UPDATES

ഇനി ‘മൂന്നാംലിംഗ’വും ‘ഭിന്നലിംഗ’വും ഇല്ല; ട്രാൻസ്ജെൻഡർ എന്ന പദം ഉപയോഗിക്കണമെന്ന് സാമൂഹ്യനീതി വകുപ്പ്

നിലവിൽ മലയാളത്തിലുള്ള വിശേഷണ പദങ്ങൾക്കെതിരെ ട്രാൻസ്ജെൻഡറുകൾക്കിടയിൽ പ്രതിഷേധമുള്ളത് പരിഗണിച്ചാണ് നടപടി.

തത്തുല്യമായ പദം മലയാളത്തിൽ ലഭിക്കുന്നതുവരെ ട്രാൻസ്ജെൻഡർ വ്യക്തികളെ വിശേഷിപ്പിക്കാൻ ട്രാൻസ്ജെൻഡർ എന്ന പദം തന്നെ ഉപയോഗിക്കണമെന്ന് സാമൂഹ്യനീതി വകുപ്പ് ഉത്തരവിറക്കി. നിലവിൽ ‘ഭിന്നലിംഗം’, ‘മൂന്നാംലിംഗം’, ‘ഭിന്നലൈംഗികം’ തുടങ്ങിയ വിശേഷണങ്ങളാണ് ഉള്ളത്. ഇവ ഔദ്യോഗിക രേഖകളിൽ ഇനിമേൽ ഉപയോഗിക്കരുതെന്ന് സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവ് പറയുന്നു.

നിലവിൽ മലയാളത്തിലുള്ള വിശേഷണ പദങ്ങൾക്കെതിരെ ട്രാൻസ്ജെൻഡറുകൾക്കിടയിൽ പ്രതിഷേധമുള്ളത് പരിഗണിച്ചാണ് നടപടി. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം അണ്ടർ സെക്രട്ടറി ദിലീപ് കുമാർ ടിഎ ആണ് ഉത്തരവിറക്കിയിരിക്കുന്നത്.

ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുടെ പത്താമത്തെ പ്രൈഡ് നടക്കാൻ പോകുന്ന സന്ദർഭത്തിൽ വരുന്ന ഈ വാർത്ത ആഹ്ലാദകരമാണെന്ന് രാജ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ ഇന്റർസെക്സ് സ്ഥാനാർത്ഥിയും ദളിത് നേതാവും ട്രാൻസ്മാനുമായ ചിഞ്ചു അശ്വതി പ്രതികരിച്ചു. എന്നാൽ സമൂഹമനസ്സിൽ ഇതിനകം ആഴത്തിൽ വേരോടിയിട്ടുള്ള ‘ഭിന്നലിംഗം’ തുടങ്ങിയ പദങ്ങൾ അത്രപെട്ടെന്ന് മാഞ്ഞുപോകാനിടയില്ലെന്ന ആശങ്കയും ചിഞ്ചു പങ്കുവെച്ചു. “വളരെ മുമ്പു തന്നെ നിരോധിക്കപ്പെട്ടിട്ടുള്ളതാണ് ദളിതരെ വിശേഷിപ്പിക്കാനുപയോഗിച്ച എന്ന പദം. എന്നാൽ പലരും അത് മനപ്പൂർവ്വമായിത്തന്നെ ഈ പദം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഈ അവസ്ഥ ഞങ്ങളുടെ കാര്യത്തിലും വരുമോയെന്ന ആശങ്കയുണ്ട്,” ചിഞ്ചു പറഞ്ഞു. എന്നിരിക്കിലും നിരന്തരമായി തങ്ങൾ നടത്തിവന്ന സമരങ്ങളുടെ ഒരു ഫലമെന്ന നിലയിൽ ഈ ഉത്തരവിനെ ആഹ്ലാദത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാഷാപണ്ഡിതരുടെ ഇടപെടൽ ഉണ്ടാകാത്തതെന്ത്?

മുൻകാലങ്ങളിൽ മലയാളഭാഷയിൽ പുതിയ വാക്കുകൾക്കായി ഭാഷാപണ്ഡിതരും സാഹിത്യമെഴുത്തുകാരുമെല്ലാം നടത്തിവന്നിരുന്നതു പോലത്തെ ഒരു ശ്രമം ഇപ്പോൾ നടക്കാത്തതിനെക്കുറിച്ചും അദ്ദേഹം അഴിമുഖത്തോട് പ്രതികരിച്ചു. ഈ പ്രശ്നം ഭാഷാപണ്ഡിതരുമായി ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി പലവട്ടം ചർച്ച ചെയ്തിരുന്നതാണ്. മാധ്യമപ്രവർത്തകർക്കിടയിലും ഈ ചർച്ച ഉയർത്തിക്കൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നതാണ്. മലയാളം സർവ്വകലാശാലയിൽ താനടക്കമുള്ളവർ നേരിട്ട് ഈ പ്രശ്നം അവതരിപ്പിച്ചിട്ടുണ്ടെന്ന് ചിഞ്ചു അശ്വതി ചൂണ്ടിക്കാട്ടി. എന്നാൽ ഇക്കാര്യത്തിൽ ആത്മാർത്ഥമായ ഒരു ശ്രമം മലയാള പണ്ഡിതരോ എഴുത്തുകാരോ നടത്തിയിട്ടുണ്ടോയെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍