UPDATES

ഉഷ്ണതരംഗം, സൂര്യാഘാതം, പൊള്ളല്‍ എന്നിവയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു സര്‍ക്കാര്‍

വരും ദിവസങ്ങളിലും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

ഉഷ്ണതരംഗം, സൂര്യാഘാതം, പൊള്ളല്‍ എന്നിവയെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇവയ്ക്ക് ഇരയാകുന്നവര്‍ക്ക് സഹായധനം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളും നിശ്ചയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. സംസ്ഥാനത്ത് സൂര്യാഘാതമേറ്റുള്ള പൊള്ളലും മരണവും ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തുടര്‍ന്നാണ് തീരുമാനം. ഇന്നലെ കുഞ്ഞിന് പാലൂട്ടുന്നതിനിടെ അമ്മ മരിച്ചത് താപാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം.

ഒറ്റപ്പാലം ചോറോട്ടൂറ് പ്ലാപ്പടത്തില്‍ തൊടി സന്തോഷിന്റെ ഭാര്യ കൃപയാണ് ഒന്നര വയസുള്ള കുഞ്ഞിന് പാലൂട്ടുന്നതിനിടെ മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ വീടിന്റെ തുറന്ന മേല്‍ നിലയിലിരുന്നു പാലൂട്ടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ബന്ധുക്കളാണ് അബോധാവസ്ഥയില്‍ കൃപയെ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. താപാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമുള്ള പ്രാഥമിക നിഗമനം.

ഇത്തരം സംഭവങ്ങള്‍ 2012 മുതല്‍ ഒറ്റയ്ക്കും ഈ വര്‍ഷം ഇടക്കിടെയും റിപ്പോര്‍ട്ട് ചെയ്യുന്നതിനാലാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നതെന്ന് ദുരന്ത നിവാരണ വിഭാഗം ഡയറക്ടര്‍ ശേഖര്‍ കുര്യാക്കോസ് അറിയിച്ചു. ‘2012 മുതല്‍ സൂര്യാതപം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ വര്‍ഷം ചൂട് വര്‍ധിച്ചതിനെ തുടര്‍ന്ന് അത് ഏറെയിരിക്കുകയാണ്. പല മരണങ്ങളും സൂര്യാതപം മൂലമാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. എന്നാല്‍ അതിനുള്ള സാധ്യതകള്‍ കൂടുതലാണ്. ഇത്തരത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തവരെയെല്ലാം സൂര്യാതപം വളരെയധികം ബാധിച്ചിട്ടുമുണ്ട്.’

സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ ഉഷ്ണതരംഗം, സൂര്യാഘാതം, പൊള്ളല്‍ എന്നിവ മൂലം മരണമടയുന്നവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ലഭിക്കും. നാല്‍പത് മുതല്‍ അറുപത് ശതമാനം വരെ കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് 59,100 രൂപയും 60 ശതമാനത്തിലധികം നഷ്ടമായവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കും. ആശുപത്രിവാസം ആവശ്യമായ ഗുരുതര പരുക്കുകള്‍ക്ക്, ഒരാഴ്ചയിലധികം കഴിയേണ്ടിവന്നാല്‍ 12,700 രൂപയും ഒരാഴ്ചയില്‍ താഴെയാണെങ്കില്‍ 4,300 രൂപയും നല്‍കും. നഷ്ടമാവുന്ന കറവമൃഗങ്ങള്‍ക്ക് 30,000 രൂപയും ആട്, പന്നി തുടങ്ങിയവയ്ക്ക് 3000 രൂപയും ഭാരം വലിക്കുന്ന മൃഗങ്ങള്‍ക്ക് 25,000 രൂപയും കോഴിയൊന്നിന് 50 രൂപയും കഴുത, കോവര്‍കഴുത തുടങ്ങിയവയ്ക്ക് 16,000 രൂപയും ലഭിക്കും.

അതേസമയം വരും ദിവസങ്ങളിലും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍