്ന കാലത്ത്, മറ്റെന്തെങ്കിലും നൂതന വിദ്യകളുമായി ഇവര്‍ എത്തുകതന്നെ ചെയ്യും.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍