UPDATES

ട്രെന്‍ഡിങ്ങ്

സര്‍ക്കാരിന്റെ വിദ്യാഭ്യാസ വായ്പാ ഇളവ് കാത്തിരുന്നവര്‍ക്ക് ബാങ്ക് നോട്ടീസ്; ഉത്തരവെത്തിയില്ലെന്ന് ബാങ്കുകള്‍

ആദ്യം ജൂണ്‍ പകുതിയോടെയും പിന്നീട് ജൂലായ് ആദ്യ വാരത്തോട് കൂടിയും ഉത്തരവ് ബാങ്കുകളില്‍ എത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചതെങ്കിലും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് രക്ഷിതാക്കള്‍

വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടയ്ക്കാനാവാതെ നില്‍ക്കുന്ന ഒരുപാട് കുടംബങ്ങള്‍ക്ക് ആശ്വാസമായാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ വിദ്യാഭ്യാസ വായ്പ സഹായ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. പദ്ധതി പ്രഖ്യാപനത്തിനു ശേഷം സോഷ്യല്‍ മീഡിയയിലടക്കം സര്‍ക്കാറിന്റെ ജനപ്രിയ മുഖമായി പദ്ധതി വിലയിരുത്തപ്പെട്ടു. എന്നാല്‍ വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ പദ്ധതി എങ്ങുമെത്തിയില്ലെന്നാണ് പുതിയ വിവരം. മെയ് മാസമായിരുന്നു പ്രഖ്യാപനമുണ്ടായതെങ്കിലും സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

ആദ്യം ജൂണ്‍ പകുതിയോടെയും പിന്നീട് ജൂലായ് ആദ്യ വാരത്തോട് കൂടിയും ഉത്തരവ് ബാങ്കുകളില്‍ എത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചതെങ്കിലും കഴിഞ്ഞ ദിവസം വരെ ഇതുമായി ബന്ധപ്പെട്ട് ഒരു ഉത്തരവും ബാങ്കുകളില്‍ എത്തിയിട്ടില്ലെന്ന് രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു. ഇതോടെ വായ്പാ കുടിശ്ശികയുള്ളവര്‍ക്ക് തിരിച്ചടവ് നോട്ടീസ് അയച്ച് ഏത് വിധേനയും വായ്പ തിരിച്ച് പിടിക്കാനുള്ള നടപടികള്‍ ബാങ്കുകള്‍ ആരംഭിച്ചിട്ടുമുണ്ട്. കാനറാ ബാങ്കാണ് വിദ്യാഭ്യാസ വായ്പയുടെ നോഡല്‍ ബാങ്കായി പ്രവര്‍ത്തിക്കുന്നത്. ചെറുബാങ്കുകളെ കാനറാ ബാങ്കുമായി ലയിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നത് കൊണ്ട് വിദ്യാഭ്യാസ വായ്പ തിരിച്ച് പിടിക്കാനുള്ള നടപടി കാനറാ ബാങ്കും ശക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് സഹായ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം ലോണെടുത്ത പലരും അത് തിരിച്ചടക്കുന്നില്ല. പലരും വിശ്വസിച്ചിരിക്കുന്നത് അത് സര്‍ക്കാര്‍ അടച്ചു എന്നാണ്. കൃത്യമായി ലോണടച്ചു കൊണ്ടിരുന്ന പലരും പെട്ടെന്ന് അടവ് നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ വിളിച്ചന്വേഷിച്ചു. അപ്പോഴാണ് അവര്‍ സര്‍ക്കാറിന്റെ പദ്ധതി പ്രകാരം ഇളവു കിട്ടുമെന്നു വിചാരിച്ചു കാത്തിരിക്കുകയാണെന്നു മനസിലായത്. എന്നാല്‍ ബാങ്കുകളില്‍ ഇതുവരെ അങ്ങനെയൊരു സര്‍ക്കുലര്‍ ലഭിച്ചിട്ടില്ല. അതുകൊണ്ട് ഞങ്ങള്‍ ലോണെടുത്ത എല്ലാവര്‍ക്കും കൃത്യമായി നിലവിലെ സ്ഥിതിയെ കുറിച്ച് ഫോണില്‍ വിളിച്ച് ധരിപ്പിച്ചിട്ടുണ്ട്. ലോണ്‍ അടവ് മുടങ്ങിയാല്‍ തുടര്‍ നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും പറഞ്ഞിട്ടുണ്ട്. സര്‍ക്കാറിന്റെ കൃത്യമായ സര്‍ക്കുലര്‍ കിട്ടാതെ ഞങ്ങള്‍ക്കൊന്നും ചെയ്യാനാകില്ല…’; പൊതുമേഖലാ ബാങ്ക് ജീവനക്കാരിയായ പൂജ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ച ശേഷം ഇളവ് ലഭിക്കുമെന്നു പ്രതീക്ഷിച്ചാണ് ലോണ്‍ അടക്കാതിരുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇളവ് കാത്തിരുന്നിട്ട് ഇപ്പോള്‍ ബാങ്കില്‍ നിന്നു നോട്ടീസാണ് വന്നത്.

"</p

‘ബാങ്കുകളില്‍ അങ്ങനെയൊരു സര്‍ക്കുലര്‍ എത്തിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബാങ്കില്‍ നിന്നു കത്തു വന്നപ്പോള്‍ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടു. അപ്പോഴാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി ഇതുവരെ പ്രാവര്‍ത്തികമായില്ലെന്നറിഞ്ഞത്. പദ്ധതിയുടെ ഉദ്ദേശം എത്രയും പെട്ടെന്ന് ഗുണഭോക്താക്കള്‍ക്ക് ലഭിക്കണം. അതിനായി സര്‍ക്കാര്‍ ഇടപെട്ട് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആശങ്കകള്‍ പരിഹരിക്കണം.’; കണ്ണൂരിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥി വിഷ്ണുവിന്റെ രക്ഷിതാവ് മോഹനന്‍ പറയുന്നു. എന്നാല്‍, ബാങ്കുകളുടെ ഇത്തരം നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും മെയ് മാസം മുതല്‍ക്ക് തന്നെ പദ്ധതി പ്രാവര്‍ത്തികമായിട്ടുണ്ടെന്നുമാണ് ജനപ്രതിനിധികള്‍ പറയുന്നത്.

900 കോടി രൂപയുടെ വായ്പാ പദ്ധതിയാണ് കഴിഞ്ഞ ബജറ്റില്‍ വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. അത് അനുവദിച്ച് കൊടുക്കാത്ത ബാങ്കുകാരുടെ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഉത്തരവ് കിട്ടിയിട്ടില്ലെന്നാണ് ബാങ്കുകാര്‍ പറയുന്നതെങ്കില്‍ അത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും എംഎല്‍എമാര്‍ പറയുന്നു. പി.സി ജോര്‍ജ് എംഎല്‍എ കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ടുയര്‍ന്നിട്ടുള്ള ആശങ്കകള്‍ ഉടന്‍ പരിഹരിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

മെയ് ആദ്യവാരം പ്രഖ്യാപിച്ച പദ്ധതി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥായിരുന്നു ഉദ്ഘാടനം ചെയ്തത്. പദ്ധതി പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയാല്‍ വീണ്ടും നിരവധി കുടുംബങ്ങള്‍ വിദ്യാഭ്യാസ ലോണിന്റെ പേരില്‍ തെരുവിലേക്കിറങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടാകും. എത്രയും പെട്ടെന്ന് ഇക്കാര്യത്തിലുണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കണമെന്ന നിലപാടാണ് രക്ഷിതാക്കള്‍ക്കും ബാങ്കുകള്‍ക്കുമുള്ളത്.

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍