UPDATES

മന്ത്രി ബാലന്‍, ജാതിയും ദാരിദ്ര്യവും നിധീഷ് എന്ന ദളിത്‌ ഗവേഷകനെ കൂടി കൊലയ്ക്ക് കൊടുക്കാന്‍ അനുവദിക്കരുത്

സര്‍ക്കാരിനെ വിശ്വസിച്ചാണ് കിടപ്പാടം പണയംവച്ച് നിധീഷ് വിദേശ സര്‍വകലാശാലയില്‍ പഠിക്കാന്‍ പോയത്‌. ഒമ്പതു മാസം കഴിഞ്ഞിട്ടും ഫെല്ലോഷിപ്പ് തുക കൊടുത്തിട്ടില്ല

ജീവിച്ചിരിക്കുന്നുണ്ടെന്ന് ഓര്‍മിപ്പിക്കാന്‍ എനിക്ക് മരിക്കണം; രോഹിത് വെമൂലയ്ക്കു മുന്നേ ഹൈദരബാദ് യൂണിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി പറഞ്ഞു. പിന്നീട് തന്റെ ജന്മം തന്നെയാണ് തന്റെ ശാപമെന്ന് പറഞ്ഞു രോഹിതും മരണത്തെ തെരഞ്ഞെടുത്തു. ഏറ്റവും അടുത്ത സുഹൃത്തായിരുന്ന മുത്തുകൃഷ്ണനും തൂങ്ങിയാടുന്നതു കണ്ടു. എനിക്കും മറ്റു വഴികളൊന്നും ഇല്ലെന്നു തോന്നുന്നു…

നിധീഷിന്റെ വാക്കുകളില്‍ കടുത്ത നിരാശയാണ്. രണ്ടുമാസം മാത്രമാണ് അയാള്‍ക്ക് മുന്നില്‍ ഇനിയുള്ളത്. അതിനുള്ളില്‍ കേരള സര്‍ക്കാര്‍ സന്‍മനസ് കാണിച്ചില്ലെങ്കില്‍ പഠനം മുടങ്ങും. പിന്നെ എന്ത് എന്ന അയാളുടെ ചിന്ത തങ്ങിനില്‍ക്കുന്നത് നമ്മളെ ഭയപ്പെടുത്തുന്ന ഒന്നിലാണ്.
നിധീഷ് കൃഷ്ണന്‍കുട്ടി സുന്ദര്‍. പാലക്കാട്ട് ഞങ്ങാട്ടിരിയില്‍ കൂലിപ്പണിക്കാരനായ കൃഷ്ണന്‍കുട്ടിയുടെ മകന്‍. കണക്കന്‍ എന്ന ദളിത് വിഭാഗത്തില്‍പ്പെട്ടയാള്‍. ഇപ്പോള്‍ ജര്‍മനിയില്‍ ഗോട്ടിംഗനിലെ ജോര്‍ജ് അഗസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ എം എ മോഡേണ്‍ ഇന്ത്യന്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥി. ഇന്ത്യയിലെ ജാതികളെപ്പറ്റി പഠിച്ച പ്രമുഖ ചരിത്രകാരന്‍ നിക്കോളാസ് ഡിര്‍ക്‌സിന്റെ വിദ്യാര്‍ത്ഥിയായ രൂപ വിശ്വനാഥ്, പ്രൊഫ. ഗജേന്ദ്രന്‍ അയ്യത്തുറൈ, നെയ്റ്റ് റോബര്‍ട്‌സ് എന്നീ അധ്യാപകരുടെ ഗൈഡന്‍സില്‍ ഈ റിസര്‍ച്ച് കോഴ്‌സ് ചെയ്യാന്‍ നിധീഷിന് അവസരം കിട്ടിയത് വലിയൊരു നേട്ടമാണ്. കേരളത്തില്‍ നിന്നും ഒരു ദളിത് വിദ്യാര്‍ത്ഥി ഇവിടെ പഠിക്കാന്‍ അവസരം കിട്ടി വരുന്നത് ഇതാദ്യം. പക്ഷേ തന്റെ പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമോ എന്ന കടുത്ത ആശങ്കയിലാണ് നിധീഷ്. കാരണം ഒമ്പതു മാസങ്ങള്‍ക്കു മുമ്പ് അപേക്ഷിച്ച ഫെല്ലോഷിപ്പ് ഇതുവരെ കേരള സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

"</p

നിധീഷ് തന്റെ അവസ്ഥ പറയുന്നു;

ജെഎന്‍യുവില്‍ എംഫില്‍ ചെയ്തുവരുന്നതിനിടയിലാണ് ഇവിടെ പ്രവേശനം കിട്ടുന്നത്. ഗജേന്ദ്രന്‍ അയ്യാത്തുറൈയെ പോലുള്ള അധ്യാപകര്‍ക്ക് കീഴില്‍ ഗവേഷണം നടത്താം എന്നത് ഏതൊരു വിദ്യാര്‍ത്ഥിയെപോലെ തന്നെ എന്നെയും ഏറെ മോഹിപ്പിച്ചിരുന്നു. ഒമ്പതു മാസങ്ങള്‍ക്കു മുമ്പ് പഠനാവശ്യത്തിനായി പട്ടികജാതി വകുപ്പില്‍ നിന്നുള്ള സാമ്പത്തികസഹായം അഭ്യര്‍ത്ഥിച്ച് സര്‍ക്കാരിനെ സമീപിച്ചതാണ്. ഇന്നേവരെ എനിക്ക് അതു കിട്ടിയിട്ടില്ല. രണ്ടു മാസം കൂടി കഴിയുമ്പോള്‍ വിസ പുതുക്കേണ്ട സമയമാകും. നിശ്ചിത തുക നമ്മുടെ ബാങ്ക് അകൗണ്ടില്‍ ഇല്ലെങ്കില്‍ വീസ കാന്‍സല്‍ ആകും. പിന്നെ എനിക്കിവിടെ നില്‍ക്കാന്‍ കഴിയില്ല. എന്റെ സ്വപ്‌നങ്ങളെല്ലാം അതോടെ തകരും. പിന്നെ ഞാന്‍ എന്തു ചെയ്യും? കടുത്ത മാനസിക സംഘര്‍ഷം നേരിടുകയാണ്. എന്റെ അച്ഛനും ബന്ധുക്കളും തിരുവനന്തപുരത്തുള്ള ചില സുഹൃത്തുക്കളുമെല്ലാം എന്റെ ഫെല്ലോഷിപ്പ് തുക അനുവദിച്ചുകിട്ടാാന്‍ മന്ത്രിയെ കാണാനും ഉദ്യോഗസ്ഥരെ കാണാനുമൊക്കെ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ശരിയാക്കാം എന്നല്ലാതെ ഇതുവരെ അവര്‍ ഒന്നും ശരിയാക്കിയിട്ടില്ല. ദിവസങ്ങള്‍ കഴിയും തോറും എന്റെ ആധി കൂടിവരികയാണ്.

ജര്‍മന്‍ സര്‍വകലാശാലയില്‍ പ്രവേശനം കിട്ടിയ ഉടനെ ഞാന്‍ നേരിട്ടു വന്നു മന്ത്രി എ കെ ബാലനെ കാണുകയായിരുന്നു ആദ്യം ചെയ്തത്. ഫെല്ലോഷിപ്പ് അനുവദിച്ചു കിട്ടാനുള്ള അപേക്ഷ അദ്ദേഹത്തിനു നല്‍കി. എന്നാല്‍ അത്ര അനുകൂലമായ നിലപാടല്ലായിരുന്നു ഉണ്ടായത്. മുന്‍കൂര്‍ പണമൊന്നും അനുവദിക്കാന്‍ കഴിയില്ലെന്നു മാത്രം അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഫയല്‍ ഡയറക്ടറേറ്റില്‍ കൊടുക്കാനും പറഞ്ഞു. ഡയറക്ടേറില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറയുന്നത് ഇത്തരത്തില്‍ പണം അനുവദിക്കുന്നതിന് ഒരു കോമണ്‍ ക്രൈറ്റീരിയ ഉണ്ടാക്കുകയാണെന്നും അതിനുശേഷം എന്റെ അപേക്ഷ പരിഗണിക്കാമെന്നും. എനിക്ക് മെറിറ്റ് ഉണ്ടോയെന്നും പണം പഠനാവശ്യത്തിനാണോ ഉപയോഗിക്കുന്നതെന്നൊക്കെ അവര്‍ക്ക് അറിയണമെന്ന്. അതായത് എന്നെപ്പോലുള്ള ദളിത് ആദിവാസി വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിനെ പറ്റിച്ച് കാശ് വാങ്ങുവാണോയെന്ന സംശയം!

പിന്നെയവര്‍ എടുത്ത നിലപാട് ഫെല്ലോഷിപ്പിന് ഞാന്‍ അപേക്ഷിച്ചാല്‍ പോര, ചേരുന്ന യൂണിവേഴ്‌സിറ്റി ഹെഡ് എസ്റ്റിമേറ്റ് തയ്യാറാക്കി അപേക്ഷിച്ചാല്‍ മാത്രമെ പരിഗണിക്കൂ എന്നതായിരുന്നു. നിങ്ങള്‍ അവിടെയെത്തി പഠിക്കുകയാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പ് വരേണ്ടതുണ്ടെന്ന്! അതായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ജര്‍മനിയില്‍ എത്തിയശേഷം യൂണിവേഴ്‌സിറ്റി ഹെഡ് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം അപേക്ഷിച്ചു. 21 ലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ട തുക. 15 ലക്ഷത്തില്‍ കൂടുതല്‍ അനുവദിക്കാന്‍ കഴിയില്ലെന്ന മറുപടിക്കപ്പുറം ഒരു പൈസപോലും എനിക്ക് കിട്ടിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാമായിരുന്നു. അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ജര്‍മനിയില്‍ എത്തിയശേഷം അപ്ലൈ ചെയ്താലും മതിയെന്നായിരുന്നു. പക്ഷേ ഇപ്പോള്‍ അന്വേഷിച്ചപ്പോള്‍ പറയുന്നു, നിങ്ങള്‍ ഇപ്പോള്‍ പഠനം തുടങ്ങിയല്ലോ ഇനി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ കഴിയില്ലെന്നാണ്.

"</p

കൂലിപ്പണിക്കാരനായൊരാളുടെ മകനാണ് ഞാന്‍. വളരെ ദരിദ്രമായൊരു അന്തരീക്ഷത്തില്‍ നിന്നും വരുന്നൊരാള്‍. ആ പ്രദേശത്ത് ഞങ്ങളുടെ സമുദായത്തില്‍ നിന്നും പോസറ്റ് ഗ്രാജ്വേഷന്‍ വരെ എത്തിയ ആദ്യത്തെയാളാണ് ഞാന്‍. പരമാവധി പ്ലസ്ടു വരെയാണ് ബാക്കിയുള്ളവരുടെ വിദ്യാഭ്യാസം. ബിരുദം ഉള്ള ആരുമില്ല. സ്‌കൂള്‍തലം കൊണ്ട് നന്നായി പഠിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. പ്ല്‌സ് ടുവിന് ഡിസ്റ്റിംഗ്ഷന്‍ വാങ്ങി ജയിച്ചു. മദ്രാസ് യൂണിവേഴ്സ്റ്റിയില്‍ നിന്നും ബിഎ പാസായി. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎയും കഴിഞ്ഞാണ് ജെഎന്‍യുവില്‍ എംഫില്ലനു ജോയിന്‍ ചെയ്യുന്നത്. അവിടെ പഠഠനം തുടരുന്നതിനിടയിലാണ് ഗോട്ടിംഗന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും റിസര്‍ച്ച് സ്റ്റഡിക്ക് പ്രവേശനം കിട്ടുന്നത്. വളരെ താഴ്ന്ന നിലയില്‍ നിന്നും ഒരുപാട് പ്രതിബന്ധങ്ങള്‍ കടന്നാണ് ഇവിടെ വരെ എത്തിയത്.

പഠിക്കാനുള്ള എന്റെ ആഗ്രഹത്തിന് എത്ര ബുദ്ധിമുട്ടാണെങ്കിലും വീട്ടുകാര്‍ തടസം നിന്നിരുന്നില്ല. അതാണ് ജര്‍മനിയില്‍ പോകാന്‍ സര്‍ക്കാര്‍ സഹായം വൈകുമെന്ന് മനസിലായതോടെ ആകെയുള്ള 15 സെന്റ് സ്ഥലം പണയം വച്ച് അച്ഛന്‍ എട്ടുലക്ഷം രൂപ വായ്പ്പയെടുത്തത്. ജര്‍മന്‍ സര്‍ക്കാരിന്റെ പോളിസി അനുസരിച്ച് സ്റ്റഡി വീസയില്‍ എത്തുന്ന വിദ്യാര്‍ത്ഥിയുടെ പേരില്‍ ബ്ലോക്കഡ് അകൗണ്ടില്‍ എണ്ണായിരം യൂറോ ഉണ്ടാകണം. പിന്നെ സെമസ്റ്റര്‍ ഫീസ്. ഫ്‌ളൈറ്റ് ചാര്‍ജ് അങ്ങനെയെല്ലാം കൂടി വായ്പ എടുത്ത തുക മതിയാകില്ലായിരുന്നു. ഒന്നരലക്ഷത്തോളം രൂപ സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിക്കൂടിയാണ് രണ്ടു മാസം മുമ്പ് ഞാന്‍ ഇവിടെയെത്തിയത്. അപ്പോള്‍ തന്നെ ഏറെ വൈകിയിരുന്നു. ഒന്നാം സെമസ്റ്റര്‍ എനിക്ക് നഷ്ടപ്പെടുകയും ചെയ്തു. പണം ശരിയാകാതിരുന്നതിനെ തുടര്‍ന്ന് വീസ പെന്‍ഡിംഗ് ആയതുകൊണ്ടാണ് എത്താന്‍ വൈകിയത്. കൂട്ടുകാരില്‍ നിന്നും വാങ്ങിയ തുക കഴിവതും വേഗം കൊടുക്കാമെന്നു പറഞ്ഞിരുന്നു. അതു നടന്നിട്ടില്ല. വായ്പ എടുത്ത പണത്തിന്റെ അടവ് മുടങ്ങിക്കിടക്കുകയാണ്. നോട്ടീസ് വന്നു തുടങ്ങിയെന്നാണ് അച്ഛന്‍ പറയുന്നത്. ഇവിടെയാണെങ്കില്‍ എന്റെ കൈവശമുള്ള പണം തീരുകയാണ്. ഭക്ഷണത്തിനും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കുമുള്ള പണം പോലും ഇല്ലാതാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇവിടെ ഞാന്‍ ആരോടാണ് എന്റെ അവസ്ഥ പറയേണ്ടത്. അതിനേക്കാളെല്ലാം പ്രശ്‌നം വീസ പുതുക്കേണ്ട സമയം അടക്കുന്നൂവെന്നതാണ്. അകൗണ്ടില്‍ വേണ്ട പണം ഇല്ലെങ്കില്‍ എല്ലാം തീര്‍ന്നു. അവരെന്നെ ഇന്ത്യയിലേക്ക് കയറ്റി അയക്കും. അതോടെ പഠനം മുടങ്ങും. ആയൊരവസ്ഥ എനിക്ക് താങ്ങാന്‍ കഴിയുമോയെന്നുപോലും അറിയില്ല.

പണം അനുവദിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ പറയുന്നത കോമണ്‍ ക്രൈറ്റീരിയ എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇതിനു മുമ്പ്ു പോയവര്‍ക്കൊക്കെ ക്രൈറ്റീരിയ നോക്കിയാണോ പണം അനുവദിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിപിഎമ്മിലെ ഒരു പ്രമുഖ നേതാവിന്റെ മകന് പണം അനുവദിച്ചത് ഏതൊക്കെ ക്രൈറ്റീരിയ നോക്കിയായിരുന്നു? സ്വന്തം കൈയില്‍ നിന്നും പണം മുടക്കി മകനെ വിദേശത്ത് പഠിപ്പിക്കാന്‍ കഴിവുണ്ടായിരുന്നവരായിരുന്നു അവര്‍. ഇത്തരം ഉദ്ദാഹരണങ്ങള്‍ ഇനിയുമുണ്ട്. പക്ഷേ എന്നെപ്പോലെ, ബിനേഷ് ബാലനെപ്പോലെയുള്ളവര്‍ക്കു മുന്നില്‍ ഇല്ലാത്ത നിയമങ്ങളും അതിന്റെപേരിലുള്ള തടസ്സങ്ങളും അവര്‍ പറയും. കാരണം, ഞങ്ങള്‍ ദളിതനും ആദിവാസിയും മാത്രമല്ല, പണമില്ലാത്തവരും സ്വാധീനമില്ലാത്തവരുമാണ്. എസ് ടി ഡയറക്ടറേറ്റിലെയോ സെക്രട്ടേറിയേറ്റിലെ സെക്ഷന്‍ ഓഫിസിലുള്ളവര്‍ക്കോ ഞങ്ങളോടൊക്കെ മിണ്ടുന്നതുപോലും ഇഷ്ടമില്ലാത്തതുപോലെയാണ്. രണ്ടു മിനിട്ടില്‍ കൂടുതല്‍ മിണ്ടാന്‍ പോലും തയ്യാറാകില്ല. അവരുടെ സംശയം ഞങ്ങളുടെ മെറിറ്റിനെക്കുറിച്ചാണ്. വിദേശത്തൊക്കെ പോയി പഠിക്കാന്‍ യോഗ്യതയുണ്ടോയെന്ന്? ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇ്ക്കണോമിക്‌സിലും ഗോട്ടിംഗന്‍ സര്‍വകലാശാലയിലുമൊക്കെ പ്രവേശനം കിട്ടുന്നത് യോഗ്യതയില്ലാതെ മറ്റെന്തു കാരണത്താലാണ്? എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചാല്‍ അവര്‍ക്ക് മനസിലാക്കാവുന്ന കാര്യമാണ് എന്റെ യോഗ്യത. ഞങ്ങളുടെ യോഗ്യത സ്വയം വിലയിരുത്തി മാര്‍ക്കിടുന്ന ഉദ്യോഗസ്ഥരാണുള്ളത്. അവരില്‍പ്പെട്ടവരാണ് ബിനേഷ ബാലന് വികസന ക്ലാസ് എടുത്തത്. എനിക്ക് മെറിറ്റ് ഉണ്ടോയെന്ന് അന്വേഷിക്കുന്നത്. ജാതിയും വര്‍ഗവും ദാരിദ്ര്യവുമൊക്കെയാണ് അവര്‍ക്കു മുന്നില്‍ എന്നെപ്പോലുള്ളവരുടെ അയോഗ്യത. രോഹിത് വെമൂലയും മുത്തുകൃഷ്ണനുമൊക്കെ മരണത്തിനു മുന്നില്‍ തോറ്റുകൊടുത്തതും ഇതൊക്കെ കൊണ്ടു തന്നെയാണ്. തണുപ്പ് കാലത്ത് കാലില്‍ ഇടാന്‍ ഒരു ജോടി ഷൂസുപോലും ഇല്ലാത്ത എന്റെ സുഹൃത്തായിരുന്നു മുത്തുകൃഷ്ണന്‍. ആരാണ് അവന്റെ വിഷമങ്ങള്‍ അറിഞ്ഞത്? ഏതു ഭരണകൂടം, ഏത് ഉദ്യോഗസ്ഥന്‍? എല്ലാ പ്രതീക്ഷകളും അവസാനിക്കുന്നിടത്ത് മരിക്കാതെ മറ്റെന്ത് ചെയ്യാനാണ്?

"</p

പട്ടികജാതി പട്ടിവര്‍ഗക്ഷേമ വകുപ്പ് മന്ത്രിയുടെ സ്റ്റാഫില്‍ ഒരാള്‍ എന്റൈ ഫയല്‍ കണ്ടശേഷം എന്നെ അടിമുടി നോക്കിക്കൊണ്ട് അത്ഭുതസ്വരത്തില്‍ പറയുകയാണ്; വിദേശത്തൊക്കെ പോയി പഠിക്കുന്ന ഒരു പട്ടികജാതിക്കാരനെ ഞാന്‍ ആദ്യമായാണ് കാണുന്നതെന്ന്. പരിഹാസമാണത്. അതെവിടെ നിന്നാണ് ഉണ്ടാകുന്നതെന്നു കൂടി നോക്കണം. എന്തിനാണ് ഇങ്ങനെയൊരു വകുപ്പ്?

എന്റെ ഫയല്‍ എവിടെയാണെന്നുപോലും ഇപ്പോള്‍ അവര്‍ക്ക് തിട്ടമുണ്ടോയെന്ന് അറിയില്ല. മൂന്നു ഫയലുകളാണുള്ളത്. സെക്ഷന്‍ ഓഫിസില്‍ ഒന്ന്, ഡയറക്ടറേറ്റില്‍ ഒന്ന് എന്നിങ്ങനെ. ഓരോയിടത്ത് അന്വേഷിക്കുമ്പോള്‍ ഓരോരോ മറുപടി പറയുകയാണ്. മന്ത്രിയോട് സംസാരിക്കാന്‍ പോലും പറ്റുന്നില്ല. ബിനേഷ് ബാലന്‍ ലണ്ടനില്‍ എത്തിയതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ് കണ്ട് അതില്‍ തന്റെ ഇടപെടലിനെക്കുറിച്ച് കൂടി ചേര്‍ത്ത് ഷെയര്‍ ചെയ്ത മന്ത്രി എന്റെ അവസ്ഥകൂടി അറിയണം. ഞാന്‍ അയച്ച മെയിലുകള്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും ഒരു മറുപടി പറയാന്‍ മനസ് കാണിക്കണം. അത്രയ്ക്ക് ദയനീയമാണ് എന്റെ അവസ്ഥ.

എന്തിനാണ് ഞങ്ങളെ ഇങ്ങനെ യാചകരാക്കുന്നത്? പഠിക്കാന്‍ ആഗ്രഹിച്ചതാണോ തെറ്റ്? ദളിതനും ആദിവാസിക്കുമൊക്കെ പഠിക്കാന്‍ ഈ കേരളത്തിലും വിലക്കാണോ? എത്രപേരുടെ മുന്നില്‍ യാചകനെപ്പോലെ നില്‍ക്കേണ്ടി വരണം. എത്രയിടത്തു നിന്നു അപമാനം സഹിക്കണം. ഒരു മേല്‍ജാതിക്കാരനോ സമ്പന്നനോ ഇത്തരത്തില്‍ നാണംകെടേണ്ടി വരുന്നുണ്ടോ? ഞങ്ങള്‍ എപ്പോഴും യാചകര്‍. ആരുടെയൊക്കെയോ ദയയില്‍ ജീവിക്കേണ്ടി വരുന്നവര്‍. അതില്ലാതാകുന്നതോടെ മരിക്കേണ്ടി വരുന്നവര്‍.

എനിക്ക് പഠിക്കണം, ജീവിക്കണം, സമൂഹത്തിനായി പ്രവര്‍ത്തിക്കണം; യാചിക്കരുതെന്നുണ്ടെങ്കിലും വീണ്ടുമൊരിക്കല്‍ കൂടി അത് ചെയ്യുകയാണ്. എന്റെ ഫെല്ലോഷിപ്പ് അനുവദിച്ച് തരണം. എനിക്ക് പഠിക്കണം…

"</p

ഒരച്ഛന്റെ വാക്കുകള്‍ കൂടി കേള്‍ക്കണം
പഠിക്കാന്‍ കഴിവുള്ള കുട്ടി, ഞാന്‍ പഴയ ഏഴാം ക്ലാസാണ്. ഇപ്പോള്‍ കൂലിപ്പണിയെടുക്കുന്നു. എല്ലാ ദിവസവും പണിയും കാണില്ല. എന്തൊക്കെ വിഷമം ഉണ്ടെങ്കിലും എന്റെ കുഞ്ഞിന്റെ ആഗ്രഹം പോലെ പഠിക്കണം. അതിനാണ് ആകെയുണ്ടായിരുന്ന ഭൂമി പണയംവച്ച് വായ്പയെടുത്തത്. അതിന്റെ അടവ് മുടങ്ങി. കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്നും നോട്ടീസ് വരുന്നുണ്ട്. നിധീഷിന്റെ താഴെയൊരു പെണ്‍കുട്ടിയാണ്. അതും പഠിക്കുന്നു. സര്‍ക്കാര്‍ സഹായിച്ചിരുന്നെങ്കില്‍ അതു വല്യ ആശ്വാസമാകുമായിരുന്നു. കൂട്ടുകാരില്‍ നിന്നുവരെ കടം വാങ്ങിയാണ് പോയത്. അതും തിരിച്ചുകൊടുക്കാന്‍ പറ്റിയിട്ടില്ല. അവിടെ അവന്റെ അവസ്ഥ മോശമാണെന്നു പറഞ്ഞു. ഞങ്ങള്‍ക്ക് ഇവിടെയിരുന്നിട്ട് ഒരു സമാധാനവുമില്ല. ജൂണ്‍ മാസത്തില്‍ മന്ത്രിയെ കാണാന്‍ വന്നിരുന്നു. പക്ഷേ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല, സെക്രട്ടറിയെയാണു കണ്ടത്. ശരിയാക്കാമെന്നു പറഞ്ഞു. രണ്ടു മാസം കഴിഞ്ഞിട്ടും ഒന്നുമായിട്ടില്ല. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. എന്തായാലും നിധീഷിന്റെ പഠനം മുടങ്ങരുത്. എന്തു വിറ്റിട്ടാണെങ്കിലും ഞാനവനെ പഠിപ്പിക്കും. എന്റെ കുഞ്ഞിന് ഒത്തിരി സ്വപ്‌നങ്ങളുണ്ട്. ഞങ്ങള്‍ക്കോ ആഗ്രഹിക്കാനോ സ്വപ്‌നം കാണാനോ കഴിഞ്ഞില്ല. ഞങ്ങളുടെ മക്കള്‍ക്കും അതിനുള്ള അവകാശം ഇല്ലാതാകരുത്…

നിധീഷിനെ സഹായിക്കണം; അല്ലെങ്കില്‍ ഒന്നാം നമ്പര്‍ എന്നൊക്കെ പറയുന്നതില്‍ എന്തര്‍ത്ഥം?
ഏത് ക്രൈറ്റീരിയ നോക്കിയാലും മിടുക്കനായ വിദ്യാര്‍ത്ഥിയായ നിധീഷിനെ സഹായിക്കാന്‍ തടസങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നില്ല. ഉദ്യോഗസ്ഥതലത്തിലാണ് കാലതാമസം വരുന്നതെങ്കില്‍ മന്ത്രി നേരിട്ട് ഇടപെടണം. വൈകിക്കുന്ന ഓരോ നിമിഷവും ഒരു വിദ്യാര്‍ത്ഥിയെ തെറ്റായ തീരുമാനം എടുക്കാന്‍ കൂടുതല്‍ കൂടുതല്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. പഠിക്കാന്‍ ആഗ്രഹിച്ചതിന്റെ പേരില്‍ ഒരു ദളിത് വിദ്യാര്‍ത്ഥിക്ക് ഒരിക്കലും അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വരുന്ന ദുരവസ്ഥ കേരളത്തില്‍ നിന്നുള്ള വാര്‍ത്തയാകരുത്..

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍