UPDATES

ട്രെന്‍ഡിങ്ങ്

ടിസി നല്‍കണമെങ്കില്‍ ഒരു ലക്ഷം രൂപ വേണമെന്ന വിചിത്രവാദവുമായി മലപ്പുറം ഗുഡ് ഷെപ്പേഡ് സ്‌കൂള്‍; ന്യായീകരിച്ച് ഡയറക്ടര്‍, നിസഹായരായി രക്ഷിതാക്കള്‍

ഇതേ ന്യായം പറഞ്ഞ് വിദ്യാര്‍ഥിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ ബാഡ് എന്നു രേഖപ്പെടുത്തിയതിനു രണ്ടു ലക്ഷം രൂപ പിഴ ഏറ്റുവാങ്ങേണ്ടി വന്ന സ്കൂളുമാണിത്

ശ്രീഷ്മ

ശ്രീഷ്മ

സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള ഹയര്‍സെക്കന്ററി പ്രവേശനത്തിന്റെ ഏകജാലക സംവിധാനത്തിലേക്ക് അപേക്ഷകള്‍ സ്വീകരിച്ചു കഴിഞ്ഞു. ഇഷ്ടമുള്ള സ്‌കൂളും കോഴ്സും ലഭിക്കുമോ എന്നറിയാനുള്ള ആകാംഷയിലും കാത്തിരിപ്പിലുമാണ് പത്താം ക്ലാസ് പരീക്ഷ പാസ്സായ വിദ്യാര്‍ത്ഥികളെല്ലാം. എസ്.എസ്.എല്‍.സി പരീക്ഷാഫലത്തോടൊപ്പം തന്നെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താം തരം പരീക്ഷാ ഫലങ്ങളും ഇത്തവണ പുറത്തുവന്നിരുന്നു. ഫലമെത്താനുള്ള കാലതാമസവും മാര്‍ക്കിലെ ഏകീകരണമില്ലായ്മയും കാരണം ഹയര്‍സെക്കന്ററി പ്രവേശനത്തില്‍ പിന്നിലായിപ്പോകുന്ന സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ അത്തരം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ ദിവസം അധ്യയനം ആരംഭിക്കാനുള്ള കണക്കുകൂട്ടലിലാണ് അധികൃതര്‍. എന്നാല്‍, ഇതിനെല്ലാമിടയിലും ഉപരിപഠനത്തിന്റെ കാര്യത്തില്‍ ആശങ്ക മാത്രമുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലുണ്ട്. ചുങ്കത്തറ പാലുണ്ട ഗുഡ് ഷെപ്പേഡ് മോഡേണ്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നിന്നും പത്താം തരം പാസ്സായ വിദ്യാര്‍ത്ഥികളില്‍ ആറോളം പേരുടെ തുടര്‍പഠനമാണ് വഴിമുട്ടിയിരിക്കുന്നത്. വലിയ തുകകളാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളോട് ടി.സി നല്‍കുന്നതിനായി ആവശ്യപ്പെട്ടിരിക്കുന്നത്.

ഐ.സി.എസ്.ഇ സിലബസ്സിലുള്ള മലപ്പുറം ജില്ലയിലെ ചുരുക്കം സ്‌കൂളുകളിലൊന്നാണ് ചുങ്കത്തറയിലെ ഗുഡ് ഷെപ്പേഡ് സ്‌കൂള്‍. ഇവിടെ നിന്നും പത്താം ക്ലാസ് പാസ്സായ ശേഷം ടിസി ആവശ്യപ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂള്‍ മുന്നോട്ടുവച്ച വിചിത്രമായ ആവശ്യം നേരിടേണ്ടിവന്നിരിക്കുന്നത്. ഹയര്‍ സെക്കന്ററി പ്രവേശനത്തിന്റെ ഏകജാലക നടപടികളിലൂടെ അപേക്ഷ നല്‍കിയതിനോടൊപ്പം സ്‌കൂളില്‍ നിന്നും ടിസി ആവശ്യപ്പെട്ട ഇവരോട് ഒരു ലക്ഷം രൂപയാണ് ഈയിനത്തില്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകള്‍ കൂടി സ്‌കൂളില്‍ തന്നെ പഠിക്കണമെന്നും, ഇത് നേരത്തേ തന്നെ പ്രോസ്പെക്ടസില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നുമാണ് മാനേജ്മെന്റ് ഈ ആവശ്യത്തെ ന്യായീകരിച്ചുകൊണ്ട് ഉയര്‍ത്തുന്ന വാദം. ഈ നിര്‍ദ്ദേശം സമ്മതിച്ചുകൊണ്ടാണ് രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ത്തിരിക്കുന്നതെന്നും, ഇപ്പോള്‍ അതില്‍ നിന്നും പിന്മാറുകയാണെങ്കില്‍ രണ്ടു വര്‍ഷത്തെ ഫീസ് തുക നഷ്ടപരിഹാരമായി ഈടാക്കുമെന്നുമാണ് സ്‌കൂളിന്റെ പക്ഷം. പത്താം തരം പാസ്സായ 29 വിദ്യാര്‍ത്ഥികളില്‍ ആറു പേരുടെ രക്ഷിതാക്കള്‍ ഈ ആവശ്യം നിരാകരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഹയര്‍സെക്കന്ററി ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം പാടേ കുറഞ്ഞതോടെ, ക്ലാസ്സുകള്‍ നിലനിര്‍ത്താനാണ് മാനേജ്മെന്റ് ഭീഷണിയുടെ വഴി സ്വീകരിച്ചതെന്നാണ് പരാതി.

സ്‌കൂള്‍ മാനേജ്മെന്റിന്റെ നടപടികളെ ഭയന്ന് ഇതിനോടകം ഒരു ലക്ഷം രൂപ അടച്ച് ടിസി നേടിയവരും ഉണ്ടെന്ന് പരാതി ഉന്നയിക്കുന്ന രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളിന്റെ നിലവാരത്തകര്‍ച്ച കാരണം തങ്ങളുടെ കുട്ടികളെ ഇനി ഇവിടെ പഠിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും, ടിസി ലഭിക്കുന്നതിനായി നിയമപരമായിത്തന്നെ നീങ്ങുമെന്നുമാണ് ഇവരുടെ പക്ഷം. ഗുഡ് ഷെപ്പേഡ് സ്‌കൂളില്‍ നിന്നുമുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് രക്ഷിതാക്കളിലൊരാളായ സ്മിത പറയുന്നതിങ്ങനെ: “എല്‍.കെ.ജി മുതല്‍ക്കേ എന്റെ മകള്‍ പഠിക്കുന്നത് ഗുഡ് ഷെപ്പേഡിലാണ്. അന്ന് സ്‌കൂളിന് നല്ല നിലവാരവും ഉണ്ടായിരുന്നു. പ്ലസ് ടു ക്ലാസ്സുകളും അവിടെത്തന്നെയുണ്ടല്ലോ എന്നു കരുതിയാണ് മകള്‍ക്ക് അഡ്മിഷനെടുത്തത്. പക്ഷേ, അവള്‍ അഞ്ചാം ക്ലാസ്സിലെത്തിയതോടെ ഗുഡ് ഷെപ്പേഡില്‍ പ്ലസ് ടു ക്ലാസ്സുകള്‍ നിര്‍ത്തേണ്ടിവന്നു. അധ്യാപകരുമായി ഡയറക്ടര്‍ വഴക്കുണ്ടാക്കുകയും, കുറേയധികം അധ്യാപകരെ കൂട്ടമായി പിരിച്ചുവിടുകയും ചെയ്തതായിരുന്നു ഇതിനു കാരണം. ഡയറക്ടറുടെ ഇഷ്ടത്തിനനുസരിച്ചാണ് അവിടെ കാര്യങ്ങളെല്ലാം നടക്കുന്നത്. ഡയറക്ടര്‍ പറയുന്നതിന് എതിരുനിന്നാല്‍ സ്‌കൂളില്‍ നിന്നുതന്നെ പുറത്താകും. എന്റെ മകള്‍ എട്ടാം ക്ലാസ് കഴിഞ്ഞപ്പോഴാണ് വീണ്ടും സ്‌കൂളില്‍ പ്ലസ് ടു ക്ലാസ്സുകള്‍ തുടങ്ങുന്നത്. അന്ന് ആറു കുട്ടികളേ പ്ലസ് ടുവിലെ രണ്ട് കോഴ്സുകളിലായി ആകെയുണ്ടായിരുന്നുള്ളൂ. ഇക്കഴിഞ്ഞ വര്‍ഷവും ആറു കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടു വര്‍ഷം തുടര്‍ച്ചയായി അഞ്ചും ആറും കുട്ടികള്‍ മാത്രം ഹയര്‍ സെക്കന്ററി കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആവശ്യപ്പെടുന്ന അവസ്ഥ വന്നതോടെയാണ് പഴയ പ്രോസ്പെക്ടസിലെ ആരും ശ്രദ്ധിക്കാതിരുന്ന വരികള്‍ ഡയറക്ടര്‍ എടുത്തുകാട്ടിയത്. 2006ലോ മറ്റോ പുറത്തിറക്കിയ പ്രോസ്പെക്ടസാണ്. പ്ലസ് ടു കഴിയാതെ കുട്ടികളെ സ്‌കൂളില്‍ നിന്നും മാറ്റുകയാണെങ്കില്‍ നഷ്ടപരിഹാരം തരേണ്ടിവരുമെന്നാണ് അതിലെഴുതിയിരിക്കുന്നത്. അതിന് എന്ത് നിയമസാധുതയാണുള്ളത്. പത്താം ക്ലാസ് കഴിഞ്ഞ 29 പേരില്‍ ആറു പേരാണ് പരാതിയുമായി മുന്നിട്ടിറങ്ങിയത്. ഇരുപത്തിരണ്ടു പേര്‍ ഇതേ സ്‌കൂളില്‍ ചേര്‍ന്നു കഴിഞ്ഞു. അവരില്‍ ചിലരുടെ രക്ഷിതാക്കള്‍ സ്‌കൂളിലെ അധ്യാപകരാണ്. കുട്ടികളെ മാറ്റിയാല്‍ അവരുടെ ജോലിയടക്കമാരിക്കും പോകുന്നത്. ഭയപ്പെടുത്തി വരുതിക്കു കൊണ്ടുവരികയാണ് സ്‌കൂളിന്റെ ഡയറക്ടര്‍. കുട്ടികളുടെ ഭാവിയെക്കുറിച്ച് യാതൊരു ചിന്തയും അവര്‍ക്കില്ല”.

ഇതേ രീതിയില്‍, പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ടി.സി ആവശ്യപ്പെട്ട വിദ്യാര്‍ഥിയോട് പ്ലസ് ടു വരെയുള്ള ഫീസടച്ചാല്‍ മാത്രമേ രേഖ നല്‍കൂ എന്ന് നിര്‍ബന്ധം പിടിച്ച മുന്‍ ചരിത്രവും ഈ സ്കൂളിനുണ്ട്. 2011-ല്‍ നടന്ന ഈ സംഭവത്തിന്‌ പിന്നാലെ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചു.

തുടര്‍ന്ന് ടിസി നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ജില്ലാ ഉപഭോക്തൃ ഫോറം നിര്‍ദേശിച്ചു. എന്നാല്‍ ടിസിക്കൊപ്പം നല്‍കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ ‘ബാഡ്’ എന്നു രേഖപ്പെടുത്തുകയാണ് മാനെജ്മെന്റ് ചെയ്തത്. ഇതിനെതിരെ രക്ഷിതാക്കള്‍ വീണ്ടും പരാതിയുമായി പോവുകയും  മലപ്പുറം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം സ്‌കൂള്‍ അധികൃതര്‍ക്ക് രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. അന്നും പ്രവേശന പ്രോസ്പെക്ടസില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട് എന്നായിരുന്നു സ്കൂളിന്റെ ന്യായം. എന്നാല്‍ ഇത് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അംഗീകരിച്ചില്ല. ഇപ്പോഴും ഈ നിലപാട് തന്നെയാണ് സ്കൂള്‍ അധികൃതര്‍ തുടരുന്നത് എന്നാണ് പുതിയ സംഭവവികാസങ്ങളും തെളിയിക്കുന്നത്.

വിചിത്രമായ ഇത്തരം നിബന്ധനകള്‍ മാത്രമല്ല, സ്‌കൂളിന്റെ പൊതുവേയുള്ള അക്കാദമിക അന്തരീക്ഷവും മോശമാണെന്നാണ് രക്ഷിതാക്കളുടെ പക്ഷം. ചില വിഷയങ്ങള്‍ക്ക് അധ്യാപകരില്ലെന്നും, താത്ക്കാലിക അധ്യാപകരെ കൊണ്ടുവന്നാണ് ക്ലാസ്സുകള്‍ നടത്തുന്നതെന്നും ആക്ഷേപമുണ്ട്. സ്‌കൂളില്‍ നടക്കുന്ന ക്ലാസ്സുകള്‍ക്ക് നിലവാരം കുറവാണെന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചത്. പത്താം ക്ലാസ് പഠനം നടക്കുന്നതിനാല്‍ അതിനിടയില്‍ പ്രശ്നങ്ങള്‍ വേണ്ടെന്നു കരുതി അധ്യയന വര്‍ഷം അവസാനിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പ്രതീക്ഷിച്ചതു പോലെത്തന്നെ, പത്താം ക്ലാസ് പരീക്ഷയില്‍ സ്‌കൂളില്‍ പൊതുവേ റിസള്‍ട്ടും മോശമായിരുന്നുവെന്ന് സ്മിത ചൂണ്ടിക്കാട്ടുന്നുണ്ട്. ഹയര്‍സെക്കന്ററി പഠനം സ്‌കൂളില്‍ തുടരാന്‍ സാധിക്കില്ലെന്ന് കുട്ടികള്‍ കൂടി പറഞ്ഞതോടെ, രക്ഷിതാക്കള്‍ ടിസി ആവശ്യപ്പെടുകയായിരുന്നു. പ്രധാനാധ്യാപികയായ ഷീനാമ്മ സാമുവലിനെ സമീപിച്ച് ടിസിയ്ക്കുള്ള അപേക്ഷ നല്‍കിയപ്പോഴാണ് ഡയറക്ടര്‍ പറയാതെ ഒന്നും ചെയ്യാനാകില്ലെന്ന് മറുപടി ലഭിക്കുന്നത്. ഡയറക്ടറായ ജോര്‍ജ് ഫിലിപ്പിന്റെ കടുംപിടിത്തത്തില്‍ ഉടക്കിയാണ് തങ്ങളുടെ മക്കളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്നതെന്നാണ് രക്ഷിതാക്കളുടെ വാദം. അധ്യാപകരുടേയോ രക്ഷിതാക്കളുടെയോ വാക്കുകള്‍ കണക്കിലെടുക്കാതെ സ്വന്തം ഇഷ്ടപ്രകാരമാണ് ഡയറക്ടര്‍ സ്‌കൂള്‍ നടത്തിക്കൊണ്ടു പോകുന്നതെന്നും, ടിസി ലഭിക്കേണ്ടത് കുട്ടികളുടെ അവകാശമാണെന്ന് വാദിച്ചപ്പോള്‍ ‘എവിടെ വേണമെങ്കിലും പരാതിയോ കേസോ കൊടുത്തോളൂ’ എന്ന മറുപടിയാണ് ലഭിച്ചതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നുണ്ട്.

വിഷയം ബാലാവകാശലംഘനമാണെന്നു കാണിച്ച് മലപ്പുറം ചൈല്‍ഡ് ലൈനില്‍ രക്ഷിതാക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്. ടിസി നേടിത്തരാന്‍ എല്ലാ സഹായവുമെത്തിക്കുമെന്ന് ചൈല്‍ഡ് ലൈന്‍ അറിയിച്ചിട്ടും ഡയറക്ടര്‍ തീരുമാനം മാറ്റിയിട്ടില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു. “ആ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഭാവിയല്ല, അവരുടെ പ്ലസ് ടു അഫിലിയേഷനാണ് ഡയറക്ടറുടെ പ്രശ്നം. അയാളുടെ ബിസിനസ്സാണിത്. പ്ലസ് ടു ക്ലാസ്സുകളിലെ മോശം അധ്യയനം കാരണമാണ് അവിടെ കുട്ടികളില്ലാത്തത്. നിലവില്‍ അവിടെ പഠിക്കുന്ന കുട്ടികള്‍ പോലും ട്യൂഷനു പോയിട്ടാണ് അഡ്ജസ്റ്റു ചെയ്യുന്നത്. എന്തെങ്കിലും തരത്തിലുള്ള ചോദ്യങ്ങളുയര്‍ത്തിയാല്‍ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന ഭീഷണിയാണ്. സ്‌കൂളുകാരെ പേടിച്ച് വീട്ടില്‍പ്പോലും കുട്ടികള്‍ ഒന്നും പറയാറില്ല. പത്താം ക്ലാസ് പരീക്ഷ കഴിയുന്നതു വരെ ഒന്നും മിണ്ടാതെ കാത്തിരുന്നതാണ്. പണവും സ്വാധനവുമുള്ള ഡയറക്ടറെ പേടിച്ച് ഇത്രനാളും ഒന്നും പുറത്തുപറയാതിരുന്ന രക്ഷിതാക്കള്‍ പോലും ഇപ്പോള്‍ മാധ്യമങ്ങള്‍ ഇടപെട്ടതോടെ മുന്നോട്ടുവരുന്നുണ്ട്. ടിസി ലഭിക്കാതെ പിന്മാറില്ലെന്ന് പറഞ്ഞ ഞങ്ങളോട് ഓഫീസ് സ്റ്റാഫ് പറഞ്ഞത്, ഇതുപോലെ വാശിപിടിച്ച രണ്ടു പേരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോഴും ഇവിടെത്തന്നെ ഇരിക്കുകയാണെന്നാണ്. ഐ.സി.എസ്.ഇ സിലബസ്സിനെക്കുറിച്ചും സ്‌കൂളിന്റെ നിലവാരത്തെക്കുറിച്ചും ഡയറക്ടര്‍ പറഞ്ഞതെല്ലാം വിശ്വസിച്ച് കുട്ടികളെ ഇങ്ങോട്ടുവിട്ടതാണ് ഞങ്ങള്‍. ഞങ്ങളുടെ മക്കളുടെ അവസ്ഥ ഇനിയാര്‍ക്കുമുണ്ടാകരുത്.”

Also Read: വഴികാട്ടുന്ന കേരളം; രാജ്യത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ‘റോഷ്നി’ വിദ്യാഭ്യാസ പദ്ധതി രൂപമെടുത്തത് ബിനാനിപുരം ഗവ. ഹൈസ്‌കൂളിലാണ്

അതേസമയം, ടിസിയ്ക്ക് പകരം പണമാവശ്യപ്പെട്ട നടപടിയെ ന്യായീകരിക്കുകയാണ് സ്‌കൂളിന്റെ ഡയറക്ടര്‍ ജോര്‍ജ് ഫിലിപ്പ്. ഇതേ രക്ഷിതാക്കളുടെ ആവശ്യപ്രകാരമാണ് നിര്‍ത്തിവച്ച പ്ലസ് ടു ക്ലാസ്സുകള്‍ പുനരാരംഭിച്ചതെന്നും, പ്രോസ്പെക്ടസില്‍ എഴുതിച്ചേര്‍ത്തിട്ടുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് സ്‌കൂള്‍ നടത്തിക്കൊണ്ടുപോകാന്‍ തനിക്ക് അവകാശമുണ്ടെന്നും ജോര്‍ജ് ഫിലിപ്പ് പറയുന്നു. നിയമവിരുദ്ധമായ കാര്യമാണ് താന്‍ ചെയ്യുന്നതെങ്കില്‍, നിയമപ്രകാരമുള്ള ഉത്തരവ് കോടതിയില്‍ നിന്നും രക്ഷിതാക്കള്‍ സമ്പാദിക്കട്ടെ എന്നാണ് ഡയറക്ടറുടെ പക്ഷം. “പ്രോസ്പെക്ടസില്‍ പറഞ്ഞിട്ടുള്ള നിബന്ധനകള്‍ പാലിച്ചു മാത്രമേ ടിസി കൊടുക്കുകയുള്ളൂ. അവര്‍ ആവശ്യപ്പെട്ടാണ് നിര്‍ത്തിവച്ച ഹയര്‍സെക്കന്ററി വീണ്ടും തുടങ്ങിയത്. കേരള സിലബസ്സിലേക്ക് കുട്ടികള്‍ മാറാന്‍ തുടങ്ങിയതോടെ 2013, 2014, 2015 വര്‍ഷങ്ങളില്‍ സ്‌കൂളില്‍ ഹയര്‍സെക്കന്ററി ക്ലാസ്സുകള്‍ നിര്‍ത്തിയിരുന്നു. കുട്ടികളെ പന്ത്രണ്ടാം ക്ലാസ്സുവരെ പഠിപ്പിക്കാമെന്ന് രക്ഷിതാക്കള്‍ പറഞ്ഞ ശേഷമാണ് വീണ്ടും ആരംഭിച്ചത്. അന്ന് അങ്ങനെ ആവശ്യപ്പെട്ട ബാച്ചിലെ കുട്ടികളാണിവര്‍. അഞ്ചോ ആറോ പേരെ വച്ചുകൊണ്ട് ഒരു കോഴ്സ് നടത്തിക്കൊണ്ടു പോകാന്‍ എനിക്കു സാധിക്കില്ല. അവര്‍ ആവശ്യപ്പെട്ടു തുടങ്ങിയ കോഴ്സ് നടത്താനുള്ള തുകയും അവര്‍ തന്നെ സ്‌കൂളിന് തരേണ്ടിവരും. അല്ലെങ്കില്‍ സ്‌കൂള്‍ അവര്‍ നടത്തിക്കോട്ടെ. ഞാന്‍ ഏല്‍പ്പിച്ചു കൊടുക്കാന്‍ തയ്യാറാണ്. മാനേജ്മെന്റിന്റെ ആവശ്യം നിയമവിരുദ്ധമാണെങ്കില്‍ ഓര്‍ഡര്‍ സമ്പാദിച്ചുകൊണ്ടുവരട്ടെ. പ്രോസ്പെക്ടസ് അനുസരിച്ച് സ്‌കൂള്‍ നടത്താന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. ഫീസടച്ചാലേ ടിസി കിട്ടുകയുള്ളൂ എന്ന് മാര്‍ച്ച് 5നു തന്നെ അറിയിച്ചിട്ടുള്ളതാണ്. എന്നിട്ട് അവസാന ദിവസമാണ് പ്രശ്നമുണ്ടാക്കുന്നത്. ഇത്ര നാളും ആവശ്യപ്പെട്ടിട്ടുള്ളവര്‍ക്കെല്ലാം ടിസി കൊടുത്തിട്ടുണ്ട്. ഹയര്‍ സെക്കന്ററി പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടിട്ട ബാച്ചില്‍ നിന്നും മാത്രമാണ് ഫീസ് ഈടാക്കുന്നത്.”

സ്‌കൂളില്‍ നിന്നും പുറത്തുവരാനും, സിലബസ്സ് മാറാനുമുള്ള വിദ്യാര്‍ത്ഥികളുടെ സ്വാഭാവികമായ അവകാശത്തെ ഹനിക്കുന്ന ഈ നിലപാടിനെതിരെ ഏതറ്റം വരെയും പോകുമെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഹയര്‍സെക്കന്ററി കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് വരുന്നതിനു മുന്‍പായി കുട്ടികള്‍ക്ക് ടിസി ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നുതന്നെയാണ് ഇവരുടെ പ്രതീക്ഷ. അതില്‍ കാലതാമസം നേരിട്ടാല്‍ സ്‌കൂളിന്റെ നിബന്ധനകളില്‍ അകപ്പെട്ട് തകരുന്നത് ആറു വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനമായിരിക്കും.

Also Read: പുരപ്പുറത്ത് കയറി ‘ജനാധിപത്യ കേരളം’ എന്ന് ഘോഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാണ് കള്ളവോട്ടിന്റെ പേരില്‍ റീപോളിംഗ്

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍