ആദിവാസി ക്ഷേമ വകുപ്പിന്റെ കീഴിലെ ട്രൈബല്‍ പദ്ധതികള്‍ പ്രകാരമോ, ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയോ പോലും വീടുകള്‍ ലഭിക്കാത്ത അടിയര്‍ നേരെ മുന്‍പില്‍ കാണുന്നത്, വിവിധ പദ്ധതികളിലായി സര്‍ക്കാര്‍ പണിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അനുവദിച്ചു നല്‍കിയ വീടുകളാണ്
ഏതു നിമിഷവും ഇടിഞ്ഞു പൊളിഞ്ഞു വീണേക്കും എന്നു തോന്നിപ്പിക്കുന്ന ഒറ്റമുറി വീട്ടിലാണ് നാഗി താമസിക്കുന്നത്. മേല്‍ക്കൂരയില്‍ പാകിയ ഓടുകളില്‍ പലതും തകര്‍ന്നു പോയിരിക്കുന്നതിനാല്‍ ടാര്‍പ്പൊളിന്‍ ഷീറ്റ് വലിച്ചു കെട്ടിയിരിക്കുന്നു. മുപ്പതിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് സര്‍ക്കാര്‍ ചെലവില്‍ കെട്ടിയ വീടാണ് നാഗിയുടേത്. അന്ന് നാഗി സര്‍ക്കാര്‍ കണക്കുകളില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടിരുന്നയാളായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം, നാഗി ആ പട്ടികയുടെ പുറത്താണ്. നാഗി മാത്രമല്ല, പുല്‍പ്പള്ളി, മരക്കടവ് കോളനിയില്‍ താമസിക്കുന്ന നൂറ്റിയന്‍പതിലധികം വരുന്ന അടിയ സമുദായക്കാരും സര്‍ക്കാരിന്റെ കണ്ണില്‍ ഇപ്പോള്‍ ആദിവാസികളല്ല. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ന്യായമായും ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങളുടെ കണക്കില്‍ നിന്നും വെട്ടിമാറ്റപ്പെട്ട മരക്കടവ് കോളനിയിലെ അടിയരുടെ കഷ്ടതകള്‍ക്കു മാത്രം കാലങ്ങളായി പരിഹാരമില്ല. ആദ്യഘട്ടത്തില്‍ ആദിവാസി ജനതയുടെ ഭാഗമായിത്തന്നെ കണക്കാക്കപ്പെട്ടിരുന്ന തങ്ങള്‍ ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങള്‍ക്കു പുറത്തായതെന്നും ഇവര്‍ക്കറിയില്ല.
വയനാട് ജില്ലയിലെ കബനീനദിയോടു ചേര്‍ന്നു കിടക്കുന്ന മുള്ളന്‍കൊല്ലി മരക്കടവ് കോളനിയില്‍ പണിയ വിഭാഗത്തില്‍പ്പെട്ടവരും അടിയ വിഭാഗത്തില്‍പ്പെട്ടവരും ഒന്നിച്ചാണ് താമസം. നൂറു വര്‍ഷം മുന്‍പ് കര്‍ണാടകയില്‍ നിന്നും കേരളത്തിലെത്തിയ അടിയരെ ആദിവാസികളായി പരിഗണിച്ചാണ് ഏകദേശം മുപ്പത്തിനാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയത്. അന്ന് വര്‍ക്കി എന്നയാളില്‍ നിന്നും മിച്ചഭൂമിയായി പിടിച്ചെടുത്ത പതിനെട്ട് ഏക്കര്‍ എണ്‍പതു സെന്റോളം വരുന്ന സ്ഥലത്താണ് പണിയര്‍ക്കും അടിയര്‍ക്കുമായി സര്‍ക്കാര്‍ ഏജന്‍സികള്‍ വീതിച്ചു നല്‍കിയത്. വീടു കെട്ടി താമസിക്കാനായി പത്തു സെന്റ് ഭൂമി കരയിലും, ഒപ്പം ഇരുപത്തിമൂന്നു സെന്റോളം വയലുമാണ് അന്ന് ഒരു അടിയ കുടുംബത്തിന് ലഭിച്ചത്. അതേ കണക്കില്‍ത്തന്നെ പണിയര്‍ക്കും സ്ഥലം ലഭിച്ചു. കൃഷി ചെയ്യാനുള്ള സാമ്പത്തിക സഹായം, പശു, പോത്ത് എന്നിവ വിതരണം ചെയ്യുന്നതു വഴിയുള്ള മറ്റു സഹായങ്ങള്‍, വീടുകള്‍ നിര്‍മിക്കാനുള്ള ഫണ്ടുകള്‍, കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നേടാനുള്ള ധനസഹായം എന്നിവ അക്കാലത്ത് പണിയര്‍ക്കും അടിയര്‍ക്കും ഒരു പോലെത്തന്നെ ലഭിക്കുകയും ചെയ്തു.
എന്നാല്‍, ഏകദേശം ഇരുപതു വര്‍ഷത്തോളമായി മരക്കടവ് കോളനിയിലെ അടിയ വിഭാഗക്കാര്‍ സര്‍ക്കാര്‍ രേഖകള്‍ക്കു പുറത്താണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കിര്‍ത്താഡ്സിന്റെ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍, കേരളത്തിലെ അടിയ വിഭാഗം കര്‍ണാടകത്തിലെ അടിയ വിഭാഗവുമായി ബന്ധമില്ലാത്തവരാണെന്നും, മറിച്ച് അമ്പലവാസികളാണെന്നുമുള്ള നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്. കിര്‍ത്താഡ്സ് അന്നു സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച്, നാളിതുവരെയും അടിയര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിര്‍ദ്ദയം തടഞ്ഞുവയ്ക്കപ്പെടുകയാണ്. പട്ടികജാതിയില്‍പ്പെട്ട ചിലരാണ് അര്‍ഹതയില്ലാത്ത ആനുകൂല്യം അടിയ വിഭാഗക്കാര്‍ കൈപ്പറ്റുന്നതായി കാണിച്ച് പരാതി നല്‍കിയതെന്നും, ആ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് കിര്‍ത്താഡ്സ് ഇത്തരമൊരു റിപ്പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നതെന്നും സാമൂഹിക പ്രവര്‍ത്തകനും വാര്‍ഡ് മെമ്പറുമായ സെബാസ്റ്റ്യന്‍ പറയുന്നു. കര്‍ണാടകത്തില്‍ നിന്നും കബനീനദി കടന്ന് കേരളത്തിലെത്തിയവരാണ് അടിയാന്മാരെന്നതിന് കൃത്യമായ തെളിവുകളില്ലാത്തപ്പോഴാണ് ഈ പുറത്താക്കല്‍ നടക്കുന്നത്. ആദ്യമായി കബനി കടന്ന് കേരളത്തിലെത്തി താമസമായ ഇവരുടെ പിതാമഹന്‍ മരിച്ചിട്ട് നൂറു വര്‍ഷമാകുന്നു എന്നു പറയപ്പെടുന്നുണ്ടെങ്കിലും, കര്‍ണാടകത്തില്‍ നിന്നുമെത്തിയവര്‍ക്കൊപ്പം ഇവിടെ ആദ്യമേ താമസമുണ്ടായിരുന്നവരും ഈ വിഭാഗത്തില്‍പ്പെടുന്നുണ്ടെന്നാണ് പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. കര്‍ണാടകത്തില്‍ യേരവ സമുദായത്തില്‍പ്പെട്ടവരായി കണക്കാക്കപ്പെടുന്ന അടിയര്‍, അവിടെ ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്നതും അധികൃതര്‍ക്ക് അറിവില്ലാത്ത കാര്യമല്ല.
‘ആദ്യം ലഭിച്ചിരുന്ന സ്ഥലവും വീടും തിരിച്ചെടുത്തിട്ടില്ല എന്നതൊഴിച്ചാല്‍, മരക്കടവിലെ അടിയാന്മാര്‍ക്ക് സര്‍ക്കാരിന്റെ ഒരു സഹായവും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. കുട്ടികളെ പഠിപ്പിക്കാനോ, ആരോഗ്യ രംഗത്തുള്ള സഹായങ്ങളോ ഇവര്‍ക്ക് ഇപ്പോഴില്ല. ഇവരെ ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നു കാണിച്ച് സംസ്ഥാന സര്‍ക്കാരിന് എം.എല്‍.എ വഴിയും അല്ലാതെയുമെല്ലാം എത്രയോ പരാതികള്‍ ഇതിനോടകം പോയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ അടക്കം ഇടപെട്ടിട്ടുള്ള കേസായിട്ടും ഇതുവരെ പരിഹാരമായിട്ടില്ലെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. വിവരങ്ങള്‍ പഠിച്ച മനുഷ്യാവകാശ കമ്മീഷന്‍, ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കുന്നതില്‍ തെറ്റില്ല എന്ന റിപ്പോര്‍ട്ടാണ് തന്നിട്ടുള്ളത്.’ സെബാസ്റ്റ്യന്‍ പറയുന്നതിങ്ങനെ.
ഒരേ കോളനിയില്‍, ഒരേ ജീവിത സാഹചര്യത്തില്‍ താമസിക്കുന്നവരില്‍, പണിയ വിഭാഗത്തിന് സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും അടിയര്‍ക്ക് അവകാശപ്പെടാന്‍ ഒന്നുമില്ലാതിരിക്കുകയും ചെയ്യുന്ന വിചിത്രമായ അവസ്ഥയാണ് ഇന്ന് മരക്കടവിലുള്ളത്. സാമൂഹികമായും സാമ്പത്തികമായും ഒരേ തരത്തില്‍ പിന്നാക്കാവസ്ഥയിലുള്ള ഇരുവിഭാഗങ്ങളോടും രണ്ടു തരത്തിലുള്ള സമീപനമെടുക്കുന്നതിലെ ഔചിത്യമില്ലായ്മ സാമൂഹിക പ്രവര്‍ത്തകര്‍ പല തവണയായി ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെങ്കിലും, പരിഹാരമൊന്നുമുണ്ടായിട്ടില്ല. അമ്പത്തിയേഴോളം കുടുംബങ്ങള്‍ക്കാണ് മുമ്പ് പതിനെട്ട് ഏക്കര്‍ എണ്‍പതു സെന്റ് ഭൂമി പതിച്ചുകൊടുത്തിരുന്നത്. എന്നാല്‍ ഇന്ന് ഈ സ്ഥലത്ത് താമസിച്ചു പോരുന്നത് നൂറ്റിയമ്പതോളം കുടുംബങ്ങളാണ്. ആദ്യം സ്ഥലം പതിച്ചു കിട്ടിയ അമ്പത്തിയേഴു പേരുടെ മക്കളും കൊച്ചുമക്കളുമടക്കം വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന നൂറ്റിയമ്പതോളം കുടുംബങ്ങള്‍ തീര്‍ത്തും പരിതാപകരമായ അവസ്ഥയിലാണ് ജീവിച്ചു പോരുന്നത്. കൂലിപ്പണിയെടുത്താണ് ഇവരെല്ലാം ജീവിതം നയിക്കുന്നത്. ‘അതിനിടയില്‍ ഇവര്‍ക്കു പതിച്ചുകൊടുത്ത മിച്ചഭൂമിയില്‍ എണ്‍പതു സെന്റോളം സ്ഥലം പാറയാണെന്നു കണ്ട് ഒഴിവാക്കിയിരുന്നു. ഈ സ്ഥലത്തെല്ലാം ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവരെല്ലാം കയറിത്താമസിച്ചിട്ടുണ്ട്. ഈ പാറയോട് ചേര്‍ന്നു താമസിക്കുന്നവരൊന്നും ഭൂമി പതിച്ചു കിട്ടിയ ആദിവാസി വിഭാഗക്കാരല്ല. കോളനിയിലും കോളനിയുടെ പുറമ്പോക്ക് സ്ഥലത്തുമെല്ലാമായാണ് ഈ നൂറ്റിയമ്പതോളം അടിയ കുടുംബങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത്’ സെബാസ്റ്റ്യന്‍ വിശദീകരിക്കുന്നു.
നിലവില്‍ മരക്കടവിലെ അടിയര്‍ നേരിടുന്ന പ്രശ്നങ്ങള്‍ വളരെ ഗുരുതരമാണെന്ന് ആദിവാസി അവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. പരിതാപകരമായ ജീവിത സാഹചര്യങ്ങളോടു മല്ലിട്ടാണ് അടിയ വിഭാഗക്കാര്‍ ഇവിടെ ജീവിക്കുന്നത്. മുപ്പത്തിയഞ്ചു വര്‍ഷക്കാലം മുന്‍പ് ഏഴായിരം രൂപ അനുവദിച്ച് സര്‍ക്കാര്‍ കെട്ടിക്കൊടുത്ത വീടുകളെല്ലാം ഇന്ന് നിലംപരിശാവാറായിട്ടുണ്ട്. നേരത്തേ സൂചിപ്പിച്ച നാഗിയുടെ വീട് ഈ അമ്പത്തിയേഴു വീടുകളിലൊന്നാണ്. പത്തു സെന്റില്‍ക്കൂടുതല്‍ സ്ഥലം സ്വന്തമായുള്ളവര്‍ ഇപ്പോള്‍ ഇവരുടെ കൂട്ടത്തിലില്ല. നേരത്തേ കൈവശമുണ്ടായിരുന്ന പത്തു സെന്റു പോലും ഇപ്പോള്‍ രണ്ടും മൂന്നും സെന്റായി കുറഞ്ഞവരും കോളനിയിലുണ്ട്. ഒരേ വീട്ടില്‍ രണ്ടോ മൂന്നോ കുടുംബങ്ങളാണ് ഇപ്പോള്‍ താമസിക്കുന്നത്. കുട്ടികള്‍ വലുതായി വിവാഹപ്രായമാകുന്നതിനനുസരിച്ച് വീടുകള്‍ പണിയാനുള്ള സഹായം ലഭിക്കുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്ന ഇവര്‍ക്ക് ഓര്‍ക്കാപ്പുറത്തുള്ള അടിയായി പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടത്. അതോടെ, ഒരേ വീട്ടില്‍ ഏറ്റവും ചുരുങ്ങിയത് മൂന്നു കുടുംബങ്ങള്‍ തിങ്ങിക്കൂടേണ്ട അവസ്ഥയായി. വീട്ടിലും വീടിനോടു ചേര്‍ന്നുള്ള ചായ്പ്പിലും മറ്റുമാണ് അടിയര്‍ ഇപ്പോള്‍ താമസിച്ചു പോരുന്നത്.
ഇത്രയേറെ കഷ്ടതകളില്‍ ജീവിക്കേണ്ടിവരുന്ന ഇവര്‍ക്ക് പുതിയ പ്രശ്നം പുലിപ്പേടിയാണ്. രാത്രികാലങ്ങളില്‍ കോളനിയില്‍ പുലി സൈ്വര്യവിഹാരം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വനപാലകരെ വിവരമറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍പ്പോലും പുലി കോളനിയില്‍ ഇറങ്ങിയിട്ടുള്ളതായി ഇവിടത്തുകാര്‍ പറയുന്നുണ്ട്. വനം വകുപ്പിന്റെ പരിശോധനയും, ഒപ്പം പുലിയുടെ സന്ദര്‍ശനവും തടസ്സമില്ലാതെ തന്നെ തുടരുന്നുണ്ടെന്നാണ് പരിഹാസരൂപേണ കോളനിക്കാര്‍ പറയുന്നത്. പുലര്‍ച്ചെ നാലു മണിക്കും മറ്റുമെത്തുന്ന പുലി നേരം വെളുക്കുന്നതോടെ തിരികെ കാട്ടില്‍ കയറാത്ത സാഹചര്യമുണ്ടായാല്‍, വലിയ അപകടമായിരിക്കും കോളനിയിലുണ്ടാകുക. ഓരോ വീട്ടിലും ചെറിയ കുട്ടികള്‍ ധാരാളമാണിവിടെ. ഇതിലൊന്നും ഒതുങ്ങുന്നതല്ല മരക്കടവിലെ അടിയ വിഭാഗം നേരിടുന്ന പ്രതിസന്ധികള്‍. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്‍ക്കുന്ന സമൂഹങ്ങളിലൊന്നായി അടിയര്‍ മാറിക്കഴിഞ്ഞിട്ടുണ്ടെന്നും, അതിനു പ്രധാന കാരണമായി കണക്കാക്കേണ്ടത് സര്‍ക്കാര്‍ സഹായങ്ങള്‍ക്കു വന്നിട്ടുള്ള തടസ്സം തന്നെയാണെന്നുമാണ് സാമൂഹിക പ്രവര്‍ത്തകരുടെ പക്ഷം.
‘കോളനിയോടു ചേര്‍ന്നു തന്നെയാണ് മരക്കടവ് എല്‍.പി സ്‌കൂള്‍. പണിയ വിഭാഗത്തില്‍പ്പെട്ടവരുടെ കുട്ടികള്‍ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. അവര്‍ക്ക് അതിനാവശ്യമായ ജീവിതസാഹചര്യങ്ങളുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, അടിയരുടെ അവസ്ഥ അതല്ല. പത്തു രൂപ കിട്ടുമെങ്കില്‍ അതിനുള്ള വഴി നോക്കാനേ അടിയര്‍ ശ്രമിക്കുള്ളൂ. അത്ര ദാരിദ്ര്യമാണ് പല കുടുംബങ്ങളിലും. കാപ്പിക്കുരു, അടയ്ക്ക, കുരുമുളക് എന്നിവ പറിയ്ക്കുന്ന സമയത്തെല്ലാം കുട്ടികള്‍ അത്തരം ജോലികള്‍ക്കാണ് പോകുക, സ്‌കൂളിലേക്കല്ല. തോട്ടത്തില്‍പ്പോയി ഇഞ്ചി പറിയ്ക്കാന്‍ കൂടിയാലും അവര്‍ക്ക് ദിവസം അഞ്ചോ പത്തോ രൂപ കിട്ടും. അതു തന്നെ അവര്‍ക്ക് വലിയ കാര്യമാണ്. കുടുംബത്തിലെ മുതിര്‍ന്നവര്‍ കുടകിലും മറ്റും പോയാണ് കൂലിപ്പണിയെടുക്കുന്നത്. ഒരു മാസമോ രണ്ടു മാസമോ കഴിയുമ്പോള്‍ തിരിച്ചെത്തുമ്പോള്‍ ഇവര്‍ കൊണ്ടുവരുന്ന ചെറിയ തുകകളാണ് പിന്നെ കുറേക്കാലത്തേക്കുള്ള ഇവരുടെ നീക്കിയിരിപ്പ്. സാക്ഷരതാ ക്ലാസ്സുകള്‍ നടത്താറുണ്ടെങ്കിലും പാതിപ്പേരും വരില്ല. മരക്കടവില്‍ ഒരു ആദിവാസി സാക്ഷരതാ കേന്ദ്രമുണ്ട്. അതുകൊണ്ടുപോലും ഇവര്‍ക്ക് ഉപകാരമില്ലെന്നതാണ് വസ്തുത. പഞ്ചായത്ത് ഫണ്ടില്‍ നിന്നുള്ള ആനുകൂല്യങ്ങളൊഴിച്ചാല്‍ മറ്റൊരിടത്തു നിന്നും ഇവര്‍ക്ക് സഹായമെത്തുന്നില്ല.’
ആദിവാസി ക്ഷേമ വകുപ്പിന്റെ കീഴിലെ ട്രൈബല്‍ പദ്ധതികള്‍ പ്രകാരമോ, ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയോ പോലും വീടുകള്‍ ലഭിക്കാത്ത അടിയര്‍ നേരെ മുന്‍പില്‍ കാണുന്നത്, വിവിധ പദ്ധതികളിലായി സര്‍ക്കാര്‍ പണിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അനുവദിച്ചു നല്‍കിയ വീടുകളാണ്. ഒരേ കോളനിയില്‍ കഴിയുന്ന തങ്ങള്‍ തമ്മിലുള്ള വൈജാത്യമെന്താണെന്ന് ഓര്‍ത്തുകൊണ്ട് ഇവര്‍ ഓടു പൊളിഞ്ഞ, വിള്ളല്‍ വീണ, ഏതു നിമിഷവും നിലംപതിക്കാവുന്ന കൊച്ചു വീടുകളില്‍ തിങ്ങി ഞെരുങ്ങിക്കഴിയുന്നു. മഴക്കാലത്ത് ചോരുന്ന വീടുകളില്‍ രണ്ടും മൂന്നും കുടുംബങ്ങള്‍ ഒന്നിച്ച് താമസിക്കുക എന്ന ദുരിതമാണ് ഇവര്‍ നേരിടാറുള്ളത്. ന്യായമായും ലഭിക്കേണ്ടുന്ന അവകാശങ്ങള്‍ എടുത്തുമാറ്റി, അടിയര്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരല്ലെന്ന് വിധിയെഴുതുന്നവര്‍ക്കെതിരെ ആദിവാസി സംഘടനകളും പലപ്പോഴായി രംഗത്തെത്തിയിട്ടുണ്ട്. റേഷന്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോ പോലും ലഭിക്കാത്ത വിധം രേഖകളിലില്ലാത്തവരായിപ്പോയ, പട്ടികജാതിയില്‍പ്പെട്ടവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പോലും ലഭിക്കാത്ത അടിയരെ മനുഷ്യരായെങ്കിലും പരിഗണിക്കണമെന്നാണ് ആദിവാസി അവകാശപ്രവര്‍ത്തക അമ്മിണി ആവശ്യപ്പെടുന്നത്.
‘പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പും മരക്കടവ് കോളനിയിലെ അടിയരുടെ അവസ്ഥ ഇതുതന്നെയായിരുന്നു. വീട്ടു നമ്പറോ തിരിച്ചറിയല്‍ രേഖകളോ പോലുമില്ല പലര്‍ക്കും. അടിയര്‍ എന്നു പറയുന്ന വിഭാഗം യഥാര്‍ത്ഥത്തില്‍ കര്‍ണാടകയില്‍ നിന്നു വന്നവരാണെന്നു പോലും ഉറപ്പില്ല. ഇവിടെ സ്ഥിരതാമസക്കാരാണിവര്‍. കര്‍ണാടകയില്‍ ഇവര്‍ക്കാര്‍ക്കും ബന്ധുക്കളുമില്ല. കര്‍ണാടകയില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരായതുകൊണ്ട് ആനുകൂല്യങ്ങള്‍ കൊടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കില്‍, വയനാട് ജില്ലയില്‍ മുഴുവന്‍ കുടിയേറ്റക്കാരാണെന്ന് ഓര്‍ക്കേണ്ടേ? മറ്റു ജില്ലകളില്‍ നിന്നും കുടിയേറിവരല്ലേ ഇവിടെ ഉള്ളവര്‍ മുഴുവനും? ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത കുടിയേറ്റക്കാര്‍ക്കടക്കം വേണ്ടവിധത്തില്‍ സഹായങ്ങളെത്തിക്കാന്‍ മേലധികാരികള്‍ക്ക് വലിയ ഉത്സാഹമുള്ളപ്പോഴാണ് ഇവിടെ ഒരു ജനവിഭാഗം വര്‍ഷങ്ങളായി മാറ്റിനിര്‍ത്തപ്പെട്ടു കഴിയുന്നത്. കൈയേറിയവന് പട്ടയമുണ്ടാക്കിക്കൊടുത്ത്, ആദിവാസിക്ക് പകരം ഭൂമി പതിച്ചുകൊടുക്കുന്ന രീതിയൊക്കെയാണല്ലോ ഇപ്പോഴുള്ളത്. പുല്‍പ്പള്ളി ട്രൈബല്‍ വകുപ്പിന്റെ കീഴിലാണ് ഇവര്‍ വരുന്നത്. അവരും പറയുന്നത് സഹായമെത്തിക്കാന്‍ നിയമതടസ്സങ്ങളുണ്ടെന്നാണ്. പനമരം മാനന്തവാടി ഭാഗങ്ങളില്‍ വളരെ കൂടുതലുള്ള വിഭാഗമാണ് അടിയര്‍. മുള്ളന്‍കൊല്ലിയില്‍ അടിയരുള്ളത് മരക്കടവിലാണെന്നു മാത്രം. വര്‍ഷങ്ങളായി ഇവര്‍ നേരിടുന്ന അവഗണനയ്ക്ക് അറുതിയുണ്ടാകുക തന്നെ വേണം.’ അമ്മിണി പറയുന്നു.
മരക്കടവില്‍ മാത്രമല്ല, കേരളത്തില്‍ എല്ലായിടത്തുമുള്ള അടിയരെ ആദിവാസി പട്ടികയില്‍ നിന്നും പുറന്തള്ളുന്നതായിരുന്നു കിര്‍ത്താഡ്സിന്റെ പഠന റിപ്പോര്‍ട്ട്. മറ്റു പലയിടങ്ങളിലും താരതമ്യേന മെച്ചപ്പെട്ട രീതിയിലാണ് ഇവര്‍ കഴിയുന്നതെങ്കിലും, മരക്കടവിലെ അടിയര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഗുരുതര സ്വഭാവമുള്ളവയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത വീടുകളില്‍ താമസിക്കുന്ന ഇവരെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള അറിവും പരിമിതമാണ്. ഏറ്റവും ചുരുങ്ങിയത് അടച്ചുറപ്പും കിടക്കാന്‍ ഇടവുമുള്ള വീടുകളെങ്കിലും മരക്കടവിലെ അടിയ വിഭാഗത്തിന് അനുവദിക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. തങ്ങളെ ആദിവാസികളായി പരിഗണിക്കണമെന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ആവശ്യം പോലും കണ്ടില്ലെന്നു നടിക്കുന്ന അധികാരികള്‍ വീടെങ്കിലും അനുവദിച്ചു തരുമെന്ന പ്രതീക്ഷയിലാണ് ഈ നൂറ്റിയറുപത് കുടുംബങ്ങളും.
*Represent image