UPDATES

ഞങ്ങള്‍ മരിച്ചാല്‍ ഞങ്ങളുടെ കുട്ടികള്‍ എന്തു ചെയ്യുമെന്ന് ചോദിക്കുന്ന ആ അമ്മമാര്‍ വീണ്ടും സമരത്തിനിറങ്ങുകയാണ്

തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് ജീവിതം നഷ്ടപ്പടേണ്ടി വന്നവരുടെ ബാധ്യത ഏറ്റെടുക്കാനുള്ള ആര്‍ജ്ജവം ഈ സര്‍ക്കാരെങ്കിലും കാണിക്കണമെന്നാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ പറയുന്നത്

സ്വര്‍ഗയ്ക്കടുത്തുള്ള വാണിനഗറിലെ ആ രണ്ടു മുറി വീട്ടില്‍ അരനൂറ്റാണ്ടിനടുത്തായി തളര്‍ന്നു കിടക്കുന്നൊരു മനുഷ്യശരീരമുണ്ട്. ശീലാബതി. കാസറഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി പറയുന്ന ശീലാബതി. രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത്, സ്‌കൂളിലേക്കു പോകുന്ന വഴിയില്‍ കശുമാവിന്‍ തോട്ടത്തിനു നടുവില്‍വച്ച്, ഹെലികോപ്റ്ററില്‍ നിന്നും തളിച്ചുകൊണ്ടിരുന്ന എന്‍ഡോസള്‍ഫാന്‍ നേരിട്ട് ശീലാബതിയുടെ മേല്‍പതിച്ചതാണ്. അന്നു വീട്ടില്‍ വന്നു കിടന്നതാണ് ശീലാബതി. അന്ന് പ്രായം ആറരയവയസ്, ഇപ്പോള്‍ അമ്പത്തിയാറ്. ഒരു ചെറുവിരലോളം വലിപ്പം മാത്രമെന്ന് തോന്നിപ്പിക്കും ശീലാബതിയെ കണ്ടാല്‍. ആ വിഷത്തിന്റെ വീര്യം എത്രത്തോളമാണെന്ന് ഈ ശരീരം ഒന്നുകണ്ടാല്‍ മതി.

എണ്‍പതു വയസു കഴിഞ്ഞ അമ്മ ദേവകി മാത്രമാണ് ശിലാബതിക്കുള്ളത്. ഡിവൈഎഫ്‌ഐ നിര്‍മിച്ചുകൊടുത്ത വീട്ടില്‍ ആ അമ്മയും മകളും തനിച്ച്. പ്രായാധിക്യം കൊണ്ട് ജോലിക്കും പോകാന്‍ കഴിയാതെ വന്നതോടെ ഇവരുടെ ജീവിതം ഏറെ കഷ്ടത്തിലാണ്. ശീലാബതിക്ക് കിട്ടുന്ന സര്‍ക്കാര്‍ ധനസഹായം കൊണ്ടാണ് ഇവര്‍ കഴിയുന്നത്.

പക്ഷേ ദേവകിയുടെ മനസിലെ ആധി അതല്ല, ഞാന്‍ മരിച്ചാല്‍ എന്റെ മോള്‍ എന്തു ചെയ്യും? ഈ ചോദ്യം കഴിഞ്ഞ കുറെ നാളുകളായി ദേവകി ചോദിക്കുകയാണ്. ദേവകി മാത്രമമല്ല, ഇതേ ചോദ്യം ചോദിക്കുന്ന നിരവധി അമ്മമാര്‍ കാസറഗോഡ് ഉണ്ട്. അവരുടെ ചോദ്യങ്ങള്‍ക്ക് ഒരു സര്‍ക്കാരും ഒരുദ്യോഗസ്ഥനും ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. തങ്ങളെക്കാള്‍ മുന്നേ മക്കള്‍ മരിച്ചുപോകണേ എന്നു പ്രാര്‍ത്ഥിക്കേണ്ട ഗതികേട് ഈ അമ്മമാര്‍ക്ക് മാത്രം വരുത്തുന്നും സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥന്മാരുടെയും ഈ മൗനം തന്നെയാണ്. കാലമെത്രയായി, അവരിങ്ങനെ കരഞ്ഞും യാചിച്ചും സമരം ചെയ്തും പലതും ചോദിക്കുന്നു. എല്ലാം കൊടുത്തൂ എന്നു പറയുന്ന ഭരണാധികാരികള്‍ പറയുന്നു. എങ്കില്‍ വീണ്ടും കാസറഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരത്തിന് ഇറങ്ങുന്നത് എന്തിനാണ്?

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വീടിനു മുന്നില്‍ പട്ടിണി സമരം നടത്തിയപ്പോഴും തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നില്‍ അമ്മമാരും കുട്ടികളും ആഴ്ചകള്‍ പിന്നിട്ട സമരം നടത്തിയപ്പോഴും പന്തലിട്ടുകൊടുക്കാന്‍ വരെ കൂടെ നിന്നവരാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നത്. അന്ന് സമരപന്തലിലെ നിത്യസന്ദര്‍ശകരായിരുന്നവരില്‍ ചിലര്‍ മന്ത്രിസഭയിലുമുണ്ട്. പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയിലേക്ക് കയറിയിരിക്കുന്നതുപോലും കാസറഗോട്ടെ എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ നിന്നാരംഭിച്ച യാത്രയുടെ അവസാനത്തിലാണ്. അതുകൊണ്ടെല്ലാം തന്നെ ഈ സര്‍ക്കാരില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണത്തിന്റെ ചുരുങ്ങിയ കാലത്തിനിടയില്‍ പല സന്ദര്‍ഭങ്ങളിലായി എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കാര്യത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ കാര്യക്ഷമമായി അതു ചെയ്യുന്നുണ്ടോ എന്നതാണ് സംശയം. അതാണല്ലോ ഈ ഡിസംബര്‍ മുതല്‍ ഇവര്‍ വീണ്ടും സമരത്തിനിറങ്ങുന്നത്.

"</p

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ക്കുമേല്‍ സത്വരനടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ വൈകുന്നതാണ് ഇവരെ വീണ്ടുമൊരു സമരത്തിനിറക്കുന്നത്. ഇരകളായവര്‍ക്കെല്ലാം അഞ്ചുലക്ഷം രൂപ നല്‍കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിട്ടും അത് നടപ്പാക്കാന്‍ കോടതിയനുവദിച്ച മൂന്നുമാസത്തെ സമയം കഴിഞ്ഞിട്ടും ഇപ്പോഴും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികളൊന്നും സ്വീകരിക്കാത്തതാണ് ഉയര്‍ത്തുന്ന പ്രധാനചോദ്യം. കോടതി ഉത്തരവില്‍ വ്യക്തതേടി അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അതിനുശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്നാണ് പറയുന്നത്. കേരള സര്‍ക്കാരല്ല, കേന്ദ്രസര്‍ക്കാരാണ് കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ തടസം എന്ന ആക്ഷേപവും ഇതിനൊപ്പം ഉണ്ട്. ഇത്തരം വാദങ്ങളും കുറ്റപ്പെടുത്തലുകളും മാത്രം നടക്കുകയും ഇരകളായവരുടെ ആവശ്യങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യുമ്പോഴാണ് അവര്‍ സമരം ചെയ്യാന്‍ തീരുമാനിക്കുന്നത്.

ഇവര്‍ ഇരകളാണെന്നതില്‍ ഇനിയുമെന്ത് വ്യക്തതയാണ് വേണ്ടത്? എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ധനസഹായം നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍

എന്‍ഡോസള്‍ഫാന്‍ ദുരന്തംമൂലമുണ്ടായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ട്രിബ്യൂണല്‍ എന്ന ആവശ്യത്തിന് പഠനങ്ങള്‍ നടത്തിയതല്ലാതെ തീരുമാനം ഉണ്ടായിട്ടില്ല. നഷ്ടപരിഹാരത്തിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും ആവശ്യമായ പ്രത്യേക ട്രിബ്യൂണല്‍ സംവിധാനം സ്ഥാപിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനില്ലേ എന്ന ചോദ്യം കൂടിയാണ് ഈ സമരം.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ക്ക് 2012 മുതല്‍ മോറട്ടോറിയം പ്രഖ്യാപിച്ചു വരുന്നുണ്ട്. ഇതൊന്നും തന്നെ ബാങ്കുകള്‍ക്ക് ബാധകമാകാറില്ല. ജപ്തിനടപടി ഭയന്ന് പലരും ആത്മഹത്യ ചെയ്തു. മോറട്ടോറിയം നിലവിലിരിക്കെ തന്നെ ബാങ്കുകള്‍ ഇപ്പോഴും നടപടികള്‍ തുടരുകയാണ്. കടങ്ങള്‍ എഴുതിത്തള്ളാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം; സമരത്തിനു പിന്നിലെ മറ്റൊരാവശ്യം.

2017 ല്‍ ഏപ്രിലില്‍ നടന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പിലൂടെ 1905 പേരെ ദുരിതബാധിതരായി കണ്ടെത്തിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല. ഇവര്‍ക്കാവശ്യമായ ധനസഹായവും ചികിത്സ സകര്യങ്ങളും ഏര്‍പ്പെടുത്താത്തിനും സര്‍ക്കാര്‍ മറുപടി പറയണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 610 പേര്‍ക്ക് യാതൊരുവിധ സഹായങ്ങളും നാളിതുവരെ ലഭിച്ചിട്ടില്ല. വിദഗ്ദ ഡോക്ടര്‍മാര്‍ പരിശോധിച്ച് ലിസ്റ്റില്‍പ്പെട്ടവര്‍ക്കാണ് ഇത്തരം അവഗണന നേരിടുന്നത്. അവര്‍ സമരത്തിന് ഇറങ്ങാനുള്ള മറ്റൊരു കാരണമാണിത്.

ഇടതുപക്ഷ സര്‍ക്കാരില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആ സര്‍ക്കാരിന്റെ ഒരു പ്രതിനിധിയില്‍ നിന്നും കേള്‍ക്കേണ്ടി വന്ന പരിഹാസത്തെ കുറിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായവരില്‍ പകുതിയിലേറെ പേരുടെയും റേഷന്‍കാര്‍ഡ് എപിഎല്‍ ആക്കിയ നടപടിയില്‍ പരാതി പറയാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു അത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും ബിപിഎല്‍ ആക്കണോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. മാനദണ്ഡം നോക്കാതെ എല്ലാവരെയും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു നേരത്തെയുള്ള തീരുമാനമെന്നു മറുപടി പറഞ്ഞപ്പോള്‍ അടുത്ത ചോദ്യം; അപ്പോള്‍ ഐഎഎസുകാര്‍ ഉണ്ടെങ്കിലോ? ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും അങ്ങനെയുള്ളവരാരും ഇല്ലെന്നു സാറിന് അറിയാമല്ലോ എന്നു മുനീസ പറഞ്ഞപ്പോള്‍, അദ്ദേഹത്തിന്റെ മറുചോദ്യം, ഇനി ഉണ്ടായാല്‍ അവരെയും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണോ? തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിരെയും ഒരു പ്രചാരണവിഷയമാക്കി, അതില്‍ നിന്നും നേട്ടം കൊയ്ത ഒരു പാര്‍ട്ടിയുടെ പ്രമുഖ നേതാവ് തന്നെയാണ് ഇത്തരം പരിഹാസം ഉയര്‍ത്തിയതെന്നുമോര്‍ക്കണം.

എന്‍ഡോസള്‍ഫാന്‍; കേരളമല്ല, കേന്ദ്രമാണ്‌ സുപ്രിം കോടതി ഉത്തരവ് അട്ടിമറിക്കുന്നത്, പ്രത്യക്ഷ സമരം ആരംഭിച്ചെന്നും ഡിവൈഎഫ്‌ഐ

2013 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബിപിഎല്‍ റേഷന്‍ കാര്‍ഡും ആനുകൂല്യങ്ങളും അനുവദിച്ചതാണ്. പ്രസ്തുത ഉത്തരവ് പിന്‍വലിക്കാതെ തന്നെയാണ് ഇപ്പോള്‍ പകുതിയിലധികംപോരുടെ റേഷന്‍കാര്‍ഡ് എപിഎല്‍ ആക്കി മാറ്റിയിരിക്കുന്നത്. ഇതു മാറ്റിക്കിട്ടാനും എന്‍ഡോസള്‍ഫാന്‍ ദുരിതതബാധിതരുടെ റേഷന്‍ സംവിധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെടാന്‍ ചെന്നപ്പോള്‍ പ്രശ്‌നം പരിഹാരിക്കാമെന്നു പറയുന്നതിനു പകരം പരിഹസിക്കാന്‍ നോക്കിയവരാണ് ഇവരെ വീണ്ടും സമരത്തിനു തയ്യാറാക്കിയത്.

ഞാന്‍ മരിച്ചാല്‍ എന്റെ മകള്‍ എന്തു ചെയ്യുമെന്ന് ശീലബതിയുടെ അമ്മ ദേവകി ചോദിക്കുമ്പോള്‍ അതിനുള്ള ഉത്തരമാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെയും ആശ്രിതരുടെയും പുനരധിവാസം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ഒരു പുനരധിവാസ ഗ്രാമം എന്നത് ഇന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. അഞ്ചോ ആറോ കൊല്ലങ്ങള്‍ക്കു മുന്നേ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ്. ബോഡിക്കാനത്ത് മുതലപ്പാറയില്‍ പികെസി വക 25 ഏക്കര്‍ സ്ഥലം ഇതിനായി ഏറ്റെടുത്തിട്ടുണ്ട്. പികെസിക്ക് ഏക്കര്‍ കണക്കിനു ഭൂമി വേറെയുണ്ടായിട്ടും പാറക്കെട്ടുകള്‍ നിറഞ്ഞ ഈ സ്ഥലം ഏറ്റെടുത്തതിന്റെ കാരണം ബന്ധപ്പെട്ടവരാണ് പറയേണ്ടത്. എന്തു തന്നെയാണെങ്കിലും ഇത്രവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുനരധിവാസഗ്രാമത്തിന്റെതായ ഒരു പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടില്ല. ശാസ്ത്രീയവും പ്രായോഗികവുമായ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക എന്നത് അടിയന്തര പ്രാധാന്യമുള്ള വിഷയം തന്നെയാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്താന്‍ കൂടിയാണ് ഈ സമരം.

"</p

കാസറഗോഡ് ജില്ലയില്‍ ഏഴു ബഡ്‌സ് സ്‌കൂളുകളാണ് സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ആറ് ബഡ്‌സ് സ്‌കൂളുകള്‍ക്കും നബാര്‍ഡിന്റെ സഹായത്തോടെ കെട്ടിട നിര്‍മാണത്തിനുള്ള തുക അനുവദിച്ചത് 2011 ല്‍ ആണ്. പെരിയ മഹാത്മ ബഡ്‌സ് സ്‌കൂളിനു വേണ്ടിയുള്ള കെട്ടിടം മാത്രമാണ് നിര്‍മാണം പൂര്‍ത്തിയായി പ്രവര്‍ത്തിക്കുന്നത്. മറ്റ് ബഡ്‌സ് സ്‌കൂളുകളുടെ കാര്യത്തില്‍ എന്തുകൊണ്ട് കാലതാമസം വരുന്നുവെന്നുള്ള ചോദ്യത്തിന് ഉത്തരം തേടിക്കൂടിയാണ് ഈ സമരം.

എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് ബഡ്സ് സ്കൂള്‍ ആരോഗ്യവകുപ്പ് എംസിആര്‍സി ആക്കിയതിനു പിന്നിലെ താത്പര്യമെന്താണ്?

രണ്ടു പതിറ്റാണ്ടിലധികമായി കേരള പ്ലാന്റെഷന്‍ കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചിട്ടുണ്ട്. ഇവ ഇവിടെ നിന്നും നീക്കം ചെയ്തു നിര്‍വീര്യമാക്കാന്‍ 2014 ജനുവരിയില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തതാണ്. ഇപ്പോഴും ഈ കീടനാശിനി കൈയ്യൂര്‍-ചീമേനിയില്‍ തന്നെയുണ്ട്. വീണ്ടും കാസറഗോട്ടെ ജനങ്ങളുടെ മേല്‍ ദുരന്തം വിതയ്ക്കാനാണോ ഭരണകൂടം തയ്യാറെടുക്കുന്നതെന്ന ചോദ്യവും ഈ സമരത്തില്‍ ഉയരും. ഇതോടൊപ്പം തന്നെയവര്‍ ചോദിക്കുന്ന മറ്റൊരു ചോദ്യം കാറഡുക്ക പഞ്ചായത്തില്‍ നെഞ്ചംപറമ്പിലെ പികെസിയുടെ കശുമാവിന്‍ തോട്ടത്തിനകത്തെ കിണറിലിട്ട് മൂടിയെ എന്‍ഡോസള്‍ഫാന്‍ തിരിച്ചെടുക്കാനുള്ള തീരുമാനം എന്തുകൊണ്ട് നടപ്പായില്ല?

ഇത്തരത്തില്‍ ഓരോന്നായി പറയുമ്പോള്‍ ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവല്‍പ്രശ്‌നങ്ങളില്‍ പലതും ഇക്കാലമത്രയായിട്ടും പരിഹരിക്കാതെ തന്നെ കിടക്കുകയാണ്. സാമ്പത്തിക സഹായം ഭാഗികമായി വിതരണം ചെയ്തു എന്ന യാഥാര്‍ത്ഥ്യം അവര്‍ നിഷേധിക്കുന്നില്ല. ഇക്കഴിഞ്ഞ ഓണത്തിന് 1000 രൂപ ലഭിച്ചതൊന്നും അവര്‍ വിസ്മരിക്കുന്നില്ല. പൂര്‍ണമായല്ലെങ്കിലും സൗജന്യ ചികിത്സ ലഭിച്ചുവരുന്നതിനും നന്ദി പറയുന്നു.

എന്നാല്‍ തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് ജീവിതം നഷ്ടപ്പടേണ്ടി വന്നവരുടെ ബാധ്യത ഏറ്റെടുക്കാനുള്ള ആര്‍ജ്ജവം ഈ സര്‍ക്കാരെങ്കിലും കാണിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇവിടുത്തെ അമ്മമാരുടെ നിരന്തര സമരത്തിനു മുന്നിലാണ് പലപ്പോഴും അധികാരികള്‍ എന്തെങ്കിലും ചെയ്തിട്ടുള്ളത്. നിസഹായരായ ഒരുപറ്റം മനുഷ്യര്‍ക്ക് സമരം നടത്തേണ്ടി വരുന്നത് ജനാധിപത്യസമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല എന്നവര്‍ ഓര്‍മിപ്പിക്കുന്നു. പക്ഷേ വീണ്ടും സമരം ചെയ്യാതെ ഈ അമ്മമാര്‍ക്ക് മുന്നില്‍ മറ്റുവഴികളില്ലാതെ വരുമ്പോള്‍?

(ചിത്രങ്ങള്‍ രോഗബാധിതരുടെ അമ്മമാരുടെയും ബന്ധുക്കളുടെയും അനുമതിയോടെ പകര്‍ത്തിയതാണ്; അനുവാദമില്ലാതെ ഇവ പുന:പ്രസിദ്ധീകരിക്കരുത്)

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍